ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Monday, July 20, 2009

മറ്റൊരു “ജാഹിലിയ്യ” ആചാരത്തിനു പച്ചക്കൊടി

يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِذَا نَكَحْتُمُ ٱلْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحاً جَمِيلاً
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട്‌ നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്‌ മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക്‌ മതാഅ്‌ നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക. [33:49]



അറേബ്യന്‍ ഗോത്രങ്ങളില്‍ അക്കാല‍ത്തു നില നിന്നിരുന്ന മറ്റൊരു “ജാഹിലിയ്യ” ആചാരത്തിനു പച്ചക്കൊടി കാണിക്കുന്ന വെളിപടുകളിലൊന്നാണിത്.

“ഭര്‍ത്താവിന്റെ മരണശേഷം ,അല്ലെങ്കില്‍ അയാളുമായി വേര്‍പിരിഞ്ഞ ശേഷം സ്ത്രീ പുനര്‍ വിവാഹം വിലങ്ങി കാത്തിരിക്കേണ്ട കാലത്തിനാണു ‘ഇദ്ദ’ എന്നു പറയുന്നത്. ഈ സമ്പ്രദായം ജാഹിലിയ്യാ കാലത്തും സുപരിചിതമായിരുന്നു. ജാഹിലിയ്യാ അറബികള്‍ ഏറെക്കുറെ അത് ആചരിക്കുകയും ചെയ്തിരുന്നു. ഈ സമ്പ്രദായത്തെ ഇസ്ലാം അംഗീകരിക്കുകയാണു ചെയ്തത്.” [ഫിഖ് ഹുസ്സുന്ന]

വിവാഹമോചനം ചെയ്യപ്പെട്ടവള്‍ മൂന്നു മാസവും വിധവയായവള്‍ നാലുമാസവും പത്തു ദിവസവും ഭര്‍ത്തൃവീട്ടില്‍ തന്നെ ഒരു ഇരുട്ടു മുറിയില്‍ ചടഞ്ഞിരിക്കണം എന്നാണു ചട്ടം.
വിധവയുടെ ഇദ്ദകാലം ഒരു കൊല്ലമാണെന്നും ഖുര്‍ ആനില്‍ തന്നെ പറയുന്നുമുണ്ട്. ആ വിധി പിന്നീട് അല്ലാഹു റദ്ദാക്കിയതാണെന്ന് വ്യാഖ്യാതാക്കള്‍ പറയുന്നു. ഈ കാലയളവില്‍ അവള്‍ക്കുള്ള ജീവനാംശം വീട്ടു വാടക, തുടങ്ങിയ കാര്യങ്ങളില്‍ പണ്ഡിതന്മാര്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ട്. ഓരോ മദ് ഹബുകാരും ഓരോന്നാണു പറയുന്നത്. ഇദ്ദയെ കുറിച്ച് വിശദമായ പോസ്റ്റ് .


يٰأَيُّهَا ٱلنَّبِيُّ إِنَّآ أَحْلَلْنَا لَكَ أَزْوَاجَكَ ٱللاَّتِيۤ آتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّاتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَالاَتِكَ ٱللاَّتِي هَاجَرْنَ مَعَكَ وَٱمْرَأَةً مُّؤْمِنَةً إِن وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ ٱلنَّبِيُّ أَن يَسْتَنكِحَهَا خَالِصَةً لَّكَ مِن دُونِ ٱلْمُؤْمِنِينَ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِيۤ أَزْوَاجِهِـمْ وَمَا مَلَكَتْ أَيْمَانُهُمْ لِكَيْلاَ يَكُونَ عَلَيْكَ حَرَجٌ وَكَانَ ٱللَّهُ غَفُوراً رَّحِيماً

നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.


تُرْجِي مَن تَشَآءُ مِنْهُنَّ وَتُؤْوِيۤ إِلَيْكَ مَن تَشَآءُ وَمَنِ ٱبْتَغَيْتَ مِمَّنْ عَزَلْتَ فَلاَ جُنَاحَ عَلَيْكَ ذَلِكَ أَدْنَىٰ أَن تَقَرَّ أَعْيُنُهُنَّ وَلاَ يَحْزَنَّ وَيَرْضَيْنَ بِمَآ آتَيْتَهُنَّ كُلُّهُنَّ وَٱللَّهُ يَعْلَمُ مَا فِي قلُوبِكُمْ وَكَانَ ٱللَّهُ عَلِيماً حَلِيماً
അവരില്‍ നിന്ന്‌ നീ ഉദ്ദേശിക്കുന്നവരെ നിനക്ക്‌ മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്‍റെ അടുക്കലേക്ക്‌ അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന്‌ വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക്‌ കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക്‌ നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്‌. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.

لاَّ يَحِلُّ لَكَ ٱلنِّسَآءُ مِن بَعْدُ وَلاَ أَن تَبَدَّلَ بِهِنَّ مِنْ أَزْوَاجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلاَّ مَا مَلَكَتْ يَمِينُكَ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيْءٍ رَّقِيباً

ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
[33:50;51;52.]



ഖുര്‍ ആന്‍ വെളിപാടുകള്‍ ഉറവപൊട്ടിയത് പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ ഒരു മഹാ ദൈവത്തില്‍ നിന്നോ അതോ മുഹമ്മദ് എന്ന പച്ചമനുഷ്യന്റെ അന്തരംഗത്തില്‍ നിന്നോ എന്ന് സാമാന്യബുദ്ധി മരവിച്ചിട്ടില്ലാത്ത ആര്‍ക്കും ബോധ്യപ്പെടാന്‍ ഈ വെളിപാടുകള്‍ ധാരാളം മതിയാകും. കുര്‍ ആനിന്റെ ആധുനിക വ്യാഖ്യാതാക്കള്‍ ഒരുപാട് ഉരുണ്ടു മറിഞ്ഞ് വളച്ചൊടിച്ച് പുകമറ സൃഷ്ടിക്കാന്‍ ഇവിടെ ശ്രമിച്ചു കാണാം. ഈ വാക്യങ്ങള്‍ തങ്ങളുടെ ദൈവത്തെ വല്ലാതെ കൊച്ചാക്കിക്കളയുന്നു എന്ന തോന്നലും തങ്ങളുടെ മാതൃകാപ്രവാചകന്റെ “ഉത്തമ സദാചാര മാതൃക” മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ലെന്നു ദൈവത്തിനു തന്നെ പറയേണ്ടി വന്ന സാഹചര്യങ്ങള്‍ വിവരിക്കുന്നതില്‍ തോന്നിയ ജാള്യതയുമൊക്കെയാണിവിടെ വ്യാഖ്യാനക്കാരെ കുഴക്കുന്നത്.
രാജാക്കന്മാര്‍ക്കും സമ്പന്നര്‍ക്കും തങ്ങള്‍ ആഗ്രഹിക്കുന്നതെന്തും സാധ്യമാകുന്ന നിലയില്‍ ഉദാരമായിരുന്നു പഴയ കാലത്തെ സദാചാര സങ്കല്‍പ്പങ്ങള്‍ .
 അതേ സമയം സാധാരണക്കാര്‍ക്ക് വന്‍ തോതില്‍ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. വിവാഹം ചെയ്യാനോ അടിമപ്പെണ്ണിനെ വാങ്ങാനോ പണമില്ലാത്തവരോട് നോമ്പു നോറ്റ് വികാരം നിയന്ത്രിക്കാനാണ് പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്. തനിക്കു നാട്ടിലുള്ള ഏതു പെണ്ണിനെയും പ്രാപിക്കാന്‍ തന്റെ ദൈവം പ്രത്യേകാനുമതി തന്നിരിക്കുന്നു എന്ന മുഹമ്മദിന്റെ ഈ പ്രഖ്യാപനം ചോദ്യം ചെയ്യപ്പെടാതെ അന്നു സ്വീകരിക്കപ്പെട്ടതും സ്വാഭാവികം. ഇഷ്ടപത്നിയായിരുന്ന ആയിഷ ഈ വെളിപാടിനോടു പ്രതികരിച്ചത് ഇപ്രകാരമായിരുന്നുവെന്ന് ബുഖാരി രേഖപ്പെടുത്തുന്നു:-
“സ്വന്തം ശരീരം നബിക്കു ദാനം ചെയ്യാനൊരുങ്ങി വരുന്ന പെണ്ണുങ്ങളെകുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു ആത്മരോഷം തിളച്ചു വരുമായിരുന്നു. ഞാന്‍ പറയും ഒരു സ്ത്രീ തന്റെ ശരീരം ദാനം ചെയ്യുകയോ! ഒടുവില്‍ ഈ വെളിപാട്[33:50-52] ഇറങ്ങിയപ്പോള്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു. “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നതില്‍ വല്ലാതെ ധൃതിപ്പെടുന്നുണ്ടല്ലോ!!”
ഇവിടെ താങ്കളുടെ റബ്ബ് എന്ന പ്രയഗവും താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരാന്‍ റബ്ബ് ധൃതി കാണിക്കുന്നു എന്ന പരിഹാസവും ആയിഷയുടെ ഉള്ളില്‍ പോലും ഈ വെളിപാടുകളെക്കുറിച്ചുള്ള ധാരണയെന്തെന്നു വെളിപ്പെടുത്തുന്നു. നബിയുടെ ആഗ്രഹങ്ങള്‍ തന്നെയാണു അല്ലാഹുവിന്റെ വെളിപാടുകളായി പുറത്തു വരുന്നതെന്ന് ആയിഷ മനസ്സിലാക്കിയിരുന്നു എന്നു വ്യക്തം!
പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് എന്നു പറയുന്ന വാക്യവും ഇതേ അധ്യായത്തിലുണ്ട്. ആ മാതൃക പക്ഷെ ലൈംഗിക കാര്യങ്ങളില്‍ മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല! എന്തൊരു വൈരുദ്ധ്യം!! മറ്റുള്ളവര്‍ക്കു ബാധകമായ പൊതു വ്യവസ്ഥകളൊന്നും നബിക്കു ബാധകമായിരുന്നില്ല എന്നതിനു നിരവധി ദൃഷ്ടാന്തങ്ങള്‍ പ്രവാചകചരിത്രത്തില്‍ കാണാം.

വിവാഹമോചിതരോ വിധവകളോ ആയ സ്ത്രീകളെ അവരുടെ ഇദ്ദ കഴിയാതെ മറ്റൊരാള്‍ വിവാഹം ചെയ്യരുത് എന്നാണു ഇസ്ലാമിന്റെ പൊതു ചട്ടം . എന്നാല്‍ യുദ്ധത്തടവുകാരായി പിടിച്ചെടുക്കപ്പെട്ട സ്ത്രീകളെ ആ യുദ്ധപ്പറമ്പില്‍ വെച്ചു തന്നെ പങ്കിട്ടെടുത്തു ഭോഗിക്കുകയും കല്യാണം കഴിക്കുകയും ചെയ്തു ഈ പ്രവാചകന്‍ .ഒരാള്‍ക്ക് ഒരേ സമയം 4 ഭാര്യമാര്‍ എന്നാണു സാധാരണക്കര്‍ക്കുള്ള വ്യവസ്ഥ. അടിമകള്‍ക്കു 2 ഭാര്യമാരേ പാടുള്ളു. പ്രവാചകന് ഈ കാര്യത്തില്‍ പരി‍ധിയില്ല! ശരീരം ദാനം ചെയ്യാന്‍ വരുന്ന പെണ്ണുങ്ങളും സാധാരണകാര്‍ക്ക് അനുവദനീയമല്ല. നബിയോടൊപ്പം ഹിജ് റ പോന്ന കൂട്ടത്തില്‍ നബിയുടെ പിതൃസഹോദരീ പുത്രിമാരും മാതൃസഹോദരീ പുത്രിമാരുമൊക്കെ ഉണ്ടായിരുന്നുവെന്നും അവരുമായിപ്പോലും അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നുവെന്നും ഈ വെളിപാടുകള്‍ സൂചിപ്പിക്കുന്നു. സൈദിന്റെ ഭാര്യയായിരുന്ന സൈനബയും ഈ ഗണത്തില്‍ പെടും.
ശരീരം ദാനം ചെയ്ത പെണ്ണുങ്ങളുടെയും കല്യാണം കഴിച്ചും അല്ലാതെയും അദ്ദേഹം ബന്ധപ്പെട്ടിരുന്ന പെണ്ണുങ്ങളുടെയുമൊക്കെ വിപുലമായ ലിസ്റ്റ് പ്രവാചക ചരിത്രകാരന്മാര്‍ തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇപ്പറഞ്ഞ ലിസ്റ്റിനപ്പുറം അനുവാദം ഇല്ല എന്നു പറഞ്ഞ ശേഷം “അവരുടെ അഴകു നിന്നെ മോഹിപ്പിച്ചാലും ശരി” .... എന്നു പ്രത്യേകം വ്യക്തമാക്കുന്നതും ശ്രദ്ധയര്‍ഹിക്കുന്നു. ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ന്യായീകരണങ്ങള്‍ക്കുള്ള ഒന്നാംതരം ഒരു മറുപടിയാണിത്.

മുപ്പതു പുരുഷന്മാരുടെ ലൈംഗിക ശേഷി പ്രവാചകനുണ്ടായിരുന്നു എന്ന് പരിചാരകനായിരുന്ന അനസിനെ ഉദ്ധരിച്ചു കൊണ്ട് ബുഖാരിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. വഴിയിലെവിടെയെങ്കിലും ഒരു പെണ്ണിനെ കണ്ടാല്‍ ഉടനെ തൊട്ടടുത്തുള്ള ഭാര്യയുടെ അടുത്തേക്ക് അദ്ദേഹം ഓടിപ്പോകുമായിരുന്നു എന്നും ഹദീസില്‍ പറയുന്നു. ഇതൊക്കെ നബിയുടെ കറാമത്തായിട്ടാണിന്നു വിശ്വാസികള്‍ വ്യാഖ്യാനിക്കുന്നത്. ഒരു സ്ത്രീയുടെ സൌമ്യമായ ശബ്ദം കേള്‍ക്കുമ്പോഴേക്കും ഉള്ളില്‍ മോഹം ജനിക്കുന്ന പുരുഷന്മാരെ ഖുര്‍ ആന്‍ തന്നെ മനോരോഗികള്‍ എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്.

ഭാര്യാഭര്‍തൃബന്ധത്തിനു പുറത്തുള്ള ലൈഗികതയെ ,കല്ലെറിഞ്ഞു കൊല്ലല്‍ ശിക്ഷ അര്‍ഹിക്കുന്ന മഹാപാപമായി കാണുന്ന മതമാണ് ഇസ്ലാം എന്നാണല്ലോ നമ്മളൊക്കെ മനസ്സിലാക്കിയിരിക്കുന്നത്. അങ്ങനെയുള്ള ഒരു മതത്തിന്റെ പ്രവാചകന്‍ അതിനു വിരുദ്ധമായ ഒരു സദാചാരം സ്വന്തം ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചതിന്റെ ഔചിത്യം സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും. ദൈവം തന്റെ അവസാനത്തെ ദൂതനായി ഒരാളെ തെരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം കൂടി ഔചിത്യം കാണിക്കേണ്ടതായിരുന്നില്ലേ? സ്വജീവിതം കൊണ്ടു മറ്റുള്ളവര്‍ക്കു മാതൃക കാണിക്കാന്‍ പറ്റാത്തവരെ ഈ ജോലിക്കു ദൈവം തന്നെ നിശ്ചയിച്ചു എന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

2 comments:

ea jabbar said...

ലൈംഗിക സദാചാരത്തിന്റെ പ്രവാചക മാതൃക!

Unknown said...

great mash....great...where are those religious fellows to comment...there ready made answers prepared by zakir naik is not suitable here...so they ran away