ഖുര്‍ ആനില്‍ ശാസ്ത്രീയമായ ഒരറിവും വെളിപ്പെടുത്തുന്നില്ല എന്നു നാം കണ്ടു. ഭൂമിയുടെ ആകൃതിയെപ്പറ്റിയും ആകാശം, സൂര്യന്‍ ,ചന്ദ്രന്‍ തുടങ്ങിയ പ്രാഥമിക ഭൌതിക കാര്യങ്ങളെപ്പറ്റിയുമൊക്കെ ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കുണ്ടായിരുന്ന വികലമായ അറിവുകള്‍ മാത്രമേ ഖുര്‍ ആനിലും വെളിപ്പെടുന്നുള്ളു എന്നും നാം മനസ്സിലാക്കി. ഈ വക കാര്യങ്ങളില്‍ ശരിയായ വസ്തുതകള്‍ എന്തുകൊണ്ട് ദൈവം പറഞ്ഞു തന്നില്ല എന്ന ചോദ്യത്തിനു “ഖുര്‍ ആന്‍ ശാസ്ത്രം പഠിപ്പിക്കാന്‍ വേണ്ടി അവതരിപ്പിച്ചതല്ല” എന്ന മറുപടിയാണു മതത്തിന്റെ വക്താക്കളില്‍നിന്നും ലഭിക്കാറ്! അതേ സമയം ശാസ്ത്ര വസ്തുതകളുമായി എന്തെങ്കിലും സാമ്യമോ അപ്രകാരം വളച്ചൊടിച്ചു വ്യാഖ്യാനിക്കാനുള്ള വല്ല വിദൂര സാധ്യതയൊ കണ്ടെത്തിയാല്‍ അതിനെ ആയിരം നുണകളും അതിശയോക്തികളും കൂട്ടിച്ചേര്‍ത്ത് ലോകമാകെ പറകൊട്ടി പ്രചരിപ്പിക്കാനും ഇതേ കൂട്ടര്‍ ശ്രമിക്കുകയും ചെയ്യുന്നു. ശാസ്ത്രം പഠിപ്പിക്കുക എന്ന ഉദ്ദേശ്യം ഒട്ടുമില്ലാത്ത ഒരു കൃതിയില്‍ ശാസ്ത്ര സൂചനകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്നാണിപ്പോള്‍ ഇവര്‍ പറയുന്നത്. നേരെ ചൊവ്വേ ഭൂമി ഉരുണ്ടതാണെന്നു പോലും പറഞ്ഞു തരാന്‍ വിവരമില്ലാത്ത ‘അല്ലാഹു’ ഖുര്‍ ആനില്‍ ബിഗ് ബാങ് തിയറിയും അറ്റോമിക് തിയറിയുമൊക്കെ പട്ടില്‍ പൊതിഞ്ഞു ആരും കാണാതെ ഒളിപ്പിച്ചു വെച്ചതിന്റെ ഉദ്ദേശ്യമെന്താണാവോ!
ശാസ്ത്രകാരന്മാര്‍ ഒരുപാടു കഷ്ടപ്പെട്ടും പീഡനങ്ങള്‍ സഹിച്ചും കണ്ടെത്തിയ കാര്യങ്ങള്‍ ലോകത്തെല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞ് പിന്നെയും കുറെ നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം “ ഇതാ ഞങ്ങളുടെ ഖുര്‍ ആനില്‍ അതുണ്ട്.” എന്നു വീമ്പടിക്കുന്നതു കൊണ്ട് ഇക്കൂട്ടര്‍ സ്വയം പരിഹാസ്യരാകുന്നു എന്നതിനപ്പുറം എന്തു പ്രയോജനമാണു മനുഷ്യര്‍ക്കുള്ളത്?
ഏതായാലും ഇപ്രകാരം കഠിന പ്രയത്നങ്ങളിലൂടെ ഈ ആധുനിക ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാര്‍ കണ്ടെത്തി പ്രചരിപ്പിക്കുന്ന ഏതാനും ദൈവിക സൂചനകളുടെ നിജസ്ഥിതി ഒന്നു പരിശോധിക്കാനാണിവിടെ ശ്രമിക്കുന്നത്. ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ അവരുടെ ഗവേഷണങ്ങള്‍ തുടരുകയാണ്. പുതിയ കണ്ടു പിടുത്തങ്ങള്‍ പലതും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ആദ്യഗവേഷണങ്ങളില്‍ കണ്ടെത്തിയ ഏതാനും ഉദാഹരണങ്ങള്‍ നമുക്കു നോക്കാം.
1. വികസിക്കുന്ന പ്രപഞ്ചം.
പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് ശാസ്ത്രരംഗത്ത് പഠനങ്ങളും ഗവേഷണങ്ങളും നടന്നു വരുന്നതേയുള്ളു. ഏതാനും നിഗമനങ്ങളാണു ശാസ്ത്രം ഈ കാര്യത്തില്‍ ഇതുവരെ മുന്നോട്ടു വെച്ചിട്ടുള്ളത്. അതുതന്നെ ഇന്നത്തെ നിലയിലുള്ള ഒരു പ്രപഞ്ചഘടന രൂപപ്പെട്ടതിനെ സംബന്ധിച്ചുള്ള നിഗമനങ്ങള്‍ മാത്രമാണു താനും. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു പ്രപഞ്ചം എപ്പോള്‍ എങ്ങിനെ തുടങ്ങി എന്നതല്ല ശാസ്ത്രം ചര്‍ച്ച ചെയ്യുന്നത്.
മഹാസ്ഫോടനസിദ്ധാന്തം അത്തരത്തിലുള്ള ഒരു നിഗമനം മാത്രമാണ്. ഒരു പൊട്ടിത്തെറിയില്‍നിന്നെന്ന പോലെ വികസിച്ചു കൊണ്ടിരിക്കുകയാണു പ്രപഞ്ചം എന്നതാണു നിഗമനം. പൊട്ടിത്തെറിയുണ്ടാക്കിയത് ‘അല്ലാഹു’വാണെന്നും അക്കാര്യങ്ങളൊക്കെ ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ടെന്നുമാണു നമ്മുടെ മുസ്ലിം ഗവേഷകര്‍ ‘കണ്ടെത്തി’യിരിക്കുന്നത്! തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഈ ഖുര്‍ ആന്‍ വാക്യമാണ്.:
وَٱلسَّمَآءَ بَنَيْنَاهَا بِأَييْدٍ وَإِنَّا لَمُوسِعُونَ
ആകാശമാകട്ടെ നാമതിനെ കൈകള്‍ കൊണ്ടു സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവന്‍ തന്നെയാണ്.(51:47) ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ തഫ്സീറുകളിലും ഈ സൂക്തത്തിനു നല്‍കിയിട്ടുള്ള അര്‍ത്ഥമാണു മേലുദ്ധരിച്ചത്. എന്നാല്‍ നമ്മുടെ പുത്തന്‍ ഗവേഷണവ്യാഖ്യാതാക്കള്‍ ഈ വാക്യത്തിലെ لَمُوسِعُون‘മൂസിഊന്‍ ’ എന്നതിന് വികസിപ്പിക്കുന്നവന്‍ എന്നൊരു പുതിയ അര്‍ത്ഥം ‘കണ്ടെത്തി’ക്കൊണ്ടാണ് ഈ സൂക്തത്തില്‍ ബിഗ്ബാങ് തിയറി ഒളിച്ചിരിപ്പുണ്ട് എന്നു പ്രചരിപ്പിക്കുന്നത്.! പ്രവാചകനോ പൂര്‍വ്വകാല മുഫസ്സിറുകളോ ഈ വാക്യത്തിന് ഇങ്ങനെയൊരു അര്‍ത്ഥവും വ്യാഖ്യാനവും നല്‍കിയിട്ടില്ല. ഖുര്‍ ആനില്‍ പ്രകൃതി ദൃഷ്ടാന്തങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന മിക്ക സൂക്തങ്ങളും ഇതു പോലെ അല്ലാഹുവിന്റെ വിപുലമായ കഴിവുകളെ വാഴ്ത്തിക്കൊണ്ടാണവസാനിപ്പിക്കുന്നത്. ഇതു ഖുര്‍ ആനില്‍ പൊതുവില്‍ സ്വീകരിച്ചു കാണുന്ന ഒരു ശൈലിയാണ്. അല്ലാഹുവിനു വളരെയധികം കഴിവുണ്ട് എന്നല്ലാതെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നൊന്നും ഈ വാക്യത്തിനര്‍ത്ഥമില്ല. ഇതു പോലുള്ള അട്ടിമറികളാണ് ഇപ്പോള്‍ രംഗത്തു വന്നുകൊണ്ടിരിക്കുന്ന മിക്ക ‘ശാസ്ത്ര സൂചനകളുടെയും’ പിന്നിലുള്ളത്.
ചന്ദ്രന്‍ ഒരു വെളിച്ചമാകുന്നു, ഭൂമി ഇളകുന്നേയില്ല, സൂര്യന്‍ സഞ്ചരിക്കുകയും രാത്രി അല്ലാഹുവിന്റെ കസേരക്കു കീഴെ പോയി വിശ്രമക്കുകയുമാണ് എന്നൊക്കെ വിവരിച്ചു തന്ന ‘ദൈവം’ നമുക്ക് ബിഗ് ബാങ് തിയറി പഠിപ്പിച്ചു തന്നു എന്നു പറഞ്ഞാല്‍ അതു മുഖവിലക്കെടുക്കാന്‍ പറ്റുമോ? ഇനി ബിഗ് ബാങ് തിയറിക്കു പകരം സ്വീകാര്യമായ മറ്റൊരു സിദ്ധാന്തമാണു ശാസ്ത്രം അംഗീകരിക്കുന്നതെന്നു വന്നാലോ, അല്ലാഹുവിന്റെ കിതാബില്‍ അര്‍ത്ഥമാറ്റവും അട്ടിമറിയും പിന്നെയും നടത്തേണ്ടി വരില്ലേ? ഭൂമി ഉരുണ്ടതാണെന്നെങ്കിലും അല്ലാഹു അന്നു പറഞ്ഞു തന്നിരുന്നെങ്കില്‍ മനുഷ്യര്‍ക്കെത്ര പ്രയോജനപ്പെട്ടേനേ അത്.!
അല്ലാഹു കുന്‍ എന്നു പറയേണ്ട താമസം അവന്‍ വിചാരിക്കുന്നതെന്തും ഉണ്ടാകും എന്നാണു ഖുര്‍ ആനില്‍ വീമ്പു പറയുന്നത്.(2:117) ശാസ്ത്രം കണ്ടെത്തിയ പ്രപഞ്ചസിദ്ധാന്തങ്ങളൊക്കെ ശരിയാണെങ്കില്‍ അലാഹു കുന്‍ [ഉണ്ടാവുക] എന്നു പറഞ്ഞിട്ടും കോടാനുകോടി കൊല്ലങ്ങള്‍ വേണ്ടിവന്നു ഇന്നത്തെ നിലയില്‍ ഒരു പ്രപഞ്ചം രൂപപ്പെട്ടു വരാന്‍ എന്നു കരുതേണ്ടി വരും . പ്രപഞ്ചഘടന പൂര്‍ണ്ണത കൈവരിച്ചു എന്നു കരുതാനും നിവൃത്തിയില്ല. അതിന്നും പരിണമിച്ചുകൊണ്ടേയിരിക്കുകയാണ്. കുന്‍ പറഞ്ഞാള്‍ ‘ഉടനെ’ അതുണ്ടാകും എന്ന വീമ്പ് വെറും പൊള്ളയാണെന്നര്‍ത്ഥം!
പൊട്ടിത്തെറി അല്ലാഹുവിന്റെ വകയാണെന്നു സമ്മതിച്ചാലും പ്രശ്നം തീരുന്നുമില്ല. പടക്കമുണ്ടാക്കാന്‍ വേണ്ട കരിമരുന്നും മറ്റും എങ്ങനെയുണ്ടായി? എവിടെനിന്നു കിട്ടി?,പൊട്ടിത്തെറിച്ചത് അല്ലാഹു തന്നെയാണോ?, പൊട്ടിത്തെറിക്കുമ്പോള്‍ അദ്ദേഹം എവിടെയാണു നിന്നത്? പൊട്ടിത്തെറിയുണ്ടാകും മുമ്പ് അല്ലാഹു എവിടെയായിരുന്നു? എന്തു ചെയ്യുകയായിരുന്നു? മൂപ്പരെങ്ങനെയാണുണ്ടായത്? എന്തിണാണുണ്ടായത്? എന്തിനാണിങ്ങനെയൊരു പ്രപഞ്ചമുണ്ടാക്കിയത്? ..... എന്നിങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.
ഇതിനും ഖുര്‍ ആനില്‍ മറുമരുന്നുണ്ട്:
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَسْأَلُواْ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُواْ عَنْهَا حِينَ يُنَزَّلُ ٱلْقُرْآنُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا وَٱللَّهُ غَفُورٌ حَلِيمٌ
قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُواْ بِهَا كَافِرِينَ
"O ye who believe! Ask not questions about things which if made plain to you, may cause you trouble... Some people before you did ask such questions, and on that account lost their faith." (Quran. 5:101-102)
മനസ്സിലായില്ലേ? ഉത്തരം മുട്ടുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത്. അങ്ങനെ ചോദിച്ചവരൊക്കെ കാഫറുകളായിത്തീരുകയാണുണ്ടായതെന്ന്!
അടുത്തത്-----
2.വിരലടയാളം.
Tuesday, August 19, 2008
Subscribe to:
Post Comments (Atom)
4 comments:
മുട്ടുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത്. അങ്ങനെ ചോദിച്ചവരൊക്കെ കാഫറുകളായിത്തീരുകയാണുണ്ടായതെന്ന്!
അതുകോള്ളാം, അപ്പോല്‍ പിന്നെ ചോദ്യം ചെയ്യാനാവില്ല.നമ്മുടെ മേല്‍ക്കമ്മറ്റി തീരുമാനം പോലെ, ചര്‍ച്ച എന്തുവേണേല്‍ ചെയ്തൊ പക്ഷെ അവസാനം തീരുമാനത്തിനു മാറ്റമൊന്നും ഉണ്ടാവില്ല.
അക്ഷരമാല പുറകോട്ടു് വായിച്ചിട്ടു് അതു് ദൈവം അരുളിച്ചെയ്തതാണെന്നു് പറഞ്ഞാല്‍ അതുപോലും ചോദ്യം ചെയ്യാന്‍ അറിവില്ലാത്തവരാണു് കേള്‍വിക്കാര്‍ എങ്കില്‍ ബിഗ്-ബാംഗ് തിയറിക്കെന്നല്ല, എന്തിനും ഏതിനും അനുയോജ്യമായ വ്യാഖ്യാനങ്ങള്‍ കണ്ടുപിടിക്കാന്‍ മതങ്ങളിലെ വല്യേട്ടന്മാര്‍ക്കു് ബുദ്ധിമുട്ടുണ്ടാവുമോ? ഇന്റര്‍നെറ്റ് പോലെ ചില ജന്നലുകള്‍ ഇക്കാലത്തു് പുറം ലോകത്തേക്കു് തുറക്കപ്പെടുന്നതിനാല്‍ പുതിയ തലമുറകള്‍ക്കു് സ്വന്തം പിന്നാക്കാവസ്ഥയെപ്പറ്റി ബോധം ഉണ്ടായേക്കാം. പക്ഷേ അവിടെയും നിയന്ത്രണങ്ങളുടെ കൂടുകള്‍ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നമ്മള്‍ കാണുന്നുമുണ്ടു്. പുരോഹിതവര്‍ഗ്ഗം മനുഷ്യരാശിയുടെ വളര്‍ച്ചയെ ശ്വാസം മുട്ടിച്ചു് കൊല്ലുന്ന കൊലക്കയറായിരുന്നു എല്ലാക്കാലത്തും. അവര്‍ “വളര്‍ത്താതിരുന്നെങ്കില്‍” മനുഷ്യര്‍ കൂടുതല്‍ സദാചാരബോധത്തോടെ വളര്‍ന്നേനെ!
ജബ്ബാര്‍ മാഷേ,
താങ്കളുടെ പോസ്റ്റിലെ പല വാചകങ്ങളും എനിക്കു ആവശ്യം വന്നേക്കും. മലയാളം വിക്കിപീഡിയയിലേക്കാണു. ഈ അടുത്തായി ഏന്തൊരു ലേഖനം എഴുതിയാലും അതിലൊക്കെ ഇതേ പോലുള്ള ഒരോ വാക്യങ്ങള്‍ കൊണ്ടു വന്നിടും. ശാസ്ത്രലേഖനം ആണെങ്കില്‍ വീഡിയോ അടക്കം ഇടും
ഈ അടുത്തായി ഇട്ട രണ്ടണ്ണം.
1. ഹജ്ജ് എന്ന ലേഖനത്തില്‍ കബഅ സ്ഥിതി ചെയ്യൂന്നതു ഭൂമിയുടെ മദ്ധ്യത്തിലാണന്നാണു ഒരു വാക്യം. ഒരു ഗോളത്തിന്റെ ഉപരിതലത്തിനു എന്തു സെന്റര്‍ പോയിന്റ് എന്നു ചിന്തിക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. അതിനു ആധാരമായി തന്ന വീഡിയോ ലിങ്ക് ഇപ്പോഴും യൂ ട്യൂബില്‍ കാണാം. ഒന്നു കണ്ടു ഗോളോപരുതലത്തിനു സെന്റര്‍ പോയിന്റ് കണ്ടെത്തുന്ന ആ മഹാനായ ശാസ്ത്രജ്ഞനെ പരിചയപ്പെട്ടോളൂ. http://in.youtube.com/watch?v=Ixfk4LsKWnw
2. മഹാവിസ്ഫോടനം എന്ന ലേഖനത്തില്‍ He is the originator of the Heavens and the Earth എന്ന ഒറ്റവാക്യത്തില്‍ നിന്നു ബിഗ് ബാങ്ങ് തിയറി വിരിയിച്ചെടുക്കുന്ന ആഭാസത്തരം കാണണമെങ്കില്‍ ഈ വീഡിയോ കണ്ടോളൂ. http://www.muslimvideo.com/tv/view_video.php?viewkey=e2345d7772b0674a318d
ഇനിയും ഉദാഹരണങ്ങള്‍ ഉണ്ട്. മഹാവിസ്ഫോടനംത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഇത്രയും ഓര്‍ത്തു. :)
കബഅ സ്ഥിതി ചെയ്യൂന്നതു ഭൂമിയുടെ മദ്ധ്യത്തിലാണന്നാണു ഒരു വാക്യം. ഒരു ഗോളത്തിന്റെ ഉപരിതലത്തിനു എന്തു സെന്റര്‍ പോയിന്റ് എന്നു ചിന്തിക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു.
അതാണു സുഹൃത്തേ വിശ്വാസത്തിന്റെ യുക്തി!
വര്‍ഷങ്ങള്‍ക്കു മുന്‍പ് സൌദിയില്‍ നിന്ന് ഒരാള്‍ എനിക്ക് ഈ അല്‍ഭുതം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു കത്തെഴുതി. ഖുര്‍ ആനിലെ 6666 സൂക്തങ്ങളുടെ ‘അല്‍ഭുത‘വുമുണ്ടായിരുന്നു ആ കത്തില്‍ . ഞാന്‍ ഈ രണ്ടല്‍ഭുതങ്ങളും പരിശോധിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളുമായി അയാള്‍ക്കു മറുപടി അയച്ചു. ഭൂമിയുടെ മദ്ധ്യം അതിന്റെ ഉള്ളിലുള്ള ഗുരുത്വകേന്ദ്രമാണെന്നും ഉപരിതലത്തില്‍ എവിടെയും മദ്ധ്യമായി കണക്കാക്കാമെന്നും വളരെ ലളിതമായി അയാള്‍ക്കു വിവരിച്ചു കൊടുത്തു. മനുഷ്യനുണ്ടാക്കിയ ഭൂപടത്തിന്റെ കാര്യത്തിലായാല്‍ പോലും ഭൂമദ്ധ്യരേഖയും ഗ്രീനിച്ച് രേഖയും സന്ധിക്കുന്ന സ്ഥലമാണു മദ്ധ്യബിന്ദു. അതാകട്ടെ ആഫ്രിക്കക്കു പടിഞ്ഞാര്‍ സമുദ്രത്തിലായിരിക്കും. പിന്നെ എന്തടിസ്ഥാനത്തിലാണു ക അബ ഭൂമിക്കു നടുവിലാകുന്നതെന്നു വിശദീകരിക്കണമെന്നും ഞാനെഴുതി. ഖുര്‍ ആനിലെ ആയത്തുകള്‍ എണ്ണിപ്പരിശോധിക്കാനും പറഞ്ഞു. അയാള്‍ പിന്നെ മറുപടി എഴുതിയില്ല. കാള പെറ്റു എന്നു കേട്ടാല്‍ കയറെടുക്കുന്ന ചിന്താശൂന്യതയാണു വിശ്വാസികളെ നയിക്കുന്നത്.
Post a Comment