‘അല്ലാഹു’ മക്കയില്‍നിന്നു മദീനയിലെത്തിയതോടെ സമാധാനത്തിന്റെയും ഉല്‍ബോധനത്തിന്റെയും മതം കൊള്ളയുടെയും യുദ്ധത്തിന്റെയും മതമായി മാറിയതിന്റെ വാങ്മയചിത്രം ഖുര്‍ ആനിലും ഇസ്ലാം ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെട്ടു കിടക്കുന്നു. ദീനില്‍ യാതൊരു ബലപ്രയോഗവുമില്ല; അവര്‍ക്ക് അവരുടെ മതം നിങ്ങള്‍ക്ക് നിങ്ങളുടെ മതം; യുക്തികൊണ്ടു മാത്രം സംവാദത്തിലേര്‍പ്പെടുക ; തുടങ്ങിയ ‘മക്കീ’ വെളിപാടുകള്‍ പ്രവാചകന് മദീനയിലെത്തി അധികാരം സ്ഥാപിച്ചതോടെ ക്യാന്‍സല്‍ ചെയ്യപ്പെട്ടു!
ബലപ്രയോഗത്തിനും പച്ചയായ കൊള്ളയ്ക്കും കൊലയ്ക്കും ആഹ്വാനം ചെയ്യുന്ന നൂറുകണക്കിനു വെളിപാടുകള്‍ പ്രവാചകന്റെ നാവിലൂടെ പുറത്തു വന്നു. ഏതാനും ഉദാഹരണങ്ങള്‍ കാണുക:-
യുദ്ധം ചെയ്യല്‍ നിങ്ങള്‍ക്കു നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതു നിങ്ങള്‍ക്കു വെറുപ്പുള്ളതാണ്. എന്നാല്‍ ഒരു കാര്യം നന്മയുള്ളതായിരിക്കെ നിങ്ങള്‍ വെറുത്തെന്നു വരാം. ഒരു കാര്യം ദോഷമായിരിക്കെ നിങ്ങള്‍ ഇഷ്ടപ്പെട്ടെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.[2:216]
പരിശുദ്ധ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ ചോദിക്കുന്നു. പറയുക: അത് അപരാധം തന്നെയാണ്. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു ജനങ്ങളെ തടയുന്നതും അവനെ നിഷേധിക്കുന്നതും മസ്ജിദില്‍ ഹറാമില്‍ നിന്നു ബഹിഷ്കരിക്കുന്നതും അല്ലാഹുവിങ്കല്‍ വലിയ അപരാധമാകുന്നു. ഫിത്ന യാണ് കൊലയെക്കാള്‍ വലിയത്.[2:217]
ഈ വാക്യം അവതരിക്കാനിടയായ സംഭവം വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും വിവരിച്ചിട്ടുണ്ട്. ഇസ്ലാം ചരിത്രത്തിന്റെ അടിയാധാരം എന്നു കണക്കാക്കപ്പെടുന്ന , ഇബ്നു ഹിഷാമിന്റെ ‘സീറത്തു റസൂലുല്ലാഹ്’ എന്ന ഗ്രന്ഥത്തില്‍നിന്നുള്ള വിവരണം ഇതാ കാണുക:-
“ആദ്യ കാലത്തു തന്നെ ഇസ്ലാം വിശ്വസിച്ചവരില്‍ പെട്ട ഒരു മഹാനായിരുന്നു അബ്ദുല്ലാഹിബ്നു ജഹ്ശ്. ത്യാഗ സമ്പൂജ്യമായിരുന്നു അദ്ദേഹത്തിന്റെ ധീര സുന്ദരമായ ജീവിതം. നഖ്ലത്തിലേക്കു നിയോഗിക്കപ്പെട്ട മുഹാജിര്‍ സേനയുടെ നേതൃത്വം നബി അദ്ദേഹത്തില്‍ അര്‍പ്പിക്കുകയുണ്ടായി. എട്ടു പേരാണ് ആ സംഘത്തിലുണ്ടായിരുന്നത്. ഈരണ്ടു പേര്‍ക്ക് ഓരോ ഒട്ടകം എന്ന നിലയില്‍ ഒട്ടകങ്ങളെയും അവര്‍ക്കു നല്കുകയുണ്ടായി. വിശപ്പും ദാഹവും സഹിക്കുന്നതില്‍ നിങ്ങളില്‍ ആരെക്കാളും കഴിവുള്ള ഒരാളെ നിങ്ങളുടെ നേതാവായി അയച്ചു തരാം എന്ന മുഖവുരയോടെയാണ് നബി അബ്ദുല്ലാഹിബ്നു ജഹ്ശിനെ സംഘത്തിന്റെ നേതാവായി നിയോഗിച്ചത്.
മക്കക്കും തായിഫിനും ഇടയില്‍ ,മക്കയില്‍നിന്നും ഒരു രാത്രിയുടെ വഴിയകലത്തിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നഖ്ലത്ത്. ആ പ്രദേശം കച്ചവടസംഘങ്ങളുടെ വിശ്രമസങ്കേതമായിരുന്നു. ആ സംഘം നഖ്ലത്തിലേക്കു പുറപ്പെടുമ്പോള്‍ , രണ്ടു ദിവസം യാത്ര ചെയ്ത ശേഷമല്ലാതെ തുറന്നു വായിക്കരുത് എന്ന നിര്‍ദേശത്തോടു കൂടി നബി സംഘത്തലവന്റെ കയ്യില്‍ ഒരു കത്തു കൊടുക്കുകയുണ്ടായി. നിര്‍ദേശപ്രകാരം രണ്ടു ദിവസം യാത്ര ചെയ്ത ശേഷം അബ്ദുല്ലാഹിബ്നു ജഹ്ശ് കത്തു തുറന്നു വായിച്ചു. ഈ കത്തു വായിച്ചു കഴിഞ്ഞാല്‍ നഖ്ലത്തിലേക്കുള്ള യാത്ര തുടര്‍ന്നു കൊള്ളേണമെന്നും നഖ്ലത്തിലെത്തിയാല്‍ ഖുറൈശികളുടെ വരവിനെ കാത്ത് ഇരുന്നു കൊള്ളേണമെന്നും വിജയത്തോടു കൂടി തിരിച്ചു വരുവാന്‍ അവസരം ലഭിക്കുമെന്നും ഇക്കാര്യത്തില്‍ കൂട്ടുകാരുടെ നിലപാട് കണക്കിലെടുക്കേണ്ടതില്ല എന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. അദ്ദേഹം കത്തിലെ താല്‍പ്പര്യം കൂട്ടുകാരെ അറിയിക്കുകയും ,മനോധൈര്യവും രക്തസാക്ഷ്യത്തിനു സന്നദ്ധതയും ഉള്ളവര്‍ മാത്രം നഖ്ലത്തിലേക്കു വന്നാല്‍ മതിയെന്നും അല്ലാത്തവര്‍ക്കു തിരിച്ചു പോകാവുന്നതാണെന്നും അവരെ അറിയിക്കുകയും ചെയ്തു. പക്ഷെ ആ സംഘത്തില്‍നിന്നും ഒരാളും തിരിച്ചു പോകാന്‍ ഒരുങ്ങിയില്ല. ആ സംഘം ഉത്സാഹപൂര്‍വ്വം യാത്ര തുടര്‍ന്നു. ഹിജാബിന്നപ്പുറം ബഹ്രാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ സംഘത്തിലെ ഒരു ഒട്ടകത്തിനെ കാണാതായി. സ അദുബിനു അബീ വക്കാസ്, ഉത്വത്തുബ്നു ഗുസ്വാന്‍ എന്നിവരുടെ ഒട്ടകത്തെയാണു കാണാതായത്. അവര്‍ രണ്ടു പേരും ഒട്ടകത്തെ അന്യേഷിച്ചു പുറപ്പെട്ടു. മറ്റുള്ളവര്‍ നഖ്ലത്തിലേക്കുള്ള യാത്ര തുടര്‍ന്നു. പത്താം ദിവസം ആ സംഘം നഖ്ലത്തിലെത്തി. ഖുറൈശികളുടെ വരവും പ്രതീക്ഷിച്ച് അവര്‍ അവിടെ ഇരിപ്പുറപ്പിച്ചു. അങ്ങനെയിരിക്കുമ്പോള്‍ , മുന്തിരി , തോല് മുതലായ കച്ചവടച്ചരക്കുമായി ഖുറൈശികളുടെ ഒട്ടകങ്ങള്‍ തായിഫില്‍നിന്നും അവിടെ വന്നെത്തി. അമ്രുബിനുല്‍ ഹളുറമി , ഹഖമിബ്നുകൈസാന്‍ , ഉസ്മാനുബിനു അബ്ദുല്ലാ എന്നീ ഖുറൈശീ കച്ചവടക്കാര്‍ ആ സംഘത്തിലുണ്ടായിരുന്നു. നഖ്ലത്തില്‍ മുസ്ലിങ്ങളെ കണ്ടപ്പോള്‍ ഖുറൈശികള്‍ ഭയപ്പെട്ടു. ഒട്ടകപ്പുറത്തുനിന്നു ചരക്കുകള്‍ ഇറക്കിവെക്കാതെ അവര്‍ ശങ്കിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഉക്കാശത്തുമായി അവര്‍ കുശലപ്രശ്നം നടത്തുകയും ,അല്‍പ്പം ആത്മധൈര്യത്തോടെ ചരക്കുകള്‍ ഇറക്കി വെക്കുകയും ചെയ്തു.
ഹിജ്ര മൂന്നാം വര്‍ഷത്തിലെ റജബ് മാസത്തിലാണ് ഈ സംഭവം നടന്നത്. റജബ് മാസം യുദ്ധം നിരോധിച്ച മാസമായിരുന്നു. തന്നിമിത്തം ഖുറൈശികളുമായി യുദ്ധം ചെയ്യുന്നതില്‍ അവര്‍ക്കു മനോവിഷമം നേരിട്ടു. അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഖുറൈശികള്‍ ഹറമില്‍ കടന്നു കളയുമെന്നുറപ്പായിരുന്നു. അവര്‍ ഹറമില്‍ കടന്നാല്‍ പിന്നെ ഒരു വിധത്തിലും യുദ്ധം ചെയ്യാന്‍ തരപ്പെടില്ല. ആ സന്നിഗ്ദ്ധ ഘട്ടത്തില്‍ ,റജബു മാസം അവസാനിച്ചിരിക്കുന്നുവെന്നും അന്നു ശ അബാന്‍ ഒന്നാണെന്നുമുള്ള സംശയം അവര്‍ക്കു വെളിച്ചം വീശി. ആ സംശയത്തിന്റെ ബലത്തില്‍ മുസ്ലിങ്ങള്‍ ഖുറൈശികളുമായി യുദ്ധം പ്രഖ്യാപിച്ചു. വാഖിദിബ്നു അബ്ദുല്ലാ തൊടുത്തുവിട്ട അമ്പ് അമ്രുബിനുല്‍ ഹളുറമിയെ കൊലപ്പെടുത്തി. ഉസ്മാനിബ്നു അബ്ദുല്ല, ഹകം ഇബ്നു കൈസാന്‍ എന്നിവരെ തടവുകാരായി പിടിച്ചു. മറ്റുള്ളവര്‍ ഓടിക്കളഞ്ഞു. ഖുറൈശികള്‍ ഇട്ടേച്ചു പോയ മുതലുകള്‍ മുസ്ലിങ്ങള്‍ കണ്ടെടുക്കുകയും അതോടൊപ്പം തടവുകാരെയും കൂട്ടി ,അവര്‍ നബിതിരുമേനിയുടെ സന്നിധിയിലേക്കു തിരിക്കുകയും ചെയ്തു.
യുദ്ധത്തില്‍നിന്നു പിന്തിരിഞ്ഞോടിയ ഭീരുക്കള്‍ മക്കയിലെത്തി ‘യുദ്ധം നിരോധിക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്ത അക്രമികള്‍ ‘ എന്നു മുസ്ലിങ്ങളെ നിന്ദിക്കുകയും അപഹസിക്കുകയും ചെയ്തു. ഈ അപവാദം മുസ്ലിം ഹൃദയങ്ങളെ വ്രണപ്പെടുത്തി. ഈ ഘട്ടത്തിലാണ് “പുണ്യ മാസങ്ങളെ പറ്റി അവര്‍ ചോദിക്കുന്നു......”[2:217]എന്ന ആയത്ത് ഇറങ്ങിയത്. ഈ ആയത്ത് ഖുറൈശികളുടെ വായടക്കുകയും മുസ്ലിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ”
ഈ വിവരണം സൂക്ഷ്മമായി ഒരാവര്‍ത്തി വായിച്ചാല്‍ വരികളിലും വരികള്‍ക്കിടയിലും ഒരു കൊലച്ചതിയുടെ വ്യക്തമായ ചിത്രം നമുക്കു ലഭിക്കും. അല്ലാഹുവിന്റെ ഈ ആയത്തിറങ്ങുന്നതിനു തൊട്ടു മുന്‍പായി മുഹമ്മദ് ഒരു നാടകം അഭിനയിച്ചതായും ഹദീസ് വിവരണങ്ങളില്‍ കാണാം. പുണ്യമാസങ്ങളില്‍ കൊള്ള പാടില്ല എന്ന ഗോത്ര മര്യാദ ലംഘിച്ചതിന്റെ പേരില്‍ സ്വന്തം അനുയായികള്‍ക്കിടയില്‍ പോലും അനിഷ്ടം പ്രകടമായ സന്ദര്‍ഭത്തില്‍ നബി യോദ്ധാക്കളെ കുറ്റപ്പെടുത്തി സംസാരിക്കുകയും ഗനീമത്ത് തൊടാതെ കുറച്ചു നേരം മാറി നില്‍ക്കുകയും ചെയ്തുവത്രേ. പിന്നീട് അല്ലാഹുവിന്റെ പേരില്‍ ഒരു ന്യായീകരണം ‘ഇറക്കി’ എല്ലാവരെയും കബളിപ്പിക്കുകയും തുടര്‍ന്നു കൊള്ളമുതല്‍ പങ്കുവെച്ചു കൊടുക്കുകയും ചെയ്തു.
മുസ്ലിം ചരിത്രത്തിലെ ആദ്യത്തെ വിജയകരമായ യുദ്ധം എന്നു ചരിത്രകാരന്മാര് അവകാശപ്പെടുന്ന സംഭവമാണിത്. ഇതിനു മുന്‍പും രണ്ടു മൂന്നു കൊള്ളകള്‍ ആസൂത്രണം ചെയ്തെങ്കിലും അവ പരാജയപ്പെടുകയായിരുന്നു. അതിലൊന്നിന്റെ വിവരണം കൂടി കാണുക:-
“യന്‍ബ ഇല് ബനൂ മുദ് ലജ് ഗോത്രക്കാരുടെ സ്ഥലത്തോട് ചേര്‍ന്നു കിടന്ന സ്ഥലമാണ് ഉശൈറ. ശാമിലേക്കു കച്ചവടത്തിനു പോകുന്ന ഖുറൈശികളുടെ ഒട്ടകങ്ങളെയും മറ്റും പിടിച്ചെടുത്ത് ധര്‍മ്മമുതലാക്കുന്നതിനു വേണ്ടി , നൂറ്റമ്പതു മുഹാജിറുകളായ സഹാബികളോടൊപ്പം തിരുമേനി ഉശൈറയിലേക്കു പുറപ്പെട്ടു. ഹിജ്ര മൂന്നാം വര്‍ഷത്തിലെ ജമാദുല്‍ അവ്വല്‍ മാസത്തിലാണ് ഈ സംഭവം നടന്നത്. മുസ്ലിങ്ങള്‍ ഉശൈറയില്‍ എത്തുന്നതിനു മുന്‍പ് അബ്ബൂസുഫ്യാന്റെ നേതൃത്വത്തില്‍ നൂറോളം ഖുറൈശികളടങ്ങുന്ന ഒരു കച്ചവടസംഘം ആ വഴി ശാമിലേക്കു കടന്നുപോയതായി അവര്‍ക്കു വിവരം ലഭിച്ചു. ഖുറൈശികളുടെ പക്കല്‍ 1000ഒട്ടകങ്ങളും 50000 പൊന്നും മറ്റു ചരക്കുകളും ഉണ്ടായിരുന്നുവെന്നും മുസ്ലിങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു. ആ യാത്രയില്‍ തിരുമേനി ബനൂളമ്രത് ,ബനൂ മുദ്ലജ് എന്നീ ഗോത്രങ്ങളുമായി മൈത്രീ ബന്ധം സ്ഥാപിക്കുകയുണ്ടായി...”
നഖ് ലയില്‍ നടന്ന കൊള്ള നബിയുടെ അതിബുദ്ധിയില്‍ നിന്നുണ്ടായ ഒരാസൂത്രണമായിരുന്നു എന്നൂഹിക്കാന്‍ താഴെ പറയുന്ന തെളിവുകള്‍ മതി:-
രണ്ടു ദിവസത്തെ യാത്രക്കു ശേഷം മാത്രം വായിക്കാനുള്ള കത്ത്; അതില്‍ കൂട്ടുകാരുടെ നിലപാട് പരിഗണിക്കേണ്ട എന്ന നിര്‍ദ്ദേശം ; 8 പേര് മാത്രമുള്ള ചെറു സംഘത്തെ 10 ദിവസത്തെ യാത്രാദൂരമുള്ള സഥലത്തേക്കയച്ചത്; വിജയം ഉറപ്പാണെന്ന പ്രതീക്ഷ; ഉക്കാശത്തിന്റെ കുശലപ്രശ്നത്തെ തുടര്‍ന്ന് ഖുറൈശികള്‍ ചരക്കിറക്കി വിശ്രമിക്കാനൊരുങ്ങിയത്; തുടര്‍ന്നുള്ള അപ്രതീക്ഷിതമായ ആക്രമണം; ഇതെല്ലാം ചേര്‍ത്തു വായിച്ചാല്‍ പുണ്യമാസത്തിലെ സൌകര്യം മുതലാക്കി ചതിയില്‍ കൊള്ള നടത്താന്‍ നബി നടത്തിയ ഗൂഡശ്രമം വ്യക്തമാണ്. “ഗൂഡ തന്ത്രം പ്രയോഗിച്ച് ശത്രുവിനെ കീഴടക്കലാണ് യുദ്ധം” എന്ന പ്രവാചകന്റെ നിര്‍വ്വചനം കൂടി കൂട്ടി വായിക്കാവുന്നതാണ്.
ഖുറൈശികള്‍ സാധാരണ വലിയ സംഘങ്ങളായി മാത്രമേ കച്ചവടത്തിനു പോകാറുള്ളു എന്നും പുണ്യമാസത്തില്‍ കൊള്ള ഇല്ലാത്തതിനാല്‍ അക്കാലത്ത് ആയുധവും സേനയുമില്ലാതെ ചെറു സംഘമായി കച്ചവടത്തിനു പോകുമെന്നുമൊക്കെ വളരെക്കാലം ആ വര്‍ത്തക സംഘത്തിലെ അംഗമായിരുന്ന മുഹമ്മദിനു നന്നായി അറിയാമായിരുന്നു. നഖ്ലയില്‍ അവര്‍ എത്തുന്ന സമയവും കൃത്യമായി അദ്ദേഹം മണത്തറിഞ്ഞു. അല്ലാഹുവിന്റെ വക ആയത്തും നേരത്തെ തന്നെ അദ്ദേഹം തയ്യാറാക്കിയിരുന്നു എന്നു കരുതുന്നതിലും തെറ്റില്ല.!
Wednesday, January 2, 2008
Subscribe to:
Posts (Atom)