ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Saturday, January 24, 2009

അടിമമോചനം ഒരു ‘ജാഹിലിയ്യാ’ സമ്പ്രദായം.

ഇസ്ലാം അടിമത്തത്തിനെതിരായിരുന്നുവെന്നും അതുന്മൂലനം ചെയ്യാന്‍ പദ്ധതികളാവിഷ്കരിച്ചുവെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ഉദ്ധരിക്കാറുള്ളത് അടിമ മോചനം സംബന്ധിച്ച ചില ഖുര്‍ ആന്‍ വാക്യങ്ങളാണ്. ബലിയും വ്രതവും ദാനധര്‍മ്മങ്ങളുമെന്ന പോലെ അടിമ മോചനവും പുണ്യം സിദ്ധിക്കുന്ന ഒരു സല്‍ക്കര്‍മ്മമാണെന്ന് ഖുര്‍ ആനില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍ ഇത് അടിമത്തം പാപമായതുകൊണ്ടോ അതു നിര്‍ത്തലാക്കാനുദ്ദേശിച്ചതുകൊണ്ടോ സ്വീകരിച്ച നടപടിയായിരുന്നില്ല. അടിമകളും മൃഗങ്ങളും അക്കാലത്തെ പ്രധാന ഭൌതിക സ്വത്തായിരുന്നു. ആ സമ്പത്തിനെ ദൈവപ്രീതിക്കായി ത്യജിക്കുക വഴി സ്വര്‍ഗ്ഗം കരസ്ഥമാക്കാമെന്ന വിശ്വാസത്തിനപ്പുറം ഈ പുണ്യകര്‍മ്മത്തിനു സാമൂഹ്യ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മൃഗബലി നടത്തിയിരുന്നത് മൃഗങ്ങളെ വംശനാശം വരുത്താനോ മൃഗംവളര്‍ത്തല്‍ സമ്പ്രദായത്തെ ഇല്ലാതാക്കാനോ ഉദ്ദേശിച്ചായിരുന്നില്ലല്ലോ.


ഒരു പുണ്യ കര്‍മ്മം എന്ന നിലയില്‍ അടിമകളെ മോചിപ്പിക്കുന്ന സമ്പ്രദായം ആവിഷ്കരിച്ചത് ഇസ്ലാം മതമാണെന്ന അവകാശവാദം തന്നെ വസ്തുതാവിരുദ്ധമാണ്. പാപകര്‍മ്മങ്ങള്‍ക്കു പ്രായശ്ചിത്തമായും പുണ്യം നേടാനുള്ള ത്യാഗപൂര്‍ണമായ ഒരനുഷ്ഠാനമായും അടിമകളെ മോചിപ്പിക്കുന്ന രീതി ഇസ്ലാമിനു മുമ്പു തന്നെ ‘ജാഹിലിയ്യാ’ അറബികള്‍ക്കിടയില്‍ പതിവായിരുന്നു. മറ്റനേകം ജാഹിലിയ്യാ ആചാരങ്ങളെ സ്വീകരിച്ച കൂട്ടത്തില്‍ ഇസ്ലാം ഇതും ഒരനുഷ്ഠാനമായി അംഗീകരിക്കുക മാത്രമാണു ചെയ്തത്. ജാഹിലിയ്യാ വിശ്വാസങ്ങള്‍ വെടിഞ്ഞ് ഇസ്ലാം ആശ്ലേഷിച്ചിരുന്ന പലരും പ്രവാചകനോട് തങ്ങള്‍ മുമ്പ് ചെയ്ത പുണ്യകര്‍മ്മങ്ങള്‍ക്ക് മുന്‍ കാല പ്രാബല്യത്തോടെ പ്രതിഫലം ലഭിക്കുമോ എന്നാരാഞ്ഞിരുന്നതായി ഹദീസുകളില്‍ വിശദീകരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ അവര്‍ എടുത്തു പറഞ്ഞ പുണ്യാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് അടിമമോചനം തന്നെയായിരുന്നു. ഇതില്‍ നിന്നും ഈ സമ്പ്രദായത്തിന്റെ ആരംഭം മുഹമ്മദ്നബിയില്‍നിന്നോ ഇസ്ലാമില്‍ നിന്നോ ആയിരുന്നില്ല എന്നു വ്യക്തമാകുന്നു. അടിമകളില്‍നിന്നു തന്നെ അവരുടെ വില ഈടാക്കിക്കൊണ്ട് മോചനം നല്‍കുന്ന രീതിയും അക്കാലത്തുണ്ടായിരുന്നു.

അടിമസമ്പ്രദായം എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യം ഇസ്ലാമിന്റ്റെ പ്രവാചകനോ ദൈവത്തിനോ ഉണ്ടായിരുന്നെങ്കില്‍ അതു പാടേ നിരോധിക്കുന്നതിനോ ഘട്ടം ഘട്ടമയി നിരോധിക്കുന്നതിനോ ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അപ്രകാരമൊരു നടപടി മതം സ്വീകരിച്ചിരുന്നുവെങ്കില്‍ ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ ദാഹികളും മനുഷ്യത്വവാദികളും ഇസ്ലാമിനെ വാരിപ്പുണരാന്‍ മുന്നോട്ടു വരുമായിരുന്നു. ലോകത്തിനാകെയും സ്വീകാര്യമായ മതമായി ഇസ്ലാം പ്രശോഭിക്കുകയും ചെയ്തേനേ. അടിമസമ്പ്രദായത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കില്‍ ആദ്യഘട്ടം എന്ന നിലയില്‍ യുദ്ധത്തടവുകാരെ അടിമകളാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുകയാണു ചെയ്യേണ്ടിയിരുന്നത്. തുടര്‍ന്ന് നിലവിലുള്ള അടിമകളെ മുഴുവന്‍ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം.

പ്രവാചകനോ തുടര്‍ന്നു വന്ന ഖലീഫമാരോ അത്തരമൊരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, യുദ്ധം ഒരു ജ്വരമായി പടര്‍ന്നു കയറിയ സ്വന്തം അനുയായി വൃന്ദത്തെയുപയോഗിച്ച് ലക്ഷക്കണക്കിനു നിരപരാധികളായ സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ബന്ധനസ്ഥരാക്കി അവരുടെ സമ്പത്ത് കൊള്ളയടിച്ച് തങ്ങളുടെ സാമ്രാജ്യത്തിന്റെ സമ്പദ്ഘടന പടുത്തുയര്‍ത്തുകയാണവര്‍ ചെയ്തത്. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വ്യാപനത്തോടൊപ്പം അറേബ്യയില്‍ വികസിച്ചു വന്ന ഏറ്റവും വലിയ വ്യവസായം അടിമവ്യാപാരമായിരുന്നു എന്നാണു ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ചുകൊണ്ട് ഇസ്ലാം അടിമത്തമില്ലാതാക്കി എന്നു വീമ്പടിക്കുന്നത് ആത്മവഞ്ചനയല്ലാതെ മറ്റൊന്നുമല്ല.

അടിമത്തത്തിനും ചൂഷണത്തിനും രക്ഷാകവചമായി നിലകൊള്ളുകയാണ് എക്കാലത്തും മതങ്ങള്‍ ചെയ്തിട്ടുള്ളത്. മതത്തിന്റെ നീരാളിക്കൈകളില്‍നിന്നും മോചനം പ്രഖ്യാപിച്ചുകൊണ്ട് സ്വതന്ത്ര ചിന്തയും മാനവികവാദവും കരുത്തു നേടാനാരംഭിച്ചതോടെയാണു അടിമത്തം പോലുള്ള സാമൂഹ്യതിന്മകള്‍ക്കെതിരെ ലോകമനസ്സാക്ഷി ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയത്. ലോകമെമ്പാടും അടിമത്തം നിരോധിച്ചുകൊണ്ട് പരിഷ്കൃത മനുഷ്യര്‍ മാനവികതയ്ക്ക് പുതിയ മാനം നല്‍കാന്‍ ശ്രമിച്ചപ്പോഴും അടിമത്തത്തിനു വേണ്ടി കുഴലൂത്തു നടത്തിക്കൊണ്ടു പുറം തിരിഞ്ഞു നിന്നത് ഇസ്ലാമിക സമൂഹമായിരുന്നു. മുസ്ലിം രാജ്യങ്ങള്‍ പലതും അടുത്ത കാലം വരെയും അതു നിരോധിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ 1845ല്‍ ബ്രിട്ടീഷുകാര്‍ അടിമത്തം നിരോധിച്ചപ്പോള്‍ എതിര്‍പ്പുമായി രംഗത്തു വന്നത് മുസ്ലിം മതനേതാക്കളായിരുന്നു. അല്ലാഹുവിന്റെ നിയമം അട്ടിമറിക്കാന്‍ പാടില്ല എന്നായിരുന്നു അവരുടെ വാദം! അടിമത്ത നിരോധനനിയമം ഏറ്റവും അവസാനം നിലവില്‍ വന്ന രാജ്യം സൌദി അറേബ്യയാണെന്നു തോന്നുന്നു.

എന്നാല്‍ ഇന്ന് അടിമനിരോധനത്തിന്റെ ക്രഡിറ്റും ഇസ്ലാമിന്റെ പോക്കറ്റിലാക്കാന്‍ ‘എട്ടുകാലി മമ്മൂഞ്ഞി’ ചമയുന്നതും, ‘ഇസ്ലാം വിചാരക്കാര്‍’തന്നെ. യുക്തിവാദികളുന്നയിച്ച വിമര്‍ശനത്തിനു മറുപടി പറയുന്നതിനിടെ ഒരു മൌദൂദിയന്‍ പണ്ഡിതന്‍ ഇക്കാര്യത്തില്‍ ഇങ്ങനെ ആശ്വാസം കൊള്ളുന്നു: “ആഫ്രിക്കന്‍ രാജ്യമായ മൌറിട്ടാനിയയില്‍ കൂടി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അടിമത്തം നിശ്ശേഷം നിരോധിച്ചതോടു കൂടി ഈ ശാപത്തില്‍ നിന്നും മുസ്ലിം ലോകം തികച്ചും മുക്തമായിരിക്കുന്നു.”(യുക്തിവാദികളും ഇസ്ലാമും)
മുസ്ലിം ലോകത്തു നിന്നും ഈ ശാപമൊഴിഞ്ഞു എന്നതു ശരിയായിരിക്കാം. പക്ഷെ ഖുര്‍ ആനും ഹദീസുകളും ചരിത്രപ്രമാണങ്ങളും നിലനില്‍ക്കും കാലത്തോളം ‘ഇസ്ലാം’ ഈ മഹാശാപത്തില്‍നിന്നും കരകയറിയെന്ന് ആര്‍ക്കും ആശ്വസിക്കാനാവില്ല!!

4 comments:

അനില്‍@ബ്ലോഗ് // anil said...

മാഷെ,
അത്ര മൂര്‍ച്ച തോന്നുന്നില്ല.

ഏതായാലും അടിമ സമ്പ്രദായം തെറ്റായിരുന്നു എന്ന് ഇസ്ലാം മത വിശ്വാസികള്‍ പറയാന്‍ തുടങ്ങിയല്ലോ, അത് നല്ല കാര്യമല്ലെ. പലതിലും തെറ്റുണ്ടായിരുന്നു എന്ന് കാലക്രമത്തില്‍ സമ്മതിക്കുമായിരിക്കും.

ഇഹ്സാൻ said...

വായിൽ വന്നത്‌ വിളിച്ച്‌ കൂവാൻ തീരുമാനിച്ചാൽ അയാൾ ജബ്ബാർ മാഷ്‌ ആകും എന്ന് പറയാൻ പറ്റിയ പോസ്റ്റ്‌!

samadmayyeri said...

വളരെ ശാസ്ത്രീയമായിട്ടാണ്‌ ഇസ്ലാം അടിമ നിരോധനം നടപ്പിലാക്കിയിട്ടുള്ളത്‌, മുഴുവന്‍ അടിമകളേയും ഒരു ദിവസം മോചിപ്പിച്ചാല്‍ അവരുടെ കാര്യങ്ങള്‍ നോക്കുവാന്‍ ആരാണുണ്ടാവുക.....

Anonymous said...

hi blog master
valare adikam santhosham thonni ivide adyamayi innu enter ayappol. thiranju nadannatu kandethiya santhosham. islam mathathinte asthithwathe kurichu padikkan sramikkunna enikku valare upayogavum arivum pakarnnu tharunnu thankalude blog. oru yukthivadi ayi kazinja 15 lere kollamayi jeevikkunna eniku ningalude sadassileku varan kazinjanthil santhoshamundu. thankalude lekanangal njan valare kouthukapoornamanu vayikkunnatu. njan padicha quranum ente samsayangalum evide chodikkummenna sankadam mari. chodikkate thanne utharam kittunnu. santhosham. itu njan ivide chatroomil malayalam islamic class enna peril open cheytu kure videsha malayalikal paranju kelpikkunna pollatharangalude vediyil ayudhamakkum thankalude varikal. thankal athinenne anuvadikkumenna pratheekshayode oru suhurthu