ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Friday, July 11, 2008

അല്ലാഹുവിന്റെ പ്രപഞ്ചം!

പ്രപഞ്ചം എങ്ങിനെയുണ്ടായി?

സൃഷ്ടിവാദികളായ മതവിശ്വാസികള്‍ ഭൌതികവാദികള്‍ക്കു നേരെ സാധാരണ തൊടുത്തു വിടാറുള്ള ഒരു പഴയ ചോദ്യമാണിത്. പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദി കാര്യങ്ങളെക്കുറിച്ചും സ്രഷ്ടാവായ ഈശ്വരനെക്കുറിച്ചുമൊക്കെ വളരെ ആധികാരികമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന നാട്യവുമായാണ് ഇക്കൂട്ടരുടെ വരവ്. ദെവം ‘സൃഷ്ടി’ നടത്തുംപോള്‍ മണലും സിമന്റും കോരിക്കൊടുക്കാന്‍ ഹെല്‍പ്പര്‍ മാരായി തങ്ങളുമുണ്ടായിരുന്നു കൂടെ എന്ന മട്ടിലാണ് ചിലരുടെ വിവരണങ്ങള്‍ !

ഈ മഹാ പ്രപഞ്ചത്തിന്റെ അനന്തവിസ്തൃതിയെ കുറിച്ച് മനുഷ്യരാശി ഇന്നോളം നേടിയെടുത്ത എല്ലാ അറിവുകളും തുലോം നിസ്സാരമാണന്നും പരിമിതമാണെന്നും നാം മനസ്സിലാക്കുന്നു. അറിയുംതോറും , അറിയാനിരിക്കുന്ന ബ്രഹ്മാണ്ഡ രഹസ്യങ്ങളുടെ ബാഹുല്യം ജ്ഞാനകുതുകിയായ മനുഷ്യന്റെ ജിജ്ഞാസയും വിസ്മയവും വര്‍ദ്ധിപ്പിക്കുന്നേയുള്ളു. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും യുക്തിക്കും അപ്രാപ്യമാം വിധം “അനന്തമജ്ഞാതമവര്‍ണ്ണനീയ”മായിത്തന്നെ പ്രപഞ്ച ചക്രവാളം ഇന്നും നില കൊള്ളുന്നു. മനുഷ്യന്റെ ബുദ്ധിപരമായ ഈ പരിമിതികള്‍ യുക്തിചിന്തകര്‍ക്കും ഭൌതികവാദികള്‍ക്കും മാത്രമല്ല; ആത്മീയജ്ഞാനത്തിന്റെ മൊത്തക്കച്ചവടക്കാരായ മതാചാര്യവൃന്ദത്തിനും ബാധകമാണ്. ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി പറയുന്നവര്‍ക്കും , പ്രപഞ്ചത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ അനന്തവിസ്മയങ്ങളെ അനാവരണം ചെയ്യത്തക്ക വസ്തുനിഷ്ടമോ യുക്തിസഹമോ ആയ ഒരു ജ്ഞാനവും അവതരിപ്പിക്കാനാവുന്നില്ല. വെളിപാടു പുസ്തകങ്ങള്‍ എഴുതപ്പെട്ട കാലഘട്ടത്തിലെ മനുഷ്യന്റെ പരിമിതവും വികലവുമായ അറിവുകള്‍ക്കും ഭാവനകള്‍ക്കും അപ്പുറം വസ്തുതാപരമായ ഒരറിവും ഇക്കൂട്ടരുടെ പക്കലില്ല.

പ്രപഞ്ചമുണ്ടായിരുന്നില്ല എന്ന അയുക്തികമായ [തെളിവില്ലാത്ത] നിഗമനത്തില്‍നിന്നാണ്, ഇതെല്ലാം ആരുണ്ടാക്കി? എന്ന ചോദ്യം തന്നെ ഉടലെടുക്കുന്നത്. എന്നുമുണ്ടായിരുന്ന പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിനെ അന്യേഷിക്കേണ്ട കാര്യമില്ലല്ലോ. പ്രപഞ്ചമില്ലാതെ കാലം പോലുമില്ല. പ്രപഞ്ചപദാര്‍ത്ഥങ്ങളുടെ ചലനം മൂലമാണു കാലത്തെ നിര്‍ണയിക്കുന്നത്. ചലനാത്മകപ്രപഞ്ചത്തിലെ നാലാം മാനം(4th dimension) ആണ് കാലം (time). പ്രപഞ്ചമില്ലാത്ത കാലമെന്നാല്‍ അത് കാലമില്ലാത്ത കാലം എന്ന അയുക്തിക സങ്കല്‍പ്പത്തിലേക്കാണ് നയിക്കുക. ജനിക്കുക, ജീവിക്കുക, മരി‍ക്കുക എന്നത് മനുഷ്യന്റെ ജീവിതാനുഭവത്തിലെ ഘട്ടങ്ങളാകയാല്‍ സകലതും അപ്രകാരം തന്നെയായിരിക്കാം എന്നവന്‍ ഊഹിച്ചു. അത് മനുഷ്യന്റെ ബുദ്ധിപരമായ പരിമിതിയെയാണു കാണിക്കുന്നത്. ശുദ്ധമായ ശൂന്യത അഥവാ ഒന്നുമില്ലായ്മയുടെ അനന്തത എന്ന സങ്കല്‍പ്പം മനുഷ്യ യുക്തിക്കുള്‍ക്കൊള്ളാനാവാത്തതാണെന്ന് മതഗ്രന്ഥങ്ങളിലെ സൃഷ്ടികഥനം തന്നെ തെളിയിക്കുന്നുണ്ട്.

ഖുര്‍ ആനിലും ഹദീസിലും പ്രപഞ്ചസൃഷ്ടിയുടെ വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളതിപ്രകാരമാണ്:
“ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7]

ആറു ദിവസം കൊണ്ടാണു പ്രപഞ്ച സൃഷ്ടി നടന്നതെന്നും അതിനു മുന്‍പ് ദൈവ ചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു എന്നും ബൈബിളും പ്രസ്താവിക്കുന്നു. (ഉല്‍പ്പത്തി: 1:2)

ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്‍ത്താവിന് ഇട്ടിരിപ്പാന്‍ ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന്‍ ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്.

“ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില്‍ അവന്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)

പ്രപഞ്ചമെങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുത്തരം കിട്ടായ്കയാല്‍ ഇരിക്കപ്പൊറുതി കിട്ടാതെ അലയുന്നവരാരും തന്നെ അല്ലാഹുവിന്റെ ഈ ഇരിപ്പിടവും , മഹാസമുദ്രവും അല്ലാഹു തന്നെയും എങ്ങിനെയുണ്ടായി എന്നൊന്നും ചിന്തിച്ചു തല പുണ്ണാക്കാറില്ല. എല്ലാത്തിനും കാരണം തേടിത്തേടി ഒടുവില്‍ അല്ലാഹുവിനെ ആരുണ്ടാക്കി എന്നാരെങ്കിലും ചോദിച്ചാല്‍ ഉടനെ ആ പിശാചുമായുള്ള സംസാരം നിര്‍ത്തി സ്ഥലം വിട്ടുകൊള്ളണം എന്നാണു പ്രവാചകന്‍ അനുയായികളെ ഉപദേശിച്ചിട്ടുള്ളത്. അത്തരം യുക്തിവാദങ്ങളുമായി വരുന്നവരുടെ കണ്ണിലേക്കു പൂഴി വാരിയിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചുവത്രേ!

പടിപടിയായി ദൈവം എപ്രകാരമാണു പ്രപഞ്ചസൃഷ്ടി നടത്തിയതെന്നു ബൈബിള്‍ ഉല്‍പ്പത്തിക്കഥയില്‍ ക്രമം തെറ്റാതെ വിവരിച്ചു തരുന്നുണ്ട്.

“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി ആകൃതിയില്ലാത്തതും ശൂന്യവുമായിരുന്നു. ഇരുട്ട് ആഴത്തിന്മേല്‍ പരന്നിരുന്നു. ദൈവചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുള്‍ ചെയ്തു: “വെളിച്ചം ഉണ്ടാകട്ടെ”. വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു. ദൈവം വെളിച്ചത്തെ ഇരുട്ടില്‍നിന്നു വേര്‍പെടുത്തി. വെളിച്ചത്തിനു പകല്‍ എന്നും ഇരുട്ടിനു രാത്രി എന്നും പേര് വിളിച്ചു.....”

ഒന്നാംദിവസ്സത്തെ പണി ഇപ്രകാരം പൂര്‍ത്തിയാക്കിയ ദൈവം തുടര്‍ന്നുള്ള സൃഷ്ടി നിര്‍വ്വഹിച്ചതിന്റെ വിവരം ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം: രണ്ടാംദിവസം(ചൊവ്വാഴ്ച്ച) വെള്ളത്തിനു നടുവിലായി ഒരു വിതാനമുണ്ടാക്കി. അതു മേലോട്ടുയര്‍ത്തി വെള്ളങ്ങളെ വേര്‍തിരിച്ചു. (ആകാശത്തിനു മുകളില്‍ വെള്ളം കെട്ടി നിര്‍ത്തിയിട്ടുണ്ടെന്നും ദെവം ആവശ്യാനുസരണം ആകാശവാതില്‍ തുറന്ന് വെള്ളം താഴോട്ടു വീഴ്ത്തുന്നതാണു മഴ എന്നുമായിരുന്നു പൌരാണിക ബാബിലോണിയന്‍ വിശ്വാസം.)

മൂന്നാം ദിവസം വിതാനത്തിനടിയിലെ വെള്ളം ഒരു ഭാഗത്തേക്കു മാറ്റി സമുദ്രമുണ്ടാക്കുകയും ബാക്കി ഭാഗം ഉണക്കി കരയാക്കുകയും ചെയ്തു. ശേഷം പുല്ലും ഫലവൃക്ഷങ്ങളും മുളപ്പിച്ചു. നാലാം ദിവസമാണ് ആകാശക്കമാനത്തില്‍ സൂര്യ ചന്ദ്ര നക്ഷത്രാദികളെയൊക്കെ വെച്ചു പിടിപ്പിക്കുന്നത്! അഞ്ചാം നാള്‍ മത്സ്യങ്ങള്‍ , പറവകള്‍ എന്നിവയെ സൃഷ്ടിച്ചു. ആറാം ദിനത്തിലാണ് കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും പടയ്ക്കുന്നത്. അന്നു തന്നെ പൊടി കുഴച്ച് മനുഷ്യനെയും ഉണ്ടാക്കി. എല്ലാ ജോലിയും പൂര്‍ത്തിയാക്കിയശേഷം ഏഴാം ദിവസം(ഞായറാഴ്ച്ച) ദൈവം കുളിച്ച് വിശ്രമിച്ചു.!

മുഹമ്മദ്നബി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഈ ‘നാടോടിക്കഥ’ പുനരാവിഷ്കരിച്ചപ്പോള്‍ കാര്യങ്ങള്‍ വളരെയേറെ മാറി മറിഞ്ഞു.
“അല്ലാഹു ഭൂമിയെ ശനിയാഴ്ച്ച പടച്ചു. ..ഞായറാഴ്ച്ച പര്‍വ്വതങ്ങള്‍ സൃഷ്ടിച്ചു. മരങ്ങള്‍ തിങ്കളാഴ്ച്ചയും മുന്തിരിവള്ളി അഥവാ ഫലവത്തായ സാധനങ്ങള്‍ ചൊവ്വാഴ്ച്ച പടച്ചു. മത്സ്യത്തെ ബുധനാഴ്ച്ചയും മറ്റു ജീവജാലങ്ങളെ വ്യാഴാഴ്ച്ചയും സൃഷ്ടിച്ചു. ആദമിനെ അവസാന സൃഷ്ടിയായി പകലിന്റെ അവസാന മണിക്കൂറില്‍ അസര്‍ മുതല്‍ രാത്രി വരെയുള്ള സമയത്തിനിടയില്‍ വെള്ളിയാഴ്ച്ച ദിവസത്തിലും അവന്‍ സൃഷ്ടിച്ചിരിക്കുന്നു.” [ഹദീസ്]

ബൈബിളിളെ കഥയുമായോ ഖുര്‍ ആനിലെ തന്നെ വിവരണങ്ങളുമായോ പൊരുത്തപ്പെടുന്നതല്ല ഹദീസിലെ ഈ വിശദീകരണം.
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)
സൃഷ്ടിവിവരണത്തിലെ ഈ പൊരുത്തക്കേടും വൈരുദ്ധ്യവും ഖുര്‍ ആന്‍ വ്യാഖ്യാതാക്കളിലുണ്ടാക്കിയ ആശയക്കുഴപ്പം മൌദൂദി തന്നെ വിവരിക്കുന്നതു കാണുക:
“ഇവിടെ മുഫസ്സിറുകള്‍ പൊതുവില്‍ ഒരു സങ്കീര്‍ണ്ണതയെ അഭിമുഖീകരിക്കുന്നു. എന്തെന്നാല്‍ ഭൂമിയുടെ സൃഷ്ടിക്ക് രണ്ടു ദിവസം , അതില്‍ പര്‍വ്വതങ്ങളുറപ്പിക്കാനും അനുഗ്രഹങ്ങളും ആഹാരവിഭവങ്ങളും ഒരുക്കാനും നാലു ദിവസം. ഇത് അംഗീകരിച്ചാല്‍ ഇനി വരുന്ന ആകാശത്തിന്റെ സൃഷ്ടിക്ക് രണ്ടു ദിനം എന്ന പരാമര്‍ശം കൂടി പരിഗണിക്കുമ്പോള്‍ ആകെ സൃഷ്ടിനാളുകള്‍ എട്ടാകുന്നു. എന്നാലോ, ആകാശഭൂമികളുടെ സൃഷ്ടി ആറു നാളുകളിലാണെന്നു ഖുര്‍ ആന്‍ പലയിടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതിനാല്‍ ഈ നാലു ദനം ഭൂമിയുടെ സൃഷ്ടിക്കുള്ള രണ്ടു ദിവസവുംകൂടി അടങ്ങിയതാണെന്ന് ഏതാണ്ട് എല്ലാ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അതായത് രണ്ടു ദിനം ഭൂമിയുടെ സൃഷ്ടിക്കും രണ്ടു ദിനം മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങളുണ്ടാക്കാനും. ഇതു പ്രകാരം ഭൂമിയുടെ സൃഷ്ടി നാലു നാളുകൊണ്ട് അതിലെ സകല വസ്തുക്കളോടും കൂടി പൂര്‍ത്തിയായി. പക്ഷെ ഇതു ഖുര്‍ ആനിലെ പദങ്ങളില്‍നിന്നു പ്രത്യക്ഷമാകുന്നതിനെതിരാണ്. പ്രശ്നം പരിഹരിക്കാന്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്കു തോന്നുന്ന സങ്കീര്‍ണ്ണത തന്നെ കേവലം ഭാവനാസ്പദമാണെന്നതാണു യാഥാര്‍ത്ഥ്യം. ഭൂമിയുടെ സൃഷ്ടിക്കെടുത്ത രണ്ടു ദിവസംതന്നെ പ്രപഞ്ചസമുച്ചയത്തിന്റെ സൃഷ്ടിക്കെടുത്ത ആറു ദിവസങ്ങളില്‍നിന്ന് അന്യമല്ല എന്നതാണു വസ്തുത. ഇനി വരുന്ന സൂക്തങ്ങള്‍ പരിശോധിച്ചുനോക്കുക. അവയില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ ഒരുമിച്ചു പരാമര്‍ശിച്ചിരിക്കുന്നു. പിന്നെ അല്ലാഹു രണ്ടു ദിനം കൊണ്ട് ഏഴാകാശങ്ങളെ സൃഷ്ടിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ ഏഴാകാശംകൊണ്ടു വിവക്ഷ മുഴുവന്‍ പ്രപഞ്ചം തന്നെയാണ്. അതിന്റെ ഒരു ഭാഗം തന്നെയാണു നമ്മുടെ ഭൂമിയും. അനന്തരം പ്രപഞ്ചത്തിലെ കണക്കറ്റ ഗോളങ്ങളെപ്പോലെ ഈ ഭൂമിയും രണ്ടു നാള്‍ കൊണ്ട് ഒരു ഒറ്റപ്പെട്ട ഗോളത്തിന്റെ സ്വഭാവം സ്വീകരിച്ചപ്പോള്‍ അലാഹു അതിനെ സചേതനസൃഷ്ടിക്കുവേണ്ടി സജ്ജമാക്കാന്‍ തുടങ്ങി. നാലു നാളു കൊണ്ട് ഉപര്യുക്ത സൂക്തത്തില്‍ പറഞ്ഞ സകല സാധന സാമഗ്രികളും അതില്‍ ഉണ്ടാക്കിവെച്ചു. “ (തഫ് ഹീമുല്‍ ഖുര്‍ ആന്‍ ‍. വാള്യം 4. പേജ് 409)

6 ദിവസം കൊണ്ട് പ്രപഞ്ചനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദൈവം തന്റെ സൃഷ്ടികര്‍മ്മത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു വന്നപ്പോള്‍ മൊത്തം 8 ദിവസങ്ങളായി എന്നതാണു മുഫസ്സിറുകളെ കുഴപ്പത്തിലാക്കിയത്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഖുര്‍ ആന്‍ പണ്ഡിതന്മാര്‍ ഇതു വരെയും സ്വീകരിച്ചു വന്ന വ്യാഖ്യാനങ്ങളെ അട്ടി മറിച്ചുകൊണ്ട് മൌദൂദി ഇവിടെ ഒരു പുതിയ സൂത്രം കണ്ടു പിടിച്ചിരിക്കുകയാണ്. ഭൂമി സൃഷ്ടിക്കാനെടുത്ത രണ്ടു ദിവസവും അതില്‍ വിഭവങ്ങളൊരുക്കാന്‍ ചെലവഴിച്ച നാലു ദിവസവും വെവ്വേറെ എണ്ണേണ്ടതില്ല എന്ന നിലപാടായിരുന്നു പൊതുവെ പണ്ഡിതന്മാര്‍ സ്വീകരിച്ചു വന്നത്. എന്നാല്‍ ഭൂമിയെ ആകാശത്തിന്റെ ഭാഗമാക്കി ആധുനിക ശാസ്ത്രത്തോട് യോജിപ്പിക്കാമെന്നു കണക്കുകൂട്ടിയ മൌദൂദിക്ക് അതിലും വലിയ അബദ്ധമാണു സംഭവിച്ചത്.

അനന്തവിശാലമായ ഈ പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കാന്‍ രണ്ടു ദിവസം കൊണ്ടു സാധ്യമായ അല്ലാഹുവിന് ഭൂമിയിലെ മനുഷ്യര്‍ക്ക് ആഹാരമൊരുക്കാന്‍ മാത്രം നാലു ദിവസം പണിയെടുക്കേണ്ടി വന്നു എന്ന മഹാവൈരുദ്ധ്യം അദ്ദേഹം കാണാതെ പോയി!

“ആകാശഭൂമികളെ സൃഷ്ടിച്ചവനത്രേ അവന്‍ ‍. ഒരുകാര്യം സൃഷ്ടിക്കണമെന്നു തീരുമാനിച്ചാല്‍ ‍ “ഉണ്ടാവുക” എന്ന് അതിനോട് പറയുകയേ വേണ്ടു. അപ്പോള്‍ അതുണ്ടാകുന്നു.” (2:117) എന്ന അല്ലാഹുവിന്റെ വീരവാദവും ഇവിടെ നിരര്‍ത്ഥകമാകുന്നു. ! പ്രപഞ്ചമുണ്ടാക്കാന്‍ 6 ദിവസം-അതായത്, നമ്മുടെ മൂന്നു ലക്ഷം കൊല്ലം -കഠിനാധ്വാനം ചെയ്യേണ്ടി വന്നു അല്ലാഹുവിന്! എന്നിട്ടും അദ്ദേഹത്തിനു കാര്യമായ ക്ഷീണമൊന്നും ബാധിച്ചില്ല (50:38) എന്നതാണ് ഏക ആശ്വാസം!

മൌദൂദിയുടെ വ്യാഖ്യാനപ്രകാരം ഭൂമിയില്‍ നമുക്ക് ആഹാരമൊരുക്കാന്‍ അല്ലാഹു രണ്ടു ലക്ഷം കൊല്ലം പണിയെടുത്തിട്ടുണ്ട്. പ്രപഞ്ചം മൊത്തം സംവിധാനിക്കാന്‍ വെറും ഒരു ലക്ഷം കൊല്ലമേ വേണ്ടി വന്നുള്ളു!!
[അല്ലാഹുവിന്റെ ഒരു ദിവസം നമ്മുടെ 50000 കൊല്ലത്തിന്റെ നീളമുള്ളതാണ് എന്നു ഖുര്‍ ആന്‍ ]

പ്രപഞ്ചസ്രഷ്ടാവായ ഈ ദൈവം തന്റെ നിസ്സാരസൃഷ്ടികളോട് ഈ സൃഷ്ടികര്‍മ്മവിവരണമൊക്കെ വിളമ്പിയത് [അന്നത്തെ അറബികള്‍ക്കു ] തന്റെ വലുപ്പം കാണിച്ചു കൊടുക്കാനായിരുന്നിരിക്കണം. പക്ഷെ ഇക്കാലത്ത് ഇതൊക്കെ വായിക്കുന്ന ,സാമാന്യബുദ്ധിയും അല്‍പ്പം ശാസ്ത്രബോധവും ഉള്ള ഒരു മനുഷ്യന് ഈ ദൈവത്തിന്റെ അല്‍പ്പത്തരവും വിവരക്കേടും കണ്ട് ചിരിക്കാനേ ഇതുപകരിക്കൂ!

തുടരും...!

Tuesday, July 8, 2008

ഇസ്ലാമിക ജനിതക ശാസ്ത്രം!

പത്തൊമ്പതാം നൂറ്റാണ്ടില്‍ ആസ്ത്രിയന്‍ ശാസ്ത്രജ്ഞനായ ഗ്രീഗര്‍ മെന്ഡല്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ജനിതകസംബന്ധമായ രഹസ്യങ്ങളുടെ ചുരുള്‍ അഴിയാന്‍ തുടങ്ങിയത്. ഇന്ന് മനുഷ്യന്റെയും മറ്റനേകം ജീവികളുടെയും സമ്പൂര്‍ണ്ണമായ ജനിതക മാപ്പുകള്‍ തയ്യാറായി വരുന്നു. ഇത് ജൈവസാങ്കേതികവിദ്യയുടെ ലോകത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ക്കു വഴി വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടെ ജനിതകശാസ്ത്രവും ഖുര്‍ ആനിലുണ്ട് എന്ന വാദവും രംഗത്തിറക്കിക്കഴിഞ്ഞു!

“ഖുര്‍ ആനും മുഹമ്മദ് നബിയുടെ തിരുവചനങ്ങളും പ്രത്യുല്‍പ്പാദനം , ജനിതകശാസ്ത്രം, എന്നിവയെ കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നത് അല്‍ഭുതകരമായ വസ്തുതയത്രേ.”(ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും)

നബി വെളിപ്പെടുത്തിയ പാരമ്പര്യശാസ്ത്രസംബന്ധിയായ ഒരു ‘അല്‍ഭുതജ്ഞാനം’ സഹീഹുല്‍ ബുഖാരി ഇങ്ങനെ ഉദ്ധരിക്കുന്നു:

“അനസ് പറയുന്നു: തിരുമേനി മദീനയിലേക്കു വന്ന വിവരം അബ്ദുല്ലാഹിബ്നു സലാമിനു കിട്ടി. അദ്ദേഹം തിരുമേനിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എനിക്ക് അങ്ങയോടു മൂന്നു കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ഒരു നബിക്കല്ലാതെ അത് ഗ്രഹിക്കാന്‍ കഴിയില്ല. അന്ത്യപ്രളയം അടുത്തതിന്റെ ഒന്നാമത്തെ ലക്ഷണം എന്താണ്? സ്വര്‍ഗ്ഗവാസികള്‍ അവിടെ പ്രവേശിച്ച ഉടന്‍ ആദ്യം കഴിക്കുന്ന ആഹാരം എന്തായിരിക്കും? സന്താനത്തിനു പിതാവിനോടു സാദൃശ്യമുണ്ടാവാന്‍ കാരണമെന്താണ്?”
തിരുമേനി അരുളി: “ ഇതാ, ജിബ്രീല്‍ ഈ കാര്യങ്ങളെകുറിച്ച് ഇപ്പോള്‍ എന്നെ അറിയിച്ചു കഴിഞ്ഞതേയുള്ളു. ” അബ്ദുല്ല പറഞ്ഞു. “മലക്കുകളില്‍ ജൂതന്മാരുടെ ശ്ത്രുവാണു ജിബ്രീല്‍” തിരുമേനി തുടര്‍ന്ന് അരുളി: “അന്ത്യപ്രളയം സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന ആദ്യലക്ഷണം ഒരു തീയാണ്. ആ തീ മനുഷ്യരെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടു നീക്കിക്കൊണ്ടു പോകും. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ആദ്യം കഴിക്കുന്ന ആഹാരം മീനിന്റെ കരളിന്മേല്‍ തടിച്ചു വളര്‍ന്നു നില്‍ക്കുന്ന ഒരു കഷ്ണമായിരിക്കും. സന്താനങ്ങള്‍ക്കു മാതാപിതാക്കളോടു രൂപസാദൃശ്യമുണ്ടാകാന്‍ കാരണം ഇതാണ്; ഒരു പുരുഷന്‍ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. എന്നിട്ട് അവനാണ് ആദ്യം ഇന്ദ്രിയസ്ഖലനമുണ്ടായത് എങ്കില്‍ സന്താനത്തിനു പുരുഷനോടാണു സാദൃശ്യമുണ്ടാവുക. മറിച്ച് അവള്‍ക്കാണ് ആദ്യം സ്ഖലനമുണ്ടായത് എങ്കില്‍ അവളോടാണ് സന്താനത്ത്നു രൂപസാദൃശ്യമുണ്ടാവുക. “ഇതു കേട്ടപ്പോള്‍ അബ്ദുല്ലാ ഹിബ്നു സലാം പറഞ്ഞു: അങ്ങ് ദെവദൂതന്‍ തന്നെയാണെന്ന് ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു.” (ബുഖാരി: 1361. സി എന്‍ അഹ്മദ് മൌലവി)


രതിമൂര്‍ഛയുടെ വേളയില്‍ കൂടിക്കലരുന്ന ‘ഇന്ദ്രിയ മിശ്രിതം’ കട്ടപിടിച്ചാണ് കുട്ടിയുണ്ടാകുന്നതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളോട് രൂപസാദൃശ്യമുണ്ടാകുന്നതിന്റെ കാരണമെന്താണെന്ന് അന്നത്തെ അറബികള്‍ക്കറിയില്ലായിരുന്നു. മൌലികമായ ഒരു ചോദ്യത്തിന് ‍ ദെവദൂതന്‍ നല്‍കിയ ആധികാരികമായ ഉത്തരമാണിത്. അതും “ജിബ്രീല്‍ ഇതാ ഇപ്പോള്‍ വന്ന് അറിയിച്ചു പോയതേയുള്ളു” എന്ന മുഖവുരയോടെ! അന്നത്തെ ആളുകള്‍ക്കു കൌതുകം പകര്‍ന്ന ഒരു വിജ്ഞാനം തന്നെയായിരുന്നിരിക്കണം ഇത്.

ശീഘ്രസ്ഖലനം ഉള്ളവര്‍ക്ക് സ്വന്തം മുഖഛായയുള്ള കുട്ടികള്‍ ജനിക്കുമെന്ന ഈ ഇസ്ലാമിക ജനിതകവിജ്ഞാനം അന്നത്തെ അറബികള്‍ പരീക്ഷണവിധേയമാക്കിയിരുന്നോ എന്നറിയില്ല. അങ്ങനെയൊരു പരീക്ഷണം നടന്നിരുന്നെങ്കില്‍ “താങ്കള്‍ ദൈവദൂതനല്ല എന്നു ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു” എന്നവര്‍ മൊഴി മാറ്റിപ്പറഞ്ഞേനേ!

കുഞ്ഞിന്റെ ജനനത്തിനു ഹേതുവാകുന്ന സ്ത്രീ ബീജം[ovum] ,സംഭോഗവേളയില്‍ സ്രവിക്കുന്ന ഒരു കുഴമ്പല്ല എന്നും , പാകമാകുന്ന മുറയ്ക്ക് മാസത്തിലൊരിക്കല്‍ അണ്ഡാശയത്തില്‍നിന്നും അണ്ഡനാളി വഴി ഇറങ്ങിവരുന്നതാണെന്നും , രതിക്രീഡയുമായി ഈ അണ്ഡസ്രാവത്തിനു നേരിട്ടു ബന്ധമില്ലെന്നും ,നാം ഇന്നു മനസ്സിലാക്കുന്നതു ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെയാണ്. ഗര്‍ഭധാരണത്തിനു സ്ത്രീയുടെ രതിമൂര്‍ഛയുമായി ബന്ധമില്ല. അബോധാവസ്ഥയില്‍ ബലാത്സംഗത്തിനിരയായാല്പോലും ഗര്‍ഭം ധരിച്ചേക്കാം. ഈ വക കാര്യങ്ങളെകുറിച്ചൊന്നും കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന ഉയര്‍ന്ന തരം സാങ്കേതികവിദ്യകളൊന്നും അന്നു ദെവദൂതന്റെയും ജിബ്രീലിന്റെയും കയ്യില്‍ ഉണ്ടായിരുന്നില്ല. എങ്കിലും അറിയാത്ത കാര്യങ്ങളില്‍ തലയിട്ടു വിഡ്ഡിത്തങ്ങള്‍ പറയുന്ന ശീലം മറ്റു പല സന്ദര്‍ഭങ്ങളിലുമെന്നപോലെ ഇവിടെയും ആവര്‍ത്തിക്കുകയാണ് ജിബ്രീലും ദൂതനും ചെയ്തത്!

വൃഷണം മുതുകിലെത്തിക്കാന്‍ കഴിവുള്ള വ്യാഖ്യാതാക്കളെ സംബന്ധിച്ചേടത്തോളം ഇതൊന്നും അത്ര വലിയ ആനക്കാര്യമല്ലായിരിക്കാം. അവര്‍ ഇതൊക്കെ നിഷ്പ്രയാസം ശാസ്ത്രീയസത്യമാക്കി മാറ്റിയെടുക്കും. ആധുനിക ജനിതകശാസ്ത്രം തന്നെ ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ അവകാശപ്പെടാനും ഇടയുണ്ട്!!

Saturday, June 14, 2008

വൃഷണം മുതുകിലേക്ക്!!

ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അന്ധവിശ്വാസം ഒരു വശത്ത്; പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രവസ്തുതകള്‍ക്കു നിരക്കാത്ത ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ഖുര്‍ ആനില്‍ കാണ്‍പ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മറുവശത്ത്!
വിശ്വാസം കൊണ്ട് തുപ്പാനും വയ്യ, ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന നിലയില്‍ വലിയ ആശയപ്രതിസന്ധിയെയാണു മതത്തിന്റെ ആധുനിക വക്താക്കള്‍ നേരിടുന്നത്. ഈ പ്രതിസന്ധിക്കവര്‍ കണ്ടെത്തിയ പരിഹാരമാണ് വ്യാഖ്യാനം കൊണ്ടുള്ള അഭ്യാസം.
ആടിനെ പട്ടിയാക്കുക എന്നൊരു പ്രയോഗം ഭാഷയിലുണ്ട്. ഇവിടെ ആടിനെയല്ല ആനയെത്തന്നെ പാറ്റയാക്കാനും അല്‍പ്പം മെയ്‌വഴക്കമുണ്ടെങ്കില്‍ ഒരു പ്രയാസവുമില്ലെന്ന് ഇസലാമിന്റെ ആധുനിക പ്രയോഗ്താക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതാ ലക്ഷണമൊത്ത ഒരു ദൃഷ്ടാന്തം!

വൃഷണം മുതുകിലേക്ക്!!!

പുരുഷബീജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് വൃഷണങ്ങളിലാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഈ അറിവ് പക്ഷേ ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്തുണ്ടായിരുന്നില്ല. തത്സംബന്ധമായി പല അന്ധവിശ്വാസങ്ങളും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു. എല്ലുരുകി വരുന്നതാണു ശുക്ലമെന്നായിരുന്നു പഴമക്കാരുടെ ഒരു വിശ്വാസം . ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ഉരുകിയൊലിച്ച് മുതുകില്‍ കേന്ദ്രീകരിക്കുകയും രതിമൂര്‍ഛയുടെ വേളയില്‍ മുതുകില്‍ നിന്നും ഒലിച്ചിറങ്ങി തെറിച്ചു വീഴുകയുമാണതെന്നുമൊക്കെയായിരുന്നു അറബികളുടെ ധാരണ. മുഹമ്മദും അങ്ങനെയൊക്കെയാണു വിശ്വസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ വെളിപാടുകളും വെളിപാടേതര മൊഴികളും വ്യക്തമാക്കുന്നു.

വിവാഹം നിഷിദ്ധമായ സ്ത്രീകളെപ്പറ്റി വിവരിക്കവെ, സ്വന്തം മക്കളുടെ ഭാര്യമാര്‍ എന്ന് ഊന്നിപ്പറയാന്‍ ഖുര്‍ ആന്‍ ഉപയോഗിച്ച ഭാഷ നോക്കൂ:

നിങ്ങളുടെ മുതുകില്‍നിന്നുള്ള പുത്രന്‍ മാരുടെ ഭാര്യമാരും.[4:23]

മറ്റൊരിടത്ത് ഖുര്‍ ആന്‍ പറയുന്നു:

ആദാമിന്റെ മക്കളില്‍നിന്ന്, അവരുടെ മുതുകുകളില്‍നിന്ന് നിന്റെ റബ്ബ് അവരുടെ സന്തതികളെ പുറത്തെടുക്കുകയും...[7:172]

മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള മറ്റൊരു വിവരണം കൂടി കാണുക:

തെറിച്ചു വരുന്ന ഒരു വെള്ളത്തില്‍നിന്നത്രേ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു മുതുകിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്നും പുറത്തു വരുന്നു.[86:6,7]

ബീജകോശവും അണ്ഡകോശവും സംയോജിച്ചാണു ശിശുവുണ്ടാകുന്നതെന്ന ഒരു സൂചന നല്‍കാന്‍ പോലും സര്‍വ്വജ്ഞനായ ഈ ദൈവത്തിനു കഴിഞ്ഞില്ല! ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നതെന്ന ധാരണയോടൊപ്പം ശുക്ലം മുതുകില്‍നിന്നാണു വരുന്നതെന്ന അക്കാലത്തെ അന്ധവിശ്വാസവും അല്ലാഹു അംഗീകരിക്കുന്നു. ഇതാണു വസ്തുത . എന്നാല്‍ അലാഹുവിനെ അങ്ങനെയങ്ങു വിവരം കെട്ടവനാക്കി തള്ളിപ്പറയാന്‍, വിശ്വാസം കച്ചവടം ചെയ്തു ജീവിക്കുന്ന മതപുരോഹിതര്‍ക്കാവുമോ? അവര്‍ ഈ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തിയത് അതി വിചിത്രമായ ഒരു വ്യാഖ്യാന അഭ്യാസത്തിലൂടെയാണ്. അരക്കെട്ടില്‍ തൂങ്ങിക്കിടക്കുന്ന വൃഷണത്തെ അവര്‍ വ്യാഖ്യാനം കൊണ്ടു മുതുകിലെത്തിച്ചുകളഞ്ഞു.!!!

ഇതാ ചില സാമ്പിളുകള്‍ :

“വൃഷണങ്ങളും അണ്ഡാശയങ്ങളും ഗര്‍ഭസ്ഥ ശിശുവില്‍ നട്ടല്ലിന്റെ ഇരു വശത്തായി വൃക്കയുടെ നേരെ താഴെയാണ് ആദ്യമായി കാണപ്പെടുന്നത്. ....ജനിച്ച ശേഷമാണ് അവ പലപ്പോഴും വൃഷണസഞ്ചിയിലെത്തുന്നത്. വൃഷണസഞ്ചിയിലേക്കിറങ്ങുന്നുവെങ്കിലും പഴയ ബന്ധം തീരെ വിട്ടുപോകുന്നില്ല. പ്രാണവായുവും ഭക്ഷണവും എത്തിക്കുന്ന രക്തക്കുഴലുകളും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളും വൃക്കയുടെ അടുത്തു വെച്ചു തന്നെയാണു പ്രധാന കേന്ദ്രങ്ങളുമായി സന്ധിക്കുന്നത്.....വൃക്കകള്‍ സ്ഥിതി ചെയ്യുന്നത് നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമിടയിലാണുതാനും .”( പ്രജനനം. ഡോ. സി പി അബൂബക്കര്‍ ‍, പേ.14)

സംഗതി മുതുകിലെത്തിയില്ലെങ്കിലും ഒരുവിധം നട്ടെല്ലിന്റെ അടുത്തിങ്കിലും എത്തിക്കിട്ടിയില്ലേ?!!

ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്നതിനനുസരിച്ച് ദൈവ വെളിപാടുകളുടെ അര്‍ഥവും ആശയങ്ങളും തകിടം മറിയുന്നതെങ്ങിനെയെന്ന് IPH പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകത്തിലും വ്യക്തമാക്കപ്പെടുന്നു:

“മനുഷ്യന്റെ ബീജഗ്രന്ധികള്‍ രൂപപ്പെടുന്ന സ്ഥാനം ഉപര്യുക്ത ഖുര്‍ ആന്‍ വാക്യം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ വ്യാഖ്യാതാക്കള്‍ രണ്ടഭിപ്രായക്കാരാണ്. ഇബ്നു ജരീരിത്തബ്രീ , ഇബ്നു കസീര്‍ ,ജലാലൈനി എന്നിവരുള്‍പ്പെടുന്ന ഭൂരിപക്ഷം വരുന്ന ആദ്യകാല വ്യാഖ്യാതാക്കള്‍ മനസ്സിലാക്കുന്നത് ശുക്ലം മുതുകെല്ലിന്റെ പിന്‍ഭാഗത്തുനിന്നും സ്ത്രീബീജം വാരിയെല്ലുകള്‍ക്കിടയില്‍നിന്നും വരുന്നു എന്നാണ്. ഇബ്നുല്‍ ഖയ്യിം , ഖുര്‍തുബി, ആലൂസി തുടങ്ങിയ ന്യൂനപക്ഷ വ്യാഖ്യാതാക്കള്‍ പറയുന്നത് പുരുഷന്റെയും സ്ത്രീയുടെയും ബീജഗ്രന്ധികള്‍ മുതുകെല്ലിനും വാരിയെല്ലിനും ഇടയിലാണെന്നു ഖുര്‍ ആന്‍ വാക്യത്തില്‍നിന്നു മനസ്സിലാക്കാം എന്നാണ്.... ശരീര ശാസ്ത്രത്തിലും ഭ്രൂണശാസ്ത്രത്തിലും ഉണ്ടായ പുരോഗതി കാരണം സമീപ കാലത്ത് മാറാഗി രണ്ടാമത്തെ വീക്ഷണത്തെ പിന്താങ്ങുകയുണ്ടായി. ...30 വര്‍ഷത്തിനു ശേഷം വന്ന സയ്യിദ് ഖുതുബ് തന്റെ തഫ്സീറായ ഫീളിലാലില്‍ ഖുര്‍ ആനില്‍ ശാസ്ത്രവസ്തുതകള്‍ പിടികിട്ടാത്തതു മൂലം ഈ വിഷയത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ വരുത്തി വെച്ചിട്ടുണ്ട്. ”(പേ.74,ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും.)

ഇത്രയും കാര്യങ്ങള്‍ തുറന്നു പറയുന്ന ഗ്രന്ഥകാരന്‍ പിന്നെയും വൃഷണത്തെ മുതുകിലേക്കു കയറ്റിക്കൊണ്ടു പോകുന്നതു കൂടി കാണുക:

“വളര്‍ച്ചയെത്തുമ്പോള്‍ ഇടുപ്പായി രൂപാന്തരപ്പെടുന്ന സ്ഥാനത്താണ് ബീജഗ്രന്ധികള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഇന്ന് പ്രസിദ്ധമാണ്. നാലാഴ്ച്ചയെത്തിയ ഭ്രൂണത്തില്‍ ജനനേന്ദ്രിയ അതിരുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് ,മധ്യ വൃക്കയ്ക്കും മുതുകു വശത്തെ വപയ്ക്കും ഇടയിലെ മധ്യരേഖയിലാണ്....പുരുഷബീജ ഗ്രന്ധി ജനനം വരെ അവരോഹണപ്രക്രിയ തുടരുന്നു. ഇടുപ്പുഭാഗത്തെ നാളി വഴി ശരീരത്തിനു പുറത്തു വൃഷണസഞ്ചിയില്‍ വന്നു ചേരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ എന്നു ഖുര്‍ ആന്‍ വ്യക്തമാക്കിയ സ്ഥാനത്തേക്കു യവ്വനകാലത്ത് ഞരമ്പുകളുടെ വിന്യാസവും രക്തയോട്ടവും മേദോവാഹിനിയിലെ ദ്രവസാന്നിധ്യവും അതേപടി നിലനില്‍ക്കുന്നു. വയറിന്റെ ഭാഗത്തെ മഹാധമനിയില്‍ നിന്നു വരുന്ന വൃഷണധമനി ഇടുപ്പിന്റെ ഭാഗത്തെ രണ്ടാം കശേരു വരെ വരുന്നു. വലത്തെ വൃഷണസിര അധോമഹാസിരയിലേക്കു താഴ്ന്നിറങ്ങുന്നു. ഇടത്തേത് ഇടതു വശത്തെ വൃക്കസിരയിലേക്കും.”(പേ.75)


ഇതു സംബന്ധമായി ഖുര്‍ ആനില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ള പ്രസ്താവനകള്‍ വെറും മണ്ടത്തരവും മൂഡവിശ്വാസവുമാണെന്നു മനസ്സിലാക്കിയ വ്യാഖ്യാതാക്കള്‍ അക്കാര്യം സമ്മതിക്കാനുള്ള സത്യസന്ധതയില്ലായ്കയാല്‍ എന്തൊക്കെയോ തട്ടിപ്പടച്ചു ഞാണിന്മേല്‍ക്കളി നടത്തുകയാണെന്ന് സാമാന്യ വിവേകമുള്ള ആര്‍ക്കും ഇതു വായിച്ചാല്‍ തന്നെ ബോധ്യപ്പെടുമെന്നതിനാല്‍ കൂടുതല്‍ വിശദീകരണം ഒഴിവാക്കുന്നു. ശുക്ലം മുതുകില്‍നിന്നു വരുന്നു എന്ന വെളിപാടും ഭ്രൂണവളര്‍ച്ചയുടെ ഈ വിവരണവും തമ്മില്‍ എന്തു ബന്ധമാനുള്ളത്?

ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍നിന്നുമായി ഉരുകിയൊലിച്ചു മുതുകില്‍ കേന്ദ്രീകരിക്കുന്ന ശുക്ലം സംഭോഗവേളയില്‍ മുതുകില്‍നിന്നും പുറപ്പെട്ട് തെറിച്ചു വീഴുകയാണെന്നായിരുന്നു നബിയുടേയും കൂട്ടരുടെയും വിശ്വാസമെന്ന് ആദ്യകാല തഫ്സീറുകളിലെ വിവരണങ്ങളില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍ കൈകാലുകളും മറ്റും നഷ്ടപ്പെട്ടു പോയവര്‍ക്കും ശുക്ലമുണ്ടെന്നും അവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കു വൈകല്യം വരുന്നില്ലെന്നും മനസ്സിലാക്കിയ മൌദൂദി തന്റെ ‘യുക്തി’ഇപ്രകാരം അവതരിപ്പിക്കുന്നു:

“മാറിടത്തിനും ഉദരത്തിനും ഇടയില്‍നിന്നുല്‍ഭവിക്കുന്ന ഒരു ദ്രാവകത്തില്‍നിന്നാണു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ധാതു കൈകാലുകള്‍ ഛേദിക്കപ്പെട്ടാലും ഉണ്ടാകുന്നു. അതുകൊണ്ട് പ്രജനനബീജം മനുഷ്യന്റെ പൂര്‍ണ ശരീരത്തില്‍നിന്നാണുല്‍ഭവിക്കുന്നത് എന്നു പറയുന്നതു ശരിയല്ല.”

ആദ്യകാലത്തെ വ്യാഖ്യാതാക്കള്‍ നബിയുടെ വിവരണങ്ങളെ മാത്രം അവലംബിച്ചാണു വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത്. സ്വന്തം യുക്തിയോ ശാസ്ത്രത്തിന്റെ കണ്ടെത്തലോ ഒന്നും അവര്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ‘അല്ലാഹു’ എന്താണര്‍ഥമാക്കിയതെന്നറിയാന്‍ ആദ്യകാല തഫ്സീറുകളെ തന്നെയാണു നമുക്കും ആശ്രയിക്കാനാവുക.
ചുരുക്കത്തില്‍ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്നതിന്, ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍പ്പരം മറ്റൊരു ദൃഷ്ടാന്തവും വേണ്ടതില്ല തന്നെ!!!!!!

ഞാന്‍ ഇക്കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പേ തുറന്നെഴുതുകയും ഈ വ്യാഖ്യാന വീരന്മാര്‍ക്കെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതാണ്. അതു കണ്ടതായി ഭാവിക്കാതെ ഒരേ കസര്‍ത്തു തന്നെ ഇവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നതും ഇക്കൂട്ടരുടെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഞാന്‍ കാണുന്നു.

Friday, May 9, 2008

ഭ്രൂണ ശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും !

ഖുര്‍ ആനും ശാസ്ത്രവും എന്ന വിഷയത്തിലേക്കു കടക്കുകയാണ്.
അതാണല്ലോ ഇക്കാലത്തു ഏറെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിഷയം!
ആദ്യം ഭ്രൂണത്തില്‍ തന്നെ തുടങ്ങാം!!

“ഖുര്‍ ആനിലും ഹദീസിലും ഗര്‍ഭസ്ഥ ശിശുവിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്നുണ്ട്. ഈ വിവരങ്ങളും ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും യോജിക്കുന്നതായി ,മോറിസ് ബുക്കയ്,കെയ്ത്ത് മൂര്‍‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ സമര്‍ഥിക്കുകയുണ്ടായി. ഭ്രൂണ ശാസ്ത്രത്തെകുറിച്ച് ഇത്രയും സൂക്ഷ്മമായ വിവരം 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു മനുഷ്യന് അറിയാന്‍ സാധിക്കുമായിരുന്നില്ല. ഖുര്‍ ആനില്‍ ഇത്രയും സൂക്ഷ്മമായ വിവരമുണ്ടെങ്കില്‍ അതിന്റെ ഉറവിടം തീര്‍ച്ചയായും ദൈവികമായിരിക്കണം. ഈ വസ്തുത മനസ്സിലാക്കിയ മോറിസ്ബുക്കായ് എന്ന ഭ്രൂണശാസ്ത്രജ്ഞന്‍ ഇസ്ലാം മതം സ്വീകരിച്ചു.”[ഖുര്‍ ആനും കമ്പ്യൂട്ടറും]


ലോകമെമ്പാടുമുള്ള ഇസ്ലാമികപ്രചാരകര്‍ കുറെക്കാല‍മായി വലിയ തോതില്‍ പ്രചരി‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നംബറാണിത്. കേരളത്തില്‍ ഈ പ്രചാരണം പതിറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു മുപ്പതു കൊല്ലം മുമ്പു തന്നെ ഈ വാദത്തിന്റെ പൊള്ളത്തരങ്ങള്‍ കാര്യകാരണസഹിതം തുറന്നുകാട്ടിക്കൊണ്ട് ഞാനും യുക്തിവാദികളായ മറ്റു ചില സുഹൃത്തുക്കളും ലേഖനങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതു വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രചോദനമായത് ഈയിടെ തുടങ്ങിയ ഒരു ബ്ലോഗില്‍ ഖുര്‍ ആനിന്റെ ശാസ്ത്രീയതയും ദൈവീകതയും സംബന്ധിച്ചുള്ള തട്ടുതകര്‍പ്പന്‍ ചര്‍ച്ച ശ്രദ്ധയിപ്പെട്ടതാണ്. 19ന്റെ അല്‍ഭുതം വെളിപ്പെടുത്തിയ ഒരു പ്രൊഫസറുടെ കാര്യം ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ ഒരു പഴയ പുസ്തകത്തിലെ ഖണ്ഡികയാണു മുകളിലുദ്ധരിച്ചിരിക്കുന്നത്.


ആധുനിക ഭ്രൂണശാസ്ത്രം കണ്ടെത്തിയ സൂക്ഷ്മവിവരങ്ങള്‍ ഖുര്‍ ആനിലുണ്ടെങ്കില്‍ തീര്‍ച്ചയായും മോറിസ് ബുക്കായിയോടൊപ്പം നമുക്കും അല്‍ഭുതചിത്തരായി ഇസ്ലാം മതത്തിന്റെ ദൈവിക സാക്ഷ്യത്തെ അംഗീകരിക്കാമായിരുന്നു. എന്നാല്‍ നമ്മുടെ പക്കലുള്ള ഖുര്‍ ആനിലോ ഹദീസിലോ , അതെഴുതപ്പെട്ട കാലത്തെ സാധാരണ മനുഷ്യര്‍ക്കറിവില്ലാത്തതും , ആധുനികശാസ്ത്രത്തിനു മാത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞതുമായ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ എന്നു നമുക്കൊന്നു പരിശോധിക്കാം.

“നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്നുണ്ടാക്കി. പിന്നെ നാം അവനെ ശുക്ലത്തുള്ളിയായി ഭദ്രമായ ഒരു സ്ഥലത്തു നിക്ഷേപിച്ചു. പിന്നെ ശുക്ലത്തുള്ളിയെ ചോരക്കട്ടയാക്കി. ശേഷം ചോരക്കട്ടയെ ഇറച്ചിക്കഷ്ണമാക്കി. പിന്നീടതിനെ എല്ലുകളാക്കുകയും അതു കഴിഞ്ഞ് എല്ലുകളെ ഇറച്ചികൊണ്ട് പൊതിയുകയും ചെയ്തു. തുടര്‍ന്നതിനെ മറ്റൊരു സൃഷ്ടിയാക്കുകയും ചെയ്തു.” (23:12-14)

ഖുര്‍ ആനില്‍ പലേടത്തായി ആവര്‍ത്തിച്ചിട്ടുള്ള ഭ്രൂണവിജ്ഞാനമാണ് മേലുദ്ധരിച്ചത്. ഇതില്‍ ഒരു ശാസ്ത്രജ്ഞനെപ്പോലും അല്‍ഭുതപ്പെടുത്താന്മാത്രം എന്തു സൂക്ഷ്മജ്ഞാനമാണു ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ളത്? ആറാംനൂറ്റാണ്ടിലെ അറബികള്‍ക്കറിയാന്‍പാടില്ലാത്ത എന്തു നൂതനജ്ഞാനമാണിവിടെ ഖുര്‍ ആന്‍ വെളിവാക്കിയിട്ടുള്ളത്? ഖുര്‍ ആനിലെ ഭ്രൂണവിജ്ഞാനം തന്നെ അല്‍ഭുതപ്പെടുത്തി എന്നു പറയുന്ന മോറിസ് ബുക്കായ് തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത് ഖുര്‍ ആനിലെ ചോരക്കട്ടയും ഇറച്ചിക്കട്ടയുമൊക്കെ ശാസ്ത്രവസ്തുതകള്‍ക്കനുസരിച്ച് അര്‍ത്ഥം മാറ്റി വ്യാഖ്യാനിക്കേണ്ടതുണ്ടെന്നാണ്. അങ്ങനെ ചെയ്യാത്ത പക്ഷം ശാസ്ത്രത്തെയും ഖുര്‍ ആനെയും യോജിപ്പിലെത്തിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. ഖുര്‍ ആന്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് അറബി ഭാഷ മാത്രം അറിഞ്ഞാല്‍ പോര ; അവര്‍ക്ക് ആധുനിക ശാസ്ത്രബോധവും കൂടി വേണമെന്നാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്.
മോറിസ് ബുക്കായുടെ ഒരുദ്ധര‍ണി നോക്കുക:-

“ഖുര്‍ ആന്‍ സൂക്തങ്ങള്‍ വായിക്കുന്ന ഒരു ശാസ്ത്രജ്ഞന് ഈ വിഷയത്തില്‍ തെറ്റായ ആശയങ്ങള്‍ നല്‍കുന്ന ധാരാളം പരിഭാഷകളും വ്യാഖ്യാനങ്ങളും ഇന്നു പ്രചാരത്തിലുണ്ട്. ഭൂരിഭാഗം വിവര്‍ത്തനങ്ങളും വിവരിക്കുന്നത് മനുഷ്യ ശരീരത്തിന്റെ രൂപീകരണം ഒരു ചോരക്കട്ടയില്‍നിന്നാരംഭിച്ചു എന്നാണ്. ഈ രംഗത്ത് പ്രത്യേക പരിശീലനം നേടുന്ന ഒരു ശാസ്ത്രജ്ഞന് ഈ പ്രസ്താവന തികച്ചും അസ്വീകാര്യമാണ്. ഖുര്‍ ആനിലെ വാക്യങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിന് ഭാഷാ പരിജ്ഞാനത്തിനു പുറമെ ശാസ്ത്രാവബോധവും കൂടി ഉണ്ടായിരിക്കണമെന്ന് ഇതു നമ്മെ ബോധ്യപ്പെടുത്തുന്നു.’’ [ഖുര്‍ ആനും ശാസ്ത്രവും പേജ്24]


ശുക്ലത്തുള്ളി ,ചോരക്കട്ട, മാംസപിണ്ഡം എന്നൊക്കെ അര്‍ത്ഥമുള്ള സാധാരണ അറബി പദങ്ങളാണു ഖുര്‍ ആനില്‍ ഉപയോഗിച്ചിട്ടുള്ളതെങ്കിലും ആധുനിക ഭ്രൂണ ശാസ്ത്ര സംജ്ഞകള്‍ക്കനുസരിച്ച് ഈ അറബി പദങ്ങളെ മാറ്റി വിവര്‍ത്തനം ചെയ്യേണ്ടതുണ്ട് എന്നാണ് ഈ ശാസ്ത്രജ്ഞന്‍ ഉപദേശിക്കുന്നത്. മുസ്ലിം വ്യാഖ്യാതാക്കള്‍ ഇക്കാലത്ത് ഖുര്‍ ആനില്‍ നുന്നും ശാസ്ത്രം മെനഞ്ഞുണ്ടാക്കാന്‍ പ്രധാനമായും സ്വീകരിച്ചു വരുന്ന തന്ത്രവും ഇതു തന്നെയാണ്. അലഖ എന്ന വാക്കിനു ചോരക്കട്ട എന്നതിനു പകരം തൂങ്ങിക്കിടക്കുന്ന ഭ്രൂണം, അള്ളിപ്പിടിക്കുന്ന ഭ്രൂണം എന്നൊക്കെ അര്‍ത്ഥം നല്‍കിയാലേ ഖുര്‍ ആന്‍ വാക്യത്തെ ശാസ്ത്രീയമാക്കാന്‍ കഴിയൂവെങ്കില്‍ , ഖുര്‍ ആനില്‍ അതി സൂക്ഷ്മമായ വിവരങ്ങള്‍ വെളിപ്പെടുത്തി എന്ന അവകാശവാദത്തിന് എന്തര്‍ത്ഥമാണുള്ളത്? ഏച്ചു കെട്ടിയും അര്‍ത്ഥം മാറ്റിയും ഒപ്പിച്ചുണ്ടാക്കുന്ന വ്യാഖ്യാനങ്ങള്‍ എങ്ങനെയാണ് ഖുര്‍ ആനിലെ സൂക്ഷ്മജ്ഞാനമാവുക?

ഒരു ഖുര്‍ ആന്‍ വാക്യത്തിന്റെ യഥാര്‍ത്ഥ ആശയവും വിശദാംശങ്ങളും നമുക്കു ലഭിക്കുന്നത് പ്രവാചകന്‍ അതിനു നല്‍കുന്ന വിശദീകരണത്തില്‍നിന്നാണ്. ഈ ഖുര്‍ ആന്‍ വാക്യത്തിനും വ്യക്തവും വിശദവുമായ വ്യാഖ്യാനം ഹദീസുകളില്‍ കാണാം. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതും ഇമാം നവവി തന്റെ ഏറ്റവും സഹീഹായ 40 ഹദീസുകളില്‍ ഉള്‍പ്പെടുത്തിയതുമായ ഒരു ഹദീസ് ഇതാ കാണുക:-

“നിങ്ങളുടെ മാതാവിന്റെ വയറ്റില്‍ നിങ്ങളുടെ സൃഷ്ടി പല ഘട്ടങ്ങളിലായാണു നടക്കുന്നത്. 40 ദിവസം ഇന്ദ്രിയത്തുള്ളിയായി, അത്രയും കാലം ഒരു രക്തക്കട്ടയായി പിന്നീട് അത്രയും കാലം ഒരു മാംസപിണ്ഡമായി. പിന്നീട് അവങ്കലേക്ക് ഒരു മലക്കിനെ നിയോഗിക്കും. മലക്ക് അവനു ജീവന്‍ ഊതും. തുടര്‍ന്ന് അവനെപ്പറ്റി നാലു കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പ്പിക്കും. അപ്പോള്‍ മലക്ക് അവന്റെ ആരോഗ്യം, ആയുസ്സ്, പ്രവര്‍ത്തനങ്ങള്‍ ‍, ശേഷം അവന്‍ പരലോകത്ത് വിജയിയോ പരാജിതനോ എന്ന കാര്യവും രേഖപ്പെടുത്തും.”


ആധികാരികതയുടെ കാര്യത്തില്‍ ഒരു നേരിയ സംശയം പോലും ആരും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഏറ്റവും പ്രബലമായ ഹദീസുകളിലൊന്നാണിത്. എന്നാല്‍ ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കു സ്വന്തമായ അര്‍ത്ഥവും വ്യാഖ്യാനവും നടത്തി ഖുര്‍ ആനിനെ ശാസ്ത്രത്തിന്റെ വാലില്‍ കെട്ടാന്‍ ശ്രമിക്കുന്ന നമ്മുടെ മോറിസ് ബുക്കായ് ഈ ഹദീസിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:-
“ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ള ഈ വിവരണം ആധുനിക വസ്തുതകളുമായി ഒട്ടും യോജിക്കുന്നതല്ല.”

എന്നു വെച്ചാല്‍ മുഹമ്മദ് നബി പറഞ്ഞത് വിഡ്ഡിത്തമാണ്,മോറീസ് ബുക്കായിയുടെ പുതിയ വ്യാഖ്യാനമാണു നമ്മള്‍ സ്വീകരിക്കേണ്ടത് എന്നു സാരം!

ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചത് ഖുര്‍ ആനും ഹദീസും വായിച്ച് അതിലെ ഭ്രൂണശാസ്ത്ര സൂക്ഷ്മജ്ഞാനത്തില്‍ ആകൃഷ്ടനായതു കൊണ്ടോ അതോ മറ്റു വല്ല പ്രലോഭനവും കാരണമോ എന്ന് അനുമാനിക്കാന്‍ കൂടുതല്‍ ആലോചിക്കെണ്ടതില്ലല്ലോ!
ഇനി ഖുര്‍ ആനിലും ഹദീസിലും വിവരിക്കുന്ന ഈ ഭ്രൂണവിജ്ഞാനം വസ്തുതകളുമായി എത്രത്തോളം ബന്ധമുണ്ട് എന്നു കൂടി പരിശോധിക്കാം.

മുതുകില്‍നിന്നു പുറപ്പെട്ടു തെറിച്ചുവീഴുന്ന ശുക്ലം ഗര്‍ഭാശയത്തില്‍ മാറ്റമില്ലാതെ 40 ദിവസം കിടക്കും എന്നാണല്ലോ ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്. ഇതു തീര്‍ത്തും തെറ്റാണ്. മുതുകിലല്ല ശുക്ലവും ബീജവും ഉല്പാദിപ്പിക്കപ്പെടുന്നതെന്ന കാര്യം പിന്നീടു ചര്‍ച്ച ചെയ്യാം. ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നത് എന്ന ധാരണ തന്നെ വിവരക്കേടാണ്. ഒരു തുള്ളി ശുക്ലത്തില്‍ ദശലക്ഷക്കണക്കിനു പുംബീജങ്ങളുണ്ട് . അതിലൊന്നു മാത്രമേ അണ്ഡവുമായി സംയോജിക്കുന്നുള്ളു. ബീജങ്ങള്‍ക്കു ഗര്‍ഭാശയത്തില്‍ നാലു ദിവസത്തില്‍ കൂടുതല്‍ ജീവനോടെയിരിക്കാനാവില്ല. 40 ദിവസം ശുക്ലം മാറ്റമില്ലാതെ കിടക്കുന്നു എന്ന നബിവചനം ശാസ്ത്രദൃഷ്ട്യാ വെറും അസംബന്ധമാണ്. 40ദിവസം കഴിഞ്ഞ് ചോരക്കട്ടയാകുന്നു എന്നതും മണ്ടത്തരം തന്നെ. ചോരക്കട്ടയ്ക്കു പകരം അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം മാറ്റിയാലും വ്യാഖ്യാനം ശരിയാവുകയില്ല. കാരണം ഭ്രൂണം അള്ളിപ്പിടിക്കുഅന്നത് 40 ദിവസം കഴിഞ്ഞല്ല.

ബീജസങ്കലനം കഴിഞ്ഞ് ആറാമത്തെ ദിവസം തന്നെ ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ അള്ളിപ്പിടിക്കും. ഈ അള്ളിപ്പിടുത്തം 40 ദിവസം കഴിഞ്ഞ് അവസാനിക്കുന്നുമില്ല. പ്രസവസമയത്ത് പൊക്കിള്‍ക്കൊടി മുറിച്ച് പ്ലാസെന്റാ വേര്‍പ്പെടുത്തുന്നതു വരെ അള്ളിപ്പിടുത്തം തുടരും. അലഖ എന്ന വാക്കിനു തൂങ്ങിക്കിടക്കുന്നത്, അള്ളിപ്പിടിക്കുന്നത് എന്നൊക്കെ അര്‍ത്ഥം നല്‍കിയാലും ഖുര്‍ ആനിലെ വിവരണം തെറ്റു തന്നെ. അലഖ എന്ന രണ്ടാം ഘട്ടം കഴിഞ്ഞ് മാംസക്കട്ട എന്ന മൂന്നാം ഘട്ടം വരുന്നതോടെ അള്ളിപ്പിടുത്തം അവസാനിക്കുന്നില്ല എന്നതു കൊണ്ടു തന്നെ ആ പദത്തിനു ചോരക്കട്ട എന്നല്ലാതെ അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം കൊടുക്കാനാവില്ല. ശുക്ലബിന്ദു എന്ന ഒരു ഘട്ടം തന്നെ ഗര്‍ഭധാരണത്തിനു ശേഷം നിലനില്‍ക്കുന്നില്ല. ശുക്ലത്തിലെ ലക്ഷക്കണക്കിനു ബീജങ്ങളിലൊന്നു മാത്രമാണു അണ്ഡവുമായി ചേരുന്നത്. അപ്രകാരം സംയോജിച്ചുണ്ടാകുന്ന ഭ്രൂണകോശം അതിന്റെ അനുസ്യൂതമായ വിഭജനപ്രക്രിയയിലൂടെ വളരാന്‍ തുടരുന്നു.

ബീജസങ്കലനം കഴിഞ്ഞാലുടന്‍ തന്നെ അണ്ഡം വളര്‍ന്നു തുടങ്ങും. 40 ദിവസം കഴിയുമ്പോഴേക്കും ഭ്രൂണത്തിനു തലയും ഉടലും വേര്‍തിരിയും. കണ്ണുകളും വായും രൂപപ്പെടാന്‍ തുടങ്ങുകയും കൈകാലുകളുടെ സ്ഥാനത്ത് മുഴകള്‍(buds) പ്രത്യക്ഷപ്പെടുകയും ചെയ്യും. 80 ദിവസം കഴിയുമ്പോള്‍ ചോരക്കട്ട ഇറച്ചിക്കട്ടയാകുമെന്നാണു നബിയും അല്ലാഹുവും പറയുന്നത്. ശാസ്ത്രം പറയുന്നത് ഏതാണ്ട് 12ആഴ്ച്ച കൊണ്ട് മനുഷ്യശിശുവിന്റെ ആകൃതി കൈവരുകയും കൈകാല്‍ വിരലുകള്‍ പോലും കൃത്യമായി രൂപപ്പെടുകയും ചെയ്യുമെന്നാണ്.

നാലാം മാസത്തിലെ ജീവന്‍ ഊത്ത്!

നാലു മാസം ജീവനില്ലാതെ കിടന്ന ഭ്രൂണത്തിനു ജീവന്‍ ഊതിക്കയറ്റാന്‍ ഒരു മലക്ക് ഗര്‍ഭാശയത്തിലെത്തുമെന്നാണു പ്രവാചകന്‍ വെളിപ്പെടുത്തുന്ന മറ്റൊരു അദൃശ്യജ്ഞാനം! ശാസ്ത്രദൃഷ്ട്യാ ഇതില്‍പ്പരമൊരു വിഡ്ഡിത്തം വേറെയില്ല.
ബീജകോശവും അണ്ഡകോശവും അവ സംയോജിച്ചുണ്ടാകുന്ന ഭ്രൂണവുമെല്ലാം ജീവനുള്ളവയാണ്. ജീവന്റെ എല്ലാ സവിശേഷതയും ഉള്ളതുകൊണ്ടാണ് അവയൊക്കെ ക്രമപ്രകാരം വളര്‍ന്നു നിശ്ചിത ജീവിയായി തീരുന്നത്. ഈ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജൈവ രാസ ഘടകങ്ങള്‍ അതാതു ജീവികോശത്തിലെ ക്രോമസോമുകളില്‍തന്നെ അടങ്ങിയിട്ടുണ്ട്. പുറത്തുനിന്നൊരു മലക്കിന്റെ ഇടപെടലൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. ഏതാണ്ടു നാലു മാസത്തെ വളര്‍ച്ചക്കു ശേഷമാണു കുഞ്ഞിന്റെ ചലനം പുറമേക്കനുഭവപ്പെട്ടു തുടങ്ങുന്നത്. ഇക്കാരണത്താല്‍ പണ്ടുള്ളവര്‍ ഊഹിച്ചുണ്ടാക്കിയ അന്ധവിശ്വാസമായിരിക്കാം മലക്കിന്റെ ആഗമനവും ജീവനൂതലും മറ്റും. നാലാം മാസം മലക്കു വന്ന് ഊതിക്കയറ്റുന്നത് ജീവനോ ആത്മാവോ എന്ന തര്‍ക്കവും അടുത്ത കാലത്തായി പൊന്തിവന്നിട്ടുണ്ട്. നാലു മാസം വരെ ശിശു ജീവനില്ലാതെ വളരുന്നു എന്നു തന്നെയാണ് മത പണ്ഡിതലോകത്തെ പൊതു മതം. നാലു മാസത്തിനു മുമ്പുള്ള ഭ്രൂണഹത്യ പാപമല്ല എന്ന് ജമാ അത്തെ ഇസ്ലാമിക്കാര്‍ ഫത്വ കൊടുത്തത് ഈ അടിസ്ഥാനത്തിലാണ്. [പ്രബോധനം 2000 നവംബര്‍ 4]


ചുരുക്കത്തില്‍ ആറാംനൂറ്റാണ്ടിലെ സാധാരണക്കാര്‍ക്കറിയാവുന്നതിലപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആനോ ഹദീസോ വെളിപ്പെടുത്തുന്നില്ല. ഇക്കാര്യം സത്യസന്ധമായി വളച്ചുകെട്ടില്ലാതെ ഒരു മതപണ്ഡിതന്‍ തന്നെ തുറന്നു പറഞ്ഞത് ഇതാ കാണുക:-

“ഗര്‍ഭാശയത്തില്‍ ഒരു ശിശു കടന്നുപോകുന്ന വിവിധ ഘട്ടങ്ങളെ സൂചിപ്പിച്ചിരിക്കുകയാണിവിടെ. ആധുനിക ഉപകരണങ്ങളുപയോഗിച്ച് ഇന്നു കണ്ടെത്തിയിട്ടുള്ള അതിസൂക്ഷ്മമായ പരിണാമഘട്ടങ്ങളൊന്നും പക്ഷെ ഇവിടെ വിശദീകരിക്കുന്നില്ല. മറിച്ച് ഒരു സാധാരണ കാട്ടറബിക്കു പോലും സുപരിചിതമായിരുന്ന മുഖ്യ പരിണാമദശകള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു. അതായത് ഇന്ദ്രിയം ഗര്‍ഭാശയത്തില്‍ പതിച്ച ശേഷം അത് ഒരു രക്തപിണ്ഡമാവുകയും പിന്നീട് രൂപമൊന്നുമില്ലാത്തതും ക്രമേണ മനുഷ്യരൂപം പ്രാപിക്കുന്നതുമായ ഒരു മാംസക്കട്ടയായി പരിണമിക്കുകയും ചെയ്യുമെന്നു സാധാരണക്കാര്‍ക്കു പോലും അറിയാമായിരുന്നു. വിവിധ അവസ്ഥകളിലുണ്ടാകുന്ന ഗര്‍ഭച്ഛിദ്രങ്ങളിലൂടെ ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ അക്കാലത്തും മനുഷ്യര്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അല്ലാഹു ഇവിടെ പ്രസ്തുത ഘട്ടങ്ങളിലേക്കു വിരല്‍ ചൂണ്ടിയത്. അതു മനസ്സിലാക്കുവാന്‍ അന്നും ഇന്നും ശാസ്ത്രീയ ഗൈനക്കോളജി ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല.”[തഫ്ഹീമുല്‍ ഖുര്‍ ആന്‍ വോള്യം3 പേജ്195]

മൌദൂദിയുടെ ഈ വിവരണം വായിക്കാനിടയായിരുന്നെങ്കില്‍ നമ്മുടെ മോറീസ് ബുക്കായിയെപ്പോലുള്ളവര്‍ മതം മാറാന്‍ മുതിരുമായിരുന്നില്ല!

തുടരും...

Tuesday, May 6, 2008

കണ്ണിനു കണ്ണ്; പല്ലിനു പല്ല്!

ഗോത്രകാലത്തെ പ്രാകൃത നിയമങ്ങള്‍ക്ക് ദൈവത്തിന്റെ ശാശ്വതീകരണം ലഭിച്ചതിനുള്ള മറ്റൊരു ഉദാഹരണമിതാ:-

“ജീവനു ജീവന്‍ , കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, മുറിവുകള്‍ക്കു മുറിവുകള്‍ ; ഇങ്ങനെ പകരം വീട്ടണമെന്ന് തൌറാത്തിലും അവരോടു നാം കല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ വല്ലവനും അതു മാപ്പു ചെയ്തു കൊടുത്താല്‍ അതു അവനുള്ള ഒരു പാപ പരിഹാരമാകുന്നു. അല്ലാഹു ഇറക്കിയതനുസരിച്ച് വല്ലവരും വിധിച്ചിട്ടില്ലെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍ .”[5:45]

ശരീ അത്ത് നിയമപ്രകാരം കണ്ണു ചൂഴ്ന്നെടുക്കാന്‍ വിധിക്കപ്പെടുകയും ,ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മറ്റും ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന്, പരാതിക്കാരനെക്കൊണ്ട് മാപ്പു നല്‍കിച്ചു വിട്ടയക്കുകയും ചെയ്ത മലയാളിയായ നൌഷാദിന്റെ അനുഭവം ഓര്‍മ്മയില്ലേ?

ഇവിടെയും കുറ്റവാളിയെ ശിക്ഷിക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുന്നതിനു പകരം ‘തുല്യ നഷ്ടം’ വരുത്തി പ്രതികാരം ചെയ്യുക എന്നാണു ‘ദൈവം’ ഉപദേശിക്കുന്നത്! മൂസാ നബിക്ക് പലകയിലെഴുതിക്കൊടുത്ത തൌറാത്തില്‍ അല്ലാഹു ഇക്കാര്യം വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ട്.
“അയല്‍ക്കാരനെ ഏതെങ്കിലും വിധത്തില്‍ വിരൂപപ്പെടുത്തണം. ഒടിവിന് ഒടിവ്, കണ്ണിനു കണ്ണ്, പല്ലിനു പല്ല്, അയാള്‍ എങ്ങനെ അംഗഭംഗപ്പെടുത്തിയോ അങ്ങനെത്തന്നെ അയാളെയും അംഗഭംഗപ്പെടുത്തണം.”(ലേവിയര്‍ :-24:19-20)
“മനുഷ്യര്‍ തമ്മില്‍ കലഹിക്കുമ്പോള്‍ ....അപകടം സംഭവിച്ചാല്‍ ജീവനു ജീവന്‍ ‍, കണ്ണിനു കണ്ണ്, പല്ലിനു പല്ല്, കൈക്കു കൈ, കാലിനു കാല്‍, പൊള്ളലിനു പൊള്ളല്‍ ,മുറിവിനു മുറിവ്, അടിക്ക് അടി, എന്ന മുറയ്ക്കു ശിക്ഷ നല്‍കണം. ആണടിമയുടെയോ പെണ്ണടിമയുടെയോ കണ്ണ് അടിച്ചു പൊട്ടിച്ചാല്‍ അതിനു പകരമായി ആ അടിമക്കു സ്വാതന്ത്ര്യം നല്‍കണം. ...കാള ഒരു ആണടിമയേയോ പെണ്ണടിമയേയോ കുത്തിക്കൊന്നാല്‍ കാളയുടെ ഉടമസ്ഥന്‍ അടിമയുടെ ഉടമസ്ഥന് 30 ശേക്കല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലണം”(പുറപ്പാട്:- 21:22-32)

അല്ലാഹു എന്ന യഥാര്‍ത്ഥ ദൈവം തന്റെ പ്രവാചകര്‍ മുഖേന ലോകാവസാനം വരേക്കുള്ള മനുഷ്യകുലത്തിനാകെയും നടപ്പിലാക്കാനായി [നടപ്പിലാക്കാത്തവര്‍ അക്രമികളാണ് എന്ന മുഖവുരയോടെ] ഇറക്കിത്തന്ന നീതിന്യായവ്യവസ്ഥയാണിത്. സൌദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ പോലും ഇന്നു നടപ്പിലാക്കാന്‍ അറയ്ക്കുന്ന ഈ പ്രാകൃതത്വം ഒരു പരിഷ്കൃതലോകത്തിന്റെ മുമ്പില്‍ എത്രമാത്രം പരിഹാസ്യമാണെന്നു നോക്കൂ!

ഇതൊക്കെ ഗോത്രകാലത്തെ മനുഷ്യന്റെ പരിമിതബുദ്ധിയില്‍നിന്നു ഉരുവം കൊണ്ടതാണെന്നൂഹിക്കാന്‍ സാമാന്യബുദ്ധി പോരേ?

Sunday, April 13, 2008

കൊലപാതകത്തിനു പ്രതികാരം ചെയ്യുക!

അറേബ്യയില്‍ ആറാം ശതകത്തിലെ നാടോടികള്‍ക്കിടയില്‍ നിലനിന്നിരുന്ന അപരിഷ്കൃതവും വിചിത്രവുമായ ഒട്ടേറെ ഗോത്രാചാരങ്ങള്‍ ദൈവത്തിന്റെ അവസാനത്തെ സദാചാരപ്പട്ടികയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഖുര്‍ ആനില്‍ സ്ഥാനം പിടിച്ചിട്ടുള്ളതായി കാണാം.
ഒരുദാഹരണം ഇതാ കാണുക:-
“ഹേ വിശ്വാസികളേ! കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതികാരം ചെയ്യല്‍ നിങ്ങള്‍ക്കു നിയമമാക്കിയിരിക്കുന്നു. അതായത് സ്വതന്ത്രനു സ്വതന്ത്രനും അടിമയ്ക്ക് അടിമയും സ്ത്രീയ്ക്കു സ്ത്രീയും എന്ന നിലയില്‍ ”(2:178)

കൊലക്കു പകരം കൊല എന്ന ഗോത്ര നീതിയെ ശരിവെക്കുന്നതോടൊപ്പം പകരക്കൊലയില്‍ ‘സമത്വം’ പാലിക്കല്‍ നിര്‍ബ്ബന്ധമാക്കുക കൂടിയാണ് ഈ ഖുര്‍ ആന്‍ വാക്യത്തിന്റെ ഉദ്ദേശ്യമെന്ന് വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു.
“കൊല‍ക്കു പകരം കൊല എന്ന സമ്പ്രദായം അറബികളിലും വേദക്കാരിലും മുമ്പേ പതിവുണ്ടായിരുന്നു. പക്ഷേ അതില്‍ നീതിയും സമത്വവും പാലിക്കപ്പെട്ടിരുന്നില്ല. ....പ്രതിക്രിയ നടത്തല്‍ നിയമമാക്കിയിരിക്കുന്നു എന്നു പറഞ്ഞാല്‍ കൊന്നവനെ കൊല്ലല്‍ നിര്‍ബ്ബന്ധമാണെന്നല്ല; പ്രതിക്കൊലയില്‍ സമത്വവും നീതിയും പാലിക്കണം എന്നാണുദ്ദേശ്യം. സ്വതന്ത്രനു സ്വതന്ത്രനും അടിമക്ക് അടിമയും സ്ത്രീക്കു സ്ത്രീയും എന്ന് പറഞ്ഞത് അതിന്റെ വിശദീകരണമത്രേ.”[ഖുര്‍ ആന്‍ വിവരണം-അമാനിമൌലവി]

ഒരു ഗോത്രത്തിലെ സ്ത്രീയാണു കൊല്ലപ്പെട്ടതെങ്കില്‍ പകരം കൊലയാളിയുടെ ഗോത്രത്തിലെ ഒരു സ്ത്രീയെ മാത്രമേ കൊല്ലാവൂ എന്നും , അടിമയെ കൊന്നാല്‍ , കൊലയാളി സ്വതന്ത്രനാണെങ്കിലും അയാളുടെ ഗോത്രത്തിലെ ഒരടിമയെ മാത്രമേ പകരം വധിക്കാവൂ എന്നുമാണ് ഖുര്‍ ആന്‍ ഉപദേശിക്കുന്നത്. കൊല്ലപ്പെടുന്നവരുടെ ‘വിലനിലവാരം’ പരിഗണിക്കാതെയുള്ള ജാഹിലിയ്യാ കാലത്തെ പ്രതിക്രിയാരീതിയില്‍ കാലോചിതമായ ഭേദഗതി വരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ സമത്വവും നീതിയും നടപ്പിലാക്കാന്‍ അവതരിപ്പിച്ചതാണത്രേ ഈ വെളിപാട്. ഖുര്‍ ആന്‍ വ്യാഖ്യാതാക്കളെയും കര്‍മ്മശാസ്ത്രവിദഗ്ധരെയും ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ ഒന്നാണീ സൂക്തമെന്നും അമാനിമൌലവി തുടര്‍ന്നെഴുതുന്നു:-
“എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം)

ഈ ഖുര്‍ ആന്‍വാക്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയെന്തെന്നോ ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ എന്തെല്ലാമെന്നോ വിവരിക്കാതെ മുജാഹിദ് പണ്ഡിതന്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധേയമാണ്. ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെ’തഫ്ഹീം’ല്‍ ഈ വാക്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ചാടിക്കടന്നു പോവുകയാണു ചെയ്തിട്ടുള്ളത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്ത കാര്യമാണ് ഇവിടെ’അല്ലാഹു’വെളിപ്പെടുത്തിയിട്ടുള്ളതെന്ന തിരിച്ചറിവു തന്നെയായിരിക്കാം ഇവരുടെ ഉരുണ്ടുകളിക്കു കാരണം!

എല്ലാ മനുഷ്യജീവനും തുല്യ വിലയാണുള്ളതെന്ന ആധുനിക മനുഷ്യാവകാശ തത്വം ഇസ്ലാമിനു സ്വീകാര്യമല്ല എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ ‘സമത്വപാലന’ത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറ്റം ചെയ്തവരും അതിനു കൂട്ടു നിന്നവരും പ്രേരിപ്പിച്ചവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ നല്‍കുകയും ‍അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുക എന്നതാണു ആധുനിക സമൂഹം അംഗീകരിച്ചിട്ടുള്ള നീതിനിര്‍വ്വഹണരീതി. കുറ്റം ചെയ്തവര്‍ക്കു ‘തുല്യ നഷ്ടം’ വരുത്തുന്നതിനായി അയാളുടെ കുടുംബാംഗങ്ങളെ വധിക്കുക, സ്വത്തുക്കള്‍ നശിപ്പിക്കുക മുതലായ സമ്പ്രദായങ്ങള്‍ അപരിഷ്കൃത സമൂഹങ്ങളില്‍ മുന്‍പു കാലത്തുണ്ടായിരുന്നു.അത്തരം മനുഷ്യത്വരഹിതവും അയുക്തികവുമായ ഗോത്രാചാരങ്ങളെ ശരിവെക്കാന്‍ മാത്രം ബുദ്ധിശൂന്യതയും നെറികേടും, നീതിമാനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തില്‍നിന്നു പ്രതീക്ഷിക്കാവതല്ല!

ഖുര്‍ ആന്റെ ഈ ഉപദേശം ഇക്കാലത്തു നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഒരു ഉദാഹരണം നോക്കാം. ഒരു കൊള്ളക്കാരന്‍ ഒരു വീട്ടില്‍ കയറി കൊള്ള നടത്തുന്നതിനിടെ വീട്ടമ്മയായ സ്ത്രീയെയും അവരുടെ രണ്ടു വയസ്സായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്നു സങ്കല്‍പ്പിക്കുക. അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്! കൊല്ലപ്പെട്ടത് ഒരു സ്ത്രീയും കുഞ്ഞു മായതുകൊണ്ട് പകരം കൊലയാളിയായ പുരുഷനെ കൊല്ലുന്നത് നീതിയല്ല. എന്തുകൊണ്ടെന്നാല്‍ പുരുഷന്റെ മൂല്യവും സ്ത്രീയുടെ മൂല്യവും തുല്യമല്ലല്ലോ!!

ഖുര്‍ ആന്റെ കര്‍ത്താവു നീതിമാനായ ഒരു ദൈവമായിരുന്നെങ്കില്‍ ഈ വാക്യം ഇപ്രകാരമായിരുന്നേനെ:
“ഹേ വിശ്വാസികളേ, കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരില്‍ ഇനി മേല്‍ നിങ്ങള്‍ ഹിംസിക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. അതിനാല്‍ കുറ്റവാളികളെ മാത്രം ശിക്ഷിക്കുക.”

Wednesday, January 2, 2008

മക്കയിലെ അല്ലാഹു മദീനയിലെത്തിയപ്പോള്‍!

‘അല്ലാഹു’ മക്കയില്‍നിന്നു മദീനയിലെത്തിയതോടെ സമാധാനത്തിന്റെയും ഉല്‍ബോധനത്തിന്റെയും മതം കൊള്ളയുടെയും യുദ്ധത്തിന്റെയും മതമായി മാറിയതിന്റെ വാങ്മയചിത്രം ഖുര്‍ ആനിലും ഇസ്ലാം ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെട്ടു കിടക്കുന്നു. ദീനില്‍ യാതൊരു ബലപ്രയോഗവുമില്ല; അവര്‍ക്ക് അവരുടെ മതം നിങ്ങള്‍ക്ക് നിങ്ങളുടെ മതം; യുക്തികൊണ്ടു മാത്രം സംവാദത്തിലേര്‍പ്പെടുക ; തുടങ്ങിയ ‘മക്കീ’ വെളിപാടുകള്‍ പ്രവാചകന്‍ മദീനയിലെത്തി അധികാരം സ്ഥാപിച്ചതോടെ ക്യാന്‍സല്‍ ചെയ്യപ്പെട്ടു!

ബലപ്രയോഗത്തിനും പച്ചയായ കൊള്ളയ്ക്കും കൊലയ്ക്കും ആഹ്വാനം ചെയ്യുന്ന നൂറുകണക്കിനു വെളിപാടുകള്‍ പ്രവാചകന്റെ നാവിലൂടെ പുറത്തു വന്നു. ഏതാനും ഉദാഹരണങ്ങള്‍ കാണുക:-

യുദ്ധം ചെയ്യല്‍ നിങ്ങള്‍ക്കു നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതു നിങ്ങള്‍ക്കു വെറുപ്പുള്ളതാണ്. എന്നാല്‍ ഒരു കാര്യം നന്മയുള്ളതായിരിക്കെ നിങ്ങള്‍ വെറുത്തെന്നു വരാം. ഒരു കാര്യം ദോഷമായിരിക്കെ നിങ്ങള്‍ ഇഷ്ടപ്പെട്ടെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.[2:216]

പരിശുദ്ധ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ ചോദിക്കുന്നു. പറയുക: അത് അപരാധം തന്നെയാണ്. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു ജനങ്ങളെ തടയുന്നതും അവനെ നിഷേധിക്കുന്നതും മസ്ജിദില്‍ ഹറാമില്‍ നിന്നു ബഹിഷ്കരിക്കുന്നതും അല്ലാഹുവിങ്കല്‍ വലിയ അപരാധമാകുന്നു. ഫിത്ന യാണ് കൊലയെക്കാള്‍ വലിയത്.[2:217]

ഈ വാക്യം അവതരിക്കാനിടയായ സംഭവം വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും വിവരിച്ചിട്ടുണ്ട്. ഇസ്ലാം ചരിത്രത്തിന്റെ അടിയാധാരം എന്നു കണക്കാക്കപ്പെടുന്ന , ഇബ്നു ഹിഷാമിന്റെ ‘സീറത്തു റസൂലുല്ലാഹ്’ എന്ന ഗ്രന്ഥത്തില്‍നിന്നുള്ള വിവരണം ഇതാ കാണുക:-

“ആദ്യ കാലത്തു തന്നെ ഇസ്ലാം വിശ്വസിച്ചവരില്‍ പെട്ട ഒരു മഹാനായിരുന്നു അബ്ദുല്ലാഹിബ്നു ജഹ്ശ്. ത്യാഗ സമ്പൂജ്യമായിരുന്നു അദ്ദേഹത്തിന്റെ ധീര സുന്ദരമായ ജീവിതം. നഖ്ലത്തിലേക്കു നിയോഗിക്കപ്പെട്ട മുഹാജിര്‍ സേനയുടെ നേതൃത്വം നബി അദ്ദേഹത്തില്‍ അര്‍പ്പിക്കുകയുണ്ടായി. എട്ടു പേരാണ് ആ സംഘത്തിലുണ്ടായിരുന്നത്. ഈരണ്ടു പേര്‍ക്ക് ഓരോ ഒട്ടകം എന്ന നിലയില്‍ ഒട്ടകങ്ങളെയും അവര്‍ക്കു നല്‍കുകയുണ്ടായി. വിശപ്പും ദാഹവും സഹിക്കുന്നതില്‍ നിങ്ങളില്‍ ആരെക്കാളും കഴിവുള്ള ഒരാളെ നിങ്ങളുടെ നേതാവായി അയച്ചു തരാം എന്ന മുഖവുരയോടെയാണ് നബി അബ്ദുല്ലാഹിബ്നു ജഹ്ശിനെ സംഘത്തിന്റെ നേതാവായി നിയോഗിച്ചത്.
മക്കക്കും തായിഫിനും ഇടയില്‍ ,മക്കയില്‍നിന്നും ഒരു രാത്രിയുടെ വഴിയകലത്തിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നഖ്ലത്ത്. ആ പ്രദേശം കച്ചവടസംഘങ്ങളുടെ വിശ്രമസങ്കേതമായിരുന്നു. ആ സംഘം നഖ്ലത്തിലേക്കു പുറപ്പെടുമ്പോള്‍ , രണ്ടു ദിവസം യാത്ര ചെയ്ത ശേഷമല്ലാതെ തുറന്നു വായിക്കരുത് എന്ന നിര്‍ദേശത്തോടു കൂടി നബി സംഘത്തലവന്റെ കയ്യില്‍ ഒരു കത്തു കൊടുക്കുകയുണ്ടായി. നിര്‍ദേശപ്രകാരം രണ്ടു ദിവസം യാത്ര ചെയ്ത ശേഷം അബ്ദുല്ലാഹിബ്നു ജഹ്ശ് കത്തു തുറന്നു വായിച്ചു. ഈ കത്തു വായിച്ചു കഴിഞ്ഞാല്‍ നഖ്ലത്തിലേക്കുള്ള യാത്ര തുടര്‍ന്നു കൊള്ളേണമെന്നും നഖ്ലത്തിലെത്തിയാല്‍ ഖുറൈശികളുടെ വരവിനെ കാത്ത് ഇരുന്നു കൊള്ളേണമെന്നും വിജയത്തോടു കൂടി തിരിച്ചു വരുവാന്‍ അവസരം ലഭിക്കുമെന്നും ഇക്കാര്യത്തില്‍ കൂട്ടുകാരുടെ നിലപാട് കണക്കിലെടുക്കേണ്ടതില്ല എന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. അദ്ദേഹം കത്തിലെ താല്‍പ്പര്യം കൂട്ടുകാരെ അറിയിക്കുകയും ,മനോധൈര്യവും രക്തസാക്ഷ്യത്തിനു സന്നദ്ധതയും ഉള്ളവര്‍ മാത്രം നഖ്ലത്തിലേക്കു വന്നാല്‍ മതിയെന്നും അല്ലാത്തവര്‍ക്കു തിരിച്ചു പോകാവുന്നതാണെന്നും അവരെ അറിയിക്കുകയും ചെയ്തു. പക്ഷെ ആ സംഘത്തില്‍നിന്നും ഒരാളും തിരിച്ചു പോകാന്‍ ഒരുങ്ങിയില്ല. ആ സംഘം ഉത്സാഹപൂര്‍വ്വം യാത്ര തുടര്‍ന്നു. ഹിജാബിന്നപ്പുറം ബഹ്രാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ സംഘത്തിലെ ഒരു ഒട്ടകത്തിനെ കാണാതായി. സ അദുബിനു അബീ വക്കാസ്, ഉത്വത്തുബ്നു ഗുസ്വാന്‍ എന്നിവരുടെ ഒട്ടകത്തെയാണു കാണാതായത്. അവര്‍ രണ്ടു പേരും ഒട്ടകത്തെ അന്യേഷിച്ചു പുറപ്പെട്ടു. മറ്റുള്ളവര്‍ നഖ്ലത്തിലേക്കുള്ള യാത്ര തുടര്‍ന്നു. പത്താം ദിവസം ആ സംഘം നഖ്ലത്തിലെത്തി. ഖുറൈശികളുടെ വരവും പ്രതീക്ഷിച്ച് അവര്‍ അവിടെ ഇരിപ്പുറപ്പിച്ചു. അങ്ങനെയിരിക്കുമ്പോള്‍ , മുന്തിരി , തോല്‍ മുതലായ കച്ചവടച്ചരക്കുമായി ഖുറൈശികളുടെ ഒട്ടകങ്ങള്‍ തായിഫില്‍നിന്നും അവിടെ വന്നെത്തി. അമ്രുബിനുല്‍ ഹളുറമി , ഹഖമിബ്നുകൈസാന്‍ , ഉസ്മാനുബിനു അബ്ദുല്ലാ എന്നീ ഖുറൈശീ കച്ചവടക്കാര്‍ ആ സംഘത്തിലുണ്ടായിരുന്നു. നഖ്ലത്തില്‍ മുസ്ലിങ്ങളെ കണ്ടപ്പോള്‍ ഖുറൈശികള്‍ ഭയപ്പെട്ടു. ഒട്ടകപ്പുറത്തുനിന്നു ചരക്കുകള്‍ ഇറക്കിവെക്കാതെ അവര്‍ ശങ്കിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഉക്കാശത്തുമായി അവര്‍ കുശലപ്രശ്നം നടത്തുകയും ,അല്‍പ്പം ആത്മധൈര്യത്തോടെ ചരക്കുകള്‍ ഇറക്കി വെക്കുകയും ചെയ്തു.

ഹിജ്ര മൂന്നാം വര്‍ഷത്തിലെ റജബ് മാസത്തിലാണ് ഈ സംഭവം നടന്നത്. റജബ് മാസം യുദ്ധം നിരോധിച്ച മാസമായിരുന്നു. തന്നിമിത്തം ഖുറൈശികളുമായി യുദ്ധം ചെയ്യുന്നതില്‍ അവര്‍ക്കു മനോവിഷമം നേരിട്ടു. അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഖുറൈശികള്‍ ഹറമില്‍ കടന്നു കളയുമെന്നുറപ്പായിരുന്നു. അവര്‍ ഹറമില്‍ കടന്നാല്‍ പിന്നെ ഒരു വിധത്തിലും യുദ്ധം ചെയ്യാന്‍ തരപ്പെടില്ല. ആ സന്നിഗ്ദ്ധ ഘട്ടത്തില്‍ ,റജബു മാസം അവസാനിച്ചിരിക്കുന്നുവെന്നും അന്നു ശ അബാന്‍ ഒന്നാണെന്നുമുള്ള സംശയം അവര്‍ക്കു വെളിച്ചം വീശി. ആ സംശയത്തിന്റെ ബലത്തില്‍ മുസ്ലിങ്ങള്‍ ഖുറൈശികളുമായി യുദ്ധം പ്രഖ്യാപിച്ചു. വാഖിദിബ്നു അബ്ദുല്ലാ തൊടുത്തുവിട്ട അമ്പ് അമ്രുബിനുല്‍ ഹളുറമിയെ കൊലപ്പെടുത്തി. ഉസ്മാനിബ്നു അബ്ദുല്ല, ഹകം ഇബ്നു കൈസാന്‍ എന്നിവരെ തടവുകാരായി പിടിച്ചു. മറ്റുള്ളവര്‍ ഓടിക്കളഞ്ഞു. ഖുറൈശികള്‍ ഇട്ടേച്ചു പോയ മുതലുകള്‍ മുസ്ലിങ്ങള്‍ കണ്ടെടുക്കുകയും അതോടൊപ്പം തടവുകാരെയും കൂട്ടി ,അവര്‍ നബിതിരുമേനിയുടെ സന്നിധിയിലേക്കു തിരിക്കുകയും ചെയ്തു.
യുദ്ധത്തില്‍നിന്നു പിന്തിരിഞ്ഞോടിയ ഭീരുക്കള്‍ മക്കയിലെത്തി ‘യുദ്ധം നിരോധിക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്ത അക്രമികള്‍ ‘ എന്നു മുസ്ലിങ്ങളെ നിന്ദിക്കുകയും അപഹസിക്കുകയും ചെയ്തു. ഈ അപവാദം മുസ്ലിം ഹൃദയങ്ങളെ വ്രണപ്പെടുത്തി. ഈ ഘട്ടത്തിലാണ് “പുണ്യ മാസങ്ങളെ പറ്റി അവര്‍ ചോദിക്കുന്നു......”[2:217]എന്ന ആയത്ത് ഇറങ്ങിയത്. ഈ ആയത്ത് ഖുറൈശികളുടെ വായടക്കുകയും മുസ്ലിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ”

ഈ വിവരണം സൂക്ഷ്മമായി ഒരാവര്‍ത്തി വായിച്ചാല്‍ വരികളിലും വരികള്‍ക്കിടയിലും ഒരു കൊലച്ചതിയുടെ വ്യക്തമായ ചിത്രം നമുക്കു ലഭിക്കും. അല്ലാഹുവിന്റെ ഈ ആയത്തിറങ്ങുന്നതിനു തൊട്ടു മുന്‍പായി മുഹമ്മദ് ഒരു നാടകം അഭിനയിച്ചതായും ഹദീസ് വിവരണങ്ങളില്‍ കാണാം. പുണ്യമാസങ്ങളില്‍ കൊള്ള പാടില്ല എന്ന ഗോത്ര മര്യാദ ലംഘിച്ചതിന്റെ പേരില്‍ സ്വന്തം അനുയായികള്‍ക്കിടയില്‍ പോലും അനിഷ്ടം പ്രകടമായ സന്ദര്‍ഭത്തില്‍ നബി യോദ്ധാക്കളെ കുറ്റപ്പെടുത്തി സംസാരിക്കുകയും ഗനീമത്ത് തൊടാതെ കുറച്ചു നേരം മാറി നില്‍ക്കുകയും ചെയ്തുവത്രേ. പിന്നീട് അല്ലാഹുവിന്റെ പേരില്‍ ഒരു ന്യായീകരണം ‘ഇറക്കി’ എല്ലാവരെയും കബളിപ്പിക്കുകയും തുടര്‍ന്നു കൊള്ളമുതല്‍ പങ്കുവെച്ചു കൊടുക്കുകയും ചെയ്തു.

മുസ്ലിം ചരിത്രത്തിലെ ആദ്യത്തെ വിജയകരമായ യുദ്ധം എന്നു ചരിത്രകാരന്മാര്‍ അവകാശപ്പെടുന്ന സംഭവമാണിത്. ഇതിനു മുന്‍പും രണ്ടു മൂന്നു കൊള്ളകള്‍ ആസൂത്രണം ചെയ്തെങ്കിലും അവ പരാജയപ്പെടുകയായിരുന്നു. അതിലൊന്നിന്റെ വിവരണം കൂടി കാണുക:-

“യന്‍ബ ഇല്‍ ബനൂ മുദ് ലജ് ഗോത്രക്കാരുടെ സ്ഥലത്തോട് ചേര്‍ന്നു കിടന്ന സ്ഥലമാണ് ഉശൈറ. ശാമിലേക്കു കച്ചവടത്തിനു പോകുന്ന ഖുറൈശികളുടെ ഒട്ടകങ്ങളെയും മറ്റും പിടിച്ചെടുത്ത് ധര്‍മ്മമുതലാക്കുന്നതിനു വേണ്ടി , നൂറ്റമ്പതു മുഹാജിറുകളായ സഹാബികളോടൊപ്പം തിരുമേനി ഉശൈറയിലേക്കു പുറപ്പെട്ടു. ഹിജ്ര മൂന്നാം വര്‍ഷത്തിലെ ജമാദുല്‍ അവ്വല്‍ മാസത്തിലാണ് ഈ സംഭവം നടന്നത്. മുസ്ലിങ്ങള്‍ ഉശൈറയില്‍ എത്തുന്നതിനു മുന്‍പ് അബ്ബൂസുഫ്യാന്റെ നേതൃത്വത്തില്‍ നൂറോളം ഖുറൈശികളടങ്ങുന്ന ഒരു കച്ചവടസംഘം ആ വഴി ശാമിലേക്കു കടന്നുപോയതായി അവര്‍ക്കു വിവരം ലഭിച്ചു. ഖുറൈശികളുടെ പക്കല്‍ 1000ഒട്ടകങ്ങളും 50000 പൊന്നും മറ്റു ചരക്കുകളും ഉണ്ടായിരുന്നുവെന്നും മുസ്ലിങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു. ആ യാത്രയില്‍ തിരുമേനി ബനൂളമ്രത് ,ബനൂ മുദ്ലജ് എന്നീ ഗോത്രങ്ങളുമായി മൈത്രീ ബന്ധം സ്ഥാപിക്കുകയുണ്ടായി...”
നഖ് ലയില്‍ നടന്ന കൊള്ള നബിയുടെ അതിബുദ്ധിയില്‍ നിന്നുണ്ടായ ഒരാസൂത്രണമായിരുന്നു എന്നൂഹിക്കാന്‍ താഴെ പറയുന്ന തെളിവുകള്‍ മതി:-

രണ്ടു ദിവസത്തെ യാത്രക്കു ശേഷം മാത്രം വായിക്കാനുള്ള കത്ത്; അതില്‍ കൂട്ടുകാരുടെ നിലപാട് പരിഗണിക്കേണ്ട എന്ന നിര്‍ദ്ദേശം ; 8 പേര്‍ മാത്രമുള്ള ചെറു സംഘത്തെ 10 ദിവസത്തെ യാത്രാദൂരമുള്ള സഥലത്തേക്കയച്ചത്; വിജയം ഉറപ്പാണെന്ന പ്രതീക്ഷ; ഉക്കാശത്തിന്റെ കുശലപ്രശ്നത്തെ തുടര്‍ന്ന് ഖുറൈശികള്‍ ചരക്കിറക്കി വിശ്രമിക്കാനൊരുങ്ങിയത്; തുടര്‍ന്നുള്ള അപ്രതീക്ഷിതമായ ആക്രമണം; ഇതെല്ലാം ചേര്‍ത്തു വായിച്ചാല്‍ പുണ്യമാസത്തിലെ സൌകര്യം മുതലാക്കി ചതിയില്‍ കൊള്ള നടത്താന്‍ നബി നടത്തിയ ഗൂഡശ്രമം വ്യക്തമാണ്. “ഗൂഡ തന്ത്രം പ്രയോഗിച്ച് ശത്രുവിനെ കീഴടക്കലാണ് യുദ്ധം” എന്ന പ്രവാചകന്റെ നിര്‍വ്വചനം കൂടി കൂട്ടി വായിക്കാവുന്നതാണ്.

ഖുറൈശികള്‍ സാധാരണ വലിയ സംഘങ്ങളായി മാത്രമേ കച്ചവടത്തിനു പോകാറുള്ളു എന്നും പുണ്യമാസത്തില്‍ കൊള്ള ഇല്ലാത്തതിനാല്‍ അക്കാലത്ത് ആയുധവും സേനയുമില്ലാതെ ചെറു സംഘമായി കച്ചവടത്തിനു പോകുമെന്നുമൊക്കെ വളരെക്കാലം ആ വര്‍ത്തക സംഘത്തിലെ അംഗമായിരുന്ന മുഹമ്മദിനു നന്നായി അറിയാമായിരുന്നു. നഖ്ലയില്‍ അവര്‍ എത്തുന്ന സമയവും കൃത്യമായി അദ്ദേഹം മണത്തറിഞ്ഞു. അല്ലാഹുവിന്റെ വക ആയത്തും നേരത്തെ തന്നെ അദ്ദേഹം തയ്യാറാക്കിയിരുന്നു എന്നു കരുതുന്നതിലും തെറ്റില്ല.!