അമുസ്ലിം ഗോത്രങ്ങള്‍ പെട്ടെന്നു തന്നെ ഇസ്ലാമിനു കീഴടങ്ങുന്നതിനിടയാക്കിയത് ക്രൂരവും മനുഷ്യത്വഹീനവുമായ ഇത്തരം നടപടികളായിരുന്നുവെന്നതു ശരി തന്നെയാണ്. യുദ്ധത്തടവുകാരായ സ്ത്രീകളെ വെപ്പാട്ടികളായി ലഭിക്കുമെന്ന പ്രതീക്ഷ ചെറുപ്പക്കാരായ യോദ്ധാക്കളില്‍ ആവേശം ജനിപ്പിച്ചിരുന്നതായി ഇസ്ലാം ചരിത്രം വ്യക്തമാക്കുന്നു. എത്ര സാഹസികമായ യുദ്ധയാത്രകള്‍ക്കും ചെറുപ്പക്കാര്‍ ഉത്സാഹപൂര്‍വ്വം ഇറങ്ങിപ്പുറപ്പെട്ടിരുന്നത് കൊള്ളമുതലും തടവുകാരികളും ലഭിക്കുമെന്ന പ്രലോഭനം മൂലമായിരുന്നു.
ഒരിക്കല്‍ ഒരു വിദൂര ഗോത്രത്തെ ആക്രമിക്കാന്‍ നബിയും അനുചരന്മാരും പുറപ്പെട്ടു. ആ ഗോത്രത്തിലെ സ്ത്രീകള്‍ അതിസുന്ദരികളാണെന്നു കേട്ടറിഞ്ഞ യുവ സൈനികര്‍ അത്യാവേശത്തോടെ യുദ്ധസന്നാഹങ്ങളുമായി പുറപ്പെട്ടു. കാര്യമായ രക്തച്ചൊരിച്ചിലോ ചെറുത്തു നില്പ്പോ കൂടാതെത്തന്നെ ലക്ഷ്യം നേടുകയും ചെയ്തു. നിരുപാധികം കീഴടങ്ങിയ ഗോത്രനിവാസികളെ തടവുകാരായി പിടിച്ചു. പിടിക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പം അവരുടെ ഭര്ത്താക്കന്മാരും ജീവനോടെ തടവുകാരാക്കപ്പെട്ട സന്ദര്‍ഭത്തില്‍ ആ സ്ത്രീകളെ പങ്കിട്ടു ഭോഗിക്കുന്നതില്‍ പന്തികേടു തോന്നിയ ചില അനുയായികള്‍ പ്രവാചകനോട് അഭിപ്രായമാരാഞ്ഞുവത്രെ. ഈ അവസരത്തിലാണ് ഭര്ത്താക്കന്മാരുള്ള അടിമസ്ത്രീകളും ഉടമകള്‍ക്കനുവദനീയമാണ് എന്ന ഖുര്‍ ആന്‍ വാക്യം(4:24) നബി ഓതിക്കേള്‍പ്പിച്ചത്!.
ഏഴാം നൂറ്റാണ്ടിലെ കാട്ടറബികള്‍ക്ക് സാന്ദര്‍ഭികമായി തോന്നിയ നീതി ബോധം പോലും വെളിപാടുകാരനായ ഈ ദൈവത്തിന് ഇല്ലാതെ പോയതും ചിന്തിക്കുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം തന്നെ.!!
ഇസ്ലാമിന്റെ നിയമസംഹിതകളും കര്‍മ്മശാസ്ത്രങ്ങളുമെല്ലാം , എല്ലാ തരം വ്യാപാര വ്യവഹാരങ്ങള്‍ക്കും വിശദീകരണം നല്കുന്നതു പോലും അടിമക്കച്ചവടത്തെ ഉദാഹരിച്ചുകൊണ്ടാണെന്നത് യാദൃച്ഛികമല്ല. ചില ഉദാഹരണങ്ങള്‍ കാണുക:
“പണയം കൊടുക്കുകയോ വായ്പ കൊടുക്കുകയോ ചെയ്യുന്ന സാധനത്തിന്റെ ചെലവ് അതിന്റെ ഉടമസ്ഥനാണു വഹിക്കേണ്ടത്. ഇടപാടിനു വിധേയമായ ഒരു വസ്തു ഒരടിമയാണെങ്കില്‍ ആ അടിമയുടെ വസ്ത്രച്ചെലവ് , ഭക്ഷണച്ചെലവ്, മുതലായവയും , മൃഗമാണെങ്കില്‍ അതിന്റെ തീറ്റച്ചെലവ്, ഓടിപ്പോയാല്‍ തിരഞ്ഞു പിടിക്കാനാവശ്യമായ ചെലവ്, അവയുടെ പാര്‍പ്പിടക്കൂലി എന്നിവയും വഹിക്കേണ്ടത് അവയെ പണയം വെച്ച ആളുകളാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ... ഒരാള്‍ ഒരു അടിമസ്ത്രീയെ മറ്റൊരാള്‍ക്കു പണയം വെച്ചാല്‍ , പണയം വാങ്ങിയവന്റെ അനുവാദം കൂടാതെ ആ സ്ത്രീയെ അവള് മച്ചിയായിരുന്നാല്‍ പോലും , പണയം വെച്ചവന് സംയോഗം ചെയ്യുക എന്നതു നിഷിദ്ധമാകുന്നു. കാരണം, പണയം വെച്ചതോടു കൂടി അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. സംയോഗം ചെയ്യുകയില്ല എന്നുറപ്പുള്ള പക്ഷം ആ സ്ത്രീയും അവളെ പണയം വെച്ചവനും തമ്മില്‍ മറ്റു ശൃംഗാരകേളികള്‍ നടത്തുന്നത് അനുവദിക്കപ്പെടാവുന്നതാണ്.”( ഫത് ഹുല്‍ മുഈന്‍- മൂന്നാം ഭാഗം, പേജ് 27)
കച്ചവടത്തില്‍ ഒരു ഉപഭോഗ്താവിന്റെ അവകാശങ്ങള്‍ വിവരിക്കുന്നേടത്ത് ഫത് ഹുല്‍ മുഈന്‍ ഇങ്ങനെ പറയുന്നു:-
“ഒരാള്‍ ഒരു വസ്തു വാങ്ങുകയും , തന്റെ അറിവില്ലായ്മയാല്‍ വാങ്ങുന്ന അവസരത്തില്‍ താന്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചില അഭംഗികള്‍ [വിലയിടിവുണ്ടാക്കുന്ന ദോഷങ്ങള്‍ ] ആദ്യമേതന്നെ അതിനുണ്ടെന്നു വ്യക്തമാവുകയും ചെയ്താല്‍ ആ സാധനം ആരോടു വാങ്ങിയോ അയാള്‍ക്കു തിരിച്ചു കൊടുത്ത് വില തിരിച്ചു വാങ്ങാനുള്ള അവകാശം വാങ്ങിയവനുണ്ട്........
ഒരു ദാസിയെ വില്‍പ്പന നടത്തുമ്പോള്‍ അവള് വിവാഹിതയോ രക്തസ്രാവമുള്ളവളോ ആയിരുന്നാല്‍ അത് അവളെ സംബന്ധിച്ച് അഭംഗിയാകുന്നു. വില്‍പ്പനക്കുള്ള അടിമ വ്യഭിചരിക്കുകയോ , മോഷണം നടത്തുകയോ ചെയ്ത വ്യക്തിയാണെങ്കില്‍ ആ കാര്യങ്ങള്‍ അടിമയെ സംബന്ധിച്ചിടത്തോളം അഭംഗിയാകുന്നു. ... ഏഴു വയസ്സായിട്ടും പതിവായി കിടന്നു പായയില്‍ മൂത്രിക്കുക എന്ന പതിവ് തുടരുന്ന പക്ഷം , അതു അഭംഗി തന്നെ . വായ , കക്ഷം എന്നിവയുടെ ശക്തിയായ നാറ്റവും അഭംഗിയാവുന്നു. ഏഷണിയുണ്ടാക്കുക, കളവു പറയുക, കളിമണ്ണു തിന്നുക, മദ്യപാനം ചെയ്യുക, നിസ്കാരം ഉപേക്ഷിക്കുക ,എന്നിവയും അടിമകളെ സംബന്ധിച്ചിടത്തോളം അഭംഗിയത്രേ. ബധിരത, വിഡ്ഡിത്തം, നടക്കുമ്പോള്‍ കാല്‍മുട്ടുകള്‍ തമ്മില്‍ സ്പര്‍ശിക്കല്‍ , ഗുഹ്യസ്ഥാനത്ത് മാംസം തിങ്ങല്‍ , ഗര്‍ഭം എന്നിവ വില്‍പ്പനക്കുള്ള അടിമയെ സംബന്ധിച്ച് അഭംഗിയാകുന്നു. മനുഷ്യസ്ത്രീകളെ സംബന്ധിച്ചു മാത്രമേ ഗര്‍ഭം അഭംഗിയാവുകയുള്ളു. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ഗര്‍ഭം ഒരു ഭംഗിയാകുന്നു. 20 വയസ്സു കഴിഞ്ഞിട്ടും ഋതുമതിയാവാതിരിക്കുക, രണ്ടു മുലകളില്‍ ഒന്ന് മറ്റേതിനെക്കാള്‍ വലിപ്പം കൂടിയതായിരിക്കുക, എന്നിവ അടിമസ്ത്രീകളെ സംബന്ധിച്ചേടത്തോളം അഭംഗിയാകുന്നു.”(ഭാ. 3. പേ. 13)
മറ്റൊരു മതഗ്രന്ഥത്തില്‍ നിന്ന്:-
“പാല് കൂടുതലുണ്ടെന്നു തോന്നിപ്പിച്ച് വാങ്ങുന്നവനെ വഞ്ചിക്കുവാന്‍ വേണ്ടി ദിവസങ്ങളോളം പാല് കറന്നെടുക്കാതെ മൃഗങ്ങളുടെ അകിട് കെട്ടിനിര്‍ത്തുന്നത് ഹറാമാണ്. ...തിരിച്ചു കൊടുക്കല്‍ അനുവദനീയമാണെന്ന വിഷയത്തില്‍ അകിട് കെട്ടി നിര്‍ത്തുന്നതുപോലെയാണ് അടിമസ്ത്രീയുടെ മുഖം ചുവപ്പിക്കുക , മുടി കറുപ്പിക്കുക, മുതലായവയെല്ലാം.”( ഉംദ. പേ.294)
"വാങ്ങിയ അടിമ, വൃഷണം നീക്കപ്പെട്ടവനോ മോഷ്ടാവോ , വലിയവനായിരിക്കെ വിരിപ്പില്‍ മൂത്രിക്കുന്നവനോ ആണെന്ന് കചവടാനന്തരം വ്യക്തമായാല്‍ അവനെ തിരിച്ചു കൊടുക്കാവുന്നതാണ്.” (ഉംദ: പേജ്.296)
യജമാനന്മാരുടെ അവകാശങ്ങളെക്കുറിച്ചു വാചാലമാകുന്നു മതഗ്രന്ഥങ്ങള്‍:
“ഒരു യജമാനത്തിയുടെ കൈക്കാരന് അവളുടെ സമ്മതത്തോടെ അവളുടെ ദാസിയെ വിവാഹം ചെയ്തു കൊടുക്കാവുന്നതാണ്. അക്കാര്യത്തില്‍ ദാസിയുടെ സമ്മതം പരിഗണിക്കേണ്ടതില്ല. ദാസിയുടെ വിവാഹക്കാര്യം തീരുമാനിക്കാനുള്ള അധികാരം യജമാനത്തിക്കാണെന്നതാണു കാരണം. ...ഒരു അടിമസ്ത്രീയുടെ യജമാനന് തെമ്മാടി നേതാവായിരുന്നാലും , അവളുടെ സമ്മതം കൂടാതെ അവളെ വിവാഹം ചെയ്തു കൊടുപ്പാനുള്ള അധികാരം അവനുണ്ട്. അവള് പലര്‍ക്കും അടിമപ്പെട്ടവളാണെങ്കില്‍ അവരിലെല്ലാവരുടെയും അനുവാദം വുവാഹത്തിനാവശ്യമാണ്. അവര്‍ക്കും മറ്റു ചിലര്‍ക്കും ഗനീമത്തായി ലഭിച്ചതാണ് അവളെന്നിരുന്നാലും ശരി, അവരെല്ലാവരുടെയും അനുവാദത്തോടെ മാത്രമേ വിവാഹം പാടുള്ളു. വിവാഹം അവളുടെ ഗുഹ്യസ്ഥാനത്തെ പ്രയോജനപ്പെടുത്താനുള്ള ഇടപാടായതാണിതിനു കാരണം. ആ പ്രയോജനമാവട്ടെ അവളുടെ ഉടമസ്ഥന്റെ അവകാശത്തില്‍ പെട്ടതുമാകുന്നു. വിവാഹക്കാര്യത്തില്‍ അവളെ നിര്ബ്ബന്ധിക്കാന് അവളുടെ ഉടമസ്ഥനധികാരമുണ്ട്. “ (ഭാ.3- പേ.133)
“ തന്നെ വിവാഹം ചെയ്തു കൊടുക്കണമെന്ന് ഒരു ദാസി ആവശ്യപ്പെട്ടാല്‍ അവളുടെ യജമാനന് അവളെ വിവാഹം ചെയ്തു കൊടുത്തേ മതിയാകൂ എന്നു നിര്‍ബ്ബന്ധമില്ല. അത് അവളുടെ വില ചുരുങ്ങുന്ന ഇടപാടായിത്തീരുമെന്നുള്ളതാണിതിനു കാരണം. ..യജമാനന്റെ സമ്മതമില്ലാതെ ഒരടിമ ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍ ആ വിവാഹം സാധുവാകുകയില്ലെന്നു മാത്രമല്ല ആ ഭാര്യാഭര്ത്താക്കന്മാരെ പരസ്പരം വേര്‍പെടുത്തേണ്ടതാകുന്നു. ഒരു അടിമ വിവാഹത്തിനു സമ്മതം ചോദിച്ചാല്‍ യജമാനന് സമ്മതം നല്‍കിക്കൊള്ളണമെന്നു നിര്‍ബ്ബന്ധമില്ല. മോചനം പ്രതീക്ഷിക്കുന്ന അടിമയായാല്‍ പോലും ശരി, സമ്മതം നല്‍കിക്കൊള്ളണമെന്നു നിര്‍ബ്ബന്ധമില്ല. “ (പേ.134)
ഒരടിമക്കു രണ്ടില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുന്നതും മതം വിലക്കിയിരിക്കുന്നു. അടിമസ്ത്രീകള്‍ മാറു മറയ്ക്കേണ്ടതില്ല എന്നാണു മറ്റൊരു മതവിധി. നിസ്കരിക്കുമ്പോള്‍ പോലും അവള് മുട്ടു പൊക്കിളിനിടയിലുള്ള ഔറത്തു മാത്രം മറച്ചാല്‍ മതി !. “ഭാര്യ അടിമസ്ത്രീയാണെങ്കില്‍ അവള് സുന്ദരിയായിരുന്നാല്‍ പോലും വേലക്കാരിയെ വെച്ചുകൊടുക്കേണ്ട ആവശ്യമില്ല” എന്നും ഫത് ഹുല്‍ മുഈന്‍ ഉപദേശിക്കുന്നു.
ദാസിയില്‍ ജനിക്കുന്ന സന്തതിയെക്കുറിച്ച് ഇസ്ലാം വിധിക്കുന്നതിപ്രകാരമാണ്:- “തനിക്കോ തന്റെ മകനോ ഉടമസ്ഥതയുള്ള ദാസിയില്‍ നിന്ന് ഒരാള്‍ക്കൊരു കുട്ടി ജനിച്ചാല്‍ ആ കുട്ടി സ്വതന്ത്രനാകുന്നു. ആ ദാസിയെ തന്റെ സന്താനത്തിന്റെ മാതാവ്(ഉമ്മു വലദ്) എന്ന നിലയില്‍ പരിഗണിക്കപ്പെടും. അവളെ വില്‍ക്കലും സംഭാവന കൊടുക്കലും നിരോധിതമാണ്. അവളെക്കൊണ്ടു ശുശ്രൂഷ ചെയ്യിക്കലും , അവളെ കൂലിക്കു കൊടുക്കലും, വിവാഹം ചെയ്തു കൊടുക്കലും അനുവദനീയമാണ്. അവളുടെ തൊഴിലിന്റെ വേതനം യജമാനനുള്ളതാണ്. വിവാഹത്തിലൂടെയോ വ്യഭിചാരത്തിലൂടെയോ അന്യന്റെ ദാസിയില്‍നിന്ന് ഒരാള്‍ക്കൊരു കുട്ടി ജനിച്ചാല്‍ ആ കുട്ടി അവളുടെ യജമാനനുടമപ്പെട്ടതാണ്.” (ഉംദ; പേ.326)
സന്താനത്തിനു ജന്മം നല്‍കുക വഴിയോ മറ്റു വിധത്തിലോ മോചനം നേടിയ ഒരടിമയുമായി യജമാനനുള്ള ബന്ധം തീര്‍ത്തും അറ്റു പോകുന്നില്ല. പ്രസ്തുത അടിമ അവകാശികളില്ലാതെ മരണപ്പെടുകയാണെങ്കില്‍ അയാളുടെ സ്വത്തുക്കള്‍ പഴയ യജമാനന് അവകാശപ്പെട്ടതാകും. “ഒരു അടിമ അടിമത്വമോചനം സിദ്ധിച്ച ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും അവള് പ്രസവിക്കുകയും ചെയ്താല്‍ ആ കുട്ടിയുടെ വലാ അത്ത് (യജമാനാവകാശം) മാതാവിനെ മോചിപ്പിച്ച വ്യക്തിക്കാകുന്നു. അതിനു ശേഷം അവന്റെ പിതാവ് അടിമത്വമോചിതനായാല്‍ വലാ‍് പിതാവിനെ മോചിപ്പിച്ചവനിലേക്കു നീങ്ങും.”( ഉംദ പേ.384)
വിവാഹം ചെയ്യാന്‍ സാമ്പത്തികശേഷിയില്ലാത്തവരോട് അടിമസ്ത്രീകളെ അവരുടെ യജമാന്മാരുടെ അനുവാദത്തോടെ കല്യാണം കഴിക്കാനാണു ഖുര്‍ ആന്‍ ഉപദേശിച്ചിട്ടുള്ളത്. എന്നാല്‍
“ജൂത ക്രിസ്തീയ സമുദായത്തില്‍ പെട്ട ദാസിയെ വിവാഹം ചെയ്യല്‍ നിഷിദ്ധമാകുന്നു. സ്വന്തം ദാസിയെയോ , മകന്റെ ദാസിയെയോ , തന്റെ യജമാനത്തിയെയോ വിവാഹം ചെയ്യലും ഹറാമാണ്. എങ്കിലും ജൂത ക്രിസ്തീയ സമുദായത്തില്‍ പെട്ട ദാസിയെ ഉടമാവകാശത്തിലൂടെ സംയോഗം ചെയ്യല്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്.” (ഉംദ. പേ.401)
“നാലില്‍ കൂടുതല്‍ ഭാര്യമാര്‍ സ്വതന്ത്ര പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഹറാമാകുന്നു. ഏകഭാര്യയെക്കൊണ്ടു മതിയാക്കലാണുത്തമം. ഉടമാവകാശത്തിലൂടെ എത്ര സ്ത്രീകളെയും ഭോഗിക്കുന്നതില്‍ വിരോധമില്ല. അടിമക്കു രണ്ടില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുന്നത് ഹറാമാണ്. വ്യഭിചാരത്തെ ഭയക്കുകയും സുഖാനുഭവത്തിനു പറ്റുന്ന സ്വതന്ത്ര സ്ത്രീ ഇല്ലാതിരിക്കുകയും സ്വതന്ത്ര സ്ത്രീയുടെ മഹറോ അല്ലെങ്കില്‍ പക്വത പ്രാപിച്ച ദാസിയുടെ വിലയോ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഒഴികെ മുസ്ലിമായ ദാസിയെ നിക്കാഹു ചെയ്യല്‍ സ്വതന്ത്ര പുരുഷന് അനുവദനീയമല്ല. ”( ഉംദ: പേ.401)
“സ്വതന്ത്രനായ പുരുഷനു മൂന്നു തലാഖ് ചൊല്ലുവാന്‍ അധികാരമുണ്ട്. അടിമക്കു രണ്ടു തലാഖിനേ അധികാരമുള്ളു.”( പേ.423)
“അടിമകള്‍, തൂപ്പുവേലക്കാര്‍, കുളിപ്പുര സൂക്ഷിപ്പുകാര്‍, മുതലായ മാന്യതയില്ലാത്ത ജോലികളിലേര്‍പ്പെട്ടവരുടെ സാക്ഷി മൊഴി സ്വീകാര്യമല്ല.”( പേ.482)
ഇസ്ലാം മതത്തിന്റെ പ്രാമാണിക രേഖകളില്‍ അടിമകളെ കുറിച്ചും വെപ്പാട്ടികളെ കുറിച്ചുമൊക്കെ രേഖപ്പെടുത്തി വെച്ചിട്ടുള്ള വിധിവിലക്കുകളുടെ ഏതാനും സാമ്പിളുകള്‍ മാത്രമാണ് മേല്‍ ഉദ്ധരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തി ഇസ്ലാം അടിമത്തമില്ലാതാക്കാന്‍ കര്‍മ്മ പദ്ധതികളാവിഷ്കരിച്ചുവെന്നും മറ്റുമുള്ള അവകാശവാദങ്ങള്‍ക്ക് എത്രമാത്രം സാധുതയുണ്ടെന്നു മാന്യ വായനക്കാര്‍ തീര്‍ച്ചപ്പെടുത്തുക.!
യുക്തിവാദികളുടെയും മറ്റും വിമര്‍ശനങ്ങള്‍ക്കു മറുവാദം നിരത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ആധുനിക പണ്ഡിതന്മാര് അടിമത്തത്തിനു ന്യായീകരണം കണ്ടെത്താനായി ഉന്നയിക്കുന്ന ‘യുക്തി’വാദങ്ങളെല്ലാം തീര്‍ത്തും ദുര്‍ബ്ബലവും ബാലിശവുമാണ്.
ഒറ്റയടിക്കു അടിമത്തം നിരോധിച്ചിരുന്നുവെങ്കില്‍ അതു വിപരീതഫലം ഉളവാക്കുമായിരുന്നു, അതിനാല്‍ പടി പടിയായി അതു നിരോധിച്ചു; ആദ്യം അടിമകള്‍ക്കു മാന്യമായ ജീവിത സൌകര്യങ്ങളും അവകാശങ്ങളും ഉറപ്പാക്കി, പിന്നെ അവരെ മുഴുവന്‍ മോചിപ്പിക്കാന്‍ പരിപാടിയിട്ടു; പൂര്‍ണ്ണമായും നിരോധിക്കാതിരുന്നത് യുദ്ധത്തടവുകാരെ മറ്റൊന്നും ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണ്; അടിമസ്ത്രീകളെ വെപ്പാട്ടികളാക്കി വീതം വെക്കുന്നത് സദാചാരം കാക്കാനാണ; ഒരാള്‍ക്കു സംരക്ഷിക്കാന്‍ കഴിയാതെ വരുമ്പോല്‍ കൈമാറേണ്ടതുകൊണ്ടാണ് അടിമക്കച്ചവടം ഹലാലാക്കിയത്; സമ്പന്നര്‍ ഈ സൌകര്യം ഉപയോഗപ്പെടുത്തി സുഖിച്ചത് അവരുടെ വിവരക്കേടു കൊണ്ടാണ്; എന്നിങ്ങനെ പോകുന്നു ഞൊണ്ടി ന്യായങ്ങള്‍! ഇതൊക്കെ എഴുതിപ്പിടിപ്പിക്കുന്നവര്‍ക്കു പോലും ഈ ന്യായീകരണങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്നു തോന്നുന്നില്ല. മതപ്രമാണങ്ങളോ ചരിത്ര രേഖകളോ ഈ പറഞ്ഞ ന്യായങ്ങള്‍ക്കൊന്നും ബലം നല്‍കുന്നില്ല എന്നതാണു വാസ്തവം. അടിമത്തത്തിലൂടെ മനുഷ്യത്വഹീനമായ രീതിയില്‍ ലൈംഗികാതിക്രമങ്ങള്‍ കാണിക്കുന്നതിനെപ്പോലും നിര്‍ലജ്ജമായി വെള്ളപൂശുന്നവര്‍ക്ക് സ്വന്തം അന്ധവിശ്വാസങ്ങളുടെ പടുകുഴിയില്‍ നിന്നുകൊണ്ടു ന്യായീകരിക്കാന്‍ പറ്റാത്തതായി എന്തസംബന്ധമാണുള്ളത്?
ചന്തയില്‍ കൊണ്ടു നിര്‍ത്തിയ അടിമപ്പെണ്ണിനെ കക്ഷം മണത്തു നോക്കിയും മാറിടമളന്നു നോക്കിയും വില പേശി വാങ്ങുകയും , ദാസിപ്പെണ്ണിനെ പാരിതോഷികമായി കൈമാറുകയും , മകന്റെ ദാസിയില്‍ അച്ഛനു കുട്ടി ജനിക്കുന്നതിന്റെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യുകയും മറ്റും മറ്റും ചെയ്യുന്ന ഒരു കിരാത സംസ്കാരത്തെ ഇരുപതാം നൂറ്റാണ്ടു വരെ സംരക്ഷിച്ചു പോന്നത് സദാചാരം സംരക്ഷിക്കാനാണെന്നൊക്കെ ഞായം പറയുന്നവരുടെ ചര്‍മ്മബലം അപാരം തന്നെ!!
ഇക്കൂട്ടരോട് ഒന്നു ചോദിക്കാനാഗ്രഹിക്കുന്നു: അടിമത്തം തെറ്റാണ് എന്ന നിഗമനത്തിലാണല്ലോ ഇപ്പോള്‍ ഈ ന്യായീകരണങ്ങളൊക്കെ ചമയ്ക്കുന്നത്. ഏതു മാനദണ്ഡപ്രകാരമാണു അടിമത്തവും വെപ്പാട്ടിപ്പണിയുമൊക്കെ തെറ്റാകുന്നത്? ലോകാവസാനം വരെ ശരിതെറ്റുകളുടെ അടിസ്ഥാന മാനദണ്ഡം ഖുര്‍ ആനും ഹദീസുമാണെന്നു പറയുന്ന മത വക്താക്കള്‍ ഇന്ന് അടിമത്തത്തിനെതിരെ സംസാരിക്കുന്നതിന്റെ സാംഗത്യമെന്ത് എന്നാണു ചോദ്യം. അതു കാലഹരണപ്പെട്ട സദാചാരമാണെന്നു സമ്മതിക്കുന്നുവെങ്കില്‍ ഇസ്ലാമും അതിന്റെ വേദപ്രമാണവും കാലഹരണപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാനുള്ള സത്യസന്ധതയാണു കാണിക്കേണ്ടത്.
Saturday, February 14, 2009
Subscribe to:
Posts (Atom)