ആദ്യമുണ്ടായത് ആകാശമോ ഭൂമിയോ എന്ന കാര്യത്തിലും ഖുര്‍ ആന്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണു നല്‍കുന്നത്. ഭൂമിയിലെ എല്ലാ കാര്യവും ശരിപ്പെടുത്തിയ ശേഷം ആകാശത്തിന്റെ നേരെ തിരിഞ്ഞു എന്ന് ഒന്നിലധികം സ്ഥലത്ത് പറയുമ്പോള്‍ (2:29) ,(41:11) ആകാശത്തിന്റെ നിര്‍മ്മിതിയാണാദ്യം നടന്നതെന്നും പിന്നീടാണു ഭൂമിയെ പരത്തിയതെന്നും മറ്റൊരിടത്ത് (79:27-32) വിവരിക്കുന്നു.
ഇവിടെയും വ്യാഖ്യാനം കൊണ്ട് ഉരുണ്ടു മറിയുകയാണു പണ്ഡിതന്മാര്‍ !
മൌദൂദി വക:-
“പൂര്‍വ്വിക മുഫസ്സിറുകളില്‍ ,ഖുര്‍ ആന്‍ അനുസരിച്ചു ഭൂമിയാണോ ആകാശമാണോ ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്ന കാര്യത്തില്‍ വളരെക്കാലം ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു വിഭാഗം ഈ വാക്യത്തെയും അല്‍ ബഖറയിലെ 29ആം വാക്യത്തെയും ആസ്പദമാക്കി ഭൂമിയാണ് ആദ്യം സൃഷ്ടിക്കപ്പെട്ടതെന്ന് വാദിച്ചു. മറുകക്ഷി സൂറത്തുന്നാസിആത്തിലെ 27 മുതല്‍ 33 വരെ സൂക്തങ്ങളെ ആസ്പദമാക്കി ആദ്യം സൃഷ്ടിക്കപ്പെട്ടത് ആകാശമാണെന്നും. അവിടെ ഭൂമിയുടെ സൃഷ്ടി ആകാശത്തിനു ശേഷമാണുണ്ടായതെന്ന് സ്പഷ്ടമായി പറയുന്നുണ്ടല്ലോ. പക്ഷെ, ഖുര്‍ ആന്‍ പ്രകൃതിശാസ്ത്രമോ ഗോളശാസ്ത്രമോ പഠിപ്പിക്കുന്നതിനു വേണ്ടി എവിടെയും പ്രപഞ്ചസൃഷ്ടിയെ പരാമര്‍ശിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. തൌഹീദ്, ആഖിറത്ത് എന്നീ പ്രമാണങ്ങളില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മറ്റനേകം അടയാളങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ആകാശഭൂമികളുടെ ഉല്‍ഭവവും ആലോചിക്കുന്നതിനു വേണ്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നു മാത്രം. ആ പശ്ചാത്തലത്തില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയുടെ കാലക്രമം വിവരിക്കുകയോ ആകാശമോ ഭൂമിയോ ആദ്യം സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുകയോ ചെയ്യുക ഒരാവശ്യമേയല്ല. ആദ്യം സൃഷ്ടിക്കപ്പെട്ടത് ഏതായാലും ശരി അവ രണ്ടും ദൈവം ഏകനാണെന്നു വിളിച്ചോതുന്നു....”(തഫ് ഹീമുല്‍ ഖുര്‍ ആന്‍ . വോള്യം 4 പേ. 410)
മറ്റൊരു വ്യാഖ്യാതാവിന്റെ ഞാണിന്മേല്‍ക്കളി കൂടി കാണുക:
അമാനി വക:-
“സുമ്മസ്തവാ ഇലസ്സമാ അ”, (പിന്നെ അവന്‍ ആകാശത്തിലേക്കു തിരിഞ്ഞു.) എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ഭൂമി സൃഷ്ടിച്ച ശേഷമാണ് അല്ലാഹു ആകാശം സൃഷ്ടിച്ചതെന്നു ധരിച്ചുകൂടാത്തതാണ്. കാരണം സൂറ അന്നാസി ആത്തില്‍ ‘വല്‍ അര്‍ള ബ അദ ദാലിക ദഹാഹാ’(അതിനു ശേഷം ഭൂമിയെ അവന്‍ പരത്തി) എന്നു വ്യക്തമാക്കിയിരിക്കുന്നു. നമ്മുടെ വാനശാസ്ത്രപണ്ഡിതന്മാര്‍ക്കു ഏഴു ആകാശങ്ങളെപ്പറ്റി സൂക്ഷ്മമായി ഒന്നും പറയാന്‍ സാധിച്ചിട്ടില്ലെങ്കിലും , ഉപരിലോകത്തെ നക്ഷത്രങ്ങള്‍ക്കാണു ഭൂമിയെക്കാള്‍ കാലപ്പഴക്കമെന്നാണ് മൊത്തത്തില്‍ അവരുടെയും നിഗമനം. അതുകൊണ്ട് ‘സുമ്മ’ (പിന്നെ) എന്ന പദം ഇവിടെ കാലക്രമം കാണിക്കാനുള്ളതല്ല. ഒരു വിഷയത്തിനു ശേഷം മറ്റൊരു വിഷയത്തിലേക്കുള്ള പ്രവേശനം കാണിക്കുവാനുള്ളതാണെന്നു മനസ്സിലാക്കാം.” (വിശുദ്ധ ഖുര്‍ ആന്‍ വിവരണം. വോള്യം.4.പേജ് 2903)
‘സുമ്മ’ എന്ന പദം ,രണ്ടു വ്യത്യസ്ത കാര്യങ്ങള്‍ പറയുന്നതിനിടയ്ക്ക് ‘ചുമ്മാ’ പ്രയോഗിച്ചതാണെന്നും അതു കാലക്രമത്തെ സൂചിപ്പിക്കുന്നതല്ലെന്നുമുള്ള ഈ വ്യാഖ്യാനം രണ്ടു കാരണങ്ങളാല്‍ ദുര്‍ബ്ബലമാണ്; യുക്തിരഹിതമാണ്. ‘പിന്നെ’ എന്നു വെറുതെ പ്രയോഗിച്ചുകൊണ്ട് ബന്ധിപ്പിക്കാവുന്ന വിധം പരസ്പരബന്ധമില്ലത്ത രണ്ടു കാര്യങ്ങളല്ല ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്.
സൃഷ്ടികര്‍മ്മത്തിന്റെ ക്രമം സൂചിപ്പിക്കുകയാണെന്ന് ഏതു വായനക്കാരനും ധരിച്ചു പോകുന്ന വിധം കാര്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇവിടെ സുമ്മ എന്ന വാക്കുപയോഗിച്ചിട്ടുള്ളത്. വ്യാഖ്യാതാക്കള്‍ പറയുന്ന അര്‍ത്ഥത്തില്‍ ‘സുമ്മ’ എന്ന പദം അറബി ഭാഷയില്‍ ഉപയോഗിക്കാറുമില്ല. ഭൂമിയിലെ കാര്യങ്ങളെല്ലാം നേരെയാക്കിയ ശേഷം അല്ലാഹു ആകാശത്തിന്റെ കാര്യത്തിലേക്കു തിരിഞ്ഞു എന്നു തന്നെയാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. പ്രകടമായ ഒരു വൈരുദ്ധ്യത്തില്‍നിന്നു ഖുര്‍ ആനിനെയും ‘അല്ലാഹു’വിനെയും രക്ഷപ്പെടുത്തിയെടുക്കാനുള്ള ഒരു മലക്കം മറിച്ചിലായി മാത്രമേ ഈ വ്യാഖ്യാനത്തെ കാണേണ്ടതുള്ളു.
ഒരു വ്യക്തിയുടെ 23 വര്‍ഷക്കാലത്തെ സംഭവബഹുലമായ ജീവിതത്തിനിടയ്ക്ക് പല സന്ദര്‍ഭങ്ങളിലായി ഉരുവിട്ട ‘വെളിപാടുകളി’ല്‍ ഇത്തരം വൈരുദ്ധ്യങ്ങള്‍ കടന്നു കൂടുക സ്വാഭാവികമാണ്. ഓര്‍മ്മത്തെറ്റുകളും ധാരണാപിശകുകളും മനുഷ്യസഹജമാണ് എന്നതു തന്നെ കാരണം.
ദൈവസന്നിധിയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം വിവരിക്കുന്നേടത്തു പോലും ഗുരുതരമായ ഓര്‍മ്മത്തെറ്റാണു ഖുര്‍ ആനിന്റെ കര്‍ത്താവിനു പിണഞ്ഞത്.!
മലക്കുകളും ആത്മാക്കളും അല്ലാഹുവിങ്കലേക്കു കയറിപ്പോകുന്ന ഒരു ദിവസത്തിന് നമ്മുടെ 50000 വര്‍ഷത്തിന്റെ നീളമാണുള്ളതെന്ന് (70:4) ഒരിടത്തും , ആ നാളിന്റെ ദൈര്‍ഘ്യം നമ്മുടെ 1000 വര്‍ഷത്തോളമാണെന്ന് മറ്റു രണ്ടു സ്ഥലത്തും (32:5, 22:47) കാണാം.
പ്രപഞ്ചസൃഷ്ടിയുടെ കൂടുതല്‍ വിശദമായ ‘ദൃക് സാക്ഷി വിവരണങ്ങള്‍ ’ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.
“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. ഇങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര ഉറച്ചു കട്ടിയായി. ...”
“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരേയൊരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നും അടുത്ത തട്ടു വരെ 500 വര്‍ഷത്തെ വഴിദൂരം(ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം) അകലമുണ്ടാക്കുകയും ചെയ്തു.” [ഹദീസ്-മിഷ്ഖാതുല്‍ മസാബീഹ്]
7000 കൊല്ലം കൊണ്ട് ഒരു ഒട്ടകത്തിനു നടന്നെത്താവുന്ന അകലത്തില്‍ 14 തട്ടുകളായി അടുക്കി വെച്ച ഒരു തളികത്തട്ട്! അതായിരുന്നു പ്രവാചകനായ മുഹമ്മദിന്റെ ഭാവനയിലുണ്ടായിരുന്ന പ്രപഞ്ചം.!!!
തുടരും....
Sunday, July 13, 2008
Subscribe to:
Post Comments (Atom)
8 comments:
ഒരു മണിക്കൂറില്‍ ഒട്ടകം സഞ്ചരിക്കുന്ന ദൂരം= 5 km
ഒരു ദിവസം=120km
ഒരു വര്‍ഷം=43800km
അഞ്ഞൂറ് വര്‍ഷം=21900000km
ഇനി ഏത് ഭാഗത്തേക്കു കൂടി പോണമെന്നു പറഞ്ഞാല്‍
നമ്മുടെ നാസക്കാരോട് പറഞ്ഞ് ഒരു വണ്ടിയേര്‍പ്പാടു
ചെയ്യാമായിരുന്നു.
"ഖുര്‍ ആന്‍ പ്രകൃതിശാസ്ത്രമോ ഗോളശാസ്ത്രമോ പഠിപ്പിക്കുന്നതിനു വേണ്ടി എവിടെയും പ്രപഞ്ചസൃഷ്ടിയെ പരാമര്‍ശിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം".
യഥാര്‍ത്ഥത്തില്‍ ഈ വിശദീകരണം മതിയാവുന്നതല്ലേ. ഒരു മതഗ്രഥത്തിന്റെ ഉദ്ദ്യേശം പ്രകൃതിശാസ്ത്രമോ ഗോളശാസ്ത്രമോ പഠിപ്പിയ്ക്കുകയല്ലല്ലോ.
ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തില്‍ (എന്റെ അറിവ് ശരിയാണെങ്കില്‍) ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാമോ?
ജോജൂ, വ്രജേഷ്,
നിങ്ങള്‍ പറഞ്ഞതിനോടു യോജിക്കുന്നു. ആറാം നൂറ്റാണ്ടില്‍ എഴുതിയ ഒരു പുസ്തകത്തില്‍ ശാസ്ത്രം ശരിയായ രീതിയില്‍ ഉണ്ടാകണമെന്നില്ല.
ഉണ്ടാകണമെന്നില്ല എന്നല്ല, ഇല്ല. അന്നത്തെ ശാസ്ത്രജ്ഞാനമേ അതില്‍ പ്രതിഫലിക്കുകയുള്ളൂ. കാരണം അതു് അന്നത്തെ മനുഷ്യന്‍ എഴുതിയതാണു്.
പക്ഷേ, ഖുറാനെപ്പറ്റി എഴുതുന്നവരുടെ വാദം അതല്ല. അതു ദൈവം എഴുതിയതാണെന്നും, ലോകത്തിന്റെ അവസാനം വരെയുള്ള എല്ലാ ശാസ്ത്രജ്ഞാനവും അതില്‍ തെറ്റില്ലാതെ അടങ്ങിയിരിക്കുന്നു എന്നും അതിനോടു തുല്യമായ ഒരു പുസ്തകം ലോകത്തു് ആര്‍ക്കും ഉണ്ടാക്കാന്‍ പറ്റില്ല എന്നുമാണു്. അതിനെ ഖണ്ഡിക്കുക മാത്രമാണു് ശ്രീ ജബ്ബാറിന്റെ ഉദ്ദേശ്യം.
എല്ലാ മതഗ്രന്ഥങ്ങളും മഹത്തായ പല ആശയങ്ങളും ഉള്‍ക്കൊള്ളുന്നതാണു്. വിശ്വാസികള്‍ അവയെ പിന്തുടരുന്നുമുണ്ടു്. അതിനൊന്നും ഒരു പ്രശ്നവുമില്ല. അവയില്‍ ഏറ്റവും നൂതനമായ ശാസ്ത്രസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നു പറയുന്നതാണു് എതിര്‍ക്കേണ്ടതു്.
ജബ്ബാര്‍, താങ്കളുടെ പോസ്റ്റുകള്‍ എല്ലാം വായിക്കാറുണ്ടു്. എല്ലാ ആശംസകളും.
പ്രപഞ്ചത്തിന്റെ വലിപ്പം ഒന്നു കണക്കുകൂട്ടാന്‍ തുടങ്ങിയതായിരുന്നു. റഫീക്ക് അതു ചെയ്തു. നന്ദി റഫീക്ക്!
അപ്പോള്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ ഓടുന്ന എന്റെ കാറില്‍ ഒരു പത്തിരുപത്തഞ്ചു കൊല്ലം ഡ്രൈവു ചെയ്താല്‍ പ്രപഞ്ചം മുഴുവന്‍ കാണാം അല്ലേ? പാവം പ്രവാചകന്‍! ആര്‍ക്കിമിഡീസ് ഇതിനെക്കാള്‍ കൃത്യമായി പ്രപഞ്ചത്തിന്റെ വലിപ്പം പറഞ്ഞിരുന്നു!
ഉമേഷ്ജീ, 25 കൊല്ലം ഡ്രൈവ് ചെയ്താല്‍ ഒരു തട്ടില്‍ നിന്നും മറ്റേ തട്ടിലേക്കേ എത്തുള്ളൂ:) ഭൂമിയുടെ 14 തട്ടുകളും കവര്‍ ചെയ്യണമെങ്കില്‍ 350 വര്‍ഷം വേണം; ഒരു കൈ നോക്കുന്നോ? :)
മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരലോകമുണ്ടെന്നതിന് വല്ല തെളിവുമുണ്ടോ? ഉണ്ടെന്ന വിശ്വാസം തീര്‍ത്തും അയുക്തികമല്ലേ ?
Post a Comment