ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Saturday, June 14, 2008

വൃഷണം മുതുകിലേക്ക്!!

ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അന്ധവിശ്വാസം ഒരു വശത്ത്; പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രവസ്തുതകള്‍ക്കു നിരക്കാത്ത ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ഖുര്‍ ആനില്‍ കാണ്‍പ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മറുവശത്ത്!
വിശ്വാസം കൊണ്ട് തുപ്പാനും വയ്യ, ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന നിലയില്‍ വലിയ ആശയപ്രതിസന്ധിയെയാണു മതത്തിന്റെ ആധുനിക വക്താക്കള്‍ നേരിടുന്നത്. ഈ പ്രതിസന്ധിക്കവര്‍ കണ്ടെത്തിയ പരിഹാരമാണ് വ്യാഖ്യാനം കൊണ്ടുള്ള അഭ്യാസം.
ആടിനെ പട്ടിയാക്കുക എന്നൊരു പ്രയോഗം ഭാഷയിലുണ്ട്. ഇവിടെ ആടിനെയല്ല ആനയെത്തന്നെ പാറ്റയാക്കാനും അല്‍പ്പം മെയ്‌വഴക്കമുണ്ടെങ്കില്‍ ഒരു പ്രയാസവുമില്ലെന്ന് ഇസലാമിന്റെ ആധുനിക പ്രയോഗ്താക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതാ ലക്ഷണമൊത്ത ഒരു ദൃഷ്ടാന്തം!

വൃഷണം മുതുകിലേക്ക്!!!

പുരുഷബീജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് വൃഷണങ്ങളിലാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഈ അറിവ് പക്ഷേ ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്തുണ്ടായിരുന്നില്ല. തത്സംബന്ധമായി പല അന്ധവിശ്വാസങ്ങളും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു. എല്ലുരുകി വരുന്നതാണു ശുക്ലമെന്നായിരുന്നു പഴമക്കാരുടെ ഒരു വിശ്വാസം . ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ഉരുകിയൊലിച്ച് മുതുകില്‍ കേന്ദ്രീകരിക്കുകയും രതിമൂര്‍ഛയുടെ വേളയില്‍ മുതുകില്‍ നിന്നും ഒലിച്ചിറങ്ങി തെറിച്ചു വീഴുകയുമാണതെന്നുമൊക്കെയായിരുന്നു അറബികളുടെ ധാരണ. മുഹമ്മദും അങ്ങനെയൊക്കെയാണു വിശ്വസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ വെളിപാടുകളും വെളിപാടേതര മൊഴികളും വ്യക്തമാക്കുന്നു.

വിവാഹം നിഷിദ്ധമായ സ്ത്രീകളെപ്പറ്റി വിവരിക്കവെ, സ്വന്തം മക്കളുടെ ഭാര്യമാര്‍ എന്ന് ഊന്നിപ്പറയാന്‍ ഖുര്‍ ആന്‍ ഉപയോഗിച്ച ഭാഷ നോക്കൂ:

നിങ്ങളുടെ മുതുകില്‍നിന്നുള്ള പുത്രന്‍ മാരുടെ ഭാര്യമാരും.[4:23]

മറ്റൊരിടത്ത് ഖുര്‍ ആന്‍ പറയുന്നു:

ആദാമിന്റെ മക്കളില്‍നിന്ന്, അവരുടെ മുതുകുകളില്‍നിന്ന് നിന്റെ റബ്ബ് അവരുടെ സന്തതികളെ പുറത്തെടുക്കുകയും...[7:172]

മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള മറ്റൊരു വിവരണം കൂടി കാണുക:

തെറിച്ചു വരുന്ന ഒരു വെള്ളത്തില്‍നിന്നത്രേ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു മുതുകിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്നും പുറത്തു വരുന്നു.[86:6,7]

ബീജകോശവും അണ്ഡകോശവും സംയോജിച്ചാണു ശിശുവുണ്ടാകുന്നതെന്ന ഒരു സൂചന നല്‍കാന്‍ പോലും സര്‍വ്വജ്ഞനായ ഈ ദൈവത്തിനു കഴിഞ്ഞില്ല! ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നതെന്ന ധാരണയോടൊപ്പം ശുക്ലം മുതുകില്‍നിന്നാണു വരുന്നതെന്ന അക്കാലത്തെ അന്ധവിശ്വാസവും അല്ലാഹു അംഗീകരിക്കുന്നു. ഇതാണു വസ്തുത . എന്നാല്‍ അലാഹുവിനെ അങ്ങനെയങ്ങു വിവരം കെട്ടവനാക്കി തള്ളിപ്പറയാന്‍, വിശ്വാസം കച്ചവടം ചെയ്തു ജീവിക്കുന്ന മതപുരോഹിതര്‍ക്കാവുമോ? അവര്‍ ഈ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തിയത് അതി വിചിത്രമായ ഒരു വ്യാഖ്യാന അഭ്യാസത്തിലൂടെയാണ്. അരക്കെട്ടില്‍ തൂങ്ങിക്കിടക്കുന്ന വൃഷണത്തെ അവര്‍ വ്യാഖ്യാനം കൊണ്ടു മുതുകിലെത്തിച്ചുകളഞ്ഞു.!!!

ഇതാ ചില സാമ്പിളുകള്‍ :

“വൃഷണങ്ങളും അണ്ഡാശയങ്ങളും ഗര്‍ഭസ്ഥ ശിശുവില്‍ നട്ടല്ലിന്റെ ഇരു വശത്തായി വൃക്കയുടെ നേരെ താഴെയാണ് ആദ്യമായി കാണപ്പെടുന്നത്. ....ജനിച്ച ശേഷമാണ് അവ പലപ്പോഴും വൃഷണസഞ്ചിയിലെത്തുന്നത്. വൃഷണസഞ്ചിയിലേക്കിറങ്ങുന്നുവെങ്കിലും പഴയ ബന്ധം തീരെ വിട്ടുപോകുന്നില്ല. പ്രാണവായുവും ഭക്ഷണവും എത്തിക്കുന്ന രക്തക്കുഴലുകളും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളും വൃക്കയുടെ അടുത്തു വെച്ചു തന്നെയാണു പ്രധാന കേന്ദ്രങ്ങളുമായി സന്ധിക്കുന്നത്.....വൃക്കകള്‍ സ്ഥിതി ചെയ്യുന്നത് നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമിടയിലാണുതാനും .”( പ്രജനനം. ഡോ. സി പി അബൂബക്കര്‍ ‍, പേ.14)

സംഗതി മുതുകിലെത്തിയില്ലെങ്കിലും ഒരുവിധം നട്ടെല്ലിന്റെ അടുത്തിങ്കിലും എത്തിക്കിട്ടിയില്ലേ?!!

ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്നതിനനുസരിച്ച് ദൈവ വെളിപാടുകളുടെ അര്‍ഥവും ആശയങ്ങളും തകിടം മറിയുന്നതെങ്ങിനെയെന്ന് IPH പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകത്തിലും വ്യക്തമാക്കപ്പെടുന്നു:

“മനുഷ്യന്റെ ബീജഗ്രന്ധികള്‍ രൂപപ്പെടുന്ന സ്ഥാനം ഉപര്യുക്ത ഖുര്‍ ആന്‍ വാക്യം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ വ്യാഖ്യാതാക്കള്‍ രണ്ടഭിപ്രായക്കാരാണ്. ഇബ്നു ജരീരിത്തബ്രീ , ഇബ്നു കസീര്‍ ,ജലാലൈനി എന്നിവരുള്‍പ്പെടുന്ന ഭൂരിപക്ഷം വരുന്ന ആദ്യകാല വ്യാഖ്യാതാക്കള്‍ മനസ്സിലാക്കുന്നത് ശുക്ലം മുതുകെല്ലിന്റെ പിന്‍ഭാഗത്തുനിന്നും സ്ത്രീബീജം വാരിയെല്ലുകള്‍ക്കിടയില്‍നിന്നും വരുന്നു എന്നാണ്. ഇബ്നുല്‍ ഖയ്യിം , ഖുര്‍തുബി, ആലൂസി തുടങ്ങിയ ന്യൂനപക്ഷ വ്യാഖ്യാതാക്കള്‍ പറയുന്നത് പുരുഷന്റെയും സ്ത്രീയുടെയും ബീജഗ്രന്ധികള്‍ മുതുകെല്ലിനും വാരിയെല്ലിനും ഇടയിലാണെന്നു ഖുര്‍ ആന്‍ വാക്യത്തില്‍നിന്നു മനസ്സിലാക്കാം എന്നാണ്.... ശരീര ശാസ്ത്രത്തിലും ഭ്രൂണശാസ്ത്രത്തിലും ഉണ്ടായ പുരോഗതി കാരണം സമീപ കാലത്ത് മാറാഗി രണ്ടാമത്തെ വീക്ഷണത്തെ പിന്താങ്ങുകയുണ്ടായി. ...30 വര്‍ഷത്തിനു ശേഷം വന്ന സയ്യിദ് ഖുതുബ് തന്റെ തഫ്സീറായ ഫീളിലാലില്‍ ഖുര്‍ ആനില്‍ ശാസ്ത്രവസ്തുതകള്‍ പിടികിട്ടാത്തതു മൂലം ഈ വിഷയത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ വരുത്തി വെച്ചിട്ടുണ്ട്. ”(പേ.74,ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും.)

ഇത്രയും കാര്യങ്ങള്‍ തുറന്നു പറയുന്ന ഗ്രന്ഥകാരന്‍ പിന്നെയും വൃഷണത്തെ മുതുകിലേക്കു കയറ്റിക്കൊണ്ടു പോകുന്നതു കൂടി കാണുക:

“വളര്‍ച്ചയെത്തുമ്പോള്‍ ഇടുപ്പായി രൂപാന്തരപ്പെടുന്ന സ്ഥാനത്താണ് ബീജഗ്രന്ധികള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഇന്ന് പ്രസിദ്ധമാണ്. നാലാഴ്ച്ചയെത്തിയ ഭ്രൂണത്തില്‍ ജനനേന്ദ്രിയ അതിരുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് ,മധ്യ വൃക്കയ്ക്കും മുതുകു വശത്തെ വപയ്ക്കും ഇടയിലെ മധ്യരേഖയിലാണ്....പുരുഷബീജ ഗ്രന്ധി ജനനം വരെ അവരോഹണപ്രക്രിയ തുടരുന്നു. ഇടുപ്പുഭാഗത്തെ നാളി വഴി ശരീരത്തിനു പുറത്തു വൃഷണസഞ്ചിയില്‍ വന്നു ചേരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ എന്നു ഖുര്‍ ആന്‍ വ്യക്തമാക്കിയ സ്ഥാനത്തേക്കു യവ്വനകാലത്ത് ഞരമ്പുകളുടെ വിന്യാസവും രക്തയോട്ടവും മേദോവാഹിനിയിലെ ദ്രവസാന്നിധ്യവും അതേപടി നിലനില്‍ക്കുന്നു. വയറിന്റെ ഭാഗത്തെ മഹാധമനിയില്‍ നിന്നു വരുന്ന വൃഷണധമനി ഇടുപ്പിന്റെ ഭാഗത്തെ രണ്ടാം കശേരു വരെ വരുന്നു. വലത്തെ വൃഷണസിര അധോമഹാസിരയിലേക്കു താഴ്ന്നിറങ്ങുന്നു. ഇടത്തേത് ഇടതു വശത്തെ വൃക്കസിരയിലേക്കും.”(പേ.75)


ഇതു സംബന്ധമായി ഖുര്‍ ആനില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ള പ്രസ്താവനകള്‍ വെറും മണ്ടത്തരവും മൂഡവിശ്വാസവുമാണെന്നു മനസ്സിലാക്കിയ വ്യാഖ്യാതാക്കള്‍ അക്കാര്യം സമ്മതിക്കാനുള്ള സത്യസന്ധതയില്ലായ്കയാല്‍ എന്തൊക്കെയോ തട്ടിപ്പടച്ചു ഞാണിന്മേല്‍ക്കളി നടത്തുകയാണെന്ന് സാമാന്യ വിവേകമുള്ള ആര്‍ക്കും ഇതു വായിച്ചാല്‍ തന്നെ ബോധ്യപ്പെടുമെന്നതിനാല്‍ കൂടുതല്‍ വിശദീകരണം ഒഴിവാക്കുന്നു. ശുക്ലം മുതുകില്‍നിന്നു വരുന്നു എന്ന വെളിപാടും ഭ്രൂണവളര്‍ച്ചയുടെ ഈ വിവരണവും തമ്മില്‍ എന്തു ബന്ധമാനുള്ളത്?

ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍നിന്നുമായി ഉരുകിയൊലിച്ചു മുതുകില്‍ കേന്ദ്രീകരിക്കുന്ന ശുക്ലം സംഭോഗവേളയില്‍ മുതുകില്‍നിന്നും പുറപ്പെട്ട് തെറിച്ചു വീഴുകയാണെന്നായിരുന്നു നബിയുടേയും കൂട്ടരുടെയും വിശ്വാസമെന്ന് ആദ്യകാല തഫ്സീറുകളിലെ വിവരണങ്ങളില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍ കൈകാലുകളും മറ്റും നഷ്ടപ്പെട്ടു പോയവര്‍ക്കും ശുക്ലമുണ്ടെന്നും അവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കു വൈകല്യം വരുന്നില്ലെന്നും മനസ്സിലാക്കിയ മൌദൂദി തന്റെ ‘യുക്തി’ഇപ്രകാരം അവതരിപ്പിക്കുന്നു:

“മാറിടത്തിനും ഉദരത്തിനും ഇടയില്‍നിന്നുല്‍ഭവിക്കുന്ന ഒരു ദ്രാവകത്തില്‍നിന്നാണു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ധാതു കൈകാലുകള്‍ ഛേദിക്കപ്പെട്ടാലും ഉണ്ടാകുന്നു. അതുകൊണ്ട് പ്രജനനബീജം മനുഷ്യന്റെ പൂര്‍ണ ശരീരത്തില്‍നിന്നാണുല്‍ഭവിക്കുന്നത് എന്നു പറയുന്നതു ശരിയല്ല.”

ആദ്യകാലത്തെ വ്യാഖ്യാതാക്കള്‍ നബിയുടെ വിവരണങ്ങളെ മാത്രം അവലംബിച്ചാണു വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത്. സ്വന്തം യുക്തിയോ ശാസ്ത്രത്തിന്റെ കണ്ടെത്തലോ ഒന്നും അവര്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ‘അല്ലാഹു’ എന്താണര്‍ഥമാക്കിയതെന്നറിയാന്‍ ആദ്യകാല തഫ്സീറുകളെ തന്നെയാണു നമുക്കും ആശ്രയിക്കാനാവുക.
ചുരുക്കത്തില്‍ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്നതിന്, ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍പ്പരം മറ്റൊരു ദൃഷ്ടാന്തവും വേണ്ടതില്ല തന്നെ!!!!!!

ഞാന്‍ ഇക്കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പേ തുറന്നെഴുതുകയും ഈ വ്യാഖ്യാന വീരന്മാര്‍ക്കെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതാണ്. അതു കണ്ടതായി ഭാവിക്കാതെ ഒരേ കസര്‍ത്തു തന്നെ ഇവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നതും ഇക്കൂട്ടരുടെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഞാന്‍ കാണുന്നു.