ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Monday, September 8, 2008

കുടുമയിലെ ബുദ്ധി !

ബഹിരാകാശത്ത് ഓക്സിജന്‍ ഇല്ലെന്ന് ഖുര്‍ ആന്‍ !


َمَن يُرِدِ ٱللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلإِسْلَٰمِ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقاً حَرَجاً كَأَنَّمَا يَصَّعَّدُ فِي ٱلسَّمَآءِ كَذٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لاَ يُؤْمِنُونَ

ഈ സൂക്തത്തിനു‍ മൌദൂദിയുടെ പരിഭാഷ ഇങ്ങനെ:

“ആര്‍ക്ക് അലാഹു സന്മാര്‍ഗ്ഗമരുളണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം അവന്‍ ഇസ്ലാമിനു വേണ്ടി തുറന്നു കൊടുക്കുന്നു. ആരെ അവന്‍ ദുര്‍മ്മാര്‍ഗ്ഗത്തിലാക്കണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം സങ്കുചിതമാക്കുകയും ചെയ്യുന്നു. (ഇസ്ലാമിനെ ഓര്‍ക്കുന്നതു തന്നെ) അയാള്‍ക്കു തന്റെ ജീവന്‍ മാനത്തേക്കുയര്‍ന്നു പോകുന്നതു പോലെ അസഹ്യമായി അനുഭവപ്പെടുന്നു.” (6:125)


ഖുര്‍ ആനിലെ ശാസ്ത്രീയ സത്യങ്ങളെ അനാവരണം ചെയ്യാന്‍ തൂലികയേന്തിയ മറ്റൊരു പണ്ഡിതന്‍ നല്‍കുന്ന പരിഭാഷയും വ്യാഖ്യാനവും ഇങ്ങനെ:

“വല്ലവനും അല്ലാഹു മാര്‍ഗ്ഗ ദര്‍ശനം നല്‍കാന്‍ തീരുമാനിച്ചാല്‍ ഇസ്ലാമിലേക്ക് അവന്റെ ഹൃദയം വിശാലമാക്കിക്കൊടുക്കും. പിഴവിലാക്കാനുദ്ദേശിച്ചാല്‍ അവന്റെ ഹൃദയത്തെ കുടുസ്സായി തീരെ ഇടുങ്ങിയതായി അവന്‍ വെക്കുന്നു. അവന്‍ ആകാശത്തില്‍ കയറിപ്പോവുകയാണ് എന്ന പോലെ.”


മേലോട്ടു സഞ്ചരിക്കുന്ന ഒരാള്‍ക്ക് 35000 നാഴിക കഴിഞ്ഞാല്‍ ഓക്സിജന്‍ ലഭിക്കുകയില്ല. ഓക്സിജന്‍ അതിനു താഴെ മാത്രമേ ലഭിക്കുകയുള്ളു എന്ന സത്യം അടുത്ത കാലത്താണു അറിവായത്. ഖുര്‍ ആനിതു നേരത്തേ പഠിപ്പിച്ചിരുന്നു. ”(ഖുര്‍ ആനും ശാസ്ത്രീയ സത്യങ്ങളും. പേജ് 17)


ആകാശത്തേക്കു പറന്നകലുന്ന പക്ഷികളും മറ്റും ചെറുതായി ചെറുതായി വരുന്നതു പോലെ അവിശ്വാസികളുടെ ഹൃദയങ്ങളും ചുരുങ്ങിച്ചുരുങ്ങി വരും എന്ന ഒരു ഉപമയാണിവിടെ ഖുര്‍ ആന്‍ അവതരിപ്പിക്കുന്നത്. ഇതൊക്കെ ബഹിരാകാശ ശാസ്ത്രമായി വ്യാഖ്യാനിച്ചു കാടു കയറുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഖുര്‍ ആനിനെയും അല്ലാഹുവിനെയും കൊച്ചാക്കുകയല്ലേ ചെയ്യുന്നത്? ദൈവത്തിന്റെ കൃതിയാണിതെന്ന് വിശ്വസിക്കുന്നവര്‍ക്ക് ആ കൃതിയില്‍ ഇതു പോലെ എന്തു തന്നിഷ്ടവും പ്രയോഗിക്കാന്‍ ധൈര്യം വരുമോ? .ഇവരൊന്നും യഥാര്‍ത്ഥത്തില്‍ വിശ്വാസികളേയല്ല. വിശ്വാസം വിറ്റു കാശാക്കുന്ന കള്ള നാണയങ്ങളാണ്.
ആകാശത്ത് ഓക്സിജനില്ലെന്നൊക്കെ മനുഷ്യരോടു പറയാന്‍ ദൈവമുദ്ദേശിച്ചിരുന്നുവെങ്കില്‍ അതൊക്കെ വളച്ചുകട്ടില്ലാതെ നേരെയങ്ങു പറഞ്ഞാല്‍ പോരെ?

അല്ലാഹുവനു‍ ഓക്സിജനെപ്പറ്റിയൊക്കെ വല്ല പിടിപാടുമുണ്ടായിരുന്നൊ? ഹൃദയം കുടുസ്സാകുന്നതിനെ പറ്റി പറഞ്ഞത് മനസ്സ് ഇടുങ്ങിപ്പോകുന്ന കാര്യമല്ലേ? അതെങ്ങനെ ഓക്സിജന്റെ കുറവാകുന്നത്? വിശ്വാസികളുടെ വിശ്വാസം നിലനിര്‍ത്താന്‍ ഇമ്മാതിരി വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിക്കേണ്ട അവശ്യമുണ്ടോ? വിശ്വാസികളല്ലാത്തവരെ ഇതു പോലുള്ള പൊള്ളവാദങ്ങള്‍ കൊണ്ട് വിഡ്ഡികളാക്കാമെന്നാണോ ഇവരൊക്കെ ധരിച്ചു വെച്ചിട്ടുള്ളത്?


ഇലക്ട്രോണും പ്രോടോണും ഖുര്‍ ആനില്‍ !


سُبْحَانَ ٱلَّذِي خَلَق ٱلأَزْوَاجَ كُلَّهَا مِمَّا تُنبِتُ ٱلأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لاَ يَعْلَمُونَ
“എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന്‍ പരിശുദ്ധന്‍ ‍; ഭൂമി ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്നും അവരുടെ ശരീരത്തില്‍നിന്നും അവര്‍ക്ക് അറിയാത്തതില്‍ നിന്നും.”(36:36)



ഇലക്ട്രോണിനു നെഗറ്റിവ് ചാര്‍ജ്ജും പ്രോടോണിനു പോസിറ്റിവ് ചാര്‍ജ്ജുമാണുള്ളത്. ഇക്കാര്യം 1400 കൊല്ലം മുന്‍പ് ഖുര്‍ ആന്‍ വെളിപ്പെടുത്തിയതു കണ്ടില്ലേ? കാര്യം മനസ്സിലായില്ലെങ്കില്‍ ഇതാ വ്യാഖ്യാനം :


“എല്ലാ വസ്തുക്കള്‍ക്കും ഇണകളുണ്ട് എന്ന സൂക്തം അഭിനവഗവേഷണങ്ങളിലേക്കു വെളിച്ചം പകരുന്നു. വൈദ്യുതിയുടെയും പരമാണുവിന്റെയും ഘടകങ്ങള്‍ കണ്ടു പിടിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. വൈദ്യുതിയുടെ പോസിറ്റീവ് നെഗറ്റീവ് എന്നീ ഘടകങ്ങളണ് അവയുടെ ഗുണനിലവാരം സൃഷ്ടിക്കുന്നത്. കാന്തത്തിലും സൌത്ത് പോള്‍ നോര്‍ത്ത് പോള്‍ എന്നീ ഘടകങ്ങളുണ്ട്. പതിനെട്ടാം നൂറ്റാണ്ടു വരെ പരമാണു, വിഭജനം സ്വീകരിക്കാത്ത ചെറിയ ഘടകമാണെന്നായിരുന്നു ധാരണ. 1858ല്‍ തോംസണ്‍ എന്ന ശാസ്ത്രജ്ഞന്‍ ആറ്റം വിഭജിച്ചു. അതിലെ ഇലക്ട്രോണ്‍ എന്ന ഘടകം കണ്ടു പിടിച്ചു. ഇതിനു നെഗറ്റീവ് ഗുണമാണുള്ളത്. റൂഥര്‍ഫോര്‍ഡാണു പോസിറ്റീവ് ചാര്‍ജ്ജുള്ള പ്രോടോണ്‍ കണ്ടു പിടിച്ചത്. അന്തിമ വിശകലനത്തില്‍ വസ്തുക്കളെല്ലാം ആറ്റമാണ്. അതിന്റെ ഗുണനിലവാരവും രണ്ടിനങ്ങള്‍ കൊണ്ടാണു ശാസ്ത്രം വിശദീകരിക്കുന്നത്. തൊണ്ണൂറോളം വരുന്ന പരമാണുക്കള്‍ പലവിധത്തിലും സങ്കലനം ചെയ്തിട്ടുള്ളതാണ് പ്രാപഞ്ചിക വസ്തുക്കള്‍ . അഖിലവും ഇണകളാണെന്ന ഖുര്‍ ആന്റെ അധ്യാപനം എത്ര ശാസ്ത്രീയമാണ്. ! ” (ഖുര്‍ ആനും ശാസ്ത്രീയ സത്യങ്ങളും പേജ് 24)


ഇവിടെ ഈത്തപ്പന പോലുള്ള സസ്യങ്ങള്‍ ആണ്‍ സസ്യവും പെണ്‍ സസ്യവുമായി വ്യത്യാസപ്പെട്ടിരിക്കുന്നതും ജന്തുക്കള്‍ ഇണകളായി ജീവിക്കുന്നതും കണ്ടു മനസ്സിലാക്കിയതു കൊണ്ടായിരിക്കാം ഇണവര്‍ഗ്ഗങ്ങള്‍ എന്നു മുഹമ്മദ് പ്രസ്താവിച്ചത്. അതില്‍ അറബികള്‍ക്കറിയാത്ത കാര്യമൊന്നുമില്ല. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ഇണകളാണെന്നിവിടെ പറഞ്ഞിട്ടുമില്ല. എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന്‍ എന്നാണുള്ളത്. പരമാണു ഘടകങ്ങളെക്കുറിച്ചൊക്കെ ശാസ്ത്രജ്ഞന്മാര്‍ കഷ്ടപ്പെട്ടു കണ്ടു പിടിച്ച കാര്യങ്ങളൊക്കെ വിളമ്പിയതു കണ്ടാല്‍ , ഇതൊക്കെ ഖുര്‍ ആന്‍ വായിച്ചു കണ്ടു പിടിച്ചതാണെന്നു തോന്നും. ഇതൊക്കെ ഈ കിതാബില്‍ പറഞ്ഞതാണെങ്കില്‍ പിന്നെ അതൊക്കെയങ്ങു കണ്ടു പിടിക്കാന്‍ എന്തേ ഈ ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ ഇതയും കാലം ശ്രമിക്കാതിരുന്നത്? ഇനി കണ്ടു പിടിക്കാനുള്ള കാര്യമെങ്കിലും ഈ ഗവേഷണ്‍ക്കാര്‍ക്കു മുന്‍ കൂട്ടി പറഞ്ഞു കൂടേ?
എല്ലാ തരം ജീവികളും ഇണകളായാണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും പഴങ്ങള്‍ക്കെല്ലാം ഈരണ്ടു വീതം ഇണകളുണ്ടെന്നും ഖുര്‍ ആനിലെ വേറെ ചില സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ചിലര്‍ വ്യാഖ്യാനിക്കുന്നു. പഴങ്ങളിലെ ഇണകള്‍ പൂക്കളിലെ ആണ്‍പെണ്‍ ബീജങ്ങളാണെന്നും ജീവികളെല്ലാം ഇണ ചേര്‍ന്നാണു പ്രത്യുല്പാദനം നടത്തുന്നതെന്നുമാണു വാദം.


ഒരു തരത്തിലുള്ള ഇണചേരലും കൂടാതെ അലൈംഗിക പ്രത്യുല്പാദനം നടത്തുന്ന കോടിക്കണക്കിനു സസ്യങ്ങളും ജന്തുക്കളും പ്രകൃതിയിലുണ്ടെന്ന കാര്യം ഈ വ്യാഖ്യാനക്കാര്‍ക്കറിയില്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഇണകളുണ്ട് എന്നാണു ഖുര്‍ ആനിലുള്ളതെങ്കില്‍ അതു ശാസ്ത്രവിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല.



കുടുമയ്ക്കുള്ളിലെ കുബുദ്ധി !


മക്കയില്‍ പ്രവാചകന്റെ ശത്രുപക്ഷത്തു നില കൊണ്ട ഖുറൈഷി പ്രമാണിമാരെ പുലഭ്യം പറയുന്ന നിരവധി വെളിപാടുകളുണ്ട് ഖുര്‍ ആനില്‍ .ആ കൂട്ടത്തില്‍ പെട്ടതാണ് 96-ആം അദ്ധ്യായത്തിലെ 8 മുതല്‍ 16 വരെയുള്ള വാക്യങ്ങള്‍ . ക അബയില്‍ നമസ്കരിക്കുന്നതില്‍നിന്ന് ഒരിക്കല്‍ മുഹമ്മദിനെ തടഞ്ഞ ഒരു ഖുറൈഷി നേതാവിനെതിരെയാണ് കോപാകുലനായി ‘അല്ലാഹു’ ഇങ്ങനെ പ്രതികരിച്ചത്:-

كَلاَّ لَئِن لَّمْ يَنتَهِ لَنَسْفَعاً بِٱلنَّاصِيَةِ
نَاصِيَةٍ كَاذِبَةٍ خَاطِئَةٍ
“വേണ്ടാ, അവന്‍ വിരമിക്കുന്നില്ലെങ്കില്‍ നിശ്ചയമായും ആ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും ; കള്ളത്തരം പറയുന്ന കുടുമ; ചെറ്റത്തരം കാട്ടുന്ന കുടുമ!”
(96:15, 16)



ഇവിടെ ‘നാസ്വിയ’ എന്ന പദത്തിന് കുടുമ, ഉച്ചി, മൂര്‍ദ്ധാവ് എന്നൊക്കെയാണ് വിവിധ പരിഭാഷകര്‍ അര്‍ത്ഥം നല്‍കിയിട്ടുള്ളത്. കുതിരയെ നിയന്ത്രിക്കുക എന്നതിന് നാസ്വിയ പിടിച്ചു വലിക്കുക എന്നാണ് അറബികള്‍ അക്കാലത്തു പറഞ്ഞിരുന്നത്.
ഖുര്‍ ആനില്‍ തന്നെ പലയിടത്തും ഈ പ്രയോഗമുണ്ട്. ഒരുദാഹരണം നോക്കുക:


إِنِّي تَوَكَّلْتُ عَلَى ٱللَّهِ رَبِّي وَرَبِّكُمْ مَّا مِن دَآبَّةٍ إِلاَّ هُوَ آخِذٌ بِنَاصِيَتِهَآ إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ
“നിശ്ചയമായും , എന്റെ റബ്ബും നിങ്ങളുടെ റബ്ബും ആയ അല്ലാഹുവിന്റെ മേല്‍ ഞാന്‍ ഭാരമേല്‍പ്പിച്ചിരിക്കുന്നു. അല്ലാഹു നാസ്വിയ പിടിച്ചു [നിയന്ത്രിക്കുന്ന ] നിലയിലല്ലാതെ ഒരു ജന്തുവും ഇല്ല തന്നെ. നിശ്ചയമായും റബ്ബ് നേര്‍മാര്‍ഗ്ഗത്തില്‍ തന്നെ.”(11:56)


ഈ വാക്യത്തിനു വ്യാഖ്യാനമായി അമാനി മൌലവി എഴുതുന്നു:

“നാസ്വിയത് എന്ന വാക്ക് തലയുടെ മുന്‍ ഭാഗം, അഥവാ നെറുക് എന്ന അര്‍ത്ഥത്തിലും , ആ ഭാഗത്തുള്ള മുടി അഥവാ കുടുമ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഒരാള്‍ മറ്റൊരാളുടെ നിയന്ത്രണത്തിനും ചൊല്‍പ്പടിക്കും വിധേയനാകുമ്പോള്‍ അവന്‍ അവന്റെ നെറുകു പിടിച്ചിരിക്കുകയാണെന്നും അവന്റെ നെറുക് അവന്റെ കയ്യിലാണെന്നും അറബി ഭാഷയില്‍ പറയാറുണ്ട്. ഇതനുസരിച്ചാണ് 56-ആം വചനത്തില്‍ എല്ലാ ജീവികളുടെയും നെറുക് പിടിച്ചവനാണ് അല്ലാഹു എന്നു പറഞ്ഞിരിക്കുന്നത്. ..” [ഖുര്‍ ആന്‍ വിവരണം]

എന്നാല്‍ നമ്മുടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാര്‍ , അല്‍ഭുതകരമായ ശാസ്ത്ര സൂചനകള്‍ കണ്ടെടുക്കുന്നതിന്റെ ഭാഗമായി , കുടുമയെ നെറ്റിയാക്കി മാറ്റുകയും ,നെറ്റി എന്നാല്‍ തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള pre frontal area എന്നാണുദ്ദേശ്യമെന്നു കണ്ടെത്തുകയും ചെയ്തിരിക്കുന്നു. എന്തിനാണെന്നല്ലേ?

മനുഷ്യരെ പാപം ചെയ്യാനും അക്രമം പ്രവര്‍ത്തിക്കാനുമൊക്കെ പ്രേരിപ്പിക്കുന്നത് മസ്തിഷ്കത്തിന്റെ ഈ ഭാഗമാണെന്ന് ആധുനിക ശാസ്ത്രം കണ്ടു പിടിച്ചിട്ടുണ്ടത്രേ! അക്കാര്യം 1400 കൊല്ലം മുമ്പേ ‘അല്ലാഹു’ തന്റെ വെളിപാടിലൂടെ സൂചിപ്പിക്കുകയായിരുന്നു പോലും !!


ഇപ്രകാരം മനുഷ്യ മസ്തിഷ്കത്തിന്റെ ഘടനയെക്കുറിച്ചും ബുദ്ധിയുടെ പ്രവര്‍ത്തനത്തെകുറിച്ചുമുള്ള ശാസ്ത്രസൂചനകള്‍ ഒളിപ്പിച്ചു വെച്ചു എന്നു പറയുന്ന ഖുര്‍ ആനില്‍ മനസ്സിന്റെയും ബുദ്ധിയുടെയും കേന്ദ്രമായി വര്‍ണിക്കപ്പെട്ടിട്ടുള്ളത് തലച്ചോറല്ല; ഹൃദയമാണെന്ന വസ്തുത ഈ ശാസ്ത്രജ്ഞാനികള്‍ മറച്ചു വെക്കുന്നു.


ഏതാനും ഉദാഹരണങ്ങള്‍ കാണുക:


كَذَلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لاَ يَعْلَمُونَ
"ആ വിവരദോഷികളുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്ര വെക്കും." (30:59)



وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَٰتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي ءَاذَانِهِمْ وَقْراً وَإِن تَدْعُهُمْ إِلَىٰ ٱلْهُدَىٰ فَلَنْ يَهْتَدُوۤاْ إِذاً أَبَداً
"....ഖുര്‍ ആന്‍ ഗ്രഹിക്കാതിരിക്കാന്‍ അവരുടെ ഹൃദയങ്ങള്ക്കു മേല്‍ അവന്‍ മൂടി അണിഞ്ഞിരിക്കുന്നു...."(18:57)



لِّيَجْعَلَ مَا يُلْقِي ٱلشَّيْطَانُ فِتْنَةً لِّلَّذِينَ فِي قُلُوبِهِم مَّرَضٌ وَٱلْقَاسِيَةِ قُلُوبُهُمْ وَإِنَّ ٱلظَّالِمِينَ لَفِي شِقَاقٍ بَعِيدٍ
"പിശാചിന്റെ വെളിപാടുകള്‍, ഹൃദയങ്ങളില്‍ ഒരു തരം രോഗമുള്ളവര്‍ക്കും ഹൃദയങ്ങള്‍ കടുത്തു പോയവര്‍ക്കും ഒരു പരീക്ഷണമാണ്...." (22:53)



يٰنِسَآءَ ٱلنَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيْتُنَّ فَلاَ تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلاً مَّعْرُوفاً
"(നബിയുടെ ഭാര്യമാരേ)..... നിങ്ങള്‍ സൌമ്യമായി സംസാരിക്കരുത്. ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ അതു കേട്ടു മോഹിക്കും...." (33:32)



إِن تَكْفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمْ وَلاَ يَرْضَىٰ لِعِبَادِهِ ٱلْكُفْرَ وَإِن تَشْكُرُواْ يَرْضَهُ لَكُمْ وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ثُمَّ إِلَىٰ رَبِّكُمْ مَّرْجِعُكُـمْ فَيُنَبِّئُكُـمْ بِمَا كُنتُمْ تَعْمَلُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ

أَلا إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُواْ مِنْهُ أَلا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ
"......നിശ്ചയമായും അവന്‍ നെഞ്ചിലുള്ളതിനെ അറിയുന്നവനാണ്." (39:7)(11:5)


മനുഷ്യമനസ്സിനെ സംബന്ധിച്ചും ബുദ്ധിയെ സംബന്ധിച്ചും പരാമര്‍ശിക്കുന്നേടത്തെല്ലാം ഹൃദയം, നെഞ്ച് എന്നീ വാക്കുകളാണ് ഖുര്‍ ആന്‍ പ്രയോഗിച്ചിട്ടുള്ളത്. തലച്ചോറിനെ കുറിച്ചോ അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചോ ഒരു സൂചനയും ഖുര്‍ ആനിലൊരിടത്തും കാണുന്നില്ല. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്ത് മസ്തിഷ്കമാണു മനസ്സിന്റെ കേന്ദ്രമെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. മനുഷ്യര്‍ക്കറിയാത്തതൊന്നും അവന്റെ ദൈവങ്ങള്‍ക്കും അറിയുവാന്‍ സാധിക്കുകയില്ലല്ലോ! അതിനാല്‍ ഹൃദയമാണു മനസ്സിന്റെ കേന്ദ്രമെന്ന പാരമ്പര്യ അന്ധവിശ്വാസത്തെ ശരി വെക്കുക മാത്രമേ ‘അല്ലാഹു’വും ചെയ്യുന്നുള്ളു. ഈ വിവരക്കേടെല്ലാം സമര്‍ത്ഥമായി മറച്ചു പിടിച്ചുകൊണ്ടാണ് ഇല്ലാത്ത അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും നെയ്തുണ്ടാക്കി ഇക്കൂട്ടര്‍ വിഡ്ഡി വേഷം കെട്ടുന്നത്.
അല്ലാഹു കുടുമ പിടിച്ചു വലിക്കും എന്നു പറഞ്ഞത് സാന്ദര്‍ഭികമായ ഒരു രോഷപ്രകടനം മാത്രമായിരുന്നു. ക അബയില്‍ നിസ്കരിക്കുന്നത് തടഞ്ഞതിലുള്ള അരിശം തീര്‍ക്കാന്‍ മുഹമ്മദ് മൊഴിഞ്ഞ വെളിപാടു മാത്രമാണിത്. കുടുമ തലച്ചോറാണെന്നു വ്യാഖ്യാനിക്കുന്നവര്‍ അള്ളാഹുവിന്റെ പിടിച്ചു വലി എന്താണെന്നും കൂടി വിശദീകരിക്കേണ്ടതുണ്ട്. മുടി പിടിച്ചു വലിക്കും പോലെ തലച്ചോറിന്റെ ഉള്ളില്‍ കയറി പിടിവലി നടത്താന്‍ പറ്റുകയില്ലല്ലോ.


ഇസ്ലാമിക ലോകം വിലക്കെടുത്ത ചില പടിഞ്ഞാറന്‍ കുടുമ കളാണ് ഇത്തരം പരിഹാസ്യമായ കസര്‍ത്തുകള്‍‍ക്കു പിന്നിലെ മുഖ്യ സൂത്രധാരകരെന്നതും ശ്രദ്ധേയമാണ്.


ഇതു കൂടി വായിക്കൂ

3 comments:

PIN said...

നന്ദി....

നിങ്ങളുടെ പോസ്റ്റുകൾ എല്ലാം അഭിനന്ദനീയം...

സ്വാർത്ഥതൽപരരായ മതനേതാക്കളാണ്‌ അനാവശ്യമായി ദൈവവചനത്തെ വ്യാഖ്യാനിക്കുന്നതും അവരുടെ നിലനിൽപ്പിനായി അക്രമികളെ സൃഷ്ടിക്കുന്നതും.

ഓരോ കാലഘട്ടത്തിലുള്ള മനുഷ്യർക്ക്‌ മനസ്സിലകുന്ന രീതിയിൽ അവരുടെ നിത്യ ജീവിതത്തെ അടിസ്ഥാനമാക്കി മനുഷ്യരാൽ എഴുതപ്പെട്ടവയാണ്‌ ദൈവവചങ്ങൾ. അതിനെ ദുർവ്യാഖ്യായനം ചെയ്യുന്നവർ ദൈവത്തെയും ആകാലഘട്ടത്തെ വിശ്വാസികളെയും അപകീർത്തിപ്പെടുത്തുന്നു. ശാസ്ത്രവും വളരെ പുരാതനമായ മതഗ്രന്ഥങ്ങളും തമ്മിൽ കൈകോർത്ത്‌ പോകണം എന്നില്ല. മതങ്ങളുടെ ഉദ്ദേശ്യം ശാസ്ത്ര സത്യങ്ങൾ അവലോകനം ചെയ്യുക എന്നതായിരുന്നില്ല. മറിച്ച്‌ മനുഷ്യരെ പരസ്നേഹത്തിലും ദൈവസ്നേഹത്തിലും ഐക്കപ്പെടുത്തി ഭൂമിയിൽ സമാധാനപൂർണ്ണമായ ഒരു ജീവിതം സാധ്യമാക്കുക എന്നതായിരുന്നു.

ഇസ് ലാം വിചാരം said...

സന്മാര്‍ഗ്ഗം എന്നത് വില പിടിപ്പുള്ളതും-

വില കൊടൂത്തു വാങ്ങാന്‍ കിട്ടാത്തതുമാണല്ലോ.
ഖുര്‍ ആനില്‍ നിന്നുള്ള വെളിച്ചവും അതു പോലെ തന്നെ.

Kvartha Test said...

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയതെന്നു വിശ്വസിക്കപ്പെടുന്ന ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നത് തന്നെയാണ് ഏറ്റവും പ്രയാസമേറിയത്. അന്നത്തെ സാമൂഹിക, ശാസ്തീയ സാഹചര്യങ്ങളെളെയും ഭാഷയുടെ വികാസത്തെയും ഒന്നും അടിസ്ഥാനമാക്കാതെ ജയിക്കാന്‍വേണ്ടി മാത്രം ഓരോ ഗ്രന്ഥവും വ്യാഖ്യാനിക്കുമ്പോള്‍ കൂടുതല്‍ തെറ്റുകള്‍ പറ്റുന്നു. പുരാതന ഗ്രന്ഥങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഒരു സര്‍ഗ്ഗാത്മക യുക്തിവാദി ആയിരിക്കുന്നതായിരിക്കും ഏറ്റവും നല്ലതെന്നു കരുതുന്നു.

ഭാരതീയസനാതനധര്‍മ്മത്തിലും ഹൃദയം എന്ന് ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ജ്ഞാന മാര്‍ഗ്ഗം (വിചാരം) പിന്തുടരുന്നവര്‍ ഹൃദയം നെഞ്ചിന്‍റെ ഭാഗത്താണെന്നും സിദ്ധവേദം (ശ്വാസഗതി) പിന്തുടരുന്നവര്‍ പുരികത്തിനിടയിലാണ് (ഭ്രൂമദ്ധ്യത്തില്‍) എന്നും പറയുന്നു. എന്നാല്‍ ഈ സ്ഥാനങ്ങളൊന്നും നമ്മുടെ സ്ഥൂലശരീരം അടിസ്ഥാനമാക്കിയല്ല, സൂക്ഷ്മശരീരം അടിസ്ഥാനമാക്കിയാണ് എന്നും പറയുന്നു. മനസ്സിന്‍റെ ഉദ്ഭവസ്ഥാനം അഥവാ മനസ്സ് അടങ്ങുന്നത് ഈ ഹൃദയത്തില്‍ ആണെന്ന് പറയപ്പെടുന്നു. മറ്റു ആത്മീയ വഴികളിലെ ഹൃദയസ്ഥാനങ്ങളെ കുറിച്ച് ഈയുള്ളവന് അറിയില്ല.