ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Thursday, December 13, 2007

വിശ്വാസികളുടെ `യുക്തിവാദം`!

ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത് ഇസ്ലാം മതത്തിന്റെ വിശ്വാസപരവും ദാര്‍ശനികവുമായ ദൌര്‍ബ്ബല്യങ്ങള്‍ തുറന്നു കാണിക്കാനും മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കും അവരുടെ അസഹിഷ്ണുതയ്ക്കും മതം എത്രത്തോളം കാരണമാകുന്നു എന്നു ഈ സമുദായത്തിലും പുറത്തുമുള്ള സ്വതന്ത്ര ചിന്തകരെ ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചു തന്നെയാണ്. ചര്‍ച്ചയുടെ ആരംഭഘട്ടത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഏറെ മുന്നേറാന്‍ സാധിച്ചു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. രാജനും സൂപ്പിയും പ്രചാരകനുമൊക്കെ ഇക്കാര്യത്തില്‍ വളരെ സഹായിക്കുന്നുണ്ട്. നന്ദി!

മതവിശ്വാസികള്‍ പൊതുവെ നല്ല യുക്തിവാദികളാണ്; അന്യമതങ്ങളുടെ വിശ്വാസാചാരങ്ങളെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ! സ്വന്തം മതത്തിലെ ഏതന്ധവിശ്വാസത്തെയും സങ്കോചമേതുമില്ലാതെ ന്യായീകരിക്കുന്ന കാര്യത്തിലും.!

മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ ഇത്തരത്തിലുള്ള `യുക്തിവാദപ്രബന്ധ`ങ്ങള്‍ സര്‍വ്വസാധാരണമാണ്. ഒന്നു രണ്ടുദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം: ജമാ അത്തെ ഇസ്ലാമി പ്രസിദ്ധീകരണമായ പ്രബോധനം വാരികയില്‍ ക്രിസ്തു മതത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്ന ലേഖനപരംബര വളരെക്കാലമായി തുടരുന്നുണ്ട്. മുമ്പൊരിക്കല്‍ യാദൃച്ഛികമായി അതിന്റെ ഒരു ലക്കം ശ്രദ്ധയില്‍പ്പെട്ടു. അതില്‍ വായിച്ച ഒരു ഖണ്ഡിക ഞാന്‍ ഉദ്ധരിക്കാം:-

ഭൂമിയില്‍ വന്നു തൂങ്ങി മരിക്കേണ്ടും വിധം ഗതികേടു ദൈവത്തിനു വന്നു എന്നു വിശ്വസിക്കണമെങ്കില്‍ തീര്‍ച്ചയായും ബുദ്ധിശക്തിക്കു ഗുരുതരമായ കുഴപ്പം സംഭവിച്ചിരിക്കണം. ആര്‍ക്കെങ്കിലും എതിരായി ആത്മഹത്യ എന്ന ഭീഷണിയോ ആരെയെങ്കിലും പ്രീതിപ്പെടുത്താനായുള്ള ആത്മബലിയോ നടത്തേണ്ട വിധം നിസ്സാരനാണോ ദൈവം?”(97 ഡിസംബര്‍ )

ഈ ചോദ്യം വളരെ യുക്തിസഹമായ ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യേശു ദൈവപുത്രനാണെന്ന ക്രിസ്തീയ സങ്കല്‍പ്പം ദൈവനിന്ദാപരമാണെന്ന വിശദീകരണവും തുടര്‍ന്നെഴുതിയിട്ടുണ്ട്. എന്നാല്‍ ഈ വിമര്‍ശനം ഉയര്‍ത്തുന്ന പ്രബോധനക്കാരുടെ മതത്തില്‍ യേശുവിന്റെ ജനനത്തെക്കുറിച്ചു പറഞ്ഞിട്ടുള്ള കാര്യം എത്രമാത്രം യുക്തിഭദ്രവും ദൈവത്തിന്റെ അന്തസ്സിനു ചേര്‍ന്നതും ആണെന്നു കൂടി പരിശോധിച്ചാലോ?
ഖുര്‍ ആന്‍ പറയുന്നു:
ഇമ്രാന്റെ പുത്രി മറിയം തന്റെ ഫര്‍ജ്ജ്[യോനി] കാത്തു സൂക്ഷിച്ചു. അങ്ങിനെ നമ്മുടെ ആത്മാവില്‍നിന്നും നാം അതില്‍ ഊതി....”[66:12}

നോക്കൂ! മറിയം ഗര്‍ഭം ധരിച്ചത് ഇപ്രകാരമാണെങ്കില്‍ യേശു അക്ഷരാര്‍ഥത്തില്‍ തന്നെ ദെവപുത്രനല്ലേ? യേശുവിന്റെ പിതാവ് അല്ലാഹുവല്ലെങ്കില്‍ പിന്നെ ആരാണ്? ക്രിസ്ത്യാനികള്‍ ദൈവത്തെ പുത്രവത്സലനായ ഒരു പിതാവിന്റെ സ്ഥാനത്തു സങ്കല്‍പ്പിക്കുകയല്ലാതെ ദെവം ഒരു മനുഷ്യസ്ത്രീയുടെ യോനിയില്‍ വന്ന് ഊതി എന്നൊന്നും പറയുന്നില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇവിടെ യുക്തികൊണ്ട് അവരുടെ വിശ്വാസത്തെ പരിഹസിക്കുന്നവര്‍ സ്വന്തം വിശ്വാസത്തിനു വല്ല യുക്തിയുമുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതല്ലേ? ഭൂമിയില്‍ വന്നു തൂങ്ങി മരിക്കേണ്ട ഗതികേടു ദൈവത്തിനുണ്ടായി എന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനിക്കു ബുദ്ധിപരമായ കുഴപ്പം കണ്ടെത്തി പരിഹാസം മുഴക്കുന്നവര്‍ ഞാന്‍ ഇതിനു മുന്‍പു ഉദ്ധരിച്ച ഖുര്‍ ആന്‍ വാക്യങ്ങള്‍ ഒന്നോര്‍ത്തു നോക്കുക. മുഹമ്മദിന്റെ വീട്ടി ല്‍ ഒരു കാര്യസ്ഥനെപ്പോലെ പെരുമാറാന്‍ വിധിക്കപ്പെട്ട ഒരു ദൈവത്തിന്റെ ഗതികേടിനെക്കുറിച്ച് ആലോചിച്ചാല്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരുടെ ബുദ്ധിക്കും ഗുരുതരമായ കുഴപ്പം തന്നെയല്ലേ സംഭവിച്ചിട്ടുള്ളത്? ഒരു ദൈവത്തിന്റെ അന്തസ്സിനു ചേര്‍ന്ന കാര്യങ്ങള്‍ തന്നെയാണോ ഖുര്‍ ആനിലും ഉള്ളതെന്നു യുക്തി കൊണ്ടു പരിശോധിക്കാതെ അന്യ മതക്കാരുടെ വിശ്വാസത്തില്‍ അയുക്തികത കണ്ടെത്താന്‍ ഗവേഷണം നടത്തുന്നത് മര്യാദയാണോ?

ഇനി മറ്റൊരു ഉദാഹരണം:- ജമാ അത്ത് പത്രത്തില്‍ മുന്‍പു വന്ന ഒരു മുഖപ്രസംഗത്തില്‍ നിന്ന്:
ഹിന്ദുക്കള്‍ പൂജിച്ചാരാധിക്കുന്ന ശിവലിംഗം ചിരപരിചിതത്വം മൂലം ശ്ലീലതയുടെ പട്ടികയില്‍ പെട്ടു എന്നല്ലാതെ നഗ്നതയുടെ പൂര്‍ണ്ണപ്രകടനത്തിനു മറ്റു വിശദീകരണങ്ങളില്ല. ...ഇക്കാലത്ത് കവലച്ചട്ടമ്പികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഗോപസ്ത്രീകള്‍ വിവസ്ത്രകളായി കുളിക്കുന്നത് ഒളിച്ചു നോക്കാന്‍ മരത്തില്‍ കയറിയിരിക്കുന്നവനും തരം കിട്ടിയാല്‍ പാല്‍ കട്ടു കുടിക്കുന്നവനും യുദ്ധത്തില്‍ ചതി പ്രയോഗിക്കുന്നവനുമായി ശ്രീകൃഷ്ണനെ വ്യാസന്‍ പരിചയപ്പെടുത്തുമ്പോള്‍ അതിനെ എങ്ങനെയാണു കാണേണ്ടത്?.....കല്ലു കരട് കാഞ്ഞിരക്കുറ്റികളെ പൂജിക്കുകയും കാവുകളെയും കുറ്റിക്കാടുകളെയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ ആരാധനാമൂര്‍ത്തികളില്‍ പാമ്പും കുരങ്ങും മൂഷികനും പെടും....”[ മാധ്യമം 98 മെയ്4]
എം എഫ് ഹുസൈന്റെ വീട് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ആക്രമിച്ചതിന്റെ അവസരം മുതലാക്കിക്കൊണ്ടാണ് മാധ്യമം ഈ പരിഹാസം അവതരിപ്പിച്ചത്. കേരളത്തിലെ ഹിന്ദുക്കളില്‍ സംഘ്പരിവാര്‍ നടത്തിയ ആ ആക്രമണത്തെ അനുകൂലിക്കുന്നവര്‍ എത്രപേരുണ്ടാകുമെന്നു കൂടി നാം ഈ അവസരം ഓര്‍ക്കണം .എന്നാല്‍ ഇവിടെയുള്ള ഭൂരിപക്ഷം ഹിന്ദുക്കളും ശ്രീകൃഷ്ണനെയും ശിവനെയുമൊക്കെ ആരാധിക്കുന്നവരും ഈ മിത്തുകളെ ആദരിക്കുന്നവരുമാണുതാനും.
ഈ എഴുതിയത് ഹിന്ദുക്കളായ വല്ല യുക്തിവാദികളുമാണെങ്കില്‍, ഞാന്‍ ഖുര്‍ ആനിനെ വിമര്‍ശിക്കുന്നതു പോലെ അതിനെ കണ്ടാല്‍ മതി. പക്ഷെ ഒരു മുസ്ലിം പത്രത്തില്‍ ഒരു ജമാ അത്തു നേതാവ് ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് എത്ര മാത്രം ഉചിതമായിരുന്നു എന്നാലോചിക്കുക.

നൈജീരിയയില്‍ സൌന്ദര്യമത്സരം നടക്കുന്നതിനിടെ ഉണ്ടായ വര്‍ഗ്ഗീയ കലാപം ഓര്‍മ്മയില്ലേ? നൂറുക്കണക്കിനാളുകള്‍ കൊല്ലപ്പെടാനിടയായ ആ കലാപത്തിനു‍ ഹേതുവായത് ഒരു പത്രത്തില്‍ മുഹമ്മദ് നബിയെ ക്കുറിച്ച് ഒരു തമാശ ആരോ അച്ചടിച്ചതായിരുന്നു. സൌന്ദര്യമത്സരത്തിനെതിരെ മുസ്ലിം തീവ്രവാദികള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണു പത്രം നബിയെ പരിഹസിക്കുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത്.

ഇവിടെ കേരളത്തില്‍ ഹിന്ദുക്കള്‍ക്കാര്‍ക്കെങ്കിലും മാധ്യമം എഡിറ്റോറിയല്‍ വായിച്ചിട്ടു വല്ല അപസ്മാരവും ഇളകിയോ? പ്രബോധനം വായിച്ച ക്രിസ്ത്യാനികളാരെങ്കിലും അവരുടെ ഓഫീസില്‍ വിളിച്ചു രണ്ടു തെറിയെങ്കിലും പറഞ്ഞോ?
വിശ്വാസികളായ പ്രിയ സ്നേഹിതരേ, നാം ജീവിക്കുന്നത് ഒരു ബഹുമതസമൂഹത്തിലാണ്. ഒരു പരിഷ്കൃതലോകത്തിലാണ്. ഇവിടെ മുസ്ലിങ്ങള്‍ ന്യൂനപക്ഷമാണ്. മതനിരപേക്ഷതയുടെ നിലനില്‍പ്പ് അപകടപ്പെടുന്നതു മൂലം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുക ന്യൂനപക്ഷത്തിനായിരിക്കും. അല്‍പ്പം കൂടി യാഥാര്‍ത്ഥ്യബോധത്തോടെയും സഹിഷ്ണുതയോടെയും കാര്യങ്ങളെ നോക്കിക്കാണാന്‍ നാം പരിശീലിക്കേണ്ടതുണ്ട്.

ഞാന്‍ ഖുര്‍ ആനിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് ആരെയും പ്രകോപിപ്പിക്കാനല്ല. ഈ മതത്തിലും മറ്റു മതങ്ങളിലുള്ളപോലെ വിഡ്ഡിത്തങ്ങളും വൈരുദ്ധ്യങ്ങളും‍ ഉണ്ടെന്നും മറ്റു മതങ്ങളെ കുറ്റപ്പെടുത്താന്‍ മുസ്ലിങ്ങള്‍ക്കും അര്‍ഹതയില്ല എന്നും ബോധ്യപ്പെടുത്താന്‍ മാത്രമാണ്. മത ദെവങ്ങളൊക്കെയും മനുഷ്യന്റെ സങ്കല്‍പ്പസൃഷ്ടിയാണെന്നതിനു ഈ ദൈവങ്ങളുടെ മനുഷ്യസ്വഭാവം തന്നെയാണു തളിവ്.
എല്ലാ മതങ്ങളെയും ഒരുപോലെ കണക്കാക്കാനുള്ള വിശാലമനസ്കത എല്ലാവര്‍ക്കുമുണ്ടായിരിക്കണം. നമ്മുടെ രാഷ്ട്രപിതാവായ ആ മഹാത്മാവ് ജീവന്‍ വെടിഞ്ഞത് എന്തിനു വേണ്ടിയായിരുന്നു എന്നു നാം ഓറ്ക്കണം. അദ്ദേഹം പാടി നടന്ന ഒരു പ്രാര്‍ത്ഥനാമന്ത്രം ഓര്‍മ്മയില്ലേ? “ഈശ്വര അള്ളാ തേരേ നാം; സബ്കോ സന്മതി ദേ ഭഗവാന്‍ ” എന്താണതിന്റെ അര്‍ഥം? ലാ ഇലാഹ ഇല്ലല്ലാ എന്നതിനു അല്ലാഹുവല്ലാത്ത ദെവമില്ല എന്നര്‍ത്ഥം നല്‍കി ഇതര മതങ്ങളെക്കൂടി അംഗീകരിക്കാനുള്ള ഒരു നല്ല മനസ്സെങ്കിലും മുസ്ലിം സമൂഹത്തിനെന്നാണു കൈവരുക?

ഖുര്‍ ആനില്‍ നിന്നും ഹദീസില്‍നിന്നും ഞാന്‍ ഉദ്ധരിക്കുന്ന വാക്യങ്ങള്‍ എന്റെ സ്വന്തം അക്കൌണ്ടില്‍ ഉള്‍പ്പെടുത്തി തെറി വിളിക്കുന്നവര്‍ മലര്‍ന്നു കിടന്നു തുപ്പുകയാണു ചെയ്യുന്നത്. അവരുടെ ആട്ടും തുപ്പും ചെന്നു പതിക്കുക അവരുടെ പുണ്യപ്രമാണങ്ങളുടെ തിരു മുഖത്തു തന്നെയായിരിക്കും!

Tuesday, December 11, 2007

ലുങ്കിയുടുത്ത ദൈവം!

അല്ലാഹുവിന്റെ വലുപ്പം മനസ്സിലാക്കാന്‍ സഹായകമായ ഏതാനും ഹദീസുകള്‍ കാണുക:-

അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട് “നമ്മുടെ റബ്ബ് തന്റെ കണങ്കാലുകളില്‍നിന്ന് തുണി പൊക്കിപ്പിടിക്കും. സത്യവിശ്വാസികളായ എല്ലാ സ്ത്രീ പുരുഷന്മാരും അവന്റെ മുമ്പില്‍ സുജൂദ് ചെയ്യും. പേരിനും കീര്‍ത്തിക്കും വേണ്ടി സാഷ്ടാംഗം ചെയ്തിരുന്നവരെല്ലാവരും അവശേഷിക്കും. അവര്‍ സുജൂദ് ചെയ്യാനൊരുങ്ങുമ്പോള്‍ മുതുക് വളഞ്ഞു കിട്ടുകയില്ല.[ബുഖാരി]

ഭാര്യമാര്‍ക്കു കക്കൂസില്‍ പോകാന്‍ പോലും അല്ലാഹുവിന്റെ ആയത്ത്!

ഇതാ നോക്കൂ:-

ആയിശ പറയുന്നു: ഹിജാബിന്റെ ആയത്ത് അവതരിച്ച ശേഷം ഒരു ദിവസം തിരുമേനിയുടെ പത്നി സൌദാ വിസര്‍ജ്ജനത്തിനായി പുറത്തേക്കു പോയി. സൌദാ ഒരു തടിച്ച സ്ത്രീയായിരുന്നു. പരിചയമുള്ളവര്‍ക്കാര്‍ക്കും അവരെ കണ്ടാല്‍ മനസ്സിലാകാതിരിക്കുകയില്ല. പുറത്തേക്കു പോയപ്പോള്‍ ഉമര്‍ അവരെ കണ്ടു. അദ്ദേഹം പറഞ്ഞു: “സൌദാ, നിങ്ങളെ എനിക്കു മനസ്സിലായി. ഏതു നിലക്കാണു നിങ്ങള്‍ പുറത്തേക്കു പോകുന്നതെന്നു ചിന്തിച്ചു നോക്കൂ.” ഉടനെ സൌദാ മടങ്ങിപ്പോയി. തിരുമേനി എന്റെ വീട്ടിലിരുന്ന് അത്താഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കയ്യില്‍ കുറകിന്‍ കഷ്ണം ഉണ്ടായിരുന്നു. സൌദാ കടന്നു വന്ന് പറഞ്ഞു: നബിയേ; ഞാന്‍ വിസര്‍ജ്ജനാവശ്യത്തിനായി പുറത്തു പോയപ്പോള്‍ ഉമര്‍ എന്നോട് ഇന്നിന്നതെല്ലാം പറഞ്ഞു.” ആയിശ പറയുന്നു: അപ്പോഴാണ് അല്ലാഹു തിരുമേനിക്ക് സന്ദേശം നല്‍കിയത്. ദിവ്യബോധനം സ്വീകരിച്ച ശേഷവും തിരുമേനി കയ്യിലുണ്ടായിരുന്ന എല്ലിന്‍ കഷ്ണം കയ്യില്‍ തന്നെ പിടിച്ചിരിക്കുകയായിരുന്നു. അവിടുന്നരുളി: “നിങ്ങള്‍ക്കു കക്കൂസില്‍ പോകാന്‍ അനുമതി ലഭിച്ചിരിക്കുന്നു.”[ബുഖാരി]

അല്ലാഹുവിനു ദേഷ്യം വന്ന ഒരു സന്ദര്‍ഭം കൂടി കാണുക:-

ജാബിര്‍ പറയുന്നു: ഞങ്ങള്‍ തിരുമേനിയോടൊപ്പം ഒരിക്കല്‍ നിസ്ക്കരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടകപ്പുറത്ത് ആഹാര സാധനങ്ങള്‍ കയറ്റിക്കൊണ്ട് ഒരു കച്ചവട സംഘം മദീനയിലെത്തിച്ചേര്‍ന്നു. ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. പലരും പള്ളി വിട്ട് അങ്ങോട്ടിറങ്ങിപ്പോയി. അവസാനം പന്ത്രണ്ടു പേര്‍ മാത്രമാണ് ‍ തിരുമേനിയോടൊപ്പം അവശേഷിച്ചത്. “വ്യാപാരമോ വിനോദമോ കണ്ടാല്‍ പിന്നെ പ്രവാചകനെ തനിച്ചാക്കി അവര്‍ അങ്ങോട്ടു പോകും” എന്ന ഖുര്‍ ആന്‍ വാക്യം അവതരിച്ചത് അപ്പോഴാണ്.[ബുഖാരി]
വെളിപാടുകളുടെ ഉറവിടം കണ്ടെത്താന്‍ സഹായകമായിരിക്കുമെന്നു കരുതുന്നതു കൊണ്ടാണ് ഈ ഹദീസുകള്‍ ഉദ്ധരിക്കുന്നത്.

Tuesday, December 4, 2007

ദൈവനിന്ദയുടെ പാരമ്യം!

വെളിപാടുകളുടെ യഥാര്‍ത്ഥ ഉറവിടം മനസ്സിലാക്കാന്‍ സഹായകമായ ഏതാനും ഖുര്‍ ആന്‍ വാക്യങ്ങള്‍ കൂടി ഉദ്ധരിക്കാം:

ഹേ നബിയേ, നിനക്കു ഞാന്‍ അനുവദനീയമാക്കിയിരിക്കുന്നു; നീ പ്രതിഫലം നല്‍കിയിട്ടുള്ളവരായ നിന്റെ ഭാര്യമാരെയും, അല്ലാഹു നിനക്കു യുദ്ധത്തടവുകാരായിത്തന്നവരില്‍ നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകളെയും, നിന്നോടൊപ്പം ഹിജ്ര പോന്ന നിന്റെ പിതൃ സഹോദര പുത്രിമാരെയും , മാതൃ സഹോദരപുത്രിമാരെയും, കൂടാതെ നിനക്കു സ്വ ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന ഏതൊരു സത്യവിശ്വാസിനിയായ സ്ത്രീയെയും-നീ അവളെ ഭാര്യയാക്കാനുദ്ദേശിക്കുന്ന പക്ഷം- ഇതു മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല ; നിനക്കു മാത്രമുള്ള അനുവാദമാണ്.
അവരുടെ കാര്യത്തില്‍ നാം അവര്‍ക്കനുവദിച്ചതിനെക്കുറിച്ച് നമുക്കറിയാം. അവരുടെ ഭാര്യമാരും അവരുടെ അടിമസ്ത്രീകളും മാത്രമാണത്. ഇതൊക്കെ നിന്റെ മേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാനാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.”[
33:50]

അവരില്‍നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു മാറ്റി നിര്‍ത്താം.; നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കടുപ്പിക്കാം; നീ മാറ്റി നിര്‍ത്തിയവരെ നിനക്കു വേണ്ടപ്പോള്‍ ആവശ്യപ്പെടാം; അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും നീ അവര്‍ക്കു കൊടുക്കുന്നതു കൊണ്ട് അവര്‍ തൃപ്തിപ്പെടാനും കൂടുതല്‍ സഹായകരമാണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും സഹനമുള്ളവനുമാണ്.”[33:51]

ഇതിനുമപ്പുറം നിനക്കു സ്ത്രീകള്‍ അനുവദനീയമാകുന്നതല്ല; ഇവര്‍ക്കു പകരം മറ്റാരെയും സ്വീകരിക്കാനും‍ പാടില്ല; അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ ‍(അടിമസ്ത്രീകള്‍ ‍) ഒഴികെ. അല്ലാഹു എല്ലാം നോക്കിക്കാണുന്നുണ്ട്.”[33:52]

ഈ ഖുര്‍ ആന്‍ വെളിപാട് അവതരിച്ച ഉടനെ പ്രവാചകപത്നി ആയിശയില്‍നിന്നുണ്ടായ പ്രതികരണം ബുഖാരി ഇങ്ങണെ രേഖപ്പെടുത്തുന്നു:-

“തങ്ങളുടെ ശരീരം തിരുമേനിക്കര്‍പ്പിക്കാന്‍ വന്നിരുന്ന സ്ത്രീകളെപ്പറ്റിയോര്‍ക്കുമ്പോള്‍ എന്നില്‍ അഭിമാനരോഷം തലപൊക്കാറുണ്ടായിരുന്നു. ഞാന്‍ ചോദിക്കും; “ഒരു സ്ത്രീ സ്വ ശരീരം ദാനം ചെയ്യുകയോ?”. അവസാനം അല്ലാഹു മേല്‍‍ പറഞ്ഞ ഖുര്‍ ആന്‍ വാക്യം[33:50] അവതരിപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായി തന്നെയാണു ഞാന്‍ കാണുന്നത്”.[ബുഖാരി]

മറ്റൊരു ഹദീസില്‍ ഇങ്ങനെയും കാണുന്നു:-

“ജൌനിന്റെ പുത്രിയെ തിരുമേനിയുടെ മുറിയിലേക്കു കൊണ്ടുവന്നപ്പോള്‍ നബി അവളെ സമീപിച്ചുകൊണ്ട് `നീ നിന്നെ എനിക്കു സമര്‍പ്പിച്ചുകൊള്ളുക` എന്നരുളി. “ഒരു രാജകുമാരി അവളെ ഒരു തെരുവുതെണ്ടിക്കു സമര്‍പ്പിക്കുകയോ?”അവള്‍ ചോദിച്ചു. ഉടനെ തിരുമേനി അവളെ പിടിക്കാനായി കൈകള്‍ ‍നീട്ടിയപ്പോള്‍ “നിങ്ങളില്‍നിന്നു രക്ഷ പ്രാപിക്കാനായി ഞാന്‍ അല്ലാഹുവിനെ അഭയം പ്രാപിക്കുന്നു” എന്നു നിലവിളിച്ചു. ` അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണു നീ അഭയം പ്രാപിച്ചത്` എന്നു പറഞ്ഞുകൊണ്ട് തിരുമേനി അവളെ വിട്ടയച്ചു.“[ബുഖാരി]

പ്രവാചകന്റെ ആഗ്രഹങ്ങളും മാനസിക സംഘര്‍ഷങ്ങളും വെളിപാടുകളായി രൂപാന്തരം പ്രാപിച്ചിരുന്നതെങ്ങനെയെന്നു മനസ്സിലാക്കാന്‍ ഉപകരിക്കുന്ന മറ്റൊരു സൂക്തം കൂടി കാണുക:-

അലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള-നീയും അനുഗ്രഹിച്ചിട്ടുള്ള-[നിന്റെ ദത്തുപുത്രന്‍ സൈദിനോട്] നീ പറഞ്ഞിരുന്ന സന്ദര്‍ഭം :`നിന്റെ ഭാര്യയെ നിനക്കു വേണ്ടി നീ വെച്ചുകൊള്ളുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക` എന്ന്. അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യത്തെ നീ നിന്റെ മനസ്സില്‍ മറച്ചു വെക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാണു നീ പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ എന്നിരിക്കെ, നീ ജനങ്ങളെ പേടിക്കുകയും ചെയ്തിരിക്കുന്നു.
അങ്ങനെ സൈദ് അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞപ്പോള്‍ അവളെ നിനക്കു നാം ഭാര്യയാക്കിത്തന്നു. സത്യവിശ്വാസികളുടെ മേല്‍ അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ -അവര്‍ അവരില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍-യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹുവിന്റെ കല്‍പ്പന നടപ്പാക്കപ്പെടേണ്ടതു തന്നെയാകുന്നു
.”[33:37]

ഈ വെളിപാടിന്റെ പശ്ചാത്തലം പ്രധാനപ്പെട്ട തഫ്സീര്‍ ഗ്രന്ഥങ്ങളിലെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
തഫ്സീര്‍ ജലാലൈന്‍ വിവരിക്കുന്നതിപ്രകാരമാണ്:

“പ്രവാചകന്‍ അവളെ [സൈനബയെ] സൈദിനു വിവാഹം ചെയ്തു കൊടുത്തു. കുറച്ചു കാലത്തിനു ശേഷം തിരുമേനിയുടെ നോട്ടം അവളില്‍ പതിയുകയും അദ്ദേഹത്തിന്റെ ആത്മാവില്‍ അവളോട് പ്രേമവും, സെയ്തിന്റെ ആത്മാവില്‍ അവളോട് വെറുപ്പും ഉദിക്കുകയും ചെയ്തു. അവന്‍ പ്രവാചകനോട് പറഞ്ഞു:“അവളില്‍നിന്നും ബന്ധം വേര്‍പ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”അതുകേട്ട പ്രവാചകന്‍ പ്രതിവചിച്ചു: നിന്റെ ഭാര്യയെ നിന്നോടൊപ്പം തന്നെ നിര്‍ത്തിക്കൊള്ളുക.; അല്ലാഹു അരുളിച്ചെയ്തപ്രകാരം; പിന്നീട് സൈദ് അവളെ ഉപേക്ഷിക്കുകയും വിവാഹമോചനം പൂര്‍ത്തീകരിക്കുകയും ചെയ്തു....”


ഖുര്‍ ആനിലെ ദൈവിക വെളിപാടുകളെല്ലാം തന്നെ മുഹമ്മദിന്റെ മോഹങ്ങളും ആത്മ സംഘര്‍ഷങ്ങളും വികാരവിചാരങ്ങളും മാത്രമായിരുന്നുവെന്നു മനസ്സിലാക്കാന്‍ ഇതൊക്കെ ഒന്നാംതരം തെളിവുകളല്ലേ? അല്ലാഹു വെറും ഒരു മിത്യാസങ്കല്‍പ്പം മത്രമായിരുന്നുവെന്നു പ്രവാചകന്റെ ഇഷ്ടപത്നി ആയിശ പോലും മനസ്സിലാക്കിയിരുന്നു. `താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹം സാധിച്ചു തരുന്നതില്‍ വല്ലാതെ ധൃതിപ്പെടുന്നുവല്ലോ `എന്ന ആയിശയുടെ പരിഹാസം അതല്ലേ തെളിയിക്കുന്നത്?

അല്ലാഹുവിനക്കൊണ്ട് തനിക്കു പ്രകീര്‍ത്തനം ചൊല്ലിക്കുന്നേടം വരെ എത്തി നില്‍ക്കുന്നു , മുഹമ്മദിന്റെ ദൈവനിന്ദ; ഖുര്‍ ആനില്‍!!

അല്ലാഹുവും മലക്കുകളും നബിക്കു സ്വലാത്തു ചൊല്ലുന്നു. അതിനാല്‍ നിങ്ങളും അദ്ദേഹത്തെ പ്രകീര്‍ത്തിക്കുവിന്‍ ”[33:56]

സൃഷ്ടിയെ പ്രകീര്‍ത്തിക്കുന്ന സ്രഷ്ടാവിന്റെ ദയനീയ ചിത്രം ഖുര്‍ ആനിലല്ലാതെ മറ്റെവിടെയാണു കാണാനാവുക?

Wednesday, November 21, 2007

പ്രപഞ്ചത്തിന്റെ പരിപാലകനോ പ്രവാചകന്റെ പരിചാരകനോ?

മക്കയില്‍ ആകാശ ദേവനായും പ്രപഞ്ചദൈവമായുമൊക്കെ പരിചയപ്പെടുത്തിയ അല്ലാഹുവിനെ മദീനയില്‍ തനിക്ക് ആളും അധികാരവും അര്‍ഥവുമൊക്കെ കൈവന്നതോടെ , മുഹമ്മദ് തന്റെ വീട്ടിലെ കാര്യസ്ഥനായി താഴ്ത്തിക്കെട്ടിയ ദയനീയ കാഴ്ച്ചയാണു കുര്‍ ആനില്‍ കാണുന്നത്. പലപ്പോഴു അത് ഒരു പരിചാരകന്റെ നിലയിലേക്കുപോലും തരം താഴുന്നതു കാണാം!


ഹേ വിശ്വാസികളേ, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും മുന്‍പില്‍ നിങ്ങള്‍ മുന്‍ കടന്നു പ്രവര്‍ത്തിക്കരുത്.....”[49:1]
ഹേ വിശ്വാസികളേ, പ്രവാചകന്റെ ശബ്ദത്തെക്കാള്‍ നിങ്ങളുടെ ശബ്ദം ഉയരാന്‍ പാടില്ല. നിങ്ങള്‍ പരസ്പരം ഉച്ചത്തില്‍ സംസാരിക്കുമ്പോലെ അദ്ദേഹത്തോടു നിങ്ങള്‍ സംസാരിക്കരുത്....”[49:2]

നിശ്ചയമായും അല്ലാഹുവിന്റെ ദൂതന്റെ അടുക്കല്‍ വെച്ച് തങ്ങളുടെ ശബ്ദം താഴ്ത്തുന്നവര്‍ ആരോ, അവരുടെ ഹൃദയങ്ങളെ ഭക്തിക്കായി അല്ലാഹു പരീക്ഷിക്കുന്നു. അവര്‍ക്കു പാപമോചനവും മഹത്തായ പ്രതിഫലവും ഉണ്ട്.”[49:3]

നബിയുടെ കിടപ്പറയുടെ പിന്നില്‍ വന്ന് അദ്ദേഹത്തെ വിളിക്കുന്നവര്‍ ബുദ്ധി ഉപയോഗിക്കുന്നില്ല.”[49:4]

നീ പുറത്തേക്കു ഇറങ്ങി വരുന്നതു വരെ അവര്‍ ക്ഷമയോടെ കാത്തിരുന്നുവെങ്കില്‍ അതവര്‍ക്കു ഉത്തമമാകുമായിരുന്നു. അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.”[49:5]

ഹേ വിശ്വാസികളേ, നബിയുടെ വീട്ടില്‍ ഭക്ഷണത്തിനു ക്ഷണിച്ചാലല്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്. ഭക്ഷണം പാകമാകുന്നതും കാത്ത് നിങ്ങള്‍ ഇരിക്കാനും പാടില്ല. ക്ഷണിച്ചാല്‍ മാത്രം പ്രവേശിക്കുകയും ഭക്ഷണം കഴിച്ചാലുടന്‍ പിരിഞ്ഞു പോവുകയും വേണം. നബിയുടെ ഭാര്യമാരോടു സൊറയും പറഞ്ഞ് അവിടെ ചുറ്റിപ്പറ്റി നില്‍ക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ നബിക്കു വളരെ വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. നബിക്കാകട്ടെ അതൊക്കെ നിങ്ങളോട് നേരിട്ടു പറയാന്‍ ലജ്ജയുണ്ട്. എന്നാല്‍ അല്ലാഹുവിനതൊന്നും തുറന്നു പറയാന്‍ ലജ്ജയില്ല. നിങ്ങള്‍ നബിയുടെ ഭാര്യമാരോടു വല്ല സാധനവും ചോദിച്ചു വാങ്ങുകയാണെങ്കില്‍ അത് ഒരു മറയുടെ അപ്പുറം നിന്നു മാത്രം വാങ്ങുക. നിങ്ങളുടെയും അവരുടെയും പരിശുദ്ധിക്കതാണു നല്ലത്. അല്ലാഹുവിന്റെ ദൂതനു ശല്യമൂണ്ടാക്കാന്‍ നിങ്ങള്‍ക്കു പാടുള്ളതല്ല. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം ചെയ്യാനും നിങ്ങള്‍ക്കു പാടുള്ളതല്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ വളരെ ഗൌരവമുള്ള കാര്യമാണ്.”[33:53]

നബി മദീനയിലെ ഭരണാധികാരിയുടെ പദവിയിലെത്തിയതോടെ ആളുകള്‍ പല കാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ വീട്ടില്‍ വന്നു ശല്യമുണ്ടാക്കാന്‍ തുടങ്ങി . ചെറുപ്പക്കാരികളായ നിരവധി ഭാര്യമാരുണ്ടായിരുന്ന അദ്ദേഹത്തിനിത് അസഹ്യമായിത്തോന്നുകയും അവരോട് ഇറങ്ങിപ്പോകാന്‍ നേരിട്ടു പറയാന്‍ മടി തോന്നുകയും ചെയ്ത സന്ദര്‍ഭത്തിലാണ് അല്ലാഹുവിനെ പരിചാരക വേഷം കെട്ടിച്ചുകൊണ്ട് ഇതൊക്കെ വെളിപാടായി അവതരിപ്പിച്ചത്. വേലക്കാരനായ അനസിനെയോ അഞജഷിനെയോ ഉപയോഗിച്ചു ചെയ്യാമായിരുന്ന കാര്യങ്ങളൊക്കെ സര്‍വ്വതന്ത്രജ്ഞ്ഞനായ പ്രവാചകന്‍ തന്റെ കുട്ടിദൈവത്തെക്കൊണ്ട് ഭംഗിയായി നിര്‍വ്വഹിച്ചു!
സന്ദര്‍ശകരില്‍ നിന്നു കൈക്കൂലി ചോദിക്കാനും അല്ലാഹുവിനെത്തന്നെ ചുമതലപ്പെടുത്തി!

സത്യവിശ്വാസികളേ നിങ്ങള്‍ ദൈവദൂതനെ സന്ദര്‍ശിച്ചു വല്ല കൂടിയാലോചനയും നടത്തുന്നുവെങ്കില്‍ അദ്ദേഹത്തിനു വല്ലതും കാണിക്കയായി കൊടുത്തിട്ടു പോകണം.[58:12]strong>
കൈക്കൂലി വാങ്ങുന്ന RTO ഓഫീസിലെ പിയൂണിന്റെ റോളാണിവിടെ പ്രപഞ്ചസ്രഷ്ടാവായ ദെവത്തിന്!
നബിയുടെ ഭാര്യമാര്‍ തമ്മില്‍ സദാ വഴക്കും വക്കാണവുമായിരുന്നു എന്ന് ഇസ്ലാം ചരിത്രവും കുര്‍ ആനും വ്യക്തമാക്കുന്നുണ്ട്. ഈ വഴക്കു തീര്‍ക്കാന്‍ പെടാപ്പാടു പെട്ടിരുന്നതും പാവം അല്ലാഹു തന്നെ! ഇക്കാര്യത്തിനായി നിരവധി വെളിപാടുകള്‍ അവതരിക്കപ്പെട്ടു:

>“തന്റെ ഭാര്യമാരില്‍ ചിലരോട് നബി ഒരു രഹസ്യം പറഞ്ഞു. അവള്‍ അത് മറ്റൊരുത്തിയോടു പറഞ്ഞു. അല്ലാഹു അത് നബിയെ അറിയിച്ചു അതിന്റെ ചില ഭാഗങ്ങള്‍ മറച്ചു വെക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം അവള്‍ക്കു അതിനെക്കുറിച്ചു വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ‘ഈ വിവരം ആരാണു താങ്കളെ അറിയിച്ചത്?” അദ്ദേഹം പറഞ്ഞു; “എനിക്കിതു സര്‍വ്വജ്ഞാനിയായ അല്ലാഹു അറിയിച്ചു തന്നു’.[66:3]

നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്കു പശ്ചാതപിക്കുന്നതാണു നല്ലത്. ; നിങ്ങളുടെ ഹൃദയങ്ങള്‍ ചെരിഞ്ഞുപോയിരിക്കുന്നു. നിങ്ങള്‍ രണ്ടു പേരും അദ്ദേഹത്തിനെതിരെ പരസ്പരം കൂട്ടു ചേരുകയാണെങ്കില്‍ അല്ലാഹു അദ്ദേഹത്തിന്റെ സഹായത്തിനുണ്ടാകും. ജിബ്രീലുമുണ്ടാകും. മലക്കുകളും സത്യവിശ്വാസികളിലെ നല്ലയാളുകളും നബിയോടൊപ്പമുണ്ടാകും.”[66:4]

നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്നപക്ഷം നിങ്ങളെക്കാള്‍ നല്ല ഭാര്യമാരെ അദ്ദേഹത്തിന്റെ റബ്ബ് പകരം നല്‍കും. അതായത് മുസ്ലിംകളും, ഭക്തിയുള്ളവരും വിധവകളും കന്യകമാരുമായ സ്ത്രീകളെ.”[66:5]

ഇവിടെ വിവരിക്കാന്‍ പറ്റാത്തത്ര വൃത്തി കെട്ട കഥകളാണ് ഈ വെളിപാടുകളുടെ പശ്ചാതലമായി വിവരിക്കപ്പെട്ടിട്ടുള്ളത്.
ഏതായാലും പത്തു കൊല്ലക്കാലം പ്രപഞ്ചം മുഴുവന്‍ നോക്കി നടത്തേണ്ട ഒരു ദൈവത്തെ പിടിച്ച് തന്റെ വീട്ടിലെ ചക്കൊളത്തിപ്പോരും വക്കാണവും തീര്‍ക്കാന്‍ നിയോഗിച്ച മുഹമ്മദ് സര്‍വ്വ തന്ത്രജ്ഞനും മഹാസൂത്രക്കാരനുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.

Friday, November 9, 2007

സൃഷ്ടികളെ വെല്ലു വിളിക്കുന്ന സ്രഷ്ടാവോ?

`പ്രപഞ്ചസ്രഷ്ടാവായ` അല്ലാഹു തന്റെ സൃഷ്ടികളായ മനുഷ്യരെ സാഹിത്യരചനക്കു വെല്ലു വിളിക്കുന്നുണ്ട് ഖുര്‍ ആനില്‍ !.

പറയുക, ഈ ഖുര്‍ ആനോടു തുല്യമായ ഒരു ഗ്രന്ഥം കൊണ്ടു വരാന്‍ മനുഷ്യരും ജിന്നുകളും ഒന്നായിച്ചേര്‍ന്ന് ശ്രമിച്ചാലും അവര്‍ക്കതിനു കഴിയുകയില്ല.”[17:88]

ഖുര്‍ ആന്‍ മുഹമ്മെദിന്റെ കൃതിയാണെന്നവര്‍ പറയുന്നുവോ? പറയുക, എങ്കില്‍ ഖുര്‍ ആനിലെ അധ്യായങ്ങള്‍ക്കു സമാനമായ പത്ത് അധ്യായങ്ങള്‍ നിങ്ങള്‍ കൊണ്ടു വരിക; അല്ലാഹുവിനെ വിട്ട് നിങ്ങളുടെ കഴിവില്‍ പെട്ടവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്യുക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍ .”[11:13]

ഈ ഖുര്‍ ആന്‍ നബി സ്വയം ഉണ്ടാക്കിയതാണെന്ന് അവര്‍ പറയുന്നുവോ?, എന്നാല്‍ ഇതിലെ സൂറത്തു പോലെയുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടു വരിക എന്നു താങ്കള്‍ പറയുക. അല്ലാഹുവെ വിട്ട് നിങ്ങളുടെ കഴിവില്‍ പെട്ടവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍ .”[10:38]

നമ്മുടെ അടിമയ്ക്കു നാം അവതരിപ്പിച്ചിട്ടുള്ളതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ തുല്യമായ ഒരധ്യായം നിങ്ങള്‍ കൊണ്ടു വരിക. അല്ലാഹുവിനെ വിട്ടു നിങ്ങളുടെ സഹായികളെ നിങ്ങള്‍ വിളിക്കുകയും ചെയ്യുക, നിങ്ങള്‍ സത്യവാദികളാണെങ്കില്‍ .”[2:23]

അല്ലാഹുവിന്റെ വെല്ലുവിളിയില്‍ ഊറ്റം കൊള്ളുന്ന ഒരു പണ്ഡിതന്‍ വ്യഖ്യാനമായി എഴുതുന്നതു കൂടി കാണുക: 
ഈ വെല്ലുവിളിയെല്ലാം നടത്തിയിട്ടും സാഹിത്യകുശലന്മാരായ ശത്രുക്കള്‍ക്ക് ഒരൊറ്റ അധ്യായം പോലും നിര്‍മ്മിച്ചു കൊണ്ടു വരാന്‍ കഴിഞ്ഞില്ല. ആ വെല്ലുവിളി ഇന്നും ഖുര്‍ ആനില്‍ സജീവമായി കിടക്കുന്നു. അതിനെ നേരിടുവാന്‍ ആര്‍ക്കും ഇതു വരെ കഴിഞ്ഞിട്ടില്ല. ഇനി ഒരു കാലത്തും കഴിയുകയുമില്ല.”[കെ വി മുഹമ്മദ് മുസ്ലിയാര്‍ ]


ലോകത്തൊരു സാഹിത്യകാരനും തന്റെ കൃതിക്കു തുല്യമായ മറ്റൊരു കൃതി രചിച്ചുകൊണ്ടു വരാന്‍ മറ്റുള്ളവരെ വെല്ലുവിളിച്ചതായി കേട്ടിട്ടില്ല. അത്തരം വിലകുറഞ്ഞ വെല്ലുവിളികളുമായി വരുന്ന അല്‍പ്പന്മാരെ ആരും ആദരിക്കുമെന്നും തോന്നുന്നില്ല. കലോത്സവങ്ങളിലും മറ്റും രചനാ മത്സരങ്ങള്‍ നടത്താറുണ്ട്. അതാകട്ടെ തുല്യനിലയിലുള്ളവര്‍ തമ്മിലാണു മത്സരം നടക്കുന്നത്. സാഹിത്യകാരനായ കോളേജ് പ്രൊഫസര്‍ നെഴ്സറിക്ലാസിലെ കുട്ടികളെ രചനാ മത്സരത്തിനു വെല്ലു വിളിച്ചാല്‍ ആ പ്രൊഫസറുടെ സാഹിത്യ വൈഭവം കണ്ട് നാം ഊറ്റം കൊള്ളുകയല്ല , അയാളുടെ അല്‍പ്പത്തരമോര്‍ത്തു സഹതപിക്കുകയായിരിക്കും ചെയ്യുക!

ഇവിടെയാകട്ടെ പ്രപഞ്ചസ്രഷ്ടാവായ ദൈവമാണു തന്റെ നിസ്സാര സൃഷ്ടികളായ മനുഷ്യരെ സാഹിത്യം രചിക്കാന്‍ വെല്ലു വിളിക്കുന്നത്. അതും ലോകത്തിന്റെ ഒരു മൂലയില്‍ മാത്രം പ്രചാരത്തിലുള്ള ഒരു പ്രാദേശികഭാഷയില്‍ ! ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ തയ്യാറായി വന്നുവെന്നു കരുതുക. മത്സരത്തിനു വേണ്ട നിയമാവലിയും മറ്റും ആരാണു തയ്യാറാക്കുക? അല്ലാഹുവിന്റെ സൂറത്താണോ മത്സരാര്‍ത്ഥിയുടെ രചനയാണോ മികച്ചത് എന്നു പരിശോധിക്കാന്‍ എന്തെല്ലാം മനദണ്ഡങ്ങളായിരിക്കും പരിഗണിക്കപ്പെടുക? മാനദണ്ഡങ്ങള്‍ ആരു നിശ്ചയിക്കും? ആരാണു രചനകളെ മൂല്യനിര്‍ണയം ചെയ്യുക? അന്തിമ വിധികര്‍ത്താവായി ആരെ നിശ്ചയിക്കും? സാധാരണ ഇത്തരം സാഹിത്യ മത്സരങ്ങളില്‍ വിധികര്‍ത്താക്കളായി വരുന്നത് മത്സരത്തില്‍ പങ്കെടുക്കുന്നവരെക്കാള്‍ കഴിവും പ്രാഗല്‍ഭ്യവുമുള്ള എഴുത്തുകാരോ നിരൂ‍പകരോ ഒക്കെ ആയിരിക്കും. അല്ലാഹുവും മനുഷ്യരും തമ്മില്‍ മത്സരം നടക്കുമ്പോള്‍ ഒരു `അംബയറെ` കണ്ടെത്തുക എന്നതു തന്നെ അപ്രായോഗികമായിരിക്കുമെന്നിരിക്കെ ഇങ്ങനെയൊരു വെല്ലുവിളി‍ക്കു തന്നെ സാംഗത്യമില്ലല്ലോ. ബാലിശവും നിരര്‍ത്ഥകവും അപക്വവുമായ ഇത്തരമൊരു വെല്ലുവിളി ഖുര്‍ ആന്‍ ഉയര്‍ത്തി എന്നതു തന്നെ ആ ഗ്രന്ഥത്തിന്റെ നിലവാരത്തകര്‍ച്ചയെയാണു കാണിക്കുന്നത്. ദൈവം സൃഷ്ടികള്‍ക്കു മുന്നില്‍ പിന്നെയും ചെറുതാവുകയാണു ചെയ്യുന്നതെന്നു പോലും വിശ്വാസിവൃന്ദം മനസ്സിലാക്കുന്നില്ല!

ഇത്തരം വെല്ലുവിളികള്‍ ആര്‍ക്കും ഏതു കൃതിയെ മുന്‍ നിര്‍ത്തിയും ഉന്നയിക്കവുന്നതാണ്. ‘ബാലരമ‘യിലും ‘പൂമ്പാറ്റ’യിലും അച്ചടിച്ചു വരുന്ന ഏതെങ്കിലും കഥയോ കവിതയോ പൊക്കിപ്പിടിച്ചു കൊണ്ട് ഒരാള്‍ ഇതിനു തുല്യമായ ഒന്നു കൊണ്ടു വരിക എന്നു വെല്ലുവിളി നടത്തിയാല്‍ അതിനു തുല്യമായതു രചിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? സാഹിത്യത്തില്‍ ഒന്നും മറ്റൊന്നിനു തുല്യമാകുന്നില്ല.


അവിശ്വാസികള്‍ ഈ വെല്ലുവിളി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് അല്ലാഹുവിന്റെ വക സമ്മാനം എന്താണെന്നു കൂടി കാണുക: 
 “നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ -അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്കൊരിക്കലും സാധ്യമല്ല-മനുഷ്യരെയും കല്ലുകളെയും വിറകാക്കി കത്തിക്കപ്പെടുന്ന അഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുക. അത് കാഫറുകള്‍ക്കായി ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു.”[2:24]
ഈ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് രചന നടത്താന്‍ മുതിരുന്നവര്‍ക്കുള്ള സമ്മാനമെന്തായിരിക്കുമെന്നു കൂടി അറിയണമെങ്കില്‍ ഇസ്ലാമിന്റെ ചരിത്രം ഒന്നു മറിച്ചു നോക്കിയാല്‍ മതി. മക്കയിലും മദീനയിലും പ്രവാചകന്‍ ഇത്തരം വെല്ലുവിളികളുമായി രംഗത്തുള്ളപ്പോള്‍ തന്നെ ഖുര്‍ ആന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന നിരവധി സാഹിത്യസൃഷ്ടികള്‍ അറേബ്യയില്‍ രൂപം കൊള്ളുകയുണ്ടായി. ഖുര്‍ ആനിലെ പല സൂറത്തുകള്‍ക്കും പാരഡികള്‍ രചിക്കപ്പെട്ടു. അതൊക്കെ പരിശോധിക്കാ‍നും മൂല്യനിര്‍ണയം ചെയ്യാനും ഭാഷാവിദഗ്ധരെ ഏല്‍പ്പിക്കുകയല്ല മുഹമ്മദ് ചെയ്തത്. ചാരന്മാരെയും ചാവേറുകളെയും അയച്ച് ഈ കവികളുടെ കഴുത്തറുക്കുകയും അവരുടെ ശിരസ്സുകള്‍ തന്റെ സന്നിധിയില്‍ ഹാജറാക്കുവാന്‍ കല്‍പ്പിക്കുകയുമാണ് പ്രവാചകന്‍ ചെയ്തത്. കഴുത്തറുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ 115 വയസ്സുള്ള വൃദ്ധകവിയും കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരുന്ന കവയിത്രിയുമൊക്കെ ഉള്‍പ്പെടുന്നു.

നബിയുടെ കാലശേഷവും ഖുര്‍ ആന്റെ നേരെ വെല്ലുവിളികളുയര്‍ത്തുന്ന നിരവധി രചനകള്‍ അറബി സാഹിത്യലോകത്തുണ്ടായിട്ടുണ്ട്. സിറിയന്‍ കവിയായിരുന്ന അബുല്‍ അലാ‍ അല്‍ മ അര്‍ രി ഖുര്‍ ആനിനു ഏതാണ്ട് സമ്പൂര്‍ണമായ പാരഡി തന്നെ രചിച്ചിട്ടുണ്ട്. ഖുര്‍ ആനിന്റെ മുമ്പുള്ള അറബി കവിതകള്‍ക്കു തന്നെ ഖുറ് ആനിനെക്കാള്‍ സാഹിത്യമികവുണ്ടെന്നു പല നിരൂപകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വിശ്വാസത്താല്‍ ബുദ്ധി മരവിച്ചവര്‍ ഇതൊന്നും സമ്മതിച്ചു തരില്ലെങ്കിലും സത്യം അതാണ്.

 അലിഗര്‍ സര്‍വ്വകലാശാലയിലെ മുന്‍ വൈസ്ചാന്‍സ്ലറും അറബി ഭാഷാവിഭാഗം തലവനുമായിരുന്ന ഡോ.അബ്ദുല്‍ അലീം, ബെര്‍ളിന്‍ സര്‍വ്വകലാശാലയില്‍നിന്നും ഡോക്ടറേറ്റു നേടിയത് `ഖുര്‍ ആന്‍ മുഹമ്മദിന്റെ കൃതിയാണ്` എന്ന ഗവേഷണപ്രബന്ധത്തിനായിരുന്നു എന്ന കാര്യവും ഇതോടൊപ്പം ഓര്‍മ്മിക്കേണ്ട കാര്യമാണ്.
ജാഹിലിയ്യാ കാലത്തെ ‘മുഅല്ലകാത്ത്’ പോലും ഖുര്‍ ആനിനെക്കാള്‍ മികച്ചതാണത്രേ. അതില്‍ നിന്നുള്ള ചില വരികള്‍ ഖുര്‍ ആനില്‍ കോപ്പിയടിച്ചിട്ടുമുണ്ട്.! ഖുര്‍ ആനിലെ മക്കീ വെളിപാടുകളായ ചെറിയ സൂറത്തുകള്‍ക്കാണു പ്രാസഭംഗിയും താളഭംഗിയുമൊക്കെ അല്‍പ്പമെങ്കിലും ഉള്ളത്. മദീനയിലെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ അവതരിക്കപ്പെട്ട വെളിപാടുകള്‍ വെറും സാധാരണ ഗദ്യം മാത്രമാണ്. സര്‍വ്വ ശക്തനായ ഒരു ദൈവമാണ് അവതാരകനെങ്കില്‍ ആദ്യാവസാനം താള വൃത്ത നിബദ്ധമായിത്തന്നെ ഗ്രന്ഥം രചിക്കപ്പെടുമായിരുന്നു.

 മഹാ ഇതിഹാസമായ രാമായണ കഥയത്രയും ഒരേ വൃത്തത്തിലും താളത്തിലും ആവിഷ്കരിക്കാന്‍ ഒരു ദൈവത്തിന്റെയും സഹായമില്ലാതെത്തന്നെ എഴുത്തച്ഛനു സാധിച്ചത് എന്തുകൊണ്ട്? എഴുത്തച്ഛന്റെ, `കിളി`യുടെ മുമ്പില്‍ പോലും മുഹമ്മദിന്റെ അല്ലാഹു വെറും വട്ടപ്പൂജ്യം മാത്രമാണ്.


സാഹിത്യമത്സരത്തിനു മാത്രമല്ല, വാളെടുത്തുള്ള യുദ്ധത്തിനും അറബികളെ വെല്ലു വിളിക്കുന്നുണ്ട് ഈ സര്‍വ്വശക്തന്‍ !“ നിങ്ങളുടെ പട്ടാളത്തെയും കൊണ്ട് നിങ്ങള്‍ വന്നോളൂ; എന്റെ പട്ടാളത്തെയും കൊണ്ട് ഞാനും വരാം” എന്നൊക്കെ സ്വന്തം സൃഷ്ടികളുടെ നേരെ ഭീഷണി മുഴക്കുന്ന ഒരു ദൈവത്തെ കുറിച്ച് എന്തു പറയാനാ! പ്രാകൃത മനുഷ്യരുടെ ഭാവനാലോകത്തെ കുട്ടിദൈവങ്ങളെ ഊതി വീര്‍പ്പിച്ച് പ്രപഞ്ച ദൈവമാക്കുമ്പോള്‍ ഇതുപോലുള്ള വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളും സ്വാഭാവികമാണ്.

Thursday, October 11, 2007

കഴുത്തറുക്കലാണോ ആരാധന?

കിരാതരുടെ ആരാധനാമൂര്‍ത്തികളായ മിക്ക ദൈവങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ട അനുഷ്ഠാനം നരബലി തന്നെയായിരുന്നു. മനു‍ഷ്യര്‍ക്കു ദൈവസന്നിധിയില്‍ സമര്‍പ്പിക്കാവുന്നതില്‍ വെച്ച് ഏറ്റവും പുണ്യമേറിയ ത്യാഗാര്‍പ്പണമായി സെമിറ്റിക് മതങ്ങളും വാഴ്തിപ്പാടുന്നത് മനുഷ്യക്കുരുതി തന്നെയാണെന്നത് യാദൃച്ഛികമല്ല. അബ്രഹാമിന്റെ പുത്രബലിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വെളിപാടുകള്‍ ഖുര്‍ ആനിലും ബൈബിളിലും ഏതാണ്ട് ഒരേ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്. (ബലി നല്‍കാന്‍ കൊണ്ടുപോയത് ഇസ് ഹാകിനെയെന്നു ക്രിസ്ത്യാനികളും ഇസ്മായിലിനെയെന്നു മുസ്ലിങ്ങളും തര്‍ക്കിക്കുന്നുണ്ടെന്ന വ്യത്യാസമേയുള്ളു.)

ഇബ്രാഹീമിനു നാം സഹനശീലനായ ഒരു പുത്രന്റെ സുവാര്‍ത്ത നല്‍കി. ആ പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രായമായപ്പോള്‍ ഇബ്രാഹീം മകനോടു പറഞ്ഞു: `മകനേ നിന്നെ അറുക്കാന്‍ എനിക്കു സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. നിന്റെ അഭിപ്രായമെന്ത്?`
മകന്‍ പരഞ്ഞു.: `പിതാവേ, കല്‍പ്പിക്കപ്പെട്ടതു ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിച്ചാല്‍ എന്നെ ക്ഷമാശിലരില്‍പ്പെട്ട ഒരുവനായി അങ്ങേക്കു കാണാം.` അങ്ങനെ ഇരുവരും ദൈവത്തിനു കീഴടങ്ങിക്കൊണ്ട് ,ഇബ്രാഹീം പുത്രനെ കമഴ്ത്തിക്കിടത്തിയപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു.:`ഓ ഇബ്രാഹീം ! താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു...ഇതൊരു പരീക്ഷണം തന്നെ. നാം മഹത്തായ ഒരു ബലി മൃഗത്തെ ആ ബാലനു പകരം തെണ്ടം നല്‍കി
.”[37:100-107]

ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്ത് അറേബ്യയില്‍ നരബലി അസാധാരണമല്ലാത്ത ഒരു അനുഷ്ഠാനമായിരുന്നു. ദൈവങ്ങള്‍ക്കായി നേര്‍ച്ചകള്‍ നേരുന്നവര്‍ ഉദ്ദിഷ്ട ഫലം ലഭിച്ചു കഴിഞ്ഞാല്‍ എത്ര കടുത്ത ത്യാഗവും ചെയ്യാന്‍ തയ്യാറായിരുന്നു. പ്രവാചകനായ മുഹമ്മെദിന്റെ പിതാവു തന്നെ ഒരു നേര്‍ച്ചക്കുരുതിയില്‍നിന്ന് തലനാരിഴക്കാണു രക്ഷപ്പെട്ടത് എന്നു ചരിത്രം പറയുന്നു.


നരബലിയില്‍നിന്നു മൃഗബലിയിലേക്കുള്ള ഒരു പരിണാമദശയിലായിരുന്നു സെമിറ്റിക് മതങ്ങളുടെ ആവിര്‍ഭാവം എന്നനുമാനിക്കാവുന്ന ധാരാളം തെളിവുകളുണ്ട്. പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് മൂഡവിശ്വാസികളായ അപരിഷ്കൃതജനതയെക്കൊണ്ട് ഇത്തരം അത്യാചാരങ്ങള്‍ ചെയ്യിച്ചത്. തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ചിന്താലേശമന്യേ ഇന്നും തുടരുന്ന മനുഷ്യര്‍ ഇന്ന് ഇതിനൊക്കെ മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്തി `ശാസ്ത്രീയത` സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട ആചാരം നരബലിയാണെങ്കിലും അതൊരു നിര്‍ബന്ധ അനുഷ്ഠാനമാക്കിയില്ല എന്നത് ആശ്വാസകരം തന്നെ! എങ്കിലും മൃഗബലി ഏറെ പുണ്യമുള്ള ചടങ്ങുകളിലുള്‍പ്പെടുത്തിയിരിക്കുന്നു. ഹജ്ജിനോടനുബന്ധിച്ച് മിണ്ടാപ്രാണികളുടെ കൂട്ടക്കുരുതിയാണു നടത്തപ്പെടുന്നത്. ഒരു തീര്‍ത്ഥാടകന്‍ ഒരു ആടിനെ അല്ലെങ്കില്‍ ഏഴു പേര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെ എന്ന കണക്കിനാണു ബലികര്‍മ്മം നടത്തേണ്ടത്. 25 ലക്ഷത്തോളം പേര്‍ ആണ്ടു തോറും ഹജ്ജിനെത്തുന്നു എന്നാണു പറയപ്പെടുന്നത്. ഓരോ തീര്‍ത്ഥാടകനും ഏതാണ്ട് 4000 രൂപക്കു തുല്യമായ സംഖ്യ നല്‍കണം. മൊത്തം 1000കോടിയീളം രൂപ ഈ ഇനത്തില്‍ സൌദി സ്ര്ക്കാരിനു കിട്ടുന്നു. ദശലക്ഷക്കണക്കിനു മൃഗങ്ങളെയാണിപ്രകാരം കൂട്ടക്കശാപ്പിനിരയാക്കുന്നത്. അവയുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍ കൂട്ടിയിട്ട് ഉണക്കി നശിപ്പിക്കുകയാണു ചെയ്തുകൊണ്ടിരുന്നത്. അടുത്ത കാലത്ത് ഫഹദ് രാജാവിന്റെ ഭരണകാലത്താണ് ഈ ബലിമാംസത്തില്‍നിന്നും അല്പഭാഗം സംസ്കരിച്ച് ആഫ്രിക്കയിലേക്കും മറ്റും എത്തിക്കാനുള്ള ഏര്‍പ്പാടുണ്ടായത്. എന്നിട്ടും മാംസത്തിന്റെ പകുതിയിലേറെ നശിപ്പിക്കേണ്ടി വരുന്നുവെന്നാണു പത്രവാര്‍ത്തകളില്‍നിന്നും മനസ്സിലാകുന്നത്.

പരിഷ്കൃതലോകം ഉപേക്ഷിച്ചു കഴിഞ്ഞതും ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും നിയമം മൂലം നിരോധിച്ചതുമായ ജന്തുബലി ഇസ്ലാമില്‍ ഇന്നും തുടരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ നമ്മുടെ മുസ്ലിം ബുദ്ധിജീവികള്‍ അതിനും ഒരു ഞൊണ്ടിന്യായം കണ്ടെത്തി.! ബലി നടത്തുന്നത് പോഷകാഹാരവിതരണം ലക്ഷ്യമാക്കിയാണ് എന്നതാണു ന്യായം. ബലിമാംസം ഭക്ഷിക്കാമെന്നതു ശരിതന്നെ. പ്രാകൃത ജനവിഭാഗങ്ങളും തങ്ങളുടെ ദൈവങ്ങള്‍ക്കായി കുരുതി ചെയ്ത ജീവികളെ ഭക്ഷിച്ചിരുന്നു. എന്നാല്‍ ബലി നടത്തുന്നത് ഭക്ഷണത്തിനല്ല. ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ഒരനുഷ്ഠാനം എന്ന നിലക്കാണ്.
 ഖുര്‍ ആന്‍ പ്രസ്താവിക്കുന്നു:

എല്ലാ സമുദായങ്ങള്‍ക്കും അവര്‍ക്ക് അവന്‍ നല്‍കിയതില്‍നിന്ന് കന്നുകാലികളുടെ മേല്‍ അവര്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യാന്‍ വേണ്ടി നാം ഓരോ കര്‍മ്മാനുഷ്ഠാനങ്ങല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.”[22:34]

ബലിയൊട്ടകങ്ങളെയാകട്ടെ, നാം അവയെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ വരിവരിയായി നിര്‍ത്തി അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം കീര്‍ത്തനം ചെയ്യുവീന്‍ . അങ്ങനെ അവയുടെ ഉദരപാര്‍ശ്വങ്ങള്‍ നിലം പതിച്ചാല്‍ അവയില്‍നിന്നു തിന്നുകയും തിന്നാന്‍ കൊതിച്ചു വരുന്നവര്‍ക്കു കൊടുക്കുകയും ചെയ്യുവിന്‍ ”[22:36]

പാഗന്‍ അറബികള്‍ അവരുടെ ഗോത്രദൈവങ്ങള്‍ക്കായി അനുഷ്ഠിച്ചിരുന്ന കിരാതമായ ആചാരങ്ങള്‍ എപ്രകാരമാണ് ഇസ്ലാം സ്വന്തമാക്കിയത് എന്ന്, ഈ ഖുര്‍ ആന്‍ സൂക്തത്തിനു വ്യാഖ്യാനക്കുറിപ്പെഴുതവെ മൌദൂദി തന്നെ തുറന്നു പറയുന്നതു കാണുക:
ഈ സൂക്തത്തില്‍നിന്നു രണ്ടു കാര്യങ്ങള്‍ ഗ്രഹിക്കാം. ഒന്ന് മൃഗബലി എല്ലാ ദൈവീക ശരീഅത്തുകളിലും ആരാധനാ സമ്പ്രദായത്തിന്റെ ഒരനിവാര്യഘടകമായിരുന്നു. മനുഷ്യന്‍ ഏതെല്ലാം രൂപങ്ങളില്‍ അല്ലാഹുവേതരന്മാര്‍ക്ക് അടിമപ്പെടുന്നുവോ ആ രൂപങ്ങളെല്ലാം അല്ലാഹുവേതരര്‍ക്കു വിലക്കുകയും അല്ലാഹുവിനു മാത്രമായി അനുഷ്ഠിക്കുകയും ചെയ്യേണ്ടത് ഇബാദത്തുകളിലെ തവ്ഹീദിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളില്‍പ്പെട്ടതത്രേ. ഉദാഹരണമായി മനുഷ്യന്‍ അല്ലാഹുവേതരന്മാര്‍ക്കു തല കുനിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തിരുന്നു. ദൈവീക ശരീഅത്തുകള്‍ അവ അല്ലാഹുവിനു മാത്രം ചെയ്യുന്ന കര്‍മ്മങ്ങളായി നിശ്ചയിച്ചു. മനുഷ്യന്‍ അല്ലാഹുവേതര ശക്തികളുടെ മുന്മ്പില്‍ സാമ്പത്തിക നേര്‍ച്ചകള്‍ സമര്‍പ്പിച്ചിരുന്നു.ദൈവീക ശരീഅത്തുകള്‍ അതെല്ലാം വിലക്കുകയും സകാത്തും സദഖയും അല്ലാഹുവിനു മാത്രമായിരിക്കേണ്ടത് നിര്‍ബ്ബന്ധമാണെന്നു വിധിക്കുകയും ചെയ്തു. മനുഷ്യന്‍ നിരവധി മിഥ്യാദൈവങ്ങളുടെ ആസ്ഥാനങ്ങളെ വിശുദ്ധമന്ദിരങ്ങളും പുണ്യഗേഹങ്ങളുമായി ഗണിച്ചിരുന്നു. ദൈവീക ശരീഅത്തുകള്‍ ചില പ്രത്യേക സ്ഥാനങ്ങളെ പുണ്യസ്ഥലങ്ങളും ദൈവിക മന്ദിരങ്ങളുമായി നിശ്ചയിക്കുകയും അവിടെ തീര്‍ഥാടനം നടത്താനും പ്രദക്ഷിണം ചെയ്യാനും കല്‍പ്പിക്കുകയും ചെയ്തു. മനുഷ്യന്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ വ്രതമനുഷ്ഠിച്ചിരുന്നു. ദൈവിക ശരീഅത്തുകള്‍ വ്രതാനുഷ്ടാനവും അല്ലാഹുവിനു വേണ്ടി മാത്രമാക്കി. ഇപ്രകാരം മനുഷ്യര്‍ തങ്ങളുടെ സ്വയം നിര്‍മ്മിത ദൈവങ്ങള്‍ക്കു വേണ്ടി മൃഗബലിയും നടത്തിയിരുന്നു. ദൈവീക ശരീഅത്തുകള്‍ അതും അല്ലാഹുവല്ലാത്തവര്‍ക്കു വിലക്കുകയും അല്ലാഹുവിനു വേണ്ടി നിര്‍ബ്ബന്ധമാക്കുകയും ചെയ്തു.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ )

മുഹമ്മദ് ജനിക്കുന്നതിനും 1200 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഹിംസാത്മകമായ ദുരാചാരത്തിനെതിരെ അഹിംസയുടെ മതവും കൊണ്ടു വന്ന ശ്രീബുദ്ധനെക്കുറിച്ചോ ബുദ്ധമതതത്വങ്ങളെക്കുറിച്ചോ ഒന്നും ഈ അല്ലാഹു കേട്ടിട്ടേ ഇല്ല!! എല്ലാ മതങ്ങളിലും ബലിയുണ്ടെന്നാണ് അറേബ്യയുടെ ഠ വട്ടം മാത്രം കണ്ടിട്ടുള്ള ഈ സര്‍വ്വജ്ഞാനി പറയുന്നത്!!

ജാഹിലിയ്യാ മുശ്രിക്കുകളുടെ ഗോത്ര മര്യാദകളെയും പെരുമാറ്റച്ചട്ടങ്ങളെയും പവിത്രവല്‍ക്കരിച്ചുകൊണ്ടുള്ള മറ്റൊരു വെളിപാടു നോക്കുക;
സത്യവിശ്വാസികളേ, അല്ലാഹുവിന്റെ ചിഹ്ന്നങ്ങളേയും ആദരണീയ മാസങ്ങളേയും , ബലിക്കായി കൊണ്ടുപോകുന്ന മൃഗത്തെയും അതിന്റെ കഴുത്തില്‍ കെട്ടിയ അടയാളങ്ങളേയും അല്ലാഹുവിന്റെ അനുഗ്രഹം തേടി പുണ്യഭവനത്തിലേക്കു പോകുന്നവരേയും നിങ്ങള്‍ അനാദരിക്കരുത്.”[5:3]

ഇതിന്റെ വ്യാഖ്യാനം കൂടി കാണുക;
സത്യവിശ്വാസികള്‍ അനാദരിക്കുവാന്‍ പാടില്ലാത്ത അഥവാ അവര്‍ പവിത്രമായി കരുതി ആദരിച്ചു പോരേണ്ടുന്ന-അഞ്ചു കാര്യങ്ങളെയാണ് അല്ലാഹു ഈ വചനത്തില്‍ എടുത്തു കാട്ടിയിരിക്കുന്നത്. ...ഹജ്ജ് ഉമ്ര കര്‍മ്മങ്ങളോടും ,മക്കാ ഹറമിനോടും ബന്ധപ്പെട്ട ചിഹ്നങ്ങളാണ് ഇവിടെ പ്രധാനമായും ഉദ്ദേശ്യമെന്നു സന്ദര്‍ഭം കൊണ്ടു മനസ്സിലാക്കാം. അതാതില്‍ പാലിക്കപ്പെടേണ്ടുന്ന മര്യാദകളും ആദരവുകളും ലംഘിക്കാതെ അതിന്റെ പവിത്രത സൂക്ഷിക്കല്‍ നിര്‍ബ്ബന്ധമാണ്....ഹറാമായ മാസം ദുല്‍ഖാ്ദ, ദുല്‍ഹിജ്ജ,മുഹറം,റജബ് എന്നിവയാണ്. ...ഈ മാസങ്ങളില്‍ യുദ്ധം നിരോധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അക്കാലത്തു യുദ്ധം നടത്തുന്നത് അതിനെ അനാദരിക്കലായിരിക്കും....ബലി കര്‍മ്മത്തിനായി കാ്ബയുടെ അടുത്തേക്കു കൊണ്ടുപോകുന്ന മൃഗങ്ങളും അവയുടെ പ്രത്യേക അടയാളങ്ങളായിക്കൊണ്ട് അവയുടെ കഴുത്തില്‍ കെട്ടിത്തൂക്കിയ വസ്തുക്കളും -കാ്ബയുടെ അടുക്കലേക്കു ബലിമൃഗങ്ങളെ കൊണ്ടുപോകുമ്പോള്‍ അവയുടെ കഴുത്തില്‍ ചെരിപ്പോ മരത്തൊലിയോ ഒരടയാളമായി കെട്ടിത്തൂക്കുന്ന പതിവ് മുന്‍ കാലത്തുണ്ടായിരുന്നു. ഹജ്ജിനും ഉമ്രക്കും പോകുന്ന ആളുകളും അതുപോലെ ചില അടയാളങ്ങള്‍ സ്വീകരിക്കലും പതിവുണ്ടായിരുന്നു..-അന്യരുടെ കയ്യേറ്റത്തില്‍നിന്നും അനാദരവില്‍നിന്നും സുരക്ഷിതത്വം ലഭിക്കുകയായിരിക്കും ഇതിന്റെ ഉദ്ദേശ്യം....മേല്പറഞ്ഞ അഞ്ചു കാര്യങ്ങളും ഏറെക്കുറെ മുശ്രിക്കുകളും അംഗീകരിച്ചു വന്നിരുന്നു. ആ നല്ല കാര്യങ്ങള്‍ മുസ്ലിംങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ജാഹിലിയ്യാ സമ്പ്രദായങ്ങളെന്നു വെച്ച് അവയെ അവഗണിച്ചുകൂടാ....”(ഖുര്‍ ആന്‍ വിവരണം, അമാനിമൌലവി)

കൊല്ലത്തില്‍ നാലു മാസം കൊള്ള ചെയ്യരുത് എന്നത് അക്കാലത്തെ അറബികളുടെ ഒരു ഗോത്ര മര്യാദയായിരുന്നു. കൊള്ളയും പിടിച്ചുപറിയും കുലത്തൊഴിലാക്കിയിരുന്ന ഗോത്രക്കാര്‍ പോലും ഈ മര്യാദകള്‍ കൃത്യമായി പാലിച്ചിരുന്നു. തീര്‍ഥാടനകാലം സമാധാനകാലവും മറ്റു മാസങ്ങള്‍ യുദ്ധകാലവുമായി കണക്കാക്കിയിരുന്ന ആ പ്രാകൃത സമൂഹത്തിന്റെ നിയമങ്ങല്‍ ഒരു ദൈവം ഏറ്റു പിടിക്കാന്‍ പോയതെന്തിനാണെന്നു മനസ്സിലാകുന്നില്ല.? ഇക്കാലത്ത് കൊള്ളയും യുദ്ധവും നാലുമാസം നിഷിദ്ധവും എട്ടു മാസം അനുവദനീയവും എന്നാരും പറയുകയില്ലല്ലോ!!

ആദ്യം പിറക്കുന്ന കുഞ്ഞിനെ ബലിയറുക്കുന്ന പതിവും അറബികള്‍ക്കുണ്ടായിരുന്നു. പിന്നീടതിനു പകരം മൃഗബലിയും `മുടി കളയലും` നടത്തുന്ന ആചാരം വന്നു. നരബലിയുടെ തുടര്‍ ശേഷിപ്പായ ഈ ആചാരം ഇന്നും മുസ്ലിങ്ങള്‍ അനുഷ്ഠിച്ചു വരുന്നുണ്ട്.

ഒട്ടകത്തെ ബലിയറുക്കേണ്ടതെങ്ങനെയെന്ന് മൌദൂദി തന്റെ തഫ്ഹീമില്‍ വിവരിക്കുന്നുണ്ട്:
ഒട്ടകങ്ങളെ നിറുത്തിയാണ് ബലി നടത്തുക എന്നതു പ്രസിദ്ധമാണല്ലോ. അതിന്റെ ഒരു കാല്‍ ബന്ധിച്ച ശേഷം തൊണ്ടയില്‍ മൂര്‍ച്ചയേറിയ കുന്തം കൊണ്ട് അതിശക്തിയായി കുത്തുന്നു. ആ മുറിവിലൂടെ രക്തം ചീറ്റി ഒഴുകുന്നു. രക്തം ഒഴുകിക്കഴിയുന്നതോടെ അതു നിലത്തു വീഴുന്നു.”

ഹജ്ജില്‍ പങ്കു കൊള്ളുന്നവര്‍ മാത്രമല്ല മൃഗക്കുരുതി ചെയ്യേണ്ടത്.
കഴിവുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും അവര്‍ എവിടെയായിരുന്നലും ബാധകമായ ഒരു വിധിയാണിത്. ജന്തുക്കളെ അധീനപ്പെടുത്തിത്തന്നതിന് അല്ലാഹുവിന് ശുക്ര് ചെയ്യുക്യും വന്ദിക്കുകയും താന്താങ്ങളുടെ പ്രദേശങ്ങളില്‍ വെച്ച് ഹാജിമാരോട് പങ്കു ചേരുന്ന ഒരവസ്ഥ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. ഹജ്ജ് ചെയ്യുക എന്ന മഹാഭാഗ്യത്തിന് അവസരം ലഭിക്കാത്ത മുസ്ലിങ്ങള്‍ ഹാജിമാര്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയെങ്കിലും വേണം. തിരുമേനി അരുളിയിട്ടുണ്ട്:“കഴിവുണ്ടായിട്ടും ബലികര്‍മ്മം നടത്താത്തവന്‍ നമ്മുടെ ഈദ് ഗാഹിലേക്ക് അടുക്കരുത്.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ )

സ്വന്തം സൃഷ്ടികളായ മിണ്ടാപ്രാണികളുടെ കഴുത്ത് കുത്തിക്കീറുന്നതും ചോര തെറിച്ചവ പിടഞ്ഞു വീഴുമ്പോള്‍ തന്റെ നാമം പ്രകീര്‍ത്തിക്കുന്നതും കണ്ട് പുളകം കൊള്ളുന്ന ഈ `ദൈവം ` കിരാതമനുഷ്യരുടെ ഭാവനയില്‍ ജന്മം കൊണ്ട ഒരു പ്രാകൃതസങ്കല്‍പ്പമല്ലാതെ മറ്റെന്താണ്?ഹജ്ജിന്റെ പേരില്‍ നടക്കുന്ന ക്രൂരവും മനുഷ്യസംസ്കാരത്തിനു യോജിക്കാത്തതുമായ ഈ അത്യാചാരം നിര്‍ത്തുന്നതിനെക്കുറിച്ചും പകരം ആ പണം കൊണ്ട് വല്ല ഭക്ഷ്യധാന്യങ്ങളും വാങ്ങി ആഫ്രിക്കയിലെയും മറ്റും പട്ടിണിപ്പാവങ്ങള്‍ക്കു നല്‍കുന്നതിനെക്കുറിച്ചും മുസ്ലിം സമൂഹത്തിലെ ചിന്താശീലരായ നല്ല മനുഷ്യര്‍ പോലും ആലോചിക്കാത്തത് അതിശയകരം തന്നെ.!!!! ആറാം നൂറ്റാണ്ടിലെ ഒരപരിഷ്കൃത ഗോത്രജനതയുടെ വിശ്വാസങ്ങളും ഹീനാചാരങ്ങളുമായി എത്ര കാലം ഈ സമൂഹത്തിന് ഇനിയും മുന്നോട്ടു പോകാനാവും??? ആരാധനയ്ക്ക് അല്‍പ്പം കൂടി നെറിയും നന്മയുമുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലേ?
ചിന്താശേഷി പൂര്‍ണ്ണമായും മരവിച്ചിട്ടില്ലാത്ത വല്ലവരും ഉണ്ടെങ്കില്‍ ചിന്തിക്കുക!!!

Monday, October 8, 2007

ശിര്‍ക്കില്‍ മുങ്ങിയ തൌഹീദ്!!

ലാത്തമനാത്തദൈവങ്ങളെ അംഗീകരിക്കുന്ന വെളിപാട് പിശാചിന്റേതാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞതിനാല്‍ ഖുര്‍ ആനില്‍ നിന്നും ഒഴിവാക്കി പകരം വേറെ ആയത്തിറക്കുകയുണ്ടായല്ലോ. എന്നാല്‍ നബിക്കോ അല്ലാഹുവിനോ തിരിച്ചറിയാനും തിരുത്താനും സാധിക്കാതെ പോയ നിരവധി `പൈശാചിക വചനങ്ങള്‍ `അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ഇനിയുമുണ്ടെന്നു ന്യായമായും കരുതാം. ഇതാ ഒരുദാഹരണം:-
നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെ തവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”[2:158]
ശിര്‍ക് ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ആട്ടിയോടിക്കപ്പെട്ടവനാണല്ലോ ഇബ് ലീസ്. ഇറങ്ങിപ്പോരുമ്പോള്‍ ഇബ് ലീസ് ദൈവത്തോട് പറഞ്ഞത് “എന്നോട് ചെയ്ത ചതിക്കു ഞാന്‍ പകരം വീട്ടും.” എന്നാണ്.. മനുഷ്യരെക്കൊണ്ട് ശിര്‍ക് ചെയ്യിക്കാന്‍ പിശാച് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അതു ചെയ്തിട്ടുണ്ടെന്നു തന്നെയാണ് ഖുറ് ആനിലെ നിരവധി വചനങ്ങളും മുസ്ലിംങ്ങളുടെ പല ചെയ്തികളും വ്യക്തമാക്കുന്നത്.
ബിംബാരാധന തെറ്റാണെന്ന് സ്വന്തം അനുയായികളെ പഠിപ്പിച്ച പ്രവാചകന്‍ ഒടുവില്‍ തന്റെ സമുദായത്തെ വിഗ്രഹാരാധനയുടെ ചളിക്കുണ്ടിലേക്കു തന്നെ ആഴ്ത്തി വിട്ടതെന്തുകൊണ്ടാണെന്ന കാര്യം ഇസ്ലാമിക ചിന്തകരെത്തന്നെ ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ സംഗതിയാണ്. മക്ക തനിക്കു കീഴടങ്ങിയതോടെ മുഹമ്മദിന്റെ വിഗ്രഹവിരോധം പമ്പ കടന്നു!
ഹജ്ജ് എന്ന പേരില്‍ അവിടെ നടന്നു വന്ന പ്രാകൃതാചാരങ്ങളെല്ലാം നില നിര്‍ത്താന്‍ മുഹമ്മദ് ഉത്തരവിടുകയായിരുന്നു. ഇത് അദ്ദേഹത്തിന്റെ അന്നത്തെ അനുയായികളെപ്പോലും അമ്പരപ്പിച്ചതായി വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും പറയുന്നു. മേല്‍ ഉദ്ധരിച്ച ഖുര്‍ ആന്‍ വാക്യത്തിന് കെ വി മുഹമ്മദ് മുസ്ലിയാര്‍ നല്‍കുന്ന വിശദീകരണം കാണുക:
ഇസ്ലാമിന്റെ ആരംഭകാലത്ത് മുശ്രിക്കുകള്‍ ആ രണ്ടു പര്‍വ്വതങ്ങളിലും ഓരോ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അവയെ പ്രദക്ഷിണം ചെയ്യുകയും ആരാധിക്കുകയും ചെയ്തു വന്നിരുന്നു. എന്നാല്‍ ഇസ്ലാം വരികയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്ത ശേഷവും ആ പര്‍വ്വതങ്ങളെ പ്രദക്ഷിണം ചെയ്യുവാന്‍ മുസ്ലിംങ്ങള്‍ക്കു വെറുപ്പു തോന്നി. കാരണം ബിംബങ്ങളോടും അവയോടു ബന്ധപ്പെട്ട പശ്ചാത്തലങ്ങളോടും ജനമനസ്സുകളില്‍ ഇസ്ലാമുണ്ടാക്കിയ പരിവര്‍ത്തനം അത്രമാത്രം ഉഗ്രവും അഗാധവുമായിരുന്നു. അക്കാരണത്താല്‍ സഫാമര്‍വയെ ഇനിയും പ്രദക്ഷിണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക്ക്കുള്ള മനപ്രയാസം നബിയോടവര്‍ പറയുകയും ചെയ്തു. അപ്പോഴായിരുന്നു `അവ രണ്ടും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതായിരിക്കയാല്‍ അവയെ ത്വവാഫ് ചെയ്യല്‍ കുറ്റമല്ല` എന്നു അല്ലാഹു ഉണര്‍ത്തിയത്.”
ഹജ്ജ് എന്ന പ്രാകൃതവും മൂഡവുമായ ജാഹിലിയ്യ ആചാരം ഇസ്ലാമില്‍ നിലനിര്‍ത്തിയതിന്റെ പിന്നില്‍ പിശാചിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരിക്കാന്‍ സാധ്യതയില്ലേ? ഈ ആയത്തുള്‍പ്പെടെ വിഗ്രഹാരാധനക്കു പ്രേരകമായ പല വെളിപാടുകളും പിശാചിന്റെതാകാന്‍ ഇടയില്ലേ? എന്തൊക്കെയാണ് ഹജ്ജിന്റെ പേരില്‍ അവിടെ നടക്കുന്നത്? കല്ലിനെ ചുറ്റുക, കല്ലിനെ ചുംബിക്കുക, കല്ലിനെ കല്ലെറിയുക,തല മൊട്ടയടിക്കുക, ഒട്ടകങ്ങളെ ബലിയറുക്കുക എന്നിങ്ങനെ അറബിനാടോടികളുടെ എല്ലാ അനാചാരങ്ങളും ഇതിന്റെ ചടങ്ങുകളായി നടക്കുന്നു. ഹിന്ദുക്കളും മറ്റും അവരുടെ പ്രാര്‍ഥനയ്ക്കു മാത്രമേ വിഗ്രഹങ്ങളെ പരിഗണിക്കാറുള്ളൂ. മുസ്ലിംങ്ങള്‍ മലമൂത്രവിസര്‍ജ്ജനം നടത്തുമ്പോള്‍ പോലും ഈ വിഗ്രഹങ്ങളുടെ `പരിശുദ്ദി` കാക്കുന്നു!! അതേ സമയം തഞ്ചം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരെ വിഗ്രഹാരാധകര്‍ എന്നു കളിയാക്കുകയും ചെയ്യും!
നീ വെറും കല്ലു മാത്രമാണ്. നബി നിന്നെ ചുംബിക്കുന്നതു കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ തിരിഞ്ഞു നോക്കില്ലായിരുന്നു” എന്ന് ഉമര്‍ കാബയിലെ കല്ലിനെ നോക്കി പ്പറഞ്ഞതായി ഹദീസിലുണ്ട്. നബിയെത്തന്നെ കല്ലാരാധനയിലകപ്പെടുത്തി ,മുസ്ലിം സമൂഹത്തെ കാലാകാലം ശിര്‍ക്കില്‍ കുരുക്കിയിടാന്‍ പിശാചിനു കഴിഞ്ഞു! കാബ എന്ന കല്‍മണ്ഡപം കൊല്ലം തോറും പുണ്യജലം കൊണ്ടു സ്നാനം ചെയ്യിക്കാറുണ്ട്. അതില്‍ തൂക്കിയിടുന്ന ഖില്ല [കര്‍ട്ടണ്‍ ] വര്‍ഷം തോറും മാ‍റ്റിപ്പണിയുകയും പഴയ തുണി കഷ്ണങ്ങളാക്കി ഭക്തജനങ്ങള്‍ക്കു വീതിച്ചു കോടുക്കുകയും ചെയ്യാറുണ്ടത്രേ. ആ തുണിക്കഷ്ണം ആളുകള്‍ ഭക്തി പുരസ്സരം സൂക്ഷിച്ചു വെക്കുന്നു.!
ഇസ്ലാം വിഗ്രഹാരാധനയില്ലാ‍ത്ത മതമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

Friday, October 5, 2007

ദൈവങ്ങളെക്കാള്‍ നന്മ പിശാചുക്കള്‍ക്ക് !!

അബ്ദുല്‍ അലിയുടെ ഉദാഹരണത്തില്‍ തുടങ്ങാം.

ഒരു സ്കൂളിനു രണ്ടു ഹെഡ്മാസ്റ്റെര്‍ ഉണ്ടായാല്‍ കുഴപ്പം തന്നെ. പക്ഷെ രണ്ടു സ്കൂളിനുംകൂടി ഒരു ഹെഡ്മാസ്റ്റെറാകുന്നതും പ്രായോഗിക ബുധിമുട്ടുണ്ടാക്കും. അനേകം സ്കൂളുകളുടെ മേല്‍നോട്ടത്തിന് ‍ ഒരു ഓഫീസര്‍, അവരുടെ മേല്‍നോട്ടത്തിന് ഒരു ഡെപ്യൂട്ടി ഡയരക്ടര്‍ ,പിന്നെ ഡയര ക്ടര്‍, അങ്ങനെ ഒടുവില്‍ ഒരു സുപ്രീം അതോറിറ്റി. ഇതാണു ജനാധിപത്യത്തിലെ രീതി. രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരോ സ്കൂളിലും വന്ന് കുട്ടികളെ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്യാറില്ല! അദ്ധേഹം ആ സ്ഥാനത്തിരുന്നുകൊണ്ട് എല്ലാം നിയന്ത്രിക്കുക മത്രമേ ചെയ്യാവൂ. പദവിക്കു ചേരാത്തവിധത്തില്‍ പെരുമാറിയാല്‍ അദ്ദേഹത്തെ കുറിച്ചുള്ള മതിപ്പു കുറയും. അല്ലാഹുവിന്റെ കാര്യത്തില്‍ ഞാനുന്നയിച്ച വിമര്‍ശനത്തിന്റെ പൊരുളും മറ്റൊന്നല്ല.

മനുഷ്യനെ സംബന്ധിക്കുന്ന ഒരു ഉദാഹരണവും ദൈവത്തിനു ചേരില്ല എന്നതാണു മറ്റൊരു പ്രശ്നം. ദൈവം മനുഷ്യ നല്ലല്ലൊ. മക്കയിലെ ഖുറൈശികള്‍ ഈ വക കാര്യങ്ങളിലൊക്കെ മുഹമ്മദിനെക്കാള്‍ യുക്തിവൈഭവമുള്ളവരായിരുന്നു. നബി തന്റെ നൂതന സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ അതിനെ സമചിത്തതയോടെയും ക്ഷമയോടെയും യുക്തിപൂര്‍വ്വവും നേരിടുകയാണു ചെയ്തത്. മുഹമ്മദിനെ മറ്റു രീതിയില്‍ [ഇന്നത്തെ മുസ്ലിങ്ങളെപ്പോലെ] കൈകാര്യം ചെയ്യുകയുണ്ടായില്ല. പരമാവധി പൊടിപ്പും തുങ്ങലും വെച്ച് അവതരിപ്പിച്ചിട്ടും മക്കക്കാര്‍ മുഹമ്മെദിനെ ശാരീരികമായി ആക്രമിച്ചിരുന്നു എന്നതിനു തെളിവു തരാന്‍ ഇസ്ലാം ചരിത്രകാരന്മാര്‍ക്കു കഴിയുന്നില്ല എന്നത് ശ്രദ്ധേയമാണ്. വഴിയില്‍ മുള്ളു വിതറി ,തുപ്പി, ആട്ടിങ്കുടല്‍ എറിഞ്ഞു എന്നതൊക്കെയാണു മാരകമായ ആക്രമമായി പറയുന്നത്. മുഹമ്മദ് പിന്നീടവരോട് കാണിച്ച ക്രൂരതകളുമായി താരതമ്യം ചെയ്താല്‍ ഇതൊന്നും ഒരു പീഡനമേയല്ല.

മക്കയിലെ ഖുറൈശികള്‍ വളരെ ഉയര്‍ന്ന സംസ്കാരമുള്ളവരും മുഹമ്മദിനേക്കാള്‍ നന്മയുള്ളവരുമായിരുന്നുവെന്ന് ഇസ്ലാമിന്റെ ചരി‍ത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും. ചില ചരിത്രകാരന്മാര്‍ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. നബിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടുന്നതിനായി അവരെ വെറും ജാഹിലുകളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഇന്നത്തെ മതപ്രചാരകര്‍. ഈ അഭിപ്രായം ഇസ്ലാം വിരോധികളുടെയല്ലെന്നു കാണിക്കാന്‍ ചില ഉദ്ധരണികള്‍ കൂടി കാണുക;-
തിരുമേനി ആദ്യമാദ്യം ഏകദൈവസിദ്ധാന്തത്തിലേക്ക് ജനങ്ങളെ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോളാണ് ബഹുദൈവവിശ്വാസത്തെ പരസ്യമായി എതിര്‍ക്കാന്‍ തുടങ്ങിയത്. അത് മക്കക്കാര്‍ക്കു വിശിഷ്യാ ഖുറൈശികള്‍ക്കു സഹിക്കാന്‍ കഴിയാത്ത ഒന്നായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഒരു ജനതയുടെ ദൈവങ്ങളെ പാടേ നിഷേധിക്കാന്‍ ഒരാള്‍ എഴുന്നേറ്റു നിന്നാല്‍ -വിശിഷ്യാ അക്കാലത്ത്-ആ ജനത അവനെ വെറുതെ വിടുമോ? ഒരിക്കലുമില്ല. പക്ഷെ ഖുറൈശികള്‍ നമ്മില്‍ പലരും ധരിച്ചു വെച്ചതുപോലെ , വിഡ്ഢികളോ അജ്ഞാനികളോ ആയിരുന്നില്ല. അവര്‍ തികഞ്ഞ തന്റേടവും ദീര്‍ഘദൃഷ്ടിയുമുള്ളവര്‍ തന്നെയായിരുന്നു.....
.....കുറൈശികള്‍ വളരെ തന്റേടത്തോടെയും ദീര്‍ഘദൃഷ്ടിയോടെയും കൂടിയാണ് ആദ്യമാദ്യം തിരുമേനിയുടെ ഉല്‍ബോധനങ്ങളെ അഭിമുഖീകരിച്ചത്. അതായത് ആത്മനിയന്ത്രനം വിട്ട് അവര്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നില്ല......
ഖുറൈശികളുടെ ദൈവങ്ങളെ നിഷേധിക്കാന്‍ എഴുന്നേറ്റു നിന്നിരുന്ന മുഹമ്മദ്[സ]യെ ഒരൊറ്റ അടിക്കു കൊല്ലാനും അങ്ങിനെ തങ്ങളുടെ ദൈവങ്ങളുടെ അന്തസ്സും പ്രതാപവും നിലനിര്‍ത്താനും അവര്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല. പക്ഷെ അവരതിനു മുതുര്‍ന്നില്ല.
....കുറൈശി നേതാക്കളെല്ലാവരും ദുഷ്ടന്മാരോ ദുര്‍ബുദ്ധികളോ ആയിരുന്നില്ല. സഹൃദയരും ഉദാര ശീലരും മാന്യരുമായി, പലരും പല നേതാക്കളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണണമെന്നാണ് അവരാഗ്രഹിച്ചത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ആത്മനിയന്ത്രണം കൈവിടാതെ പെരുമാറാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചത്
..”[ഇസ്ലാം ചരിത്രം, സി എന്‍ അഹ്മദ് മൌലവി, പേജ് 225,226 ഒന്നാം പതിപ്പ് 1971]

അറബികള്‍ അതിപുരാതനമായ ഒരു സംസ്കാര പാരംബര്യമുള്ള ജനതയാണ്. മക്കാനേതാക്കളായിരുന്ന കുറൈശികളോ, അവരുടെ നിലവാരം മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്; റോമന്‍ ചക്രവര്‍ത്തി,അബ്സീനിയന്‍ ചക്രവര്‍ത്തി, യമന്‍ രാജാക്കന്മാര്‍, മുതലായവരുമായി ഒരു മധ്യവര്‍ത്തിയെയും കൂടാതെ നേരില്‍തന്നെ ബന്ധം പുലര്‍ത്തിക്കൊണ്ടിരുന്നവരായിരുന്നു കുറൈശികള്‍ ‍. പരി‍ശുദ്ധമക്കായുടെ അധിപന്മാരും അറേബ്യയിലെ പുരോഹിതനേതാക്കന്മാരും എന്ന നിലക്ക് ആ രാജാക്കന്മാരെല്ലാം ഇവരെ ആദരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ,ലോകവ്യാപാരകേന്ദ്രം മക്കയാകകൊണ്ടും ,വിവിധ നാടുകളില്‍ വ്യാപാരാവശ്യാര്‍ഥം സഞ്ചരിക്കുക മൂലംവും വളരെയേറെ അറിവുകളും അനുഭവങ്ങളും നേടിക്കഴിഞ്ഞവരായിരുന്നു കുറൈശികള്‍.....
അവര്‍ ദൈവവിശ്വാസികളായിരുന്നു. അല്ലാഹുവിന്റെ അസ്തിത്വത്തിലും ,ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് അവനാണെന്ന കാര്യത്തിലും അവര്‍ക്ക് അശേഷം സംശയമുണ്ടായിരുന്നില്ല. പക്ഷെ അല്ലാഹുവിനെ പ്രതാപശാലിയായ ഒരു രാജാവിന്റെ സ്ഥാനത്താണവര്‍ കണക്കാക്കിയത്....
ഹജ്ജ് കര്‍മ്മങ്ങള്‍ അവര്‍ നിര്‍വ്വഹിച്ചിരുന്നു. അത് ഒരു വലിയ പുണ്യകര്‍മ്മമായിട്ടു തന്നെയാണവര്‍ ഗണിച്ചിരുന്നത്. നാല്‍ക്കാലികളെ തങ്ങളുടെ ദൈവങ്ങളുടെ പേരില്‍ ഉഴിഞ്ഞിടുകയും ബലിയറുക്കുകയും പതിവായിരുന്നു. പലിശ ,ചൂതാട്ടം ,വ്യഭിചാരം മുതലായവ നിഷിദ്ധങ്ങളായിട്ടു തന്നെയാണവര്‍ കണക്കാക്കിയിരുന്നത്. അതുകൊണ്ടാണല്ലൊ കാബ പുനരുദ്ധരിച്ചപ്പോള്‍ ,അത്തരം പണങ്ങളൊന്നും അതിലേക്കുപയോഗപ്പെടുത്തിക്കൂടെന്ന് അവര്‍ തീരുമാനിച്ചതും, അവസാനം പണം തികയാതെ വന്നപ്പോള്‍ തറയില്‍ ഒരു ഭാഗം ഒഴിച്ചിട്ട് കാ‍ബയുടെ ചുമര് കെട്ടിയതും. ദാനധര്‍മ്മങ്ങളില്‍ അവരെപ്പോഴും അഭിമാനം കൊണ്ടിരുന്നു. ചില പ്രത്യേക കുടുംബങ്ങള്‍ക്കു ചില വിശ്വാസ സിദ്ധാന്തങ്ങളും ആചാര സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിച്ചു,എന്നായിരുന്നു അറബികളുടെ ധാരണ....”[
അതേ പുസ്തകം പേ.250]

ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ പ്രചരിപ്പിക്കുന്നതു പോലെ ഒരു അവതാര പുരുഷന്റെ വരവും അനിവാര്യമായ ഒരു ജഹിലിയ്യാ സമൂഹമായിരുന്നില്ല മക്കയിലക്കാലത്തുണ്ടായിരുന്നത് എന്ന യാഥാര്‍ഥ്യം ഇനിയങ്ങോട്ടുള്ള ചര്‍ച്ചയില്‍ വളരെ ഉപകരിക്കും എന്നതിനാലാണ് ഇത്രയും ഉദ്ധരിച്ചത്. ഇവിടെ ഒരു കാര്യം കൂടി നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അന്നത്തെ മക്കാമുശ്രിക്കുകളുള്‍പ്പെടെ ഇസ്ലാം ചരിത്രത്തിലെ പ്രതിയോഗികള്‍ അവശേഷിപ്പിച്ചു പോയ യാതൊരു രേഖയും നമുക്കു ലഭ്യമല്ല. ഇസ്ലാമിനെ ന്യായീകരിക്കാന്‍ ഇസ്ലാം വക്താക്കള്‍ എഴുതിയുണ്ടാക്കിയ രേഖകളെ മാത്രമേ നമുക്കു പഠനത്തിനായി ലഭിക്കുകയുള്ളു .ആ ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഇപ്രകാരമാണെങ്കില്‍ യഥാര്‍ഥ ചരിത്രം നമുക്കു കിട്ടിയിരുന്നുവെങ്കിലുള്ള കഥയൊന്നോര്‍ത്തു നോക്കൂ.
കുറൈശികള്‍ മുഹമ്മദിനോടെങ്ങനെയാണു പെരുമാറിയതെന്നു ഖുര്‍ ആനിന്റെയും വ്യാഖാനങ്ങളുടെയും വരികള്‍ക്കിടയില്‍നിന്നും പരിശോധിക്കാന്‍ ,ചിന്തിക്കുന്നമുസ്ലിം സുഹൃത്തുക്കള്‍ തയ്യാറകണം എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. എത്ര യുക്തിപൂര്‍വമുള്ള നിര്‍ദേശങ്ങളാണ് അവര്‍ മുന്നോട്ടു വെച്ചതെന്നു നോക്കൂ:
മുഹമ്മദ്,സ്വന്തം ആദര്‍ശങ്ങളില്‍ വിട്ടു വീഴ്ച്ചക്കും നീക്കുപോക്കിനും സന്നദ്ധനല്ലെങ്കില്‍ ഒരു കാര്യം ചെയ്യട്ടെ: ആദര്‍ശങ്ങളെല്ലാം അങ്ങു മനസ്സില്‍ ഒതുക്കിവെക്കുകയും ;എന്നിട്ട് ആര്‍ക്കും അസുഖമുണ്ടാക്കാതെ ആരുടെ വികാരത്തെയും വ്രണപ്പെടുത്താതെ ,പ്രത്യക്ഷത്തില്‍ എല്ലാവരോടും നല്ല നിലയില്‍ പെരുമാറുക. ബിംബാരാധന ചെയ്യുന്നവര്‍ അതു ചെയ്തുകൊള്ളട്ടെ. അവരെ എതിര്‍ക്കാനോ ആക്ഷേപിക്കാനൊ പോകാതിരിക്കുക. കാക്ക കാരണവന്മാരുടെ നടപടികള്‍ തെറ്റെന്നു വരുത്തിയിട്ട് അവരുടെ പിന്‍ ഗാമികളെ വേദനിപ്പിക്കാതിരിക്കുക. അങ്ങനെ ചെയ്യുകയാണെങ്കില്‍ മുഹമ്മദിന്റെ അനുയായികളോട് ഞങ്ങളും അങ്ങനെ പെരുമാറും.”[പേ.266]
ഇക്കാര്യം ഖുര്‍ ആന്‍ ഇങ്ങനെ സൂചിപ്പിക്കുന്നു:
“‘നീ അല്പം മയപ്പെടുത്തിയിരുന്നെങ്കില്‍ എന്നവര്‍ ആഗ്രഹുക്കുന്നു. എങ്കില്‍ അവരുമതേ നിലപാടു സ്വീകരിക്കുമായിരുന്നു.”[68:9]

പ്രപഞ്ചം സൃഷ്ടിച്ചതുമതു നിയന്ത്രിക്കുന്നതും അല്ലാഹു എന്ന സുപ്രീം ദൈവമാണെന്നുതന്നെയായിരുന്നു അവരുടെയും വിശ്വാസം. മറ്റു ഗോത്രദൈവങ്ങള്‍ക്കും ചില ശക്തിയുണ്ട് എന്നു മാത്രമേ അവര്‍ കരുതിയിരുന്നുള്ളു. പരംബരാഗതമായി തുടര്‍ന്നു പോരുന്ന വിശ്വാസങ്ങള്‍ തുടരുന്നവര്‍ അതു തുടര്‍ന്നോട്ടേ .മുഹമ്മദിന്റെ വിശ്വാസം വേണ്ടവര്‍ അതനുസരിച്ചും ജീവിച്ചോട്ടെ. എത്ര ജനാധിപത്യപരമായ നിലപാടായിരുന്നു ആ സമൂഹത്തുന്റേതെന്നു നോക്കൂ. വളരെ ന്യായവും യുക്തിസഹവുമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ അവര്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ചിരുന്നു.

ഒരു നിര്‍ദ്ദേശം ഇപ്രകാരമായിരുന്നു.:അല്ലാഹുവിനെ ആരാധിക്കുന്നതും മറ്റു ദൈവങ്ങളെ ആരാധിക്കുന്നതും തമ്മില്‍ വ്യത്യാസമെന്തെങ്കിലും ഉണ്ടോ എന്നു ഒരു പരീക്ഷണത്തിലൂടെ നമുക്കു പരിശോധിക്കാം. ഒരു കൊല്ലം നമുക്കെല്ലാവര്‍ക്കും അല്ലാഹുവിനെ മാത്രം ആരാധിക്കാം .പിന്നീട് ഒന്നോ രണ്ടോ മാസം മറ്റു ദൈവങ്ങളെയും ആരാധിക്കാം. ഏതു കാലഘട്ടത്തിലാണു കൂടുതല്‍ അഭിവൃദ്ധിയുണ്ടാകുന്നത് എന്നറിഞ്ഞ് പിന്നീടതനുസരിച്ചു ജീവിക്കാം. ഈ നിര്‍ദ്ദേശത്തോട് നിഷേധാത്മകമായാണ് മുഹമ്മദ് പ്രതികരിച്ചത്.
നിങ്ങളാരാധിക്കുന്നതിനെ ഞങ്ങളാരാധിക്കുകയില്ല; ഞങ്ങളാരാധിക്കുന്നതിനെ നിങ്ങളാരാധിക്കുകയില്ല; നിങ്ങള്‍ക്കു നിങ്ങളുടെ മതം ,ഞങ്ങള്‍ക്കു ഞങ്ങളുടെ മതം”. എന്ന അധ്യായം വെളിപാടായി വന്നത് ഈ സന്ദര്‍ഭത്തിലായിരുന്നുവത്രേ!

മറ്റൊരിക്കല്‍ കാബയില്‍ പ്രാര്‍ഥനക്കൊത്തുകൂടിയ വേളയില്‍ ഖുറൈശികള്‍ മുഹമ്മദിന്റെ മുമ്പില്‍ അല്പം കൂടി വിട്ടുവീഴ്ച്ചയോടെ മറ്റൊരു നിര്‍ദ്ദേശം കൂടി സമര്‍പ്പിക്കുകയുണ്ടായി . അതിങ്ങനെയായിരുന്നു: “അല്ലാഹു തന്നെ യാണു ശരിയായ ദൈവമെന്നു ഞങ്ങള്‍ അംഗീകരിക്കുന്നു. കൂട്ടത്തില്‍ നമ്മുടെ പരംബരാഗത ദൈവങ്ങളെ അല്ലാഹുവിന്റെ യടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ ശക്തിയുള്ള ദേവതകളായെങ്കിലും കരുതിക്കൂടേ?“
ഈ നിര്‍ദ്ദേശം ന്യായമല്ലേ എന്ന തോന്നല്‍ മുഹമ്മദിന്റെ മനസ്സിലും പെട്ടെന്നു മിന്നി മറഞ്ഞു .അതൊരു വെളിപാടായി പുറത്തു വന്നു.!
ലാത്തയെയും ഉസ്സയെയും നിങ്ങള്‍ കണ്ടില്ലേ?;മാനാത്ത എന്ന മൂന്നാമത്തെയും, അവയും ഉന്നതങ്ങളിളെ ദേവതകള്‍ തന്നെ, അവരുടെ ശുപാര്‍ശകളും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടും”.
ഈ വെളിപാടു കേട്ടതോടെ സന്തോഷാധിക്യത്താല്‍ അവിടെ കൂടിയ വരെല്ലാവരും മുഹമ്മദിനോടൊപ്പം സുജൂദ് ചെയ്തു. മക്കായിലാകെ ശാന്തിയുടെയും സന്തോഷത്തിന്റെയും ആരവം മുഴങ്ങി. ഈ വാര്‍ത്ത കേട്ട് അബ്സീനിയയിലേക്കു നേരത്തെ പാലായനം ചെയ്തിരുന്ന മുസ്ലിംങ്ങള്‍ തിരിച്ചു പോന്നു. പക്ഷെ ഈ സന്തോഷം അധികകാലം നില നിന്നില്ല. ശിര്‍ക്കും തൌഹീദും തമ്മില്‍ ഇങ്ങനെയൊരു ഒത്തു തീര്‍പ്പുണ്ടായതോടെ മുഹമ്മദിനു ഭ്രാന്തുതന്നെയാണെന്ന നിഗമനം ശക്തി പ്രാപിക്കുകയാണുണ്ടായത്. `ദൈവദൂതന്‍` ആകെ ആശയക്കുഴ്പ്പത്തിലായി. അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ സംഘര്‍ഷങ്ങള്‍ അലയടിച്ചു.
വെളിപാടു പിന്നെയും വന്നു.; ലത്തയെയും മനാത്തയെയും പുകഴ്ത്തിക്കൊണ്ട് വെളിപാടിറക്കിയത് പിശാചായിരുന്നു എന്ന് മുഹമ്മദ് തിരിച്ചറിഞ്ഞു! ഈ സംഭവം ഇസ്ലാമിന്റെ ചരിത്രകാരന്മാ‍ര്‍ തന്നെ രേഖപ്പെടുത്തിയതാണ്.

ഖുറ് ആന്‍ മുഹമ്മദിന്റെ മനസ്സില്‍ അക്കാലത്തുണ്ടായ ചാഞ്ചാട്ടങ്ങളെ ഭംഗിയായി വരച്ചു വെച്ചിട്ടുമുണ്ട്.:
നബിയെ, നിശ്ചയമായും നിനക്കു നാം വഹ്യ് നല്‍കീടുള്ളതില്‍നിന്നു അവര്‍ നിന്നെ തെറ്റിച്ചു കുഴപ്പത്തിലാക്കുമായിരുന്നു.;ഇതല്ലാത്തതു വല്ലതും നമ്മുടെ പേരില്‍ നീ കെട്ടിച്ചമക്കുവാന്‍ വേണ്ടി.എങ്കില്‍ അവര്‍ നിന്നെ ഒരു ചങ്ങാതിയാക്കുകയും ചെയ്യുന്നതാണ്.”
നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും,നീ അവരിലേക്കു ചാഞ്ഞു പോവുക തന്നെ ചെയ്യുമായിരുന്നു.
എങ്കില്‍ നിനക്കു ഞാന്‍ ജീവിതത്തിലെ ഇരട്ടി ശിക്ഷയും മരണത്തിലെ ഇരട്ടി ശിക്ഷയും ആസ്വദിപ്പിക്കുകയും ചെയ്യുന്നതാണ്. പിന്നെ നമുക്കെതിരെ നീ ഒരു സഹായിയെയും കണ്ടെത്തുകയില്ല
.”[17:73-75]

പിശാചിന് ഈ പണി പണ്ടേ ഉണ്ടെന്നു പറഞ്ഞുകൊണ്ട് അല്ലാഹു നബിയെ സമാശ്വസിപ്പിക്കുകയും ചെയ്തു!
നിനക്കു മുമ്പും, ഒരു റസൂലിനെയാകട്ടെ നബിയെയാകട്ടെ , നിയോഗിച്ചിട്ടില്ല.;അദ്ദേഹം ഓതുന്നതില്‍ പിശാച് ഇടപെട്ടുകൊണ്ടല്ലാതെ.; എന്നാല്‍ പിശാച് ഇട്ടു കളയുന്നതിനെ അല്ലാഹു ദുര്‍ബ്ബലപ്പെടുത്തുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.”[22:52]
മക്കയില്‍ സമാധാനം നില നിര്‍ത്താനും മുഹമ്മദിന്റെ യുക്തിഹീനമായ ചിന്തകളില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാനും `നന്മയുള്ള` പിശാച് അന്നു നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടത് ചരിത്രത്തില്‍ സംഭവിച്ച ഒരു മഹാദുരന്തം തന്നെയായിരുന്നു. തന്നെ അങ്ങേയറ്റം സ്നേഹിക്കുകയും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത മക്കയിലെ നല്ല മനുഷ്യരോട് മുഹമ്മദ് പിന്നീടു കാണിച്ച കൊടും ക്രൂരതകള്‍ മനസ്സാക്ഷിയുള്ള ആരെയും അമ്പരപ്പിക്കാതിരിക്കില്ല.!!

ഒരു സ്കൂളില്‍ രണ്ടു ഹെഡ്മാസ്റ്ററോ എന്നു ചോദിച്ച സുഹൃത്തുക്കളോട് വിനയപൂര്‍വ്വം ചോദിച്ചോട്ടേ. മക്കയിലെ കുറൈശികള്‍ അന്നു മുന്നോട്ടൂ വെച്ച നിര്‍ദ്ദേശത്തില്‍ എന്താണു തെറ്റ്? അല്ലാഹു പ്രധാന ദൈവമായിരിക്കെ തന്നെ മറ്റു ഗോത്രദൈവങ്ങളെക്കൂടി ആദരിക്കുകയും അവയും അല്ലാഹുവിന്റെ ഭാഗമാണെന്നു കരുതുകയും ചെയ്തിരുന്നെങ്കില്‍ യുദ്ധവും കൊലയും ഒഴിവാക്കാമായിരുന്നില്ലേ?
ഓരോസ്കൂളിലും ഓരോ ഹെഡ്മാസ്റ്റെര്‍മാരുണ്ടാകുന്നതില്‍ പ്രധാനമന്ത്രി അസൂയപ്പെടേണ്ടതുണ്ടോ?
ദൈവത്തെ ഓരോരുത്തരും അവരവര്‍ക്കു സങ്കല്‍പ്പിക്കാവുന്ന വിധത്തിലും താല്പര്യമുള്ള രീതിയിലും ആരാധിച്ചോട്ടേ എന്നു കരുതാനുള്ള വിശാലമനസ്കത നമുക്കും നമ്മുടെ ദൈവങ്ങള്‍ക്കും ഉണ്ടാകുന്നതല്ലേ നല്ലത്?
അതല്ല ;ദൈവത്തിനു ചില പ്രത്യേകരീതി മാത്രമേ സ്വീകാര്യമാകൂ എന്നാണെങ്കില്‍ ഈ ദൈവം ഇത്രയും ദുരൂഹതകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചുകൊണ്ട് ആകശത്തിന്റെ മറവില്‍ ഒളിച്ചിരിക്കുന്നതെന്തിന്‍???

Thursday, October 4, 2007

അടിപിടി കൂടുന്ന ദൈവങ്ങളോ??

അറബികളുടെ ദൈവങ്ങള്‍ വ്യാജന്മാരാണെന്നും ദൈവം ഒന്നേയുള്ളുവെന്നും മക്കാമുശ്രിക്കുകളെ ബോധ്യപ്പെടുത്താന്‍ മുഹമ്മദിനു കഴിഞ്ഞില്ല.
ഒന്നിലധികം ദൈവങ്ങളുണ്ടായാല്‍ എന്താണു കുഴപ്പം എന്നവര്‍ക്കു വിശദീകരിച്ചുകൊടുത്തതും `അല്ലാഹു` തന്നെയായിരുന്നു.:-

ആകാശഭൂമികളില്‍ അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അതു രണ്ടും നശിച്ചു പോകുമായിരുന്നു.”[21:22]
“അല്ലാഹു സന്താനോല്പാദനം നടത്തിയിട്ടില്ല. അവനോടൊപ്പം വേറെ ഇലാഹുകളുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോരുത്തരും സൃഷ്ടിച്ചതും കൊണ്ട് അവര്‍ വേറെപ്പോവുകയും തമ്മില്‍ അടിപിടി കൂടുകയും ചെയ്യുമായിരുന്നു.”[
23:91]
വേറെ ദൈവങ്ങളുണ്ടായാല്‍ അവര്‍ തന്റെ സിംഹാസനം കൈക്കലാക്കാന്‍ ശ്രമിക്കുമെന്ന വേവലാതിയുമുണ്ട് അല്ലാഹുവിന്.! [17:42]

ഒരു ഗോത്രത്തിനു രണ്ടു തലവന്മാരുണ്ടായാല്‍ അവര്‍ തമ്മില്‍ അടിപിടിയുണ്ടാകുമെന്നറിയാവുന്ന അന്നത്തെ അറബികള്‍ക്ക് ഈ വിശദീകരണം തൃപ്തികരം തന്നെയായിരുന്നു. പക്ഷെ അതു മുഹമ്മദ് സ്വന്തം നിലക്കു പറയുന്നതിനു പകരം `അല്ലാഹു`വിനെക്കൊണ്ട് പറയിച്ചത് പാവം അല്ലാഹുവിനെ കൊച്ചാക്കലായിപ്പോയി.!
അസൂയയും കുശുമ്പും വെടിഞ്ഞ് പരസ്പര സഹകരണത്തോടെ ചുമതലകള്‍ പങ്കു വെക്കാനുള്ള ജനാധിപത്യബോധവും അല്പം വിശാലമനസ്കതയും ഉണ്ടെങ്കില്‍ ഭൂമിയിലും ആകാശത്തും രണ്ടു ദൈവങ്ങള്‍ ഭരണം നടത്തുന്നതുകൊണ്ട് കുഴപ്പമൊന്നും സംഭവിക്കുകയില്ല. കൂടുതല്‍ സൌകര്യമായിരിക്കുകയും ചെയ്യും. ഒരു മലക്കിന് അല്ലാഹുവിന്റെ അര്‍ശ്[സിംഹാസനം] വരെ പോകണമെങ്കില്‍ 50000 വര്‍ഷം യാത്ര ചെയ്യണം.[70:4]
ഇത്രയും ദൂരം മലക്കുകളെ ഓടിക്കുന്നതിനെക്കാള്‍ നല്ലത് ഭൂമിയിലെ കാര്യങ്ങളെങ്കിലും മറ്റൊരു ദൈവത്തെ ഏല്‍പ്പിക്കുന്നതായിരിക്കുമല്ലോ!

മറ്റു ദൈവങ്ങളെ ആരാധിക്കുന്നതൊഴികെ ഏതു വന്‍ കുറ്റവും അല്ലാഹു പൊറുക്കും. പക്ഷെ ആരാധന പങ്കുവെക്കാന്‍ മറ്റൊരുത്തന്‍ വരുന്നത് അല്ലാഹുവിനു സഹിക്കാനാവില്ല.
നിശ്ചയമായും നിങ്ങളും അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ വിറകാണ്....അവ ഇലാഹുകള്‍ ആയിരുന്നെങ്കില്‍ നരകത്തില്‍ വന്നു ചേരുകയില്ലായിരുന്നു. എല്ലാവരും അതില്‍ നിത്യവാസികളാണ്.”[21:98,99]
അസൂയയുടെ ആഴം നോക്കണേ! വിവരമില്ലത്ത മനുഷ്യര്‍ ആരാധിച്ചു പോയി എന്ന കുറ്റത്തിന് നിരപരാധികളായ ഈ വസ്തുക്കളെ നരകത്തിലെ നിത്യവാസികളാക്കി ശിക്ഷിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരു ദൈവത്തിന്റെ മാനസികാവസ്ഥ പരിതാപകരം തന്നെ! യേശുവും ചില മലക്കുകളുമൊക്കെ ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ ആരാധിക്കപ്പെട്ടിട്ടുണ്ട്. അവരെയും നരകത്തിലിടുമോ എന്ന് മുശ് രിക്കുകള്‍ ചോദിച്ചപ്പോള്‍ അബദ്ധം മനസ്സിലാക്കിയ അല്ലാഹു അവ്ര്ക്കു പ്രത്യേകം ഇളവു നല്‍കുകയുണ്ടായത്രേ!

മുസ്ലിംങ്ങള്‍ ഇത്രയധികം അസഹിഷ്ണുക്കളും അന്യമത വിരോധികളുമാകാന്‍ കാരണം തൌഹീദിലുള്ള ഈ കടും പിടുത്തമാണെന്നു തോന്നുന്നു. ഒരു ബഹു മതസമൂഹത്തിനു തീരെ യോജിച്ചതല്ല ഈ ഇടുങ്ങിയ സിദ്ധാന്തം. ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്. മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കും യുക്തിക്കും പിടി കൊടുക്കാതെ ഒളിച്ചുകളി നടത്തുന്ന ഒരു ദൈവം ആരാധനയുടെ കാര്യത്തില്‍ അല്പം വിശാലമനസ്കത കാണിച്ചിരുന്നെങ്കില്‍ ഈ ലോകം ഇന്നത്തേതിലും എത്രയോ ശാന്തിയും സമാധാനവും നിറഞ്ഞതാകുമായിരുന്നു.

അല്ലാഹുവല്ലാതെ വേറെ ദൈവങ്ങളില്ല എന്നത് അല്ലാഹുവല്ലാത്ത ദൈവമില്ല എന്നു മാറ്റി വ്യാഖ്യാനിച്ചാല്‍ അന്യരുടെ വിശ്വാസങ്ങളെയും ആരാധനാരീതികളെയും അംഗീകരിക്കാന്‍ പ്രയാസം വരില്ല. നിഷ്കളങ്കനായ ഒരു ഭക്തന്‍ അയാളുടെ ബുദ്ധിപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നു കോണ്ട് ദൈവത്തെ ധ്യാനിക്കുകയും, ഈശ്വരാ എന്നോ ഗുരുവായൂരപ്പാ എന്നോ വിളിച്ചു പ്രാര്‍ഥികകയും ചെയ്യുമ്പോള്‍‍ ,അയാള്‍ എന്നെയല്ല വിളിക്കുന്നത് എന്ന മട്ടില്‍ മുഖം തിരിച്ച് നില്‍ക്കുന്നതിനു പകരം ആ നിരപരാധികളുടെ വിളിയും അര്‍ച്ചനയും തന്റെ സ്വന്തം അക്കൌണ്ടില്‍ വരവു വെക്കാനുള്ള ഹൃദയവിശാലത കാണിക്കുകയല്ലേ നീതിമാനായ ഒരു ദൈവം ചെയ്യേണ്ടത്? അറബിയില്‍ വിളിച്ചാലേ താന്‍ ശ്രദ്ധിക്കൂ; എന്നും മക്കയുടെ നേരെ തിരിഞ്ഞു നിന്നില്ലെങ്കില്‍ നരകത്തിലിട്ടു കത്തിക്കുമെന്നുമൊക്കെ പറയുന്ന ഒരു ദൈവം എത്രമാത്രം ചെറുതാണെന്നാലോചിച്ചു നോക്കൂ.

ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര ദൈവത്തെയും മുറുക്കിപ്പിടിച്ചുകൊണ്ട് ഇനിയും അധികകാലം മുന്നോട്ടു പോകാന്‍ കഴിയുകയില്ലെന്ന യാഥാര്‍ഥ്യം നമ്മുടെ മുസ്ലിം ബുദ്ധിജീവികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ചിന്തയിലും വിശ്വാസങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകാത്തതാണ് ഇന്നു കാണുന്ന ജീര്‍ണതകള്‍ക്കു കാരണം എന്നു പറയാനാണു ശ്രമിച്ചത്. സ്വതന്ത്രചിന്തയിലൂടെ മാത്രമേ മനുഷ്യനു പുരോഗതിയും നന്മയും കൈവരിക്കാനാകൂ. ദൈവങ്ങളും മതങ്ങളും അതിനു തടസ്സമായിക്കൂടാ.

Wednesday, October 3, 2007

സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ?

മക്കയിലെ ജനങ്ങള്‍ മുഹമ്മദിന്റെ തൌഹീദും പ്രവാചകത്വവും സ്വീകരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു വ്യക്തമായതോടെ അല്ലാഹുവിന് അവരോടുള്ള വൈരാഗ്യവും കോപവും ഇരട്ടിച്ചു. ഖുറൈശിപ്രമാണിമാരായ എതിരാളികളെ പേരെടുത്തു പറഞ്ഞ് ശകാരിക്കാന്‍ തുടങ്ങി ഈ ദൈവം!
 ഒരിക്കല്‍ മക്കയിലെ ഒരു കുന്നിന്‍ മുകളില്‍ കയറി നിന്നുകൊണ്ട് മുഹമ്മദ് അപായ സൂചനയുടെ ശബ്ദം മുഴക്കി ആളുകളെ വിളിച്ചു കൂട്ടി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അദ്ദേഹം തന്റെ സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങി. ഇതു കേട്ടതോടെ അവര്‍ പിറുപിറുത്തുകൊണ്ട് പിന്തിരിഞ്ഞു പോയി. മുഹമ്മദിന്റെ പിതൃവ്യനായ അബൂലഹബ് നബിയെ ശപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞുവത്രേ:“ മ്മുഹമ്മദേ നിനക്കു നാശം ;ഇതിനാണോ നീ മനുഷ്യനെ മെനക്കെടുത്തിയത്?” ഉരുളക്കുപ്പേരിയെന്നോണം അല്ലാഹുവിന്റെ ശാപവചനങ്ങള്‍ ഇങ്ങനെ വെളിപ്പെട്ടു:-

അബൂലഹബിന്റെ രണ്ടു കൈകളും നശിക്കട്ടെ;
അവന്റെ സമ്പാദ്യവും തുലഞ്ഞു പോട്ടെ;
ജ്വലിക്കുന്ന തീയില്‍ അവന്‍ കിടന്നെരിയും;
അവന്റെ കെട്ട്യോളുണ്ടല്ലോ, ആ വിറകു ചുമട്ടുകാരി, അവളും;
അവളുടെ കഴുത്തില്‍ പിരിച്ച കയറുമുണ്ടാകും.”[
111:1-5]

മറ്റൊരു ധാഢ്യനും പ്രമാണിയുമായിരുന്നു വലീദ്. ധാരാളം സ്വത്തും മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെ തന്റെ കൂടെ ലഭിച്ചാല്‍ ഖുറൈശികളെ മൊത്തം കൂടെ കൊണ്ടു വരാന്‍ എളുപ്പമാകുമെന്ന് മുഹമ്മദ് മനക്കോട്ട കെട്ടിയിരുന്നു. പക്ഷെ അയാള്‍ തന്റെ പരമ്പരാഗത വിശ്വാസങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. മുഹമ്മദിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും കളിയാക്കുന്നതില്‍ വലീദും മുന്‍പന്തിയിലുണ്ടായിരുന്നു. ഇതും അല്ലാഹുവിനെ വല്ലാതെ പ്രകോപിതനാക്കി:

കുത്തുവാക്കു പറയുന്നവനും ഏഷണിയുമായി നടക്കുന്നവനും-
നല്ല കാര്യത്തിനു തടസ്സക്കാരനും അതിക്രമിയും മഹാപാപിയും-
അതിനു പുറമേ ക്രൂരനും തന്തയില്ലാത്തവനും-
അവന്‍ സ്വത്തും മക്കളുമുള്ളവനായതിനാല്‍!
അവനു നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവന്‍ പറയും:
പൂര്‍വികരുടെ കെട്ടുകഥകളാണവ എന്ന്.
താമസിയാതെ ഞാന്‍ അവന്റെ തുമ്പിക്കയ്യിനടയാളം വെക്കും.”[
68:11-16]

സ്വന്തം സൃഷ്ടിയായ ഒരു മനുഷ്യപ്പുഴുവിനെ-അതും താന്‍ തന്നെ ബോധപൂര്‍വ്വം വഴി പിഴപ്പിക്കുകയും തന്റെ ദൂതനു ശത്രുവായി നിയോഗിക്കുകയും ചെയ്ത ഒരാളെ- ജാര സന്തതി എന്നും മറ്റും അധിക്ഷേപിക്കുന്നത് കാരുണ്യവാനും മഹാതന്ത്രജ്ഞ്ഞനും മറ്റും മറ്റുമായ ഒരു ദൈവത്തിന്റെ നിലവാരത്തിനു യോജിച്ചതാണോ? ഒരു ദൈവത്തിന് ‍ ‍ ഇത്രക്കു തരം താഴാന്‍ ആവുമോ? ഈ വലീദിന്റെ മൂക്കിന് അല്പം നീളം കൂടുതലുണ്ടായിരുന്നുവത്രേ.“ തുമ്പിക്കയ്യിനടയാളം വെക്കാന്‍“ അതാണു കാരണം! സ്വന്തം സൃഷ്ടിയുടെ ശരീര വൈകല്യം നോക്കി പരിഹസിക്കുന്ന സ്രഷ്ടാവോ! ചിരിക്കാനും ചിന്തിക്കാനും വക തരുന്ന ഒരു കഥാപാത്രം തന്നെ!!

ഈ ഖുറൈശി നേതാവിനെ കുറിച്ച് ഖുര്‍ ആനില്‍ വേറെയും നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്. ഇയാള്‍ മുഹമ്മദിന്റെ നിരന്തരമായ പ്രേരണ മൂലം ഒരിക്കല്‍ ഇസ്ലാം സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവത്രേ. അനുയായികള്‍ അതില്‍ അസംതൃപ്തി പ്രകടിപ്പിച്ചപ്പോല്‍ താന്‍ പരലോക ശിക്ഷയെ ഭയപ്പെടുന്നു എന്ന് ഇദ്ദേഹം പറഞ്ഞുപോലും. ഒരു നിശ്ചിത സംഖ്യ തരുന്ന പക്ഷം ആ ശിക്ഷ ഞാന്‍ ഏറ്റെടുക്കാമെന്ന് ഒരുവന്‍ പ്രഖ്യാപിക്കുകയും വലീദ് അതു സമ്മതിച്ച് ഇസ്ലാമില്‍നിന്നു പിന്മാറുകയും ചെയ്തുവെന്നാണു കഥ. പിന്നീട് കരാര്‍പ്രകാരമുള്ള സംഖ്യ മുഴുവന്‍ കൊടുത്തു തീര്‍ക്കാതെ കൂട്ടുകാരനെ ഇയാള്‍ വഞ്ചിച്ചു.
 ഈ സംഭവങ്ങളെല്ലാം പ്രവാചകന്റെ കാതിലും എത്തിയതോടെ ഏഴാം മാനത്തു നിന്നും അല്ലാഹുവിന്റെ വെളിപാടുകള്‍ ഇപ്രകാരം പറന്നെത്തി:

ഞാന്‍ തനിച്ചു സൃഷ്ടിച്ച ആ വ്യക്തിയെ എനിക്കു വിട്ടു തന്നേക്കൂ. ഞാനവനു സമ്ര്ദ്ധമായി സമ്പത്തേകി. അവനോടൊപ്പം സന്നദ്ധരായി നിലകൊള്ളുന്ന പുത്രന്മാരെ നല്‍കി. അവനെ നേതാവാക്കി. ഇനിയും ഞാന്‍ അവനു വര്‍ധ്ധിപ്പിക്കണമെന്നവന്‍ മോഹിക്കുന്നു. ഇല്ല ; അവന്‍ നമ്മുടെ സൂക്തങ്ങള്‍ക്കു വൈരിയാകുന്നു. അടുത്തുതന്നെ ഞാനവനൊരു ക്ലേശകരമായ പ്രൊമോഷന്‍ കൊടുക്കുന്നുണ്ട്. അവന്‍ ആലോചിച്ചു ചിലതു ചെയ്യാനും നിശ്ചയിച്ചിരുന്നു. അപ്പോള്‍ അവന്റെ മേല്‍ ദൈവശാപം ഭവിച്ചു. എന്തൊരു കാര്യമാണവന്‍ ചെയ്യാന്‍ ശ്രമിച്ചത്? പിന്നെ അവന്‍ ആളുകളെ നോക്കി. എന്നിട്ടു നെറ്റി ചുളിക്കുകയും മുഖം കോട്ടുകയും ചെയ്തു. പിന്നെ പിന്തിരിഞ്ഞു നിഷേധിച്ചു. എന്നിട്ടവന്‍ ജല്പിച്ചു; ഇത് പരമ്പരാഗതമായ ആഭിചാരമല്ലാതെ മറ്റൊന്നുമല്ല. ഇത് മനു‍ഷ്യവചനം മാത്രം. അടുത്തു തന്നെ ഞാനവനെ നരകക്കുണ്ടില്‍തള്ളുന്നുണ്ട്. ആ നരകമെന്തെന്നു നിനക്കറിയില്ലേ! അത് ഒന്നിനെയും ശേഷിപ്പിക്കുകയില്ല. ചര്‍മ്മം കരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ മേല്‍ 19 കാവല്‍ക്കാരുണ്ട്.”[74:11-30]

ഈ മഹാ പ്രപഞ്ചത്തിന്റെ മുഴുവന്‍ സൃഷ്ടി സ്ഥിതി സംഹാരകനായ ഈശ്വരന്‍ ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം ഒരു ഖുറൈശിപ്രമാണിയുടെ സമ്പത്തിലും സന്താന‍സൌഭാഗ്യത്തിലും അസൂയ പൂണ്ട് അയാളുടെ പിന്നാലെ ശാപവാക്കുകളും ചൊരിഞ്ഞു നടക്കുകയായിരുന്നു എന്നു നാം വിശ്വസിക്കണോ?.എല്ലാ പ്രവാചകന്മാര്‍ക്കും നാട്ടുപ്രമാണികളായ ശത്രുക്കളെ നിയോഗിക്കുന്നത് “നാം” തന്നെയാണെന്നു പ്രഖ്യാപിക്കുന്ന ഒരു ദൈവം എന്തിനീ പാഴ് വേലക്കൊക്കെ മുതിരണം?

നരകത്തിനു 19 കാവല്‍ക്കാരാണെന്ന വാദത്തെയും അറബികള്‍ കളിയാക്കി. ഇത്രയേറെ മനുഷ്യരെ പാര്‍പ്പിക്കാനുള്ള നരകത്തിനു വെറും 19 കാവല്‍ക്കാരോ? എന്നതായിരുന്നു പരിഹാസം. തടിമാടനായ ഒരുത്തന്‍ പറഞ്ഞത് “18 എണ്ണത്തിനെ ഞാന്‍ ഒറ്റക്കു നേരിട്ടോളാം; മറ്റേതിനെ നിങ്ങളും നോക്കിക്കോ’“ എന്നായിരുന്നു. ഇതിനും മറുപടിയുണ്ടായി:

നാം ഈ വിധം നരകത്തിനു കാവലാളാക്കിയിരിക്കുന്നത് മലക്കുകളെയാണ്. അവരുടെ എണ്ണം നിഷേധികള്‍ക്കുള്ള പരീക്ഷണമാകുന്നു. വേദം ലഭിച്ചവര്‍ക്കു ബോധ്യമാകാനും അവര്‍ ശങ്കിക്കാതിരിക്കാനും, മനസ്സിനു ദീനം പിടിച്ചവരും അവിശ്വാസികളും അല്ലാഹു ഈ വചനം കൊണ്ടുദ്ദേശിക്കുന്നതെന്ത് എന്നു ചോദിക്കാനും. ഇങ്ങനെ അല്ലാഹു ഉദ്ദേശിച്ചവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവന്‍ ഉദ്ദേശിച്ചവരെ അവന്‍ സന്മാര്‍ഗ്ഗത്തിലുമാക്കുന്നു.”[74:31]

 ഉത്തരം മുട്ടുന്നേടത്തെല്ലാം `തലയിലെഴുത്തു` തന്നെ മുട്ടുശാന്തി!

മനുഷ്യന്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയ ദൈവങ്ങളെല്ലാം മനുഷ്യനോളം ചെറുതായിപ്പോയതു സ്വാഭാവികമാണ്‍. മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവങ്ങള്‍ക്ക് ആ മതങ്ങളുണ്ടായ കാലഘട്ടത്തിന്റെ പരിമിതികള്‍ കൂടിയുണ്ടാവുക എന്നതും സ്വാഭാവികം. മുഹമ്മദിന്റെ ഭാവനാലോകത്തു ജീവിച്ചിരുന്ന അല്ലാഹു ആറാം നൂറ്റാണ്ടിലെ ഒരു സാധാരണ നാടോടി അറബിയുടെ നിലവാരം മാത്രമുള്ള ദൈവമായതിന്റെ മനശ്ശാസ്ത്രപരമായ കാരണവും മറ്റൊന്നല്ല!

പരിപൂര്‍ണനും സര്‍വ്വശക്തനുമായ ഒരു ദൈവം കോപാകുലനായി പുലഭ്യം പറയുക എന്നാല്‍ ആ ദൈവത്തിന് , ആരോപിക്കപ്പെടുന്ന പോലുള്ള ഒരു ക്വാളിറ്റിയും ഇല്ല എന്നല്ലേ അര്‍ഥം? ഉദ്ദേശിക്കുന്നതെന്തും ഞൊടിയിടകൊണ്ടു സാധ്യമാകുന്ന മഹാശക്തന് ഒരു നിസ്സാര മനുഷ്യനെ തന്റെ ദീനില്‍ ചേര്‍ക്കാന്‍ ഇത്രയൊക്കെ പെടാപ്പാടു പെട്ടിട്ടും സാധ്യമായില്ല എന്നും അതേതുടര്‍ന്ന് അദ്ദേഹത്തിനു ദേഷ്യം വന്നു തെറിവിളിച്ചു എന്നുമൊക്കെ എങ്ങനെ നാം വിശ്വസിക്കും?????
കഷ്ടം മതങ്ങളേ നിങ്ങള്‍ തന്‍ ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍ “ എന്നു കവി ചങ്ങമ്പുഴ പാടിയതെത്ര ശരി!!

Tuesday, October 2, 2007

മോഷ്ടിച്ച ആശയങ്ങള്‍ !

മര്‍വായ്ക്കു സമീപം താമസിച്ചിരുന്ന റോമാക്കാരനായ ഒരു ക്രിസ്ത്യാനിയായിരുന്നു ജബര്‍ .ബനുല്‍ ഹര്‍ളമിയുടെ അടിമയായ ഇയാള്‍ ഒരു കൊല്ലപ്പണിക്കാരനായിരുന്നു. മുഹമ്മദ് കൂടെക്കൂടെ ഇയാളെ സന്ദര്‍ശിക്കുകയും ക്രിസ്തീയ വേദങ്ങളിലെ വിവരങ്ങള്‍ അന്യേഷിച്ചറിയുകയും ചെയ്തിരുന്നു. ദിവ്യസന്ദേശങ്ങളുടെ പ്രധാന ഉറവിടങ്ങളിലൊന്നായ ഈ ക്രിസ്ത്യന്‍ യുവാവിനെ ,മുഹമ്മദിനെ പരിഹസിച്ചിരുന്ന അറബികള്‍ “പരിശുദ്ധാത്മാവ്” എന്നാണ് വിളിച്ചിരുന്നത്. പൂര്‍വ്വ വേദങ്ങളില്‍നിന്നും ഇപ്രകാരം ആശയചോരണം നടത്തുന്നതിന്റെ പേരില്‍ നബിയെ പരിഹസിച്ചവര്‍ക്ക് അല്ലാഹു നല്‍കിയ മറുപടി നോക്കൂ:

അദ്ദേഹത്തിനിതെല്ലാം പഠിപ്പിച്ചു കൊടുക്കുന്നത് ഒരു മനുഷ്യന്‍ തന്നെയാണ് എന്നവര്‍ പറയുന്നത് നിശ്ചയമായും നാം അറിയുന്നുണ്ട്. എന്നാല്‍ അവര്‍ ഏതൊരാളെ കുറിച്ചാണോ പറയുന്നത്, അയാളുടെ ഭാഷ അറബിയല്ല. ഈ ഖുര്‍ ആനാകട്ടെ വ്യക്തമായ അറബി ഭാഷയും.”[16:103]

റോമക്കാരനായ യുവാവുമായി മുഹമ്മദ് ആശയവിനിമയം നടത്തിയിരുന്നത് അറബിയിലല്ലാത്തതുകൊണ്ട് അയാള്‍ പറഞ്ഞു കൊടുത്തതൊന്നും ഖുര്‍ ആനില്‍ ഉള്‍പ്പെടുത്താന്‍ പറ്റുകയില്ല പോലും! വിമര്‍ശനങ്ങള്‍ക്കു മുമ്പില്‍ ചൂളിപ്പോയ `പ്രവാചകന്‍ ` നില്‍ക്കക്കള്ളിക്കു വേണ്ടി എന്തെങ്കിലും അബദ്ധം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സ്വാഭാവികമാണ്. പക്ഷെ, സര്‍വ്വതന്ത്രജ്ഞ്ഞനായ ദൈവം ഇമ്മാതിരി വ്ഡ്ഡിത്തം പറയുമോ?

വെളിപാടുകളുടെ ഉറവിടം മക്കക്കാര്‍ ശരിക്കും മനസ്സിലാക്കിയിരുന്നുവെന്ന് അവരുടെ ആരോപണങ്ങള്‍ വ്യക്തമാക്കുന്നു.

അവിശ്വാസികള്‍ പറയുന്നു: `ഇത് ഒരു നുണയല്ലാതെ മറ്റൊന്നുമല്ല. അവന്‍ അതു കെട്ടിയുണ്ടാക്കുകയാണ്‍. മറ്റു ചിലര്‍ അവനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ അക്രമവും വ്യാജവുമായി വന്നിരിക്കുകയാണ്.
അവര്‍ പറയുന്നു: `പൂര്‍വികന്മാരുടെ കെട്ടുകഥകളാണിത്. അവന്‍ അത് എഴുതിച്ചെടുത്തിരിക്കുകയാണ്. അങ്ങനെ രാവിലെയും വൈകുന്നേരവും അത് വായിച്ചു കേള്‍പ്പിക്കപ്പെടുന്നു.`
പറയുക: `ആകാശങ്ങളിലും ഭൂമിയിലുമുള്ള രഹസ്യം അറിയുന്നവന്‍ അത് അവതരിപ്പിച്ചിരിക്കുകയാണ്. അവന്‍‍ പൊറുക്കുന്നവനും കരുണാനിധിയുമാണ്
.’[25:4-6]
വ്യഖ്യാനം കാണുക:

“വേദക്കാരായ ചിലര്‍ തൌറാത്തു വായിക്കലും അതിലെ കഥകള്‍ വായിക്കലും പതിവുണ്ടായിരുന്നു. അവര്‍ നബിയില്‍ വിശ്വസിച്ച ശേഷം ,നബിയും അവരും തമ്മിലുള്ള ബന്ധത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് ‍ നള്രുബ്നു ഹര്‍ഥ് ഈവാദം ഉന്നയിച്ചത്. ...”[അമാനി മൌലവി]

ദൈവത്തിന്റെ മറുപടികള്‍ എത്ര ദുര്‍ബലമാണെന്നു നോക്കൂ!

Monday, October 1, 2007

പ്രവാചകത്വം പരീക്ഷിക്കപ്പെടുന്നു!

പൂര്‍വ്വ വേദങ്ങളിലെ കാര്യങ്ങളെല്ലാം അല്ലാഹു തനിക്കറിയിച്ചു തരുന്നു എന്നായിരുന്നു മുഹമ്മദിന്റെ അവകാശവാദം. ഇതൊന്നു പരീക്ഷിക്കാനായി ജൂതന്മാരുടെ നിര്‍ദ്ദേശപ്രകാരം മുശ്രിക്കുകള്‍ നബിയോട് ചില ചോദ്യങ്ങല്‍ ചോദിച്ചു. ഗുഹാവാസികള്‍ എത്ര പേരായിരുന്നു എന്നതായിരുന്നു ഒരു ചോദ്യം. ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത നബി പെട്ടെന്നു പതറിപ്പോയി. നാളെപ്പറയാം എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി. ദിവസങ്ങളും ആഴ്ച്ചകളും കഴിഞ്ഞിട്ടും കഥയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ശത്രുക്കള്‍ പരിഹാസം ശക്തമാക്കി.

നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ കിട്ടിയ ഊഹാപോഹങ്ങള്‍ വെച്ച് ഒരു വെളിപാട് അവതരിപ്പിച്ചു:


ഗുഹാവാസികള്‍ മൂന്നു പേരാണ്,നാലാമത്തേത് അവരുടെ നായയും എന്നു ചിലര്‍ പറയുന്നു. അവര്‍ അഞ്ചു പേരാണെന്നും ആറാമത്തേത് നായയുമാണെന്നാണു മറ്റു ചിലരുടെ വാദം. അദൃശ്യ കാര്യങ്ങളില്‍ ഊഹിച്ചു പറയുക മാത്രമാണവര്‍ .ഏഴു പേരാണെന്നും എട്ടാമത്തേത് നായയാണന്നുമാണു വേറെ ചിലരുടെ ഭാഷ്യം. പറയുക : എന്റെ റബ്ബ് അവരുടെ എണ്ണത്തെ ക്കുറിച്ച് നല്ല പോലെ അറിവുള്ളവനാകുന്നു. അല്പം ചിലര്‍ക്കല്ലാതെ അവരെകുറിച്ച് അറിവില്ല. അതുകൊണ്ട് അവരുടെ കാര്യത്തില്‍ താങ്കള്‍ തര്‍ക്കിക്കാന്‍ പോകണ്ട. ജനങ്ങളില്‍ ആരോടും അതിനെകുറിച്ച് അന്യേഷിക്കാനും പോകണ്ട.”[18-22]
ഗുഹാവാസിക്കഥയുടെ വിശദാംശങ്ങള്‍ തേടി ഒരുപാട് അലഞ്ഞെങ്കിലും ആരില്‍നിന്നും വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചില്ല എന്ന് ഈ വെളിപാടില്‍നിന്നും സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. അദൃശ്യലോകത്തുനിന്ന് ജ്ഞാനം ലഭിക്കുന്നു എന്ന അവകാശവാദം പൊള്ളയാണെന്നു വ്യക്തമായതോടെ എതിരാളികള്‍ നബിയെ വീണ്ടും കളിയാക്കി. മറുപടിയായി നബി പിന്നീടു കണ്ടെത്തിയ മുറിന്യായം അതിലും വിചിത്രമായിരുന്നു.:

ഒരു കാര്യത്തെ സംബന്ധിച്ചും നാളെ ഞാനതു ചെയ്യുമെന്ന് `ഇന്‍ശാ അല്ലാ` എന്നു ചേര്‍ത്തുകൊണ്ടല്ലാതെ താങ്കളൊരിക്കലും പറഞ്ഞു പോകരുത് . .” [18-23]
ഇതിന്റെ വ്യാഖ്യാനം കാണുക: “ആത്മാവ് ,ദുല്‍കര്‍ നൈന്‍, ഗുഹാവാസികള്‍ എന്നിവ സംബന്ധിച്ച് യഹൂദികളുടെ നിര്‍ദ്ദേശപ്രകാരം ഖുറൈശികള്‍ ചോദിച്ചപ്പോള്‍ നാളെ വരൂ അപ്പോള്‍ പറയാം എന്ന് നബി ഉത്തരം നല്‍കി.. ഇന്‍ശാ അല്ലാ[അല്ലാഹു ഉദ്ദേശിച്ചാല്‍] എന്നു പറഞ്ഞില്ല. പിന്നീട് വഹ്യ് വരാന്‍ കുറെ താമസിച്ചു....നാളെ മറുപടി തരാമെന്ന് പറഞ്ഞിട്ട് ദിവസങ്ങളോളം അതിനു കഴിയാതെ വന്നപ്പോള്‍ ഖുറൈശികള്‍ അതൊരു സുവര്‍ണ്ണാവസരമായി കണ്ട് നബിയെ കളിയാക്കി. മുഹമ്മദിന്റെ റബ്ബ് കോപിക്കുകയും കൈ വെടിയുകയും ചെയ്തിരിക്കുന്നു എന്നവര്‍ തട്ടിവിട്ടു. തിരുമേനിക്ക് ഇതു വളരെ പ്രയാസകരമായി തോന്നി . തത്സമയത്താണ് ഈ സൂക്തം അവതരിച്ചത്.”[വിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനം.പേ.343 വോ.3] ഇന്‍ശാ അല്ലാ എന്നു പറയാത്തതിനാല്‍ ജിബ്രീല്‍ പിണങ്ങിപ്പോയി എന്ന വാദം പരിഹാസത്തിനാക്കം കൂട്ടാനേ ഉതകൂ എന്ന് പോലും ചിന്തിക്കാന്‍ ദൈവത്തിനു കഴിഞ്ഞില്ല.!


ശത്രുക്കളുടെ മുമ്പില്‍ അപമാനിതനായി ആത്മഹത്യക്കൊരുങ്ങിയ ദൂതനെ ഇതുപോലൊരു നിര്‍ണായക ഘട്ടത്തില്‍ നിസ്സാരമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് ദൈവം ചതിക്കാന്‍ ശ്രമിച്ചു എന്നാണോ നാം വിശ്വസിക്കേണ്ടത്.? അദൃശ്യന്ജ്ഞാനം പരീക്ഷിക്കാന്‍ ചോദ്യമുന്നയിച്ചവരോട് നാളെപ്പറയാം എന്ന് ഒഴിവുകഴിവു പറയാന്‍ ദൈവം ഇട വരുത്തിയതെന്തിന്‍? ചോദിച്ച ഉടനെ വെളിപാട് ഇറക്കി മറുപടി നല്‍കിയിരുന്നെങ്കില്‍ അല്ലാഹുവിനും ദൂതനും ഈ അപമാനം നേരിടേണ്ടി വരുമായിരുന്നോ?‍
പ്രപഞ്ചം സൃഷ്ടിക്കും മുന്‍പേ എഴുതപ്പെട്ട ഒരു മഹാ ഫലകത്തിലെ ദിവ്യ സൂക്തങ്ങളാണു ഖുര്‍ ആന്‍ എങ്കില്‍ ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ പ്രചരിച്ചിരുന്ന ഒരു യക്ഷിക്കഥയ്ക്ക് അതില്‍ എന്താണു പ്രസക്തി?

200 വര്‍ഷം ഏതോ ഒരു മടയില്‍ ഒരു പട്ടിയോടൊപ്പം ഉറങ്ങിക്കിടന്ന ഏതാനും ചെറുപ്പക്കാരുടെ കഥ അല്ലാഹുവിന്റെ കിതാബില്‍ സ്ഥാനം പിടിച്ചത് പ്രസ്തുത രാക്കഥ സത്യമാണെന്നു വിശ്വസിച്ചിരുന്ന ജാഹിലിയ്യാ അറബികള്‍ പ്രവാചകനെ പരീക്ഷിക്കാന്‍ ചോദ്യം ഉന്നയിച്ചതുകൊണ്ടാണല്ലോ. എത്ര പേരാണാ പട്ടിയോടൊപ്പമുണ്ടായിരുന്നതെന്ന കാര്യം ലൌഹുല്‍ മഹ്ഫൂളില്‍ എഴുതി വെക്കാന്‍ അല്ലാഹു മറന്നു പോയതായിരിക്കാം! ഖുറൈശികള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ച് തന്റെ അന്ത്യ ദൂതനെ വെള്ളം കുടിപ്പിക്കാനിടയുണ്ടെന്നു മുന്‍ കൂട്ടി അറിയാന്‍ പാവം അല്ലാഹുവിനു കഴിഞ്ഞില്ല.!!

അഞ്ചാം നൂറ്റാണ്ടിലെ ഒരു സിറിയന്‍ ബിഷപ്പാണ് ഈ കെട്ടുകഥയുടെ ഉപജ്ഞാതാവ് എന്നു പറയപ്പെടുന്നു. ഡേഷ്യസ് ചക്രവര്‍ത്തിയുടെ പീഡനം ഭയന്ന് ഏതാനും ക്രിസ്ത്യന്‍ യുവാക്കള്‍ ഒരു ഗുഹയില്‍ അഭയം തേടുകയും പിന്തുടര്‍ന്നു വന്ന അക്രമികള്‍ അവരെ ഗുഹയില്‍ ജീവനോടെ മൂടുകയും ചെയ്തുവെന്നും പിന്നീട് 200 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഗുഹയില്‍നിന്ന് മാറ്റമില്ലാതെ പുറത്തു വന്നു എന്നുമാണു ഈ കഥയുടെ ചുരുക്കം. സിരിയയുമായി കച്ചവടബന്ധമുള്ളവരാണ് ഈ കഥ അറേബ്യയില്‍ എത്തിച്ചതെന്നു കരുതപ്പെടുന്നു.
മുഹമ്മദിന്റെ പ്രവാചകത്വവും ഒരു കെട്ടുകഥയാണെന്ന് ഈ സംഭവം തെളിയിച്ചു!

Wednesday, September 26, 2007

അല്ലാഹുവും മക്കാമുശ്രിക്കുകളും തമ്മിലുള്ള സംവാദം!

മൌദൂദി പ്രസ്താവിച്ചതുപോലെ, പ്രവാചകന്‍ 13വര്‍ഷക്കാലം മക്കയില്‍ നടത്തിയ പ്രബോധനപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാനും, മദീനയിലേക്കു താമസം മാറാനും വാള്‍ കയ്യിലേന്തി മതം സ്ഥാപിക്കാനുമൊക്കെ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? ഈ അന്വേഷണത്തിന് ഏറെ സഹായകമയ വിവരങ്ങള്‍ ഖുര്‍ ആനില്‍ തന്നെ ഉണ്ട്. മക്കയിലെ ആളുകള്‍ മുഹമ്മദിനെ വലിയ തോതില്‍ ഉപദ്രവിച്ചു വെന്നും ആട്ടിയോടിച്ചുവെന്നും പറയുന്നതില്‍ എത്രമാത്രം വസ്തുതയുണ്ട്? ഇസ്ലാമിന്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ പറയത്തക്ക ശാരീരിക ഉപദ്രവങ്ങളൊന്നും അദ്ദേഹത്തിനു നേരെ ഉണ്ടായിട്ടില്ല. പിന്നെ സംഭവിച്ചതെന്താണെന്നു ഖുര്‍ ആന്‍ വ്യക്തമായ ഒരു ചിത്രം നല്‍കുന്നുണ്ടു താനും.

അന്നത്തെ അറബികള്‍ക്കിടയില്‍ ധാരാളം പ്രവാചകന്മാരും വെളിച്ചപ്പാടുകളും ഉണ്ടായിരുന്നു. ഓരോ ഗോത്ര ദൈവങ്ങള്‍ക്കും ,അവരുടെ ഇംഗിതങ്ങള്‍ ഭക്തരെ അറിയിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് ഈ വെളിച്ചപ്പാടുകളായിരുന്നു. അവരുടെ വെളിപാടുകളെ ആരും കാര്യമായി സംശയിച്ചിരുന്നില്ല. അറബികള്‍ ഏതു പ്രധാന തീരുമാനം എടുക്കുമ്പോഴും അവരുടെ ദൈവങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു.
വെളിപാടും പ്രവാചകത്വവുമൊന്നും അവര്‍ക്കു പുതിയ കാര്യമായിരുന്നില്ല എന്നു ചുരുക്കം. അങ്ങനെയിരിക്കെയാണ് മുഹമ്മദ് പുതിയ പ്രവാചകനായി രംഗത്തു വരുന്നത്. ഗോത്രദൈവങ്ങളെല്ലാം വ്യാജന്‍ മാരാണെന്നും അല്ലാഹു എന്ന ആകാശ ദൈവം മത്രമേ യഥാര്‍ഥ ദൈവമായുള്ളു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് അറബികള്‍ക്കു ബോധ്യപ്പെട്ടില്ല. അവരെ ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മദ് തീര്‍ത്തും പരാജയപ്പെടുകയാണുണ്ടായത്. ആ പരാജയത്തിന്റെ ദയനീയ ചിത്രം ഖുര്‍ ആന്‍ തന്നെ വരച്ചുകാട്ടുന്നതു നോക്കുക:-
മുശ്രിക്കുകളും `അല്ലാഹുവും` തമ്മില്‍ നടന്ന സംവാദം:-
“ഈ ഭൂമിയില്‍നിന്നും ഒരു ഉറവ പൊട്ടി ഒലിപ്പിച്ചു കാണിച്ചു തരുന്നതു വരേക്കും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല;അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടേയും മുന്തിരിയുടേയും ഒരു തോട്ടം ഉണ്ടായിരിക്കുകയും അതിന്റെ ഇടയില്‍ അരുവികള്‍ പൊട്ടിയൊലിപ്പിച്ചു കാണിക്കുകയും വേണം.അല്ലെങ്കില്‍ നീ ജല്പിക്കാറുള്ളതുപോലെ ആകാശം കഷ്ണങ്ങളാക്കി ഞങ്ങളുടെ മേല്‍ വീഴ്ത്തുകയോ അല്ലാഹുവിനേയും മലക്കുകളേയും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തുകയോ ചെയ്യുക.
അല്ലെങ്കില്‍ നിനക്കു സ്വര്‍ണ്ണത്തിന്റെ ഒരു വീടുണ്ടായിരിക്കുകയോ നീ ആകാശത്തു കയറിപ്പോവുകയോ ചെയ്യുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടു വരുന്നതു വരെ നിന്റെ ആകാശക്കയറ്റം ഞങ്ങല്‍ വിശ്വസിക്കുകയില്ല.”[17:90-93]
തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. വ്യാജന്മാരായ മറ്റു ദൈവങ്ങളെപ്പോലെ അല്ലാഹുവും ഒരു മനുഷ്യനെത്തന്നെ ദൂതനാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തേ? എന്ന ചോദ്യവും വളരെ പ്രസക്തവും ന്യായവുമായിരുന്നു. അതിനുള്ള മറുപടി എത്ര ബാലിശമായിരുന്നു എന്നു നോക്കൂ: “നേര്‍വഴിവന്നെത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുന്നതില്‍നിന്നു ജനങ്ങളെ തടഞ്ഞത്,അല്ലാഹു മനുഷ്യനെയാണോ റസൂലായി അയച്ചിരിക്കുന്നത്? എന്ന അവരുടെ വാദം മാത്രമാണ്.
പറയുക:“നടക്കുന്ന മലക്കുകളാണു ഭൂമിയില്‍ താമസക്കാരെങ്കില്‍ ആകാശത്തു നിന്നും ഒരു മലക്കിനെ നാം റസൂലായി അയക്കുമായിരുന്നു” [17:94-95]
“അല്ലാഹു ഞങ്ങളോട് നേരിട്ടു സംസാരിക്കുകയോ എന്തെങ്കിലും ദൃഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതെന്തുകൊണ്ട്? എന്നു അജ്ഞാനികള്‍ ചോദിക്കുന്നു. അപ്രകാരം അവര്‍ക്കു മുമ്പുള്ളവരും ചോദിച്ചിട്ടുണ്ട്. ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് നിശ്ചയമായും ഞാന്‍ പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.”[2:118]
ഭൂമിയിലെ താമസക്കാര്‍ മലക്കുകളായിരുന്നെങ്കില്‍ മലക്കുകളെ പറഞ്ഞയക്കുമായിരുന്നു എന്ന ന്യായം യുക്തിക്കു നിരക്കുന്നതാണോ?
മനുഷ്യര്‍ക്കിടയില്‍തന്നെ അനേകം വ്യാജ വെളിച്ചപ്പാടുകളും പ്രവാചകന്മാരുമൊക്കെയുണ്ടായിരുന്ന ഒരു കാലത്ത് യഥാര്‍ഥ ദൈവവും ഈ വ്യാജദൈവങ്ങള്‍ അവലംബിച്ച അതേ ആശയവിനിമയ മാര്‍ഗ്ഗം തന്നെ ഉപയോഗിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ചതില്‍ തെറ്റുണ്ടോ?
കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു മാര്‍ഗ്ഗം ഈ ദൈവം അവലംബിക്കേണ്ടതായിരുന്നില്ലേ? ദൃഢമായി വിശ്വസിക്കുന്നവര്‍ക്കു വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു കൊടുത്തിട്ടുണ്ടെന്ന വാദം നിരര്‍ഥകവും യുക്തിഹീനവുമല്ലേ? അന്ധമായി എന്തും വിശ്വസിക്കാന്‍ തയ്യാറാകുന്നവര്‍ക്കു തെളിവുകള്‍ വേണ്ടതില്ല. ഏതു വ്യാജന്മാരുടെ കെണിയിലും അവര്‍ വീണുപോകും. സംശയിക്കുകയും ചോദ്യം ചെയ്യുകയും വ്യക്തമായ തെളിവുള്ള കാര്യം മാത്രം വിശ്വസിക്കുകയും ചെയ്യുന്ന ചിന്താശീലര്‍ക്കാണു തെളിവു വേണ്ടത്. അത്തരക്കാരുടെ മുന്‍പില്‍ തെളിവു നല്‍കുന്നതില്‍ അമ്പേ പരാജയപ്പെടുകയും നിരാശരാവുകയും ചെയ്ത ദൈവവും ദൂദനും ചോദ്യകര്‍ത്താക്കളുടെ ഉദ്ദേശ്യ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യാനാണു പിന്നീട് മുതിര്‍ന്നത്.

“നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു.നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം എന്തുകൊണ്ട് നേരി‍ട്ടു കാണുന്നില്ല? തീര്‍ച്ചയായും അവര്‍ മനസ്സില്‍ ഗര്‍വ്വു നടിക്കുകയും ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.”[25:21]
ശാസ്ത്രബോധവും യുക്തിചിന്തയും വികസിച്ച ഇക്കാലത്തു പോലും സിദ്ധന്മാരും മനുഷ്യദൈവങ്ങളും ആളുകളെ പറ്റിക്കുന്നത് നാം കാണുന്നു. പതിനാലു നൂറ്റാണ്ടു മുമ്പ് മക്കയില്‍ ജീവിച്ചിരുന്ന അറബികള്‍ പ്രവാചകത്വ വാദവുമായി വന്ന മുഹമ്മദിനോട് തെളിവുകള്‍ ചോദിച്ചെങ്കില്‍ അവരുടെ യുക്തിചിന്താശീലത്തെ പ്രശംസിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ അന്ധമായി വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ ഭീഷണിപ്പെടുത്തുകയാണു മുഹമ്മദിന്റെ ദൈവം ചെയ്തത്.
“അവര്‍ മലക്കുകളെ കാണുന്ന ദിവസം ആ കുറ്റവാളികള്‍ക്ക് അന്നു യാതൊരുസന്തോഷവാര്‍ത്തയും ലഭിക്കുകയില്ല.ശക്തിയായ തടസ്സം എന്നു മലക്കുകള്‍ പറയുകയും ചെയ്യും.”[25:22]
“നാം മലക്കിനെ അയച്ചിരുന്നെങ്കില്‍ ഉടനെ തീരുമാനിക്കപ്പെടുമായിരുന്നു.പിന്നീട് അവര്‍ക്ക് ഇട നല്‍കപ്പെടുകയില്ല.”[6:8]

നീതിമാനും പക്വമതിയുമായ ഒരു ദൈവം നിസ്സഹായരും അജ്ഞാനികളുമായ തന്റെ സൃഷ്ടികളോട് പറ്യേണ്ട വാക്കുകളാണോ ഇത്?
ചോദ്യകര്‍ത്താക്കള്‍ അവരുടെ പൂര്‍വിക പാരമ്പര്യപ്രകാരമുള്ള അന്ധവിശ്വാസങ്ങളില്‍ വേരുറച്ചു പോയവരാണ്.തലമുറകളായി പകര്‍ന്നുവന്ന വിശ്വാസങ്ങളെ ഒറ്റയടിക്കു തള്ളിപ്പറയാനും പകരം മറ്റൊരു പുതിയ മതം സ്വീകരിക്കാനും കഴിയണമെങ്കില്‍ അതിനു തക്കതായ തെളിവുകള്‍ ലഭിക്കണമെന്ന അവരുടെ ആവശ്യം തികച്ചും ന്യായമായിരിക്കെ തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍കുറ്റമാണെന്ന് ആക്ഷേപിക്കുന്നത് ശരിയാണോ? മന്‍ഷ്യര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മനുഷ്യരെത്തന്നെ ദൂതനാക്കുന്നതിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയല്ലേ? ഗര്‍വ്വു നിമിത്തമാണ് അന്നവര്‍ അക്കാര്യം ചോദിച്ചത് എന്നു വന്നാല്‍ പോലും പില്‍ക്കാലത്ത് ആരുടെയും മനസ്സില്‍ സ്വാഭാവികമായും ഉദിച്ചേക്കാവുന്ന ഒരു സംശയം എന്നനിലക്ക് അല്പം കൂടി യുക്തിസഹമായ മറുപടി പറയാമായിരുന്നില്ലേ?
തെളിവു ചോദിക്കുന്നതു ധിക്കാരമാണെന്നു പറയുന്ന അല്ലാഹു തന്നെ അന്യമതക്കാരോടു തെളിവു ചോദിക്കുന്നുമുണ്ട്!
“യഹൂദികളോ ക്രിസ്ത്യാനികളോ അല്ലാതെ മറ്റാരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല എന്ന് അവര്‍ പറയുന്നു.അത് അവരുടെ വ്യാമോഹം മാത്രമാണ്‍.പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവുകള്‍ ഹാജറാക്കുക.”[2:111] ഇത് വൈരുധ്യമല്ലേ?

ദൈവദൂതന്‍ എന്നവകാശപ്പെടുന്നയാള്‍ മറ്റാരും ആവശ്യപ്പെടാതെത്തന്നെ തെളിവു നല്‍കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ തെളിവു ചോദിച്ചവരെ ശിക്ഷാഭീഷണി ഉയര്‍ത്തി ഭയപ്പെടുത്താനാണു മുഹമ്മദ് ശ്രമിച്ചത്:
“എങ്കില്‍ അത്തരത്തിലുള്ള ശിക്ഷകള്‍ വരുത്തിക്കാണിച്ചെങ്കിലും പ്രവാചകത്വം തെളിയിക്കണമെന്നായി മുശ്രിക്കുകള്‍ .
“അല്ലാഹുവേ ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ ആകാശത്തുനിന്നു ഞങ്ങളുടെ മേല്‍ കല്‍മഴ വര്‍ഷിക്കുകയോ വേദനാജനകമായ മറ്റുവല്ല ശിക്ഷയും അയക്കുകയോ ചെയ്യുക എന്നവര്‍ പറഞ്ഞ സന്ദര്‍ഭം;താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കുമ്പോല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.”[8:32,33]
മുന്‍ കാലങ്ങളില്‍ പ്രവാചകന്മാര്‍ ഉള്ളപ്പോള്‍തന്നെ ശിക്ഷയിറക്കിയിരുന്നതായി നബി പറ്ഞ്ഞതുകൊണ്ടാണ് അവര്‍ അങ്ങനെയും വെല്ലു വിളി നടത്തിയത്. നബിക്കു പരിക്കേല്‍ക്കാതെ ശത്രുക്കളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത ദൈവം?
ദൃഷ്ടാന്തങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവരെ കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ കാണാം; “അവര്‍ പറഞ്ഞു .അവരുടെ നാഥനില്‍നിന്നും ഒരു ദൃഷ്ടാന്തവും അവനു ലഭിക്കാത്തതെന്തുകൊണ്ടാണ്? പറയുക:ദൃഷ്ടാന്തങ്ങള്‍ അയക്കാന്‍ കഴിവുള്ളവനാണു ദൈവം. എന്നാല്‍ അവരിലധികപേരും അജ്ഞതയിലാണ്.”[6:37]
ഈ സൂക്തം സാമാന്യ യുക്തിക്കു നിരക്കാത്തതും അപ്രസക്തവുമാണ്. കാരണം മക്കയിലെ അറബികളാരും തന്നെ സര്‍വ്വശക്തനായ ദൈവത്തിന്റെ കഴിവിനെ ചോദ്യം ചെയ്തിരുന്നില്ല. ദൈവത്തിന് അത്ഭുതം കാട്ടാന്‍ കഴിവുണ്ടോ എന്നായിരുന്നില്ല അവരുടെ ചോദ്യം. പ്രവാചകത്വത്തിനു തെളിവുണ്ടോ എന്നാണവര്‍ ചോദിച്ചിരുന്നത്. ദൈവത്തിനു കഴിവുണ്ട് എന്ന മറുപടി അവര്‍ക്കു തൃപ്തികരമായ ഒന്നായിരുന്നില്ല.
വേദം ഒറ്റത്തവണയായി ഇറക്കാത്തതെന്തേ? എന്ന ചോദ്യത്തിനു താങ്കള്‍ക്കു ഗ്രഹിക്കാനാണ് എന്ന മുടന്തന്‍ ന്യായമാണു മറുപടി.[25:32]

ഈ വാദപ്രതിവാദം വളരെ രസകരമായി ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതു ശ്രദ്ധിച്ചു വായിച്ചാല്‍ എന്തു കൊണ്ടാണു മുഹമ്മദ് നബിക്ക് മക്ക വിട്ടു പോകേണ്ടിവന്നത് എന്നു വ്യക്തമാകും. ഈ സംവാദത്തില്‍ യുക്തിപരമായി ആരാണു മുന്നിട്ടൂ നില്‍ക്കുന്നത്? സര്‍വ്വ തന്ത്രജ്ഞനായ അല്ലാഹുവോ അതോ ബഹുദൈവ വിശ്വാസികളായ ആ പാവം അറബികളോ?
ഉത്തരം മുട്ടിയ നബിയും അല്ലാഹുവും പിന്നീട് വിചിത്രമായ മറ്റൊരു സിദ്ധാന്തവുമായി രംഗത്തു വന്നു.
“അവരുടെ അടുക്കലേക്കു നാം മലക്കുകളെ ഇറക്കുകയും മരിച്ചവര്‍ അവരോട് സംസാരിക്കുകയും സകല വസ്തുക്കളേയും കൂട്ടം കൂട്ടമായി നാം അവരുടെ മുന്നില്‍ ഹാജറാക്കുകയും ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല”.[6:111]
“അല്ലാഹു ഇഛിക്കുന്നവരെ അവന്‍ വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]
“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു.പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.”[32:13]
“എല്ലാ പ്രവാചകന്മാര്‍ക്കും നാം ശത്രുക്കളെ ഏര്‍‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ; അവരില്‍ ചിലര്‍ ചിലരോട് വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുന്നു. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല.”[6:112]
“അപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനായി ദുഷ്ടന്മാരില്‍ പ്രധാനികളെത്തന്നെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.”[6:123]
പിന്നെയെന്തിനാണാവോ ഈ ദൈവം പ്രവാചകന്മാരെ അയച്ചും കിതാബുകളയച്ചുമൊക്കെ ബുദ്ധിമുട്ടുന്നത്?

എന്തൊരു യുക്തിഭദ്രമായ സിദ്ധാന്തം!!!!!
എനിക്കും അഭിമാനിക്കാം; എന്നെ യുക്തിവാദിയാക്കിയതും ഈ പണിയൊക്കെ ചെയ്യിക്കുന്നതും അല്ലാഹു തന്നെ!
യുക്തിവാദിസംഘത്തിന്റെ സ്ഥാപകനേതാവും അല്ലാഹു തന്നെ!!!!!!!!! [തുടരും].......

Saturday, September 22, 2007

ഖുര്‍ആന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ചര്‍ച്ച ഇവിടെ തുടങ്ങുന്നു!

ലോകമെമ്പാടുമുള്ള മുസ്ലിം ജനതയുടെ അടിസ്ഥാന വിശ്വാസപ്രമാണമാണ് ഖുര്‍ ആന്‍ .ദൈവം തന്റെ അവസാനത്തെ ദൂതനായ മുഹമ്മദ് മുഖേന മനുഷ്യരാശിക്കെത്തിച്ചു കൊടുത്ത സമ്പൂര്‍ണവേദഗ്രന്ഥം! അതു ലോകാവസാനം വരെ കുത്തോ കോമയോ മാറ്റാതെ പിന്തുടരാന്‍ എല്ലാ മനുഷ്യര്‍ക്കും ബാധ്യതയുണ്ട്. ശുദ്ധമായ അറബിഭാഷയിലാണതു രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും അതൊക്കെത്തന്നെയാണു താനും.

ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6000ത്തില്പരം വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം.അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേറ്‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. ഇസ്ലാം സമാധാന ത്തിന്റെ മതമോ അതോ അക്രമത്തിന്റെ മതമോ?; ഇക്കാലത്തു ലോകത്താകെയും പ്രത്യേകിച്ചു പാശ്ചാത്യ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നാണിത്. സെപ്തംബര്‍ 11 ന്റെ ആക്രമണത്തെ തുടര്‍ന്നു ഇസ്ലാമും അതിന്റെ പ്രവാചകനും ഭീകരവാദമാണു ലോകത്തിനു സംഭാവന ചെയ്തത് എന്ന മട്ടില്‍ വന്‍ തോതിലുള്ള പ്രചാരണമാണു നടക്കുന്നത്. ഇസ്ലാം വിരുദ്ധ പ്രചരണം ലക്ഷ്യമാക്കി നിരവധി വെബ്സൈറ്റുകളും പുസ്തകങ്ങളും അടുത്ത കാലത്തു രംഗത്തു വന്നിട്ടുണ്ട്. അതേ സമയം ഇസ്ലാം സമാധാനമാണു ആഗ്രഹിക്കുന്നതെന്ന് മിതവാദികളായ മുസ്ലിംകളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. കൌതുകകരമായ വസ്തുത രണ്ടുവിഭാഗവും മുഖ്യാവലംബമാക്കുന്നത് ഖുര്‍ ആന്‍ തന്നെ എന്നതാണ്!

സമാധാനവാദികള്‍ സാധാരണ ഉദ്ധരിക്കാറുള്ള ചില സൂക്തങ്ങള്‍ ഇവയാണ്:
1:“ മതത്തില്‍ ബലപ്രയോഗം പാടില്ല; (16:125)“
2:“ നിങ്ങള്‍ക്കു നിങ്ങളുടെ മതം, ഞങ്ങള്‍ക്കു ഞങ്ങളുടെ മതം;(109:6)“
3: “ആരെയും സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകനു പോലും ബാധ്യതയില്ല;(2:272)“
4:“ യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍‍പ്പെടുകയാണു വേണ്ടത്;(16:125)“
5:“ ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ ആരാധനാ രീതികളുണ്ട്;(22:67)“
6:“ വിശ്വാസികളും ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ആരുമാകട്ടെ!ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവര്‍ക്കു പ്രതിഫലമുണ്ട്.അവര്‍ ദുഖിക്കേണ്ടി വരില്ല;(2:62)“

മതത്തിനു ഭീകരവാദപരമായ വ്യാഖ്യാനം നല്‍കി അക്രമത്തിനു പ്രോത്സാഹനം കൊടുക്കുന്നവര്‍ക്കും അവലംബം ഖുര്‍ ആന്‍ തന്നെ!
1: “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത ,സത്യമതത്തെ സ്വന്തം മതമായി സ്വീകരിക്കാത്ത,വേദക്കാരോട് യുദ്ധം ചെയ്യുവീന്‍ ‍. അവര്‍ വിനയപുരസ്സരം കീഴടങ്ങിക്കൊണ്ട് സ്വന്തം കരങ്ങളാല്‍ ജിസ് യ നല്‍കുന്നതു വരെ അവരോട് യുദ്ധം ചെയ്യുവീന്‍ .” (9:29)
2: “ഫിത്ന അവസാനിക്കുകയും ദീന്‍ പൂര്‍ണമായും അല്ലാഹുവിന്റെതാവുകയും ചെയ്യും വരെയും അവിശ്വാസികളോട് യുദ്ധം ചെയ്യുക”.(8:39)
3:“അല്ലയോ വിശ്വാസികളേ നിങ്ങളുടെ അയല്‍ക്കാരായ കാഫിറുകളോട് യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ പരുക്കന്‍ സ്വഭാവം കാണട്ടെ”(9:123)
4:“അല്ലയോ വിശ്വാസികളേ ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൂട്ടുകാരാക്കരുത്.നിങ്ങളിലൊരുവന്‍ അവരെ കൂട്ടുകാരാക്കിയാല്‍ അവനും അവരില്‍ പെട്ടവനായി കണക്കാക്കപ്പെടും.”(5:51)
5:“മുശ്രിക്കുകള്‍ അശുദ്ധരാണ്.”(9:28)
6;സ്വന്തം മാതാപിതാക്കളോ സഹോദരങ്ങളോ വിശ്വാസം സ്വീകരിക്കുന്നില്ലെങ്കില്‍ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുക”(9:23)
ഇവിട` ഫിത്ന` എന്നതിനു കുഴപ്പം, മര്‍ദ്ദനം എന്നൊക്കെയാണ് സമാധാനവാദികള്‍ ഇക്കാലത്ത് അര്‍ഥം കൊടുക്കുന്നത്. എന്നാല്‍ മൌദൂദിയെപ്പോലുള്ള ഭീകരവാദികള്‍ `ഫിത്ന`ക്ക് അനിസ്ലാമിക ഭരണം എന്നും അവിശ്വാസം എന്നുമൊക്കെയാണ് അര്‍ഥം നല്‍കിയിട്ടുള്ളത്. ലോകം മുഴുവന്‍ ഇസ്ലാമിക ഭരണം സ്ഥാപിതമാകും വരെ യുദ്ധം മാത്രമാണു മുസ്ലിങ്ങളുടെ കടമ എന്നവര്‍ സിദ്ധാന്തിക്കുന്നു.
ചേകനൂര്‍ മൌലവിയെ പോലുള്ള മനു‍ഷ്യസ്നേഹികള്‍ ഇതേ ഖുര്‍ ആന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും വാദിക്കുന്നു!

Thursday, September 13, 2007

ഖുര്‍ ആന്‍ ദൈവീകഗ്രന്ഥമോ?

മറ്റൊരു ചര്‍ച്ച കൂടി ആരംഭിക്കുന്നു........!