ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Friday, May 9, 2008

ഭ്രൂണ ശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും !

ഖുര്‍ ആനും ശാസ്ത്രവും എന്ന വിഷയത്തിലേക്കു കടക്കുകയാണ്.
അതാണല്ലോ ഇക്കാലത്തു ഏറെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിഷയം!
ആദ്യം ഭ്രൂണത്തില്‍ തന്നെ തുടങ്ങാം!!

ഖുര്‍ ആനിലും ഹദീസിലും ഗര്‍ഭസ്ഥ ശിശുവിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്നുണ്ട്. ഈ വിവരങ്ങളും ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും യോജിക്കുന്നതായി ,മോറിസ് ബുക്കയ്,കെയ്ത്ത് മൂര്‍‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ സമര്‍ഥിക്കുകയുണ്ടായി. ഭ്രൂണ ശാസ്ത്രത്തെകുറിച്ച് ഇത്രയും സൂക്ഷ്മമായ വിവരം 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു മനുഷ്യന് അറിയാന്‍ സാധിക്കുമായിരുന്നില്ല. ഖുര്‍ ആനില്‍ ഇത്രയും സൂക്ഷ്മമായ വിവരമുണ്ടെങ്കില്‍ അതിന്റെ ഉറവിടം തീര്‍ച്ചയായും ദൈവികമായിരിക്കണം. ഈ വസ്തുത മനസ്സിലാക്കിയ മോറിസ്ബുക്കായ് എന്ന ഭ്രൂണശാസ്ത്രജ്ഞന്‍ ഇസ്ലാം മതം സ്വീകരിച്ചു.”[ഖുര്‍ ആനും കമ്പ്യൂട്ടറും]


ലോകമെമ്പാടുമുള്ള ഇസ്ലാമികപ്രചാരകര്‍ കുറെക്കാല‍മായി വലിയ തോതില്‍ പ്രചരി‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നംബറാണിത്. കേരളത്തില്‍ ഈ പ്രചാരണം പതിറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു മുപ്പതു കൊല്ലം മുമ്പു തന്നെ ഈ വാദത്തിന്റെ പൊള്ളത്തരങ്ങള്‍ കാര്യകാരണസഹിതം തുറന്നുകാട്ടിക്കൊണ്ട് ഞാനും യുക്തിവാദികളായ മറ്റു ചില സുഹൃത്തുക്കളും ലേഖനങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതു വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രചോദനമായത് ഈയിടെ തുടങ്ങിയ ഒരു ബ്ലോഗില്‍ ഖുര്‍ ആനിന്റെ ശാസ്ത്രീയതയും ദൈവീകതയും സംബന്ധിച്ചുള്ള തട്ടുതകര്‍പ്പന്‍ ചര്‍ച്ച ശ്രദ്ധയിപ്പെട്ടതാണ്. 19ന്റെ അല്‍ഭുതം വെളിപ്പെടുത്തിയ ഒരു പ്രൊഫസറുടെ കാര്യം ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ ഒരു പഴയ പുസ്തകത്തിലെ ഖണ്ഡികയാണു മുകളിലുദ്ധരിച്ചിരിക്കുന്നത്.


ആധുനിക ഭ്രൂണശാസ്ത്രം കണ്ടെത്തിയ സൂക്ഷ്മവിവരങ്ങള്‍ ഖുര്‍ ആനിലുണ്ടെങ്കില്‍ തീര്‍ച്ചയായും മോറിസ് ബുക്കായിയോടൊപ്പം നമുക്കും അല്‍ഭുതചിത്തരായി ഇസ്ലാം മതത്തിന്റെ ദൈവിക സാക്ഷ്യത്തെ അംഗീകരിക്കാമായിരുന്നു. എന്നാല്‍ നമ്മുടെ പക്കലുള്ള ഖുര്‍ ആനിലോ ഹദീസിലോ , അതെഴുതപ്പെട്ട കാലത്തെ സാധാരണ മനുഷ്യര്‍ക്കറിവില്ലാത്തതും , ആധുനികശാസ്ത്രത്തിനു മാത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞതുമായ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ എന്നു നമുക്കൊന്നു പരിശോധിക്കാം.

നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്നുണ്ടാക്കി. പിന്നെ നാം അവനെ ശുക്ലത്തുള്ളിയായി ഭദ്രമായ ഒരു സ്ഥലത്തു നിക്ഷേപിച്ചു. പിന്നെ ശുക്ലത്തുള്ളിയെ ചോരക്കട്ടയാക്കി. ശേഷം ചോരക്കട്ടയെ ഇറച്ചിക്കഷ്ണമാക്കി. പിന്നീടതിനെ എല്ലുകളാക്കുകയും അതു കഴിഞ്ഞ് എല്ലുകളെ ഇറച്ചികൊണ്ട് പൊതിയുകയും ചെയ്തു. തുടര്‍ന്നതിനെ മറ്റൊരു സൃഷ്ടിയാക്കുകയും ചെയ്തു.” (23:12-14)

ഖുര്‍ ആനില്‍ പലേടത്തായി ആവര്‍ത്തിച്ചിട്ടുള്ള ഭ്രൂണവിജ്ഞാനമാണ് മേലുദ്ധരിച്ചത്. ഇതില്‍ ഒരു ശാസ്ത്രജ്ഞനെപ്പോലും അല്‍ഭുതപ്പെടുത്താന്മാത്രം എന്തു സൂക്ഷ്മജ്ഞാനമാണു ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ളത്? ആറാംനൂറ്റാണ്ടിലെ അറബികള്‍ക്കറിയാന്‍പാടില്ലാത്ത എന്തു നൂതനജ്ഞാനമാണിവിടെ ഖുര്‍ ആന്‍ വെളിവാക്കിയിട്ടുള്ളത്? ഖുര്‍ ആനിലെ ഭ്രൂണവിജ്ഞാനം തന്നെ അല്‍ഭുതപ്പെടുത്തി എന്നു പറയുന്ന മോറിസ് ബുക്കായ് തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത് ഖുര്‍ ആനിലെ ചോരക്കട്ടയും ഇറച്ചിക്കട്ടയുമൊക്കെ ശാസ്ത്രവസ്തുതകള്‍ക്കനുസരിച്ച് അര്‍ത്ഥം മാറ്റി വ്യാഖ്യാനിക്കേണ്ടതുണ്ടെന്നാണ്. അങ്ങനെ ചെയ്യാത്ത പക്ഷം ശാസ്ത്രത്തെയും ഖുര്‍ ആനെയും യോജിപ്പിലെത്തിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. ഖുര്‍ ആന്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് അറബി ഭാഷ മാത്രം അറിഞ്ഞാല്‍ പോര ; അവര്‍ക്ക് ആധുനിക ശാസ്ത്രബോധവും കൂടി വേണമെന്നാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്.
മോറിസ് ബുക്കായുടെ ഒരുദ്ധര‍ണി നോക്കുക:-

ഖുര്‍ ആന്‍ സൂക്തങ്ങള്‍ വായിക്കുന്ന ഒരു ശാസ്ത്രജ്ഞന് ഈ വിഷയത്തില്‍ തെറ്റായ ആശയങ്ങള്‍ നല്‍കുന്ന ധാരാളം പരിഭാഷകളും വ്യാഖ്യാനങ്ങളും ഇന്നു പ്രചാരത്തിലുണ്ട്. ഭൂരിഭാഗം വിവര്‍ത്തനങ്ങളും വിവരിക്കുന്നത് മനുഷ്യ ശരീരത്തിന്റെ രൂപീകരണം ഒരു ചോരക്കട്ടയില്‍നിന്നാരംഭിച്ചു എന്നാണ്. ഈ രംഗത്ത് പ്രത്യേക പരിശീലനം നേടുന്ന ഒരു ശാസ്ത്രജ്ഞന് ഈ പ്രസ്താവന തികച്ചും അസ്വീകാര്യമാണ്. ഖുര്‍ ആനിലെ വാക്യങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിന് ഭാഷാ പരിജ്ഞാനത്തിനു പുറമെ ശാസ്ത്രാവബോധവും കൂടി ഉണ്ടായിരിക്കണമെന്ന് ഇതു നമ്മെ ബോധ്യപ്പെടുത്തുന്നു.’’ [ഖുര്‍ ആനും ശാസ്ത്രവും പേജ്24]


ശുക്ലത്തുള്ളി ,ചോരക്കട്ട, മാംസപിണ്ഡം എന്നൊക്കെ അര്‍ത്ഥമുള്ള സാധാരണ അറബി പദങ്ങളാണു ഖുര്‍ ആനില്‍ ഉപയോഗിച്ചിട്ടുള്ളതെങ്കിലും ആധുനിക ഭ്രൂണ ശാസ്ത്ര സംജ്ഞകള്‍ക്കനുസരിച്ച് ഈ അറബി പദങ്ങളെ മാറ്റി വിവര്‍ത്തനം ചെയ്യേണ്ടതുണ്ട് എന്നാണ് ഈ ശാസ്ത്രജ്ഞന്‍ ഉപദേശിക്കുന്നത്. മുസ്ലിം വ്യാഖ്യാതാക്കള്‍ ഇക്കാലത്ത് ഖുര്‍ ആനില്‍ നുന്നും ശാസ്ത്രം മെനഞ്ഞുണ്ടാക്കാന്‍ പ്രധാനമായും സ്വീകരിച്ചു വരുന്ന തന്ത്രവും ഇതു തന്നെയാണ്. അലഖ എന്ന വാക്കിനു ചോരക്കട്ട എന്നതിനു പകരം തൂങ്ങിക്കിടക്കുന്ന ഭ്രൂണം, അള്ളിപ്പിടിക്കുന്ന ഭ്രൂണം എന്നൊക്കെ അര്‍ത്ഥം നല്‍കിയാലേ ഖുര്‍ ആന്‍ വാക്യത്തെ ശാസ്ത്രീയമാക്കാന്‍ കഴിയൂവെങ്കില്‍ , ഖുര്‍ ആനില്‍ അതി സൂക്ഷ്മമായ വിവരങ്ങള്‍ വെളിപ്പെടുത്തി എന്ന അവകാശവാദത്തിന് എന്തര്‍ത്ഥമാണുള്ളത്? ഏച്ചു കെട്ടിയും അര്‍ത്ഥം മാറ്റിയും ഒപ്പിച്ചുണ്ടാക്കുന്ന വ്യാഖ്യാനങ്ങള്‍ എങ്ങനെയാണ് ഖുര്‍ ആനിലെ സൂക്ഷ്മജ്ഞാനമാവുക?

ഒരു ഖുര്‍ ആന്‍ വാക്യത്തിന്റെ യഥാര്‍ത്ഥ ആശയവും വിശദാംശങ്ങളും നമുക്കു ലഭിക്കുന്നത് പ്രവാചകന്‍ അതിനു നല്‍കുന്ന വിശദീകരണത്തില്‍നിന്നാണ്. ഈ ഖുര്‍ ആന്‍ വാക്യത്തിനും വ്യക്തവും വിശദവുമായ വ്യാഖ്യാനം ഹദീസുകളില്‍ കാണാം. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതും ഇമാം നവവി തന്റെ ഏറ്റവും സഹീഹായ 40 ഹദീസുകളില്‍ ഉള്‍പ്പെടുത്തിയതുമായ ഒരു ഹദീസ് ഇതാ കാണുക:-

നിങ്ങളുടെ മാതാവിന്റെ വയറ്റില്‍ നിങ്ങളുടെ സൃഷ്ടി പല ഘട്ടങ്ങളിലായാണു നടക്കുന്നത്. 40 ദിവസം ഇന്ദ്രിയത്തുള്ളിയായി, അത്രയും കാലം ഒരു രക്തക്കട്ടയായി പിന്നീട് അത്രയും കാലം ഒരു മാംസപിണ്ഡമായി. പിന്നീട് അവങ്കലേക്ക് ഒരു മലക്കിനെ നിയോഗിക്കും. മലക്ക് അവനു ജീവന്‍ ഊതും. തുടര്‍ന്ന് അവനെപ്പറ്റി നാലു കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പ്പിക്കും. അപ്പോള്‍ മലക്ക് അവന്റെ ആരോഗ്യം, ആയുസ്സ്, പ്രവര്‍ത്തനങ്ങള്‍ ‍, ശേഷം അവന്‍ പരലോകത്ത് വിജയിയോ പരാജിതനോ എന്ന കാര്യവും രേഖപ്പെടുത്തും.”


ആധികാരികതയുടെ കാര്യത്തില്‍ ഒരു നേരിയ സംശയം പോലും ആരും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഏറ്റവും പ്രബലമായ ഹദീസുകളിലൊന്നാണിത്. എന്നാല്‍ ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കു സ്വന്തമായ അര്‍ത്ഥവും വ്യാഖ്യാനവും നടത്തി ഖുര്‍ ആനിനെ ശാസ്ത്രത്തിന്റെ വാലില്‍ കെട്ടാന്‍ ശ്രമിക്കുന്ന നമ്മുടെ മോറിസ് ബുക്കായ് ഈ ഹദീസിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:-
ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ള ഈ വിവരണം ആധുനിക വസ്തുതകളുമായി ഒട്ടും യോജിക്കുന്നതല്ല.”

എന്നു വെച്ചാല്‍ മുഹമ്മദ് നബി പറഞ്ഞത് വിഡ്ഡിത്തമാണ്,മോറീസ് ബുക്കായിയുടെ പുതിയ വ്യാഖ്യാനമാണു നമ്മള്‍ സ്വീകരിക്കേണ്ടത് എന്നു സാരം!

ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചത് ഖുര്‍ ആനും ഹദീസും വായിച്ച് അതിലെ ഭ്രൂണശാസ്ത്ര സൂക്ഷ്മജ്ഞാനത്തില്‍ ആകൃഷ്ടനായതു കൊണ്ടോ അതോ മറ്റു വല്ല പ്രലോഭനവും കാരണമോ എന്ന് അനുമാനിക്കാന്‍ കൂടുതല്‍ ആലോചിക്കെണ്ടതില്ലല്ലോ!
ഇനി ഖുര്‍ ആനിലും ഹദീസിലും വിവരിക്കുന്ന ഈ ഭ്രൂണവിജ്ഞാനം വസ്തുതകളുമായി എത്രത്തോളം ബന്ധമുണ്ട് എന്നു കൂടി പരിശോധിക്കാം.

മുതുകില്‍നിന്നു പുറപ്പെട്ടു തെറിച്ചുവീഴുന്ന ശുക്ലം ഗര്‍ഭാശയത്തില്‍ മാറ്റമില്ലാതെ 40 ദിവസം കിടക്കും എന്നാണല്ലോ ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്. ഇതു തീര്‍ത്തും തെറ്റാണ്. മുതുകിലല്ല ശുക്ലവും ബീജവും ഉല്പാദിപ്പിക്കപ്പെടുന്നതെന്ന കാര്യം പിന്നീടു ചര്‍ച്ച ചെയ്യാം. ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നത് എന്ന ധാരണ തന്നെ വിവരക്കേടാണ്. ഒരു തുള്ളി ശുക്ലത്തില്‍ ദശലക്ഷക്കണക്കിനു പുംബീജങ്ങളുണ്ട് . അതിലൊന്നു മാത്രമേ അണ്ഡവുമായി സംയോജിക്കുന്നുള്ളു. ബീജങ്ങള്‍ക്കു ഗര്‍ഭാശയത്തില്‍ നാലു ദിവസത്തില്‍ കൂടുതല്‍ ജീവനോടെയിരിക്കാനാവില്ല. 40 ദിവസം ശുക്ലം മാറ്റമില്ലാതെ കിടക്കുന്നു എന്ന നബിവചനം ശാസ്ത്രദൃഷ്ട്യാ വെറും അസംബന്ധമാണ്. 40ദിവസം കഴിഞ്ഞ് ചോരക്കട്ടയാകുന്നു എന്നതും മണ്ടത്തരം തന്നെ. ചോരക്കട്ടയ്ക്കു പകരം അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം മാറ്റിയാലും വ്യാഖ്യാനം ശരിയാവുകയില്ല. കാരണം ഭ്രൂണം അള്ളിപ്പിടിക്കുഅന്നത് 40 ദിവസം കഴിഞ്ഞല്ല.

ബീജസങ്കലനം കഴിഞ്ഞ് ആറാമത്തെ ദിവസം തന്നെ ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ അള്ളിപ്പിടിക്കും. ഈ അള്ളിപ്പിടുത്തം 40 ദിവസം കഴിഞ്ഞ് അവസാനിക്കുന്നുമില്ല. പ്രസവസമയത്ത് പൊക്കിള്‍ക്കൊടി മുറിച്ച് പ്ലാസെന്റാ വേര്‍പ്പെടുത്തുന്നതു വരെ അള്ളിപ്പിടുത്തം തുടരും. അലഖ എന്ന വാക്കിനു തൂങ്ങിക്കിടക്കുന്നത്, അള്ളിപ്പിടിക്കുന്നത് എന്നൊക്കെ അര്‍ത്ഥം നല്‍കിയാലും ഖുര്‍ ആനിലെ വിവരണം തെറ്റു തന്നെ. അലഖ എന്ന രണ്ടാം ഘട്ടം കഴിഞ്ഞ് മാംസക്കട്ട എന്ന മൂന്നാം ഘട്ടം വരുന്നതോടെ അള്ളിപ്പിടുത്തം അവസാനിക്കുന്നില്ല എന്നതു കൊണ്ടു തന്നെ ആ പദത്തിനു ചോരക്കട്ട എന്നല്ലാതെ അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം കൊടുക്കാനാവില്ല. ശുക്ലബിന്ദു എന്ന ഒരു ഘട്ടം തന്നെ ഗര്‍ഭധാരണത്തിനു ശേഷം നിലനില്‍ക്കുന്നില്ല. ശുക്ലത്തിലെ ലക്ഷക്കണക്കിനു ബീജങ്ങളിലൊന്നു മാത്രമാണു അണ്ഡവുമായി ചേരുന്നത്. അപ്രകാരം സംയോജിച്ചുണ്ടാകുന്ന ഭ്രൂണകോശം അതിന്റെ അനുസ്യൂതമായ വിഭജനപ്രക്രിയയിലൂടെ വളരാന്‍ തുടരുന്നു.

ബീജസങ്കലനം കഴിഞ്ഞാലുടന്‍ തന്നെ അണ്ഡം വളര്‍ന്നു തുടങ്ങും. 40 ദിവസം കഴിയുമ്പോഴേക്കും ഭ്രൂണത്തിനു തലയും ഉടലും വേര്‍തിരിയും. കണ്ണുകളും വായും രൂപപ്പെടാന്‍ തുടങ്ങുകയും കൈകാലുകളുടെ സ്ഥാനത്ത് മുഴകള്‍(buds) പ്രത്യക്ഷപ്പെടുകയും ചെയ്യും. 80 ദിവസം കഴിയുമ്പോള്‍ ചോരക്കട്ട ഇറച്ചിക്കട്ടയാകുമെന്നാണു നബിയും അല്ലാഹുവും പറയുന്നത്. ശാസ്ത്രം പറയുന്നത് ഏതാണ്ട് 12ആഴ്ച്ച കൊണ്ട് മനുഷ്യശിശുവിന്റെ ആകൃതി കൈവരുകയും കൈകാല്‍ വിരലുകള്‍ പോലും കൃത്യമായി രൂപപ്പെടുകയും ചെയ്യുമെന്നാണ്.

നാലാം മാസത്തിലെ ജീവന്‍ ഊത്ത്!

നാലു മാസം ജീവനില്ലാതെ കിടന്ന ഭ്രൂണത്തിനു ജീവന്‍ ഊതിക്കയറ്റാന്‍ ഒരു മലക്ക് ഗര്‍ഭാശയത്തിലെത്തുമെന്നാണു പ്രവാചകന്‍ വെളിപ്പെടുത്തുന്ന മറ്റൊരു അദൃശ്യജ്ഞാനം! ശാസ്ത്രദൃഷ്ട്യാ ഇതില്‍പ്പരമൊരു വിഡ്ഡിത്തം വേറെയില്ല.
ബീജകോശവും അണ്ഡകോശവും അവ സംയോജിച്ചുണ്ടാകുന്ന ഭ്രൂണവുമെല്ലാം ജീവനുള്ളവയാണ്. ജീവന്റെ എല്ലാ സവിശേഷതയും ഉള്ളതുകൊണ്ടാണ് അവയൊക്കെ ക്രമപ്രകാരം വളര്‍ന്നു നിശ്ചിത ജീവിയായി തീരുന്നത്. ഈ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജൈവ രാസ ഘടകങ്ങള്‍ അതാതു ജീവികോശത്തിലെ ക്രോമസോമുകളില്‍തന്നെ അടങ്ങിയിട്ടുണ്ട്. പുറത്തുനിന്നൊരു മലക്കിന്റെ ഇടപെടലൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. ഏതാണ്ടു നാലു മാസത്തെ വളര്‍ച്ചക്കു ശേഷമാണു കുഞ്ഞിന്റെ ചലനം പുറമേക്കനുഭവപ്പെട്ടു തുടങ്ങുന്നത്. ഇക്കാരണത്താല്‍ പണ്ടുള്ളവര്‍ ഊഹിച്ചുണ്ടാക്കിയ അന്ധവിശ്വാസമായിരിക്കാം മലക്കിന്റെ ആഗമനവും ജീവനൂതലും മറ്റും. നാലാം മാസം മലക്കു വന്ന് ഊതിക്കയറ്റുന്നത് ജീവനോ ആത്മാവോ എന്ന തര്‍ക്കവും അടുത്ത കാലത്തായി പൊന്തിവന്നിട്ടുണ്ട്. നാലു മാസം വരെ ശിശു ജീവനില്ലാതെ വളരുന്നു എന്നു തന്നെയാണ് മത പണ്ഡിതലോകത്തെ പൊതു മതം. നാലു മാസത്തിനു മുമ്പുള്ള ഭ്രൂണഹത്യ പാപമല്ല എന്ന് ജമാ അത്തെ ഇസ്ലാമിക്കാര്‍ ഫത്വ കൊടുത്തത് ഈ അടിസ്ഥാനത്തിലാണ്. [പ്രബോധനം 2000 നവംബര്‍ 4]


ചുരുക്കത്തില്‍ ആറാംനൂറ്റാണ്ടിലെ സാധാരണക്കാര്‍ക്കറിയാവുന്നതിലപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആനോ ഹദീസോ വെളിപ്പെടുത്തുന്നില്ല. ഇക്കാര്യം സത്യസന്ധമായി വളച്ചുകെട്ടില്ലാതെ ഒരു മതപണ്ഡിതന്‍ തന്നെ തുറന്നു പറഞ്ഞത് ഇതാ കാണുക:-

ഗര്‍ഭാശയത്തില്‍ ഒരു ശിശു കടന്നുപോകുന്ന വിവിധ ഘട്ടങ്ങളെ സൂചിപ്പിച്ചിരിക്കുകയാണിവിടെ. ആധുനിക ഉപകരണങ്ങളുപയോഗിച്ച് ഇന്നു കണ്ടെത്തിയിട്ടുള്ള അതിസൂക്ഷ്മമായ പരിണാമഘട്ടങ്ങളൊന്നും പക്ഷെ ഇവിടെ വിശദീകരിക്കുന്നില്ല. മറിച്ച് ഒരു സാധാരണ കാട്ടറബിക്കു പോലും സുപരിചിതമായിരുന്ന മുഖ്യ പരിണാമദശകള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു. അതായത് ഇന്ദ്രിയം ഗര്‍ഭാശയത്തില്‍ പതിച്ച ശേഷം അത് ഒരു രക്തപിണ്ഡമാവുകയും പിന്നീട് രൂപമൊന്നുമില്ലാത്തതും ക്രമേണ മനുഷ്യരൂപം പ്രാപിക്കുന്നതുമായ ഒരു മാംസക്കട്ടയായി പരിണമിക്കുകയും ചെയ്യുമെന്നു സാധാരണക്കാര്‍ക്കു പോലും അറിയാമായിരുന്നു. വിവിധ അവസ്ഥകളിലുണ്ടാകുന്ന ഗര്‍ഭച്ഛിദ്രങ്ങളിലൂടെ ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ അക്കാലത്തും മനുഷ്യര്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അല്ലാഹു ഇവിടെ പ്രസ്തുത ഘട്ടങ്ങളിലേക്കു വിരല്‍ ചൂണ്ടിയത്. അതു മനസ്സിലാക്കുവാന്‍ അന്നും ഇന്നും ശാസ്ത്രീയ ഗൈനക്കോളജി ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല.”[തഫ്ഹീമുല്‍ ഖുര്‍ ആന്‍ വോള്യം3 പേജ്195]

മൌദൂദിയുടെ ഈ വിവരണം വായിക്കാനിടയായിരുന്നെങ്കില്‍ നമ്മുടെ മോറീസ് ബുക്കായിയെപ്പോലുള്ളവര്‍ മതം മാറാന്‍ മുതിരുമായിരുന്നില്ല!

തുടരും...

Tuesday, May 6, 2008

കണ്ണിനു കണ്ണ്; പല്ലിനു പല്ല്!

ഗോത്രകാലത്തെ പ്രാകൃത നിയമങ്ങള്‍ക്ക് ദൈവത്തിന്റെ ശാശ്വതീകരണം ലഭിച്ചതിനുള്ള മറ്റൊരു ഉദാഹരണമിതാ:-

ജീവനു ജീവന്‍ , കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, മുറിവുകള്‍ക്കു മുറിവുകള്‍ ; ഇങ്ങനെ പകരം വീട്ടണമെന്ന് തൌറാത്തിലും അവരോടു നാം കല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ വല്ലവനും അതു മാപ്പു ചെയ്തു കൊടുത്താല്‍ അതു അവനുള്ള ഒരു പാപ പരിഹാരമാകുന്നു. അല്ലാഹു ഇറക്കിയതനുസരിച്ച് വല്ലവരും വിധിച്ചിട്ടില്ലെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍ .”[5:45]

ശരീ അത്ത് നിയമപ്രകാരം കണ്ണു ചൂഴ്ന്നെടുക്കാന്‍ വിധിക്കപ്പെടുകയും ,ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മറ്റും ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന്, പരാതിക്കാരനെക്കൊണ്ട് മാപ്പു നല്‍കിച്ചു വിട്ടയക്കുകയും ചെയ്ത മലയാളിയായ നൌഷാദിന്റെ അനുഭവം ഓര്‍മ്മയില്ലേ?

ഇവിടെയും കുറ്റവാളിയെ ശിക്ഷിക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുന്നതിനു പകരം ‘തുല്യ നഷ്ടം’ വരുത്തി പ്രതികാരം ചെയ്യുക എന്നാണു ‘ദൈവം’ ഉപദേശിക്കുന്നത്! മൂസാ നബിക്ക് പലകയിലെഴുതിക്കൊടുത്ത തൌറാത്തില്‍ അല്ലാഹു ഇക്കാര്യം വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ട്.
അയല്‍ക്കാരനെ ഏതെങ്കിലും വിധത്തില്‍ വിരൂപപ്പെടുത്തണം. ഒടിവിന് ഒടിവ്, കണ്ണിനു കണ്ണ്, പല്ലിനു പല്ല്, അയാള്‍ എങ്ങനെ അംഗഭംഗപ്പെടുത്തിയോ അങ്ങനെത്തന്നെ അയാളെയും അംഗഭംഗപ്പെടുത്തണം.”(ലേവിയര്‍ :-24:19-20)
മനുഷ്യര്‍ തമ്മില്‍ കലഹിക്കുമ്പോള്‍ ....അപകടം സംഭവിച്ചാല്‍ ജീവനു ജീവന്‍ ‍, കണ്ണിനു കണ്ണ്, പല്ലിനു പല്ല്, കൈക്കു കൈ, കാലിനു കാല്‍, പൊള്ളലിനു പൊള്ളല്‍ ,മുറിവിനു മുറിവ്, അടിക്ക് അടി, എന്ന മുറയ്ക്കു ശിക്ഷ നല്‍കണം. ആണടിമയുടെയോ പെണ്ണടിമയുടെയോ കണ്ണ് അടിച്ചു പൊട്ടിച്ചാല്‍ അതിനു പകരമായി ആ അടിമക്കു സ്വാതന്ത്ര്യം നല്‍കണം. ...കാള ഒരു ആണടിമയേയോ പെണ്ണടിമയേയോ കുത്തിക്കൊന്നാല്‍ കാളയുടെ ഉടമസ്ഥന്‍ അടിമയുടെ ഉടമസ്ഥന് 30 ശേക്കല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലണം”(പുറപ്പാട്:- 21:22-32)

അല്ലാഹു എന്ന യഥാര്‍ത്ഥ ദൈവം തന്റെ പ്രവാചകര്‍ മുഖേന ലോകാവസാനം വരേക്കുള്ള മനുഷ്യകുലത്തിനാകെയും നടപ്പിലാക്കാനായി [നടപ്പിലാക്കാത്തവര്‍ അക്രമികളാണ് എന്ന മുഖവുരയോടെ] ഇറക്കിത്തന്ന നീതിന്യായവ്യവസ്ഥയാണിത്. സൌദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ പോലും ഇന്നു നടപ്പിലാക്കാന്‍ അറയ്ക്കുന്ന ഈ പ്രാകൃതത്വം ഒരു പരിഷ്കൃതലോകത്തിന്റെ മുമ്പില്‍ എത്രമാത്രം പരിഹാസ്യമാണെന്നു നോക്കൂ!

ഇതൊക്കെ ഗോത്രകാലത്തെ മനുഷ്യന്റെ പരിമിതബുദ്ധിയില്‍നിന്നു ഉരുവം കൊണ്ടതാണെന്നൂഹിക്കാന്‍ സാമാന്യബുദ്ധി പോരേ?