ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Sunday, April 13, 2008

കൊലപാതകത്തിനു പ്രതികാരം ചെയ്യുക!

അറേബ്യയില്‍ ആറാം ശതകത്തിലെ നാടോടികള്‍ക്കിടയില്‍ നിലനിന്നിരുന്ന അപരിഷ്കൃതവും വിചിത്രവുമായ ഒട്ടേറെ ഗോത്രാചാരങ്ങള്‍ ദൈവത്തിന്റെ അവസാനത്തെ സദാചാരപ്പട്ടികയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഖുര്‍ ആനില്‍ സ്ഥാനം പിടിച്ചിട്ടുള്ളതായി കാണാം.
ഒരുദാഹരണം ഇതാ കാണുക:-
“ഹേ വിശ്വാസികളേ! കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതികാരം ചെയ്യല്‍ നിങ്ങള്‍ക്കു നിയമമാക്കിയിരിക്കുന്നു. അതായത് സ്വതന്ത്രനു സ്വതന്ത്രനും അടിമയ്ക്ക് അടിമയും സ്ത്രീയ്ക്കു സ്ത്രീയും എന്ന നിലയില്‍ ”(2:178)

കൊലക്കു പകരം കൊല എന്ന ഗോത്ര നീതിയെ ശരിവെക്കുന്നതോടൊപ്പം പകരക്കൊലയില്‍ ‘സമത്വം’ പാലിക്കല്‍ നിര്‍ബ്ബന്ധമാക്കുക കൂടിയാണ് ഈ ഖുര്‍ ആന്‍ വാക്യത്തിന്റെ ഉദ്ദേശ്യമെന്ന് വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു.
“കൊല‍ക്കു പകരം കൊല എന്ന സമ്പ്രദായം അറബികളിലും വേദക്കാരിലും മുമ്പേ പതിവുണ്ടായിരുന്നു. പക്ഷേ അതില്‍ നീതിയും സമത്വവും പാലിക്കപ്പെട്ടിരുന്നില്ല. ....പ്രതിക്രിയ നടത്തല്‍ നിയമമാക്കിയിരിക്കുന്നു എന്നു പറഞ്ഞാല്‍ കൊന്നവനെ കൊല്ലല്‍ നിര്‍ബ്ബന്ധമാണെന്നല്ല; പ്രതിക്കൊലയില്‍ സമത്വവും നീതിയും പാലിക്കണം എന്നാണുദ്ദേശ്യം. സ്വതന്ത്രനു സ്വതന്ത്രനും അടിമക്ക് അടിമയും സ്ത്രീക്കു സ്ത്രീയും എന്ന് പറഞ്ഞത് അതിന്റെ വിശദീകരണമത്രേ.”[ഖുര്‍ ആന്‍ വിവരണം-അമാനിമൌലവി]

ഒരു ഗോത്രത്തിലെ സ്ത്രീയാണു കൊല്ലപ്പെട്ടതെങ്കില്‍ പകരം കൊലയാളിയുടെ ഗോത്രത്തിലെ ഒരു സ്ത്രീയെ മാത്രമേ കൊല്ലാവൂ എന്നും , അടിമയെ കൊന്നാല്‍ , കൊലയാളി സ്വതന്ത്രനാണെങ്കിലും അയാളുടെ ഗോത്രത്തിലെ ഒരടിമയെ മാത്രമേ പകരം വധിക്കാവൂ എന്നുമാണ് ഖുര്‍ ആന്‍ ഉപദേശിക്കുന്നത്. കൊല്ലപ്പെടുന്നവരുടെ ‘വിലനിലവാരം’ പരിഗണിക്കാതെയുള്ള ജാഹിലിയ്യാ കാലത്തെ പ്രതിക്രിയാരീതിയില്‍ കാലോചിതമായ ഭേദഗതി വരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ സമത്വവും നീതിയും നടപ്പിലാക്കാന്‍ അവതരിപ്പിച്ചതാണത്രേ ഈ വെളിപാട്. ഖുര്‍ ആന്‍ വ്യാഖ്യാതാക്കളെയും കര്‍മ്മശാസ്ത്രവിദഗ്ധരെയും ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ ഒന്നാണീ സൂക്തമെന്നും അമാനിമൌലവി തുടര്‍ന്നെഴുതുന്നു:-
“എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം)

ഈ ഖുര്‍ ആന്‍വാക്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയെന്തെന്നോ ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ എന്തെല്ലാമെന്നോ വിവരിക്കാതെ മുജാഹിദ് പണ്ഡിതന്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധേയമാണ്. ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെ’തഫ്ഹീം’ല്‍ ഈ വാക്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ചാടിക്കടന്നു പോവുകയാണു ചെയ്തിട്ടുള്ളത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്ത കാര്യമാണ് ഇവിടെ’അല്ലാഹു’വെളിപ്പെടുത്തിയിട്ടുള്ളതെന്ന തിരിച്ചറിവു തന്നെയായിരിക്കാം ഇവരുടെ ഉരുണ്ടുകളിക്കു കാരണം!

എല്ലാ മനുഷ്യജീവനും തുല്യ വിലയാണുള്ളതെന്ന ആധുനിക മനുഷ്യാവകാശ തത്വം ഇസ്ലാമിനു സ്വീകാര്യമല്ല എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ ‘സമത്വപാലന’ത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറ്റം ചെയ്തവരും അതിനു കൂട്ടു നിന്നവരും പ്രേരിപ്പിച്ചവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ നല്‍കുകയും ‍അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുക എന്നതാണു ആധുനിക സമൂഹം അംഗീകരിച്ചിട്ടുള്ള നീതിനിര്‍വ്വഹണരീതി. കുറ്റം ചെയ്തവര്‍ക്കു ‘തുല്യ നഷ്ടം’ വരുത്തുന്നതിനായി അയാളുടെ കുടുംബാംഗങ്ങളെ വധിക്കുക, സ്വത്തുക്കള്‍ നശിപ്പിക്കുക മുതലായ സമ്പ്രദായങ്ങള്‍ അപരിഷ്കൃത സമൂഹങ്ങളില്‍ മുന്‍പു കാലത്തുണ്ടായിരുന്നു.അത്തരം മനുഷ്യത്വരഹിതവും അയുക്തികവുമായ ഗോത്രാചാരങ്ങളെ ശരിവെക്കാന്‍ മാത്രം ബുദ്ധിശൂന്യതയും നെറികേടും, നീതിമാനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തില്‍നിന്നു പ്രതീക്ഷിക്കാവതല്ല!

ഖുര്‍ ആന്റെ ഈ ഉപദേശം ഇക്കാലത്തു നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഒരു ഉദാഹരണം നോക്കാം. ഒരു കൊള്ളക്കാരന്‍ ഒരു വീട്ടില്‍ കയറി കൊള്ള നടത്തുന്നതിനിടെ വീട്ടമ്മയായ സ്ത്രീയെയും അവരുടെ രണ്ടു വയസ്സായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്നു സങ്കല്‍പ്പിക്കുക. അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്! കൊല്ലപ്പെട്ടത് ഒരു സ്ത്രീയും കുഞ്ഞു മായതുകൊണ്ട് പകരം കൊലയാളിയായ പുരുഷനെ കൊല്ലുന്നത് നീതിയല്ല. എന്തുകൊണ്ടെന്നാല്‍ പുരുഷന്റെ മൂല്യവും സ്ത്രീയുടെ മൂല്യവും തുല്യമല്ലല്ലോ!!

ഖുര്‍ ആന്റെ കര്‍ത്താവു നീതിമാനായ ഒരു ദൈവമായിരുന്നെങ്കില്‍ ഈ വാക്യം ഇപ്രകാരമായിരുന്നേനെ:
“ഹേ വിശ്വാസികളേ, കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരില്‍ ഇനി മേല്‍ നിങ്ങള്‍ ഹിംസിക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. അതിനാല്‍ കുറ്റവാളികളെ മാത്രം ശിക്ഷിക്കുക.”