വിജയം കൈവരിച്ചു കഴിഞ്ഞ സത്യവിശ്വാസികളുടെ ലക്ഷണങ്ങള്‍ വിവരിച്ചുകൊണ്ട് ഖുര്‍ ആന്‍ പറയുന്നു:-
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
فَمَنِ ٱبْتَغَىٰ وَرَآءَ ذٰلِكَ فَأُوْلَـٰئِكَ هُمُ ٱلْعَادُونَ
“തങ്ങളുടെ ലൈംഗികാവയവങ്ങളെ , ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍നിന്നും , കാത്തു സൂക്ഷിക്കുന്നവരും : അപ്പോള്‍ നിശ്ചയമായും അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാ. എന്നാല്‍ അതിനുമപ്പുറത്തേക്കു കടക്കുവാന്‍ വല്ലവരും ഉദ്ദേശിച്ചാല്‍ അവര്‍ അതിക്രമികള്‍ തന്നെയാണ്.”(23:5-7)
വ്യഭിചാരം ഗൌരവമേറിയ ഒരതിക്രമമായി ഇസ്ലാം കണക്കാക്കുന്നതിന്റെ കാരണം ഒരു ഖുര്‍ ആന്‍ വ്യാഖ്യാതാവ് ഇങ്ങനെയാണു വിശദമാക്കുന്നത്:-
“...അപ്പോള്‍ ഭാര്യമാരെയും അടിമസ്ത്രീകളെയും വിട്ട് അവിഹിത വഴികള്‍ തേടുന്നവര്‍ അങ്ങേയറ്റം അതിക്രമകാരികളാണ്. കാരണം നാലു വരെ ഭാര്യമാരെയും ആവശ്യമായത്ര അടിമസ്ത്രീകളെയും സൌകര്യപ്പെടുത്തുക വഴി അല്ലാഹു വലിയ വിശാലതയാണു കാണിച്ചിരിക്കുന്നത്.” [മുഹ്യുദ്ദീന്‍ ശൈഖ് സാദയെ ഉദ്ധരിച്ചുകൊണ്ട് കെ വി മുഹമ്മദ് മുസ്ലിയാര്]
സ്വന്തം ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളെ ലൈംഗികാസ്വാദനത്തിനായി ഉപയോഗപ്പെടുത്തുന്നതില്‍ തനിക്ക് യാതൊരു ആക്ഷേപവുമില്ല എന്ന അല്ലാഹുവിന്റെ വെളിപാട് ഏഴാം നൂറ്റാണ്ടിലെ അറബികളെ ഒട്ടും തന്നെ ആശ്ചര്യപ്പെടുത്തുകയോ , ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്തിരിക്കാനിടയില്ല. കാരണം അന്നത്തെ സദാചാരം അതൊക്കെയായിരുന്നു. എന്നാല്‍ അടിമത്തം തന്നെ മനുഷ്യത്വത്തിനു ചേരാത്ത മഹാപാപമാണെന്നു തിരിച്ചറിഞ്ഞ ഇന്ന് , ഖുര്‍ ആനിലെ ഈ അരുളപ്പാട് മതവിശ്വാസികളെത്തന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. തങ്ങളുടെ മതം ഇത്രയും ഹീനമായ ഒരതിക്രമത്തിനു പച്ചക്കൊടി കാട്ടുന്നുവല്ലോ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ ഞെരിപിരി കൊള്ളുന്ന ചില പുരോഗമനക്കാരുണ്ട് പണ്ഡിതന്മാരുടെ കൂട്ടത്തില്‍. അല്ലാഹുവിന്റെ സന്മാര്‍ഗ്ഗസംഹിതയെ ആധുനികവല്ക്കരിക്കാന് യുക്തിയെ മാത്രം അവലംബമാക്കി ഇക്കൂട്ടര്‍ നടത്തുന്ന വ്യാഖ്യാനശ്രമങ്ങളെ, പ്രമാണങ്ങളെ അവലംബിച്ചു നേരിടുകയാണു യാഥാസ്ഥിതികര്‍.
മൌദൂദിയുടെ വ്യാഖ്യാനം നോക്കുക:-
“വിവാഹം ചെയ്ത വധുവുമായി എന്നപോലെതന്നെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീയുമായും ലൈംഗികബന്ധം അനുവദനീയമാണെന്ന് ഈ സൂക്തം (23:6) വ്യക്തമാക്കുന്നു. ആ അനുവദനീയതയുടെ അടിസ്ഥാനം വിവാഹമല്ല, ഉടമാവകാശമാകുന്നു എന്നും സ്പഷ്ടമാണ്. വിവാഹമെന്ന ഉപാധി അവരുടെ കാര്യത്തിലും ബാധകമായിരുന്നുവെങ്കില്‍ അവരെ ഭാര്യമാരില്‍നിന്നു വേര്‍തിരിച്ചു പറയേണ്ട ആവശ്യമുണ്ടാകുമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ നിക്കാഹു ചെയ്യപ്പെട്ട അവസ്ഥയില്‍ ഭാര്യമാര്‍ എന്നതില്‍ അവരും ഉള്‍പ്പെടുമല്ലോ. ആധുനികരായ ചില ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളെ അനുഭവിക്കാനുള്ള അനുവാദത്തെ നിഷേധിക്കുന്നുണ്ട്. സൂറത്തുന്നിസ്സാഇലെ 25-ആം സൂക്തത്തെ ആധാരമാക്കി , ഉടമസ്ഥതയിലുള്ള സ്ത്രീകളെയും ആസ്വദിക്കുന്നത് നിക്കാഹിലൂടെ മാത്രമേ അനുവദനീയമാകൂ എന്നു സ്ഥാപിക്കാനാണവര്‍ ശ്രമിക്കുന്നത്. സ്വതന്ത്രകുടുംബങ്ങളിലെ കുലസ്ത്രീകളെ വിവാഹം ചെയ്യാനുള്ള സാമ്പത്തിക ശേഷി നിങ്ങള്‍ക്കില്ലെങ്കില്‍ അടിമസ്ത്രീകളെ വിവാഹം ചെയ്തുകൊള്ളുക എന്നു വിധിച്ചിട്ടുണ്ടല്ലോ അതില്‍. പക്ഷെ ഈ വിഭാഗത്തിന് അല്‍ഭുതകരമായ ഒരു പ്രത്യേകതയുണ്ട്. ഒരു സൂക്തത്തിന്റെ ഒരു ഭാഗത്ത് ഉദ്ദിഷ്ട വിവക്ഷിതമുണ്ടെങ്കില്‍ അതു പൊക്കിപ്പിടിക്കുകയും അവരുടെ വാദഗതിക്കു വിരുദ്ധമായ ആശയമുള്ള അതേ സൂക്തത്തിന്റെ മറ്റേ ഭാഗം വിസ്മരിച്ചു കളയുകയുമാണത്. പ്രസ്തുത സൂക്തത്തില്‍ അടിമസ്ത്രീകളെ വിവാഹം ചെയ്യുവാന്‍ അനുവാദം നല്കുന്ന പദങ്ങള്‍ ഇവയാണ്. : ٍ فَٱنكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَآتُوهُنَّ أُجُورَهُنَّ بِٱلْمَعْرُوف [അവരെ അവരുടെ രക്ഷാധികാരികളുടെ അനുമതിയോടെ നിങ്ങള്‍ വിവാഹം ചെയ്തുകൊള്ളുക. അവര്‍ക്കു ന്യായമായ വിവാഹമൂല്യം നല്‍കുകയും ചെയ്യുക. ]
ഇവിടെ പരാമര്‍ശിക്കുന്നത് അടിമസ്ത്രീയുടെ ഉടമയുടെ കാര്യമല്ല , മറിച്ച് സ്വതന്ത്രസ്ത്രീയെ വിവാഹം ചെയ്യുന്നതിന്റെ സാമ്പത്തികഭാരം താങ്ങാന്‍ കഴിവില്ലാതെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഭൃത്യയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്വതന്ത്ര പുരുഷന്റെ കാര്യമാണ് എന്ന് പ്രസ്തുത പദങ്ങള്‍ വ്യക്തമായും വിളിച്ചോതുന്നുണ്ട്. അല്ലാതെ അടിമസ്ത്രീയും തന്റെ ഉടമയും തമ്മിലുള്ള കാര്യമാണു പറയുന്നതെങ്കില്‍ അവിടെ സമ്മതം നല്കാന് ഉത്തരവാദപ്പെട്ട രക്ഷാധികാരി ആരാണ്? പക്ഷെ ഖുര്‍ ആന്‍ കൊണ്ടു കളിക്കുന്നവര്‍ فَٱنكِحُوهُنَّ [‘ഫ അന്‍കിഹൂഹുന്ന’] എന്ന വക്യം മാത്രം സ്വീകരിക്കുകയും അതിനു ശേഷമുള ‘بِإِذْنِ أَهْلِهِنَّ [ബി ഇദ്നി അഹ്ലിഹിന്ന’] എന്ന വാക്യത്തെ അവഗണിച്ചു തള്ളുകയും ചെയ്യുന്നു. കൂടാതെ അവര്‍ ഒരു സൂക്തത്തില്‍നിന്നു അതേ വിഷയത്തെ സംബന്ധിക്കുന്ന മറ്റു ഖുര്‍ ആന്‍ സൂക്തങ്ങളെ ഖണ്ഡിക്കുന്ന ആശയം നിഷ്പന്ദിക്കുകയും ചെയ്യുന്നു. വല്ലവരും തങ്ങളുടെ സ്വന്തം ചിന്തകളെയല്ലാതെ , വിശുദ്ധ ഖുര്‍ ആനെ പിന്‍പറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ സൂറത്തുല്‍ മുഅ മിനൂനിലെ ഈ സൂക്തത്തെ സൂറ അന്നിസാഇലെ (4:3;25); അല്‍ അഹ്സാബ് (33:50-52) അല്‍ മ ആരിജ് 30 എന്നീ സൂക്തങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടതാകുന്നു. “ (തഫ്ഹീമുല്‍ ഖുര്‍ ആന്‍. വാള്യം 3 പേജ് 258)
വലംകൈകള്‍ക്കുടമയാക്കപ്പെട്ട അടിമസ്ത്രീകളുമായി ലൈംഗികഭോഗം ഹലാലാണെന്ന ഈ ദൈവിക വിധി , പക്ഷെ ഉടമകളായ സ്ത്രീകള്‍ക്ക് ബാധകമല്ല എന്നും തുടര്‍ന്നു മൌദൂദി വിശദമാക്കുന്നു:- “.. ഈ സൂക്ഷ്മ വശം ഗ്രഹിക്കാത്തതുകൊണ്ടാണ് ഹസ്രത്ത് ഉമറിന്റെ കാലത്ത് ഒരു സ്ത്രീ തന്റെ ഉടമസ്ഥതയിലുള്ള ഭൃത്യനുമായി ലൈംഗികവേഴ്ച്ച നടത്താനിടയായത്. പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ അവര്‍ ഏകകണ്ഠമായി പ്രസ്താവിച്ചതിങ്ങനെയാണ്. അല്ലാഹുവിന്റെ കിതാബിനെ അവര്‍ തെറ്റായി ഗ്രഹിച്ചു. ഇവിടെ ഈ ഒഴിവ് പുരുഷന്മാര്ക്കു മാത്രം ബാധകമാണെങ്കില്‍ പിന്നെ ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കള്‍ അനുവദനീയമാകുന്നതെങ്ങനെ എന്ന സംശയം ആര്‍ക്കും ഉണ്ടാകേണ്ടതില്ല. കാരണം ഭാര്യമാരുമായുള്ള ഇടപാടില്‍ ഭര്‍ത്താക്കള്‍ ഗുഹ്യഭാഗം സംരക്ഷിക്കുക എന്ന വിധിയില്‍നിന്നും ഒഴിവാക്കപ്പെടുന്നതോടെ ഭര്‍ത്താക്കളുമായുള്ള ഇടപാടില്‍ ഭാര്യമാരും ഈ വിധിയില്‍നിന്ന് ഒഴിവാകുന്നു. അതിനു ഖണ്ഡിതമായ മറ്റൊരു അനുവാദം ആവശ്യമില്ല. കൂടാതെ ഈ ഒഴിവാക്കല്‍ വിധിയുടെ സ്വാധീനം പുരുഷന്മാരിലും അവരുടെ ഉടമസ്ഥതയിലുള്ള സ്ത്രീകളിലും മാത്രം പരിമിതമായിത്തീരുകയും സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഉടമസ്ഥതയിലുള്ള ഭൃത്യന് നിഷിദ്ധനാവുകയും ചെയ്യുന്നു.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ . വാള്യം3 പേജ് 259)
ഇസ്ലാമില്‍ അടിമത്തമില്ല എന്നു വ്യാഖ്യാനിക്കാന്‍ ശ്രമിച്ച സി എന്‍ അഹ്മദ് മൌലവിയുടെ നിലപാടുകള്‍ മതവിരുദ്ധമാണെന്നും ഭീമാബദ്ധമാണെന്നും വിവരിച്ചുകൊണ്ട് മറ്റൊരു ഖുര്‍ ആന്‍ വ്യാഖ്യാതാവ് ഇപ്രകാരം എഴുതുന്നു:
“യുദ്ധത്തില്‍ അറസ്റ്റു ചെയ്യപ്പെടുന്നവരെ ഔദാര്യത്തോടെയോ അല്ലെങ്കില്‍ പിഴ വാങ്ങിയോ വിട്ടയക്കുക എന്നതു മാത്രമാണു ഇസ്ലാമിന്റെ വിധിയെന്നും നബിയും സഹാബികളും അങ്ങനെയല്ലാതെ ചെയ്തിട്ടില്ലെന്നും മൌലവി തട്ടിവിടുന്നത് അജ്ഞതയോ അഹങ്കാരമോ കൊണ്ടാണ്. എന്തുകൊണ്ടെന്നാല്‍ ഈ രണ്ടിനും പുറമെ അവരെ വധിക്കുകയോ അടിമകളാക്കുകയോ ചെയ്യാവുന്നതാണ്. ബദ്രില്‍ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട ഉഖ്ബത്തുബ്നു അബീ മുഐത്തിനെയും നള്രുബ്നുല്‍ ഹാരിസിനെയും നബി വധിക്കുകയാണു ചെയ്തതെന്ന് ചരിത്രം പഠിച്ചവര്‍ക്കെല്ലാം അറിയാം. ബനൂഖുറൈളക്കാരായ ജൂതന്മാരെയും നബി വധിക്കുകയുണ്ടായി. മറ്റു ചിലരെയും അവിടുന്നു കൊലയ്ക്കു വിധിച്ചിട്ടുണ്ട്. അതെല്ലാം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുകയാണ്.
അടിമകളെ മോചിപ്പിക്കുവാനായി സമരം ചെയ്യണമെന്ന നിര്‍ദ്ദേശമാണു താന്‍ ചൂണ്ടിക്കാട്ടിയ ഖുര്‍ ആന്‍ വാക്യങ്ങളില്‍ അടങ്ങിയിട്ടുള്ളതെന്ന് മൌലവി പറഞ്ഞതില്‍ സത്യത്തിന്റെ കണിക പോലുമില്ല. അവയിലെ വിഷയങ്ങള്‍ വേറെയാണ്. ... ചുരുക്കത്തില്‍ കടുത്ത വിവരക്കേടു കൊണ്ട് ഭീമമായ അബദ്ധങ്ങള്‍ മൌലവി ഇവിടെ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്. സഹാബാക്കളുടെ കൈവശം വന്നുചേര്‍ന്ന അടിമസ്ത്രീകളുടെ പരിപൂര്‍ണ്ണ നിയന്ത്രണം അവരുടെ കയ്യില്‍ തന്നെയായിരുന്നതിനാല്‍ ചിലരെ അവര്‍ തന്നെ വിവാഹം കഴിച്ചു. ചിലരെ മറ്റുള്ളവര്‍ക്കു വിട്ടുകൊടുത്തു. നബി സഫിയാബീവിയെ വിവാഹം ചെയ്തതും ആ ഇനത്തില്‍ പെട്ടതാണ്.
എന്നാല്‍ അടിമസ്ത്രീകളുടെ ഉടമകള്‍ക്കു തന്നെ അവരെ വിവാഹം ചെയ്തു ഭാര്യമാരാക്കാം എന്ന നിര്‍ദേശമാണു 4:25ല്‍ അടങ്ങിയിട്ടുള്ളതെന്നു മൌലവി മനസ്സിലാക്കിയത് മഹാ അബദ്ധമാണ്. അതില്‍ പറഞ്ഞത് അവരുടെ രക്ഷാധികാരികളുടെ അനുമതിയോടു കൂടി നിങ്ങള്‍ അവരെ വിവാഹം ചെയ്തുകൊള്ളുക എന്നാണ്. രക്ഷാധികാരിയും വിവാഹം ചെയ്യുന്ന ആളും ഒന്നല്ല എന്ന് ഇതില്‍നിന്നും ബുദ്ധിയുള്ളവര്‍ക്കെല്ലാം ഗ്രഹിക്കാമല്ലോ......
അടിമത്തം പാടേ നിഷിദ്ധമാക്കിയിട്ടില്ലെന്നതിനു 24,32,33 എന്നീ വാക്യങ്ങളും മറ്റും തെളിവുകളാണ്. പ്രവാചകപുത്രന്‍ ഇബ്രാഹിം എന്ന കുട്ടിയുടെ മാതാവ് മാരിയ നബിയുടെ വെപ്പാട്ടിയായിരുന്നു വെന്ന് ലോകപ്രസിദ്ധമാണ്. ഈജിപ്തിലെ മുഖൌഖിസ് രാജാവ് പാരിതോഷികമായി അയച്ചുകൊടുത്തതായിരുന്നു ആ മഹതി. നബിയുടെ ഭാര്യമാരോ അല്ലാത്തവരോ എന്നു ഭിന്നിപ്പുള്ളവരെയും ചരിത്രകാരന്മാര് വിവരിച്ചിട്ടുണ്ട്. അവരാരും തന്നെ മാരിയബീവിയെ നബിയുടെ ഭാര്യമാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരെ മറിച്ച് നബിയുടെ വെപ്പാട്ടിയാണെന്ന് ഏക കണ്ഠമായി പ്രസ്താവിച്ചിരിക്കുന്നു. പ്രമുഖരായ പല സഹാബികള്‍ക്കും വെള്ളാട്ടി വടുവന്മാര്‍ ഉണ്ടായിരുന്നുവെന്നും ബുഖാരി മുസ്ലിം എന്നീ ഹദീസ് കിതാബുകള്‍ നോക്കുന്നവര്‍ക്കു കാണാവുന്നതാണ്. മൌലവിയുടെ മറ്റൊരഭിപ്രായം അടിമസ്ത്രീകളെ വിവാഹം കഴിക്കാതെ അവരെക്കൊണ്ട് ഉടമസ്ഥന്മാര്ക്ക് ഭാര്യമാരുടെ ഉപയോഗം നടത്താന്‍ പാടില്ല എന്നാണ്. എന്നാല്‍ മൌലവിയുടെ ഈ അഭിപ്രായത്തിനും ഖുര്‍ ആന്റെയോ സുന്നത്തിന്റെയോ അടിസ്ഥാനത്തില്‍ നിലനില്‍പ്പില്ല. അടിമകളെ സംബന്ധിച്ച് ഖുര്‍ ആനില്‍ മിക്ക സ്ഥലത്തും വലംകൈകള്‍ ഉടമയാക്കിയവര്‍ എന്ന അലങ്കാരപ്രയോഗമണു വന്നിട്ടുള്ളത്. അതായത് മറ്റുള്ളവരുടെ ഉടമസ്ഥതയില്‍ ഇരിക്കുന്നവര്‍ എന്നര്‍ത്ഥം.
മൌലവി തന്നെ ആ പ്രയോഗത്തിന് 4:3ല്‍ നിങ്ങളുടെ ഉടമസ്ഥതയില്‍ വന്നു ചേര്ന്നിട്ടുള്ളവര് എന്നും 4:24ല്‍ നിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ത്രീകള്‍ എന്നും 4:25ല്‍ നിങ്ങള്‍ ഉടമപ്പെടുത്തിയിട്ടുള്ള അടിമസ്ത്രീകള്‍ എന്നും പരിഭാഷ കൊടുത്തിട്ടുണ്ട്. മറ്റു ചില സ്ഥലങ്ങളില്‍ ആ പ്രയോഗത്തിന് നിങ്ങളുടെ നിയന്ത്രണത്തിലുള്ളവര്‍ എന്ന് മൌലവി അര്‍ത്ഥം കൊടുത്തിട്ടുണ്ട്. അതു ശരിയല്ല. പുത്തന്‍ വെളിപാടാണ്. ഉടമപ്പെടുത്തിയവര്‍ എന്നു തന്നെയാണ് ശരിയായ അര്‍ത്ഥം. 16:75ല്‍ عَبْداً مَّمْلُوكاً [മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള അടിമ ] എന്നാണ് അല്ലാഹു പറഞ്ഞത്. ഇതില്‍നിന്നെല്ലാം അടിമകളുടെ മേല്‍ മറ്റു ചിലര്‍ക്ക് ഉടമസ്ഥത ഉണ്ടെന്നു സൂര്യപ്രകാശം പോലെ തെളിഞ്ഞു കഴിഞ്ഞു.
എന്നാല്‍ സന്താനങ്ങളുടെ ഉടമസ്ഥനാണു പിതാവ് എന്നു പറയാറില്ല. ഭാര്യയുടെ ഉടമസ്ഥനാണ് ഭര്‍ത്താവ് എന്നും പറയാറില്ല. അവരുടെ രക്ഷിതാക്കളാണ് എന്നു പറയാറുണ്ട്. തോട്ടത്തിന്റെ ഉടമസ്ഥന് കെട്ടിടത്തിന്റെ ഉടമ, കാലികളുടെ ഉടമസ്ഥന് എന്നെല്ലാം പറയുന്നതു പോലെത്തന്നെയാണ് അടിമയുടെ ഉടമസ്ഥന് എന്നു പറയുന്നതും . അപ്പോള്‍ അടിമകള്‍ മറ്റു സ്വത്തുക്കള്‍ പോലെത്തന്നെ ഉടമയുടെ സമ്പത്താണെന്നു വ്യക്തമായി. അടിമകള്‍ അവരുടെ ഉടമസ്ഥരുടെ സ്വത്തുക്കളാണെന്നു തെളിയിക്കുന്ന അനേകം ഹദീസുകള്‍ ബുഖാരിയിലും മുസ്ലിമിലും മറ്റും കാണാം. സ്വത്തുക്കളുടെ അനുഭവങ്ങള്‍ അതിന്റെ ഉടമസ്ഥന്മാര്ക്ക് നേരിട്ടനുഭവിക്കാവുന്നതും സ്വത്തുക്കളെ കൈമാറ്റം ചെയ്യാവുന്നതുമാണ്. ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടെ സ്വത്തുക്കള്‍ എത്ര വേണമെങ്കിലും സമ്പാദിക്കുവാനും അവയുടെ അനുഭവമെടുക്കുവാനും ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഈ നിലയില്‍ നാം ചിന്തിക്കുമ്പോള്‍ അടിമസ്ത്രീകളെ എത്ര വേണമെങ്കിലും ഒരാള്‍ക്ക് ഉടമയാക്കാമെന്നും അവരില്‍നിന്നും ഇഷ്ടമുള്ളത്ര പേരെക്കൊണ്ട് സ്വന്തം ഭാര്യമാരുടെ ഉപയോഗം നടത്താമെന്നും തെളിയുന്നതാണ്. ഇതിനെതിരായി ഒരു നിയമം ഇസ്ലാമിലില്ല. അതു പാടില്ലെന്നു പറയുന്നത് സ്വത്തിന്റെ അനുഭവം കൈപ്പറ്റാന്‍ ഉടമക്ക് അവകാശമില്ലെന്ന് പറയലാണ്.” (വിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനം. കെ വി മുഹമ്മദ് മുസ്ലിയാര്)
തുടര്‍ന്ന് ഈ സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ യുക്തിയും അദ്ദേഹം വിശകലനം ചെയ്യുന്നു.
“ ഒരു അടിമസ്ത്രീയെ ഉടമ വിവാഹം ചെയ്യല്‍ അനുവദനീയമല്ല. എന്നാണ് ഇസ്ലാമിന്റെ നിയമം. വിവാഹം ചെയ്താല്‍ അതു സാധുവാകുന്നതുമല്ല. ഉടംസ്ഥാവകാശവും ഭര്‍തൃത്വവും ഒരാളില്‍ ഒരവസരത്തില്‍ ഒരുമിച്ചു കൂടുകയില്ല. അതിന്റെ കാരണം ഫിഖ് ഹ് കിതാബുകളില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരെ അടിമകളാക്കി വെക്കുവാനും അവരെ ക്രയവിക്രയം ചെയ്യപ്പെടുന്ന സ്വത്തുക്കളായി കരുതുവാനും അവരിലുള്ള സ്ത്രീകളെക്കൊണ്ട് ഉടമകള്‍ യഥേഷ്ടം ഭാര്യമാരുടെ ഉപയോഗം നടത്തുവാനും ഇസ്ലാം അനുവാദം കൊടുത്തതു തികച്ചും ന്യായവും യുക്തിയുക്തവുമാണ്. എന്തുകൊണ്ടെന്നാല്‍ അതു സമാധാനത്തിന്റെ മതമാണ്. അത് യുദ്ധം അനുവദിച്ചത് യുദ്ധത്തിനു വേണ്ടിയല്ല. സമാധാന സംസ്ഥാപനത്തിനു വേണ്ടിയാണ്. യുദ്ധത്തില്‍ ബന്ധനസ്ഥരക്കപ്പെടുന്നവരെ മുസ്ലിംങ്ങള്‍ അടിമകളാക്കി വെക്കുമെന്നും അവരെ ക്രയവിക്രയം ചെയ്യപ്പെടുന്ന ഒരു സ്വത്താക്കി തരം താഴ്ത്തുമെന്നും സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കുമെന്നും ശത്രുക്കള്‍ അറിഞ്ഞാല്‍ അവര്‍ അന്യായമായും അക്രമമായും യുദ്ധത്തിനു തയ്യാറാവുകയില്ല. അത്തരം യുദ്ധങ്ങള്‍ക്കു മുസ്ലിംങ്ങളും മുതിരുകയില്ല. അതിനാല്‍ ഈ നിയമം ലോകത്ത് ശാശ്വത സമാധാനം കൈവരുവാന്‍ ഏറ്റവും ഉപയുക്തമാണ്. ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കാതെ ചില ശത്രുക്കള്‍ ഇസ്ലാമിനെ ആക്ഷേപിച്ചു. അപ്പോള്‍ ചില അല്‍പ്പജ്ഞന്മാര്‍ ഈ നിയമത്തെ തന്നെ നിഷേധിച്ച് ഖുര്‍ ആനിനെ വളച്ചൊടിച്ചു. ഹദീസുകളെ നിഷേധിക്കുകയും ചരിത്രം മാറ്റി മറിക്കുകയും ചെയ്തു. സി എന്‍ മൌലവി അവരെ അനുകരിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ”
തുടരും...!
Thursday, January 29, 2009
Subscribe to:
Post Comments (Atom)
2 comments:
പോസ്റ്റു കണ്ടപ്പോൾ ഒരുപാടിരുട്ടിയതിനാൽ-രാത്രി ഒരു മണി- മൊത്തം വായിച്ചില്ല. നാളെ വായിക്കും. കമന്റു ഇങ്ങനെ ഈയുള്ളവനായിട്ടു തുടങ്ങി വയ്ക്കുന്നു.
Looking back at himself and at history with the wisdom gained through the ages and without the agenda of a rationalizer is the first step in becoming a human being. IMHO.
Your blog has helped me in that journey.
Thanks. Keep writing.
Post a Comment