ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Saturday, August 9, 2008

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പിന്നെ പിശാചുക്കളും

സൂര്യനും ചന്ദ്രനും.

أَلَمْ تَرَوْاْ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍ طِبَاقاً
وَجَعَلَ ٱلْقَمَرَ فِيهِنَّ نُوراً وَجَعَلَ ٱلشَّمْسَ سِرَاجاً


“ഏഴാകാശങ്ങളെ ഒന്നിനു മേല്‍ ഒന്നായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ചന്ദ്രനെ അതില്‍ ഒരു വെളിച്ചമായും സൂര്യനെ ഒരു വിളക്കായും വെച്ചിരിക്കുന്നു.”(71:15,16)

وَٱلشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَـا ذَلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
وَٱلْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَٱلعُرجُونِ ٱلْقَدِيمِ
لاَ ٱلشَّمْسُ يَنبَغِي لَهَآ أَن تدْرِكَ ٱلقَمَرَ وَلاَ ٱلَّيلُ سَابِقُ ٱلنَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ

“സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു. ചന്ദ്രനും അതിന്റെ ഘട്ടങ്ങള്‍ നാം നിര്‍ണ്ണയിച്ചു. ഉണങ്ങിയ ഈന്തക്കുലത്തണ്ടു പോലെ അതു മടങ്ങിവരും വരെ. സൂര്യനു ചന്ദ്രനെ എത്തിപ്പിടിക്കാവുന്നതല്ല. രാത്രി പകലിനെ കവച്ചു കടക്കുന്നതുമല്ല.”(36:38-40)

وَٱلشَّمْسِ وَضُحَاهَا
وَٱلْقَمَرِ إِذَا تَلاَهَا
“സൂര്യനേയും അതിന്റെ പ്രകാശത്തെയും കൊണ്ട് സത്യം. ചന്ദ്രന്‍ അതിനെ പിന്തുടരുമ്പോള്‍ ചന്ദ്രനെക്കൊണ്ടു സത്യം.”(91:1,2)



ഏഴാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യനു മേലോട്ടു നോക്കിയാല്‍ കാണാവുന്ന കാര്യങ്ങളല്ലാതെ ശാത്രീയമായ എന്തെങ്കിലും വസ്തുതകള്‍ ഈ ഖുര്‍ ആന്‍ വാക്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടോ? സൂര്യന്‍ പകല്‍ സഞ്ചരിക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്നു; ചന്ദ്രന്‍ ഒരു വെളിച്ചമാണ്; ചിലപ്പോള്‍ അതു വൃത്താകാരത്തിലും മറ്റു ചിലപ്പോള്‍ ഈന്തക്കുലയുടെ ഉണക്കത്തണ്ടു പോലെ ചുങ്ങി വളഞ്ഞും രൂപം മാറുന്നു; സൂര്യനും ചന്ദ്രനും പരസ്പരം കൂട്ടി മുട്ടാതെയും ഓവര്‍ടേയ്ക്കു ചെയ്യാതെയും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നു എന്നൊക്കെ സര്‍വ്വജ്ഞനായ ഒരു ദൈവമാണു പറയുന്നതെന്ന് ഇക്കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ?
ഇവിടെയും നൂതനവ്യാഖ്യാനം കൊണ്ടു ഉരുണ്ടു മറിയുകയല്ലാതെ മതവക്താക്കള്‍ക്ക് വേറെ വഴിയില്ല. സൂര്യന്‍ സ്വയം കറങ്ങുന്നതായും നക്ഷത്ര സമൂഹങ്ങള്‍ പരസ്പരം അകലുന്നതായുമൊക്കെ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഖുര്‍ ആന്‍ സൂര്യന്‍ സഞ്ചരിക്കുന്നു എന്നു പറഞ്ഞതില്‍ തെറ്റില്ല എന്നുമാണ് പുതിയ വിശദീകരണം. അതേ സമയം സൂര്യന്റെ സഞ്ചാരം ഏതു തരത്തിലുള്ളതാണെന്ന് അല്ലാഹുവുമായി നേരിട്ടു ‘ഓണ്‍ ലൈന്‍ ’ബന്ധമുണ്ടായിരുന്ന പ്രവാചകന്‍ വ്യക്തമായിത്തന്നെ വിശദീകരിച്ചിട്ടുള്ള കാര്യം ഇക്കൂട്ടര്‍ മറച്ചു വെക്കുന്നു. :-


“ഒരിക്കല്‍ സൂര്യന്‍ അസ്തമിച്ചപ്പോള്‍ നബി അബൂ ദര്‍റിനോടു ചോദിച്ചു. “സൂര്യനിപ്പോള്‍ എങ്ങോട്ടാണു പോയതെന്നു നിങ്ങള്‍ക്കറിയാമോ?”. “അല്ലാഹുവിനും അവന്റെ ദൂതനും മാത്രമേ അതേക്കുറിച്ച് അറിവുള്ളു” എന്ന് അബൂദര്‍ മറുപടി പറഞ്ഞു. തുടര്‍ന്നു നബി അരുളി: “ദൈവ സിംഹാസനത്തിന്റെ താഴ്ഭാഗത്തു ചെന്ന് സുജൂദ് ചെയ്യാന്‍ പോയിരിക്കുകയാണത്. സുജൂദ് ചെയ്തു കഴിഞ്ഞാല്‍ രണ്ടാമതും ഉദയം ചെയ്യാന്‍ അത് അല്ലാഹുവിനോട് അനുവാദം ചോദിക്കും. അപ്പോള്‍ അതിന് അനുവാദം ലഭിക്കും. അടുത്തു തന്നെ വീണ്ടും സുജൂദ് ചെയ്യാന്‍ അവസരം വരും. അപ്പോള്‍ ആ സുജൂദ് സ്വീകരിക്കപ്പെടുകയില്ല. പിന്നെയും ഉദിക്കാന്‍ അല്ലാഹുവിനോടു സമ്മതം ചോദിക്കും. അപ്പോള്‍ അതിനു സമ്മതം ലഭിക്കുകയില്ല. നീ വന്നയിടത്തേയ്ക്കുതന്നെ മടങ്ങിക്കൊള്ളുക എന്ന് അതിനു കല്‍പ്പന ലഭിക്കും. അനന്തരം സാധാരണ അസ്തമിക്കാറുള്ള സ്ഥലത്തുനിന്ന് അത് ഉദയം ചെയ്യും...സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു എന്ന ഖുര്‍ ആന്‍ വാക്യത്തിന്റെ പരുള്‍ അതാണ്.”(ബുഖാരി-1314. സി എന്‍ )

ഉദയം മുതല്‍ അസ്തമയം വരെയുള്ള സാധാരണ കാണുന്ന സഞ്ചാരത്തെ ഉദ്ദേശിച്ചു തന്നെയാണു ഖുര്‍ ആന്‍ പറയുന്നതെന്നു നബി ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി സമയത്ത് സൂര്യന്‍ അല്ലാഹുവിന്റെ ഇരിപ്പിടത്തിനു കീഴെ വിശ്രമിക്കുകയാണു ചെയ്യുന്നത്.!
സൂര്യന്‍ ഒരു ചെളിവെള്ളത്തടാകത്തിലാണ് അസ്തമിക്കുന്നതെന്ന് ദുല്‍ഖര്‍ നൈന്‍ ന്റെ ചരിത്രം വിവരിക്കവെ ഖുര്‍ ആന്‍ മറ്റൊരിടത്തും പറയുന്നു:

فَأَتْبَعَ سَبَباً
حَتَّىٰ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْماً قُلْنَا يٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْناً * قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَاباً نُّكْراً

“അങ്ങനെ അദ്ദേഹം ഒരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ അസ്തമിക്കുന്ന സ്ഥാനത്തെത്തിയപ്പോള്‍ കറുത്ത ഒരു ചെളിത്തടാകത്തില്‍ അത് അസ്തമിക്കുന്നത് അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനതയേയും കണ്ടു....”(18:85,86)

ثُمَّ أَتْبَعَ سَبَباً * حَتَّىٰ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُمْ مِّن دُونِهَا سِتْراً

“പിന്നീടദ്ദേഹം മറ്റൊരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ ഉദിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ മറ്റൊരു ജനതയുടെ മേല്‍ അതു ഉദിക്കുന്നതായി അദ്ദേഹം കണ്ടു. അവര്‍ക്കും സൂര്യനും ഇടയില്‍ നാം ഒരു മറ വെച്ചിരുന്നില്ല. (18:89,90)



സൌരയൂഥ സിദ്ധാന്തം തീര്‍ത്തും ഖുര്‍ ആന്‍ വിരുദ്ധമാണെന്നു വ്യക്തം! എന്നിട്ടും വിശ്വാസികള്‍ ഖുര്‍ ആനും ഹദീസും മുഖവിലക്കെടുക്കാതെ ശാസ്ത്രം പറയുന്നതിന്റെ പിന്നാലെ വ്യാഖ്യാനക്കസര്‍ത്തുമായി പരക്കം പായുന്നു. ! ഖുര്‍ ആന്‍ തെറ്റാണെന്നു പറയാന്‍ മാത്രം നിങ്ങളുടെ കയ്യില്‍ എന്തറിവാണുള്ളതെന്നവര്‍ നമ്മളോടു ചോദിക്കുകയും ചെയ്യുന്നു.
ആകാശഗോളങ്ങളുടെ സഞ്ചാരം എന്നത് തികച്ചും ആപേക്ഷികമായ ഒരു സംഗതിയാണ്. ഭൂമിയില്‍നിന്നു സൂര്യന്‍ സഞ്ചരിക്കുന്നു എന്ന് നാം പറയുമ്പോള്‍ ഭൂമിയെ അപേക്ഷിച്ചുള്ള സൂര്യന്റെ സ്ഥാനമാറ്റത്തെയാണര്‍ത്ഥമാക്കുന്നത്. ആ അര്‍ത്ഥത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നില്ല . ഭൂമിയാണു സ്വയം കറങ്ങുകയും സൂര്യനെ വലം വെക്കുകയും ചെയ്യുന്നത്. ഉദയവും അസ്തമയവുമൊക്കെ നമ്മുടെ വെറും ‘കാഴ്ച്ച’ മാത്രമാണ്. അതൊന്നും പക്ഷേ, ആറാം നൂറ്റാണ്ടിലെ മനുഷ്യര്‍ക്കോ അവരുടെ ‘ദൈവ’ങ്ങള്‍ക്കോ അറിയുമായിരുന്നില്ല.

ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമാണ്. അതിനു സ്വയം പ്രകാശമില്ല. പാറയാണതിന്റെ ഉപരിതലം. ഒരു സാധാരണ ടെലസ്കോപ്പില്‍ക്കൂടെ നോക്കിയാല്‍ ഇന്നതാര്‍ക്കും ബോധ്യപ്പെടും. മനുഷ്യന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ അവിടെ ഇറങ്ങി പാറക്കല്ലുകള്‍ കൊണ്ടുവന്നു. ഇതിന്റെയൊക്കെ വീഡിയോ ദൃശ്യങ്ങള്‍ സുലഭമാണ്. ഖുര്‍ ആനില്‍ തെറ്റുണ്ടെന്നു പറയാന്‍ നിങ്ങളുടെ കയ്യില്‍ തെളിവെന്ത്? എന്നു ചോദിക്കുന്ന സുഹൃത്തുക്കള്‍ക്കു വേണ്ടിയാണിതൊക്കെ വിശദീകരിക്കുന്നത്. ചന്ദ്രന്‍ ഒരു വെളിച്ചമാണ് എന്ന ഖുര്‍ ആന്‍ വെളിപാട് അക്കാലത്തെ മനുഷ്യന്റെ കാഴ്ച്ചയോ ആകാശത്തിരുന്ന് എല്ലാം കാണുന്ന ഒരു ദൈവത്തിന്റെ വിശദീകരണമോ? സാമാന്യബുദ്ധിക്കു വിടുന്നു ഈ ചോദ്യം.

നക്ഷത്രങ്ങളും പിശാചുക്കളും.

وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ
“ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ എറിയുന്നതിനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു.”(67:5)


إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ
وَحِفْظاً مِّن كُلِّ شَيْطَانٍ مَّارِدٍ
لاَّ يَسَّمَّعُونَ إِلَىٰ ٱلْمَلإِ ٱلأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
دُحُوراً وَلَهُمْ عَذابٌ وَاصِبٌ
إِلاَّ مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ

“ധിക്കാരികളായ എല്ലാ പിശാചുക്കളില്‍നിന്നും ആകാശത്തെ സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. ഉന്നത സദസ്സില്‍നിന്ന് ആ പിശാചുക്കള്‍ക്കു കട്ടു കേള്‍ക്കാന്‍ സാധിക്കുകയില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞ് ആട്ടിയോടിക്കപ്പെടും. അവര്‍ക്കാണു ശാശ്വത ശിക്ഷയുള്ളത്. എന്നാല്‍ റാഞ്ചിക്കൊണ്ടു പോകുന്ന ചിലര്‍ ഒഴികെ. തുളച്ചു ചെല്ലുന്ന അഗ്നി അവനെ പിന്തുടരും”(37:6-10)



ആകാശപ്പന്തലിന്റെ അടിഭാഗത്തു പറ്റിച്ചു വെച്ചിട്ടുള്ള മിന്നാമിന്നുഗോളങ്ങളാണു നക്ഷത്രങ്ങള്‍ എന്ന് അക്കാലത്തെ അറബികളെപ്പോലെ അല്ലാഹുവും ധരിച്ചുവെച്ചിരിക്കുന്നു! ലോകാവസാനനാളില്‍ ഈ നക്ഷത്രങ്ങളെല്ലാം തുടച്ചു നീക്കുമെന്നും അവഭൂമിയിലേക്ക് ഉതിര്‍ന്നു വീഴുമെന്നും പറയുന്നുണ്ട്.(81:2, 77:8)وَإِذَا ٱلنُّجُومُ ٱنكَدَرَتْ فَإِذَا ٱلنُّجُومُ طُمِسَتْ


നക്ഷത്രങ്ങളെക്കൊണ്ട് അല്ലാഹു പിശാചുക്കളെ എറിയുന്നതിന്റെ രഹസ്യം നബി വിശദീകരിച്ചിട്ടുള്ളത് ഏറെ രസകരമാണ്. ആകാശത്തു വെച്ച് അല്ലാഹുവും അദ്ദേഹത്തിന്റെ മന്ത്രിമാരായ മലക്കുകളും ഭൂമിയിലെ ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ആ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പിശാചുക്കള്‍ ആകാശത്തിന്റെ ചുവട്ടില്‍ പതുങ്ങിച്ചെന്ന് കാതോര്‍ത്തിരിക്കും. പ്രശ്നം വെച്ച് ഭാവി പ്രവചിക്കുന്ന ജ്യോത്സ്യന്മാര്‍ക്കും മറ്റും വിവരങ്ങള്‍ എത്തിച്ചു കൊടുക്കാനാണതെ പിശാചുക്കള്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടു പോകുന്നത്. ഈ ചാരപ്പണിക്കാരെ ദൃഷ്ടിയില്‍ പെട്ടാല്‍ അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി എറിയും. ഏറു കൊണ്ട് അവചത്തു കരിയും. ഏറു കൊള്ളാതെ രക്ഷപ്പെടുന്നവര്‍ കിട്ടിയ രഹസ്യങ്ങളും റാഞ്ചിക്കൊണ്ട് കണിയാന്മാരുടെ അടുത്തെത്തും. അല്ലാഹു പിശാചുക്കള്‍ക്കു നേരെ നടത്തുന്ന ഈ ‘ചാത്തനേറ്’ ആണു രാത്രിയില്‍ ആകാശത്തു നാം ഇടക്കിടെ കാണുന്ന ഉള്‍ക്കകള്‍ !!

ഖുര്‍ ആന്‍ നമുക്കു വിളമ്പിത്തരുന്ന അദൃശ്യവിജ്ഞാനങ്ങളുടെ ഒരു മോഡലാണിത്. ജ്യോത്സ്യന്മാരും മറ്റും ഭാവി പ്രവചിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടി കിട്ടിയില്ലേ?


ഇ‍ക്കാര്യത്തില്‍ പിശാചുക്കള്‍ നേരിട്ടു നല്‍കുന്ന സാക്ഷ്യപത്രം കൂടി കാണുക:

وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَاهَا مُلِئَتْ حَرَساً شَدِيداً وَشُهُباً
وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَن يَسْتَمِعِ ٱلآنَ يَجِدْ لَهُ شِهَاباً رَّصَداً
“തീര്‍ച്ചയായും ആകാശലോകത്തെ രഹസ്യങ്ങള്‍ തേടി ഞങ്ങള്‍ പോയി. എന്നാല്‍ ശക്തരായ കാവല്‍ക്കാരും അഗ്നി ബോംബുകളും കൊണ്ട് ആകാശം നിറഞ്ഞതായി ഞങ്ങള്‍ കണ്ടു. ഒളിഞ്ഞു കേള്‍ക്കുന്നതിനായി അതില്‍ ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ ഇരിക്കുമായിരുന്നു. എന്നാലിപ്പോള്‍ ആരെങ്കിലും അപ്രകാരം കാതോര്‍ക്കുന്നുവോ അവനെ ലക്ഷ്യം വെക്കുന്ന തീഗോളങ്ങളെ അവന്‍ കാണുകയായി.”(72:8,9)


നക്ഷത്രഗണത്തിലെ ഒരിടത്തരം നക്ഷത്രമായ സൂര്യനു ഭൂമിയുടെ പതിമൂന്നര ലക്ഷം ഇരട്ടി വലിപ്പമുണ്ട്. അതുപോലുള്ള നക്ഷത്രങ്ങളാണു ആകാശക്കുടയില്‍ പറ്റിച്ചുവെച്ച രത്നക്കല്ലുകളായി നാം നോക്കിക്കാണുന്നത്. ഭൂമിയിലെ കൊച്ചു പിശാചുക്കളെ ഓടിക്കാന്‍ ഭൂമിയെക്കാള്‍ അനേകം മടങ്ങു വലിപ്പമുള്ള ഈ തീ ബോംബുകള്‍ പെറുക്കി എറിയുന്ന ദൈവത്തിന്റെ പാഴ്വേലയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ.!

പിശാചുക്കളുടെ വലിപ്പം മനസ്സിലാക്കാന്‍ ഈ ഹദീസും സഹായകമായിരിക്കും:

“അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍നിന്നുണര്‍ന്നാല്‍ അവന്‍ വുളു എടുക്കുകയും മൂന്നു പ്രാവശ്യം മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യട്ടെ എന്തുകൊണ്ടെന്നാല്‍ അവന്റെ മൂക്കിന്റെ ദ്വാരത്തിലാണു പിശാചു രാത്രി കഴിച്ചുകൂട്ടുക.”(ബുഖാരി: 1352)

ഒരിക്കല്‍ മു ആദുബ്നു ജബല്‍ , സഅലത്തുബ്നു ഗനം എന്നീ സ്വഹാബികള്‍ പ്രവാചകനോട് ഇപ്രകാരം ചോദിച്ചു: “പ്രവാചകരേ! എന്താണു ചന്ദ്രക്കല? അതു നൂലു പോലെ മൃദുവായി പ്രത്യക്ഷപ്പെട്ട് പിന്നെ ക്രമേണ വലുതാകുന്നു. വീണ്ടും പഴയ പടി ആയിത്തീരുന്നു. സൂര്യനെപ്പോലെ എപ്പോഴും ഒരേ നിലക്കല്ലല്ലോ കാണപ്പെടുന്നത്? ഈ ചോദ്യത്തിന് ‍ അല്ലാഹു തന്നെയാണു മറുപടി നല്‍കിയത്.:

يَسْأَلُونَكَ عَنِ ٱلأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَٱلْحَجِّ وَلَيْسَ ٱلْبِرُّ بِأَن تَأْتُواْ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ وَأْتُواْ ٱلْبُيُوتَ مِنْ أَبْوَابِهَا وَٱتَّقُواْ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
“ചന്ദ്രക്കലകളെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനും സമയം കണക്കാക്കാനുള്ളതാകുന്നു”(2:189)


അരിയെത്ര എന്ന ചോദ്യത്തിന് പയറുപ്പേരിക്ക് എന്ന മറുപടിയാണിവിടെ കിട്ടിയത്! ചന്ദ്രനു വൃദ്ധിക്ഷയം സംഭവിക്കുന്നതെന്തുകൊണ്ടാണ് എന്നു വിശദീകരിച്ചു കൊടുക്കാന്‍ അന്ന് മുഹമ്മദിനു സാധിച്ചില്ലെങ്കില്‍ അതിനു നമുക്കദ്ദേഹത്തെ കുറ്റം പറയാനൊക്കില്ല. എന്നാല്‍ പ്രപഞ്ചം മുഴുവനും ഉണ്ടാക്കി പരിപാലിക്കുന്ന ഒരു ‘സ്രഷ്ടാവി’ന് ഈ നിസ്സാര കാര്യം പോലും പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് `ചിന്തിക്കുന്നവര്‍ക്കുള്ള ഒരു ദൃഷ്ടാന്തം` തന്നെയല്ലേ?
മറ്റൊരിടത്തു ഖുര്‍ ആന്‍ പറയുന്നു:

هُوَ ٱلَّذِي جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُوراً وَقَدَّرَهُ مَنَازِلَ لِتَعْلَمُواْ عَدَدَ ٱلسِّنِينَ وَٱلْحِسَابَ مَا خَلَقَ ٱللَّهُ ذٰلِكَ إِلاَّ بِٱلْحَقِّ يُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْلَمُونَ
“സൂര്യനെ ഒരു തിളക്കമായും ചന്ദ്രനെ ഒരു വെളിച്ചമായും ആക്കിയതും അതിനു വിവിധ ഘട്ടങ്ങള്‍ നിര്‍ണയിച്ചതും അവനാകുന്നു. കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ക്കറിയാന്‍ വേണ്ടിയാണത്. ന്യായമായ ആവശ്യത്തിനു‍ വേണ്ടിത്തന്നെയാണു അല്ലാഹു അവയെ സൃഷ്ടിച്ചിട്ടുള്ളത്. അറിയുന്ന ജനതക്കായി ദൃഷ്ടാന്തങ്ങള്‍ അവന്‍ വിവരിച്ചു കൊടുക്കുന്നു.”(10:5)


നക്ഷത്രങ്ങള്‍ മനുഷ്യര്‍ക്കു വഴി കാണിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും പറയുന്നുണ്ട്.
ഭൂമിയെന്ന ഈ കൊച്ചു ഗോളത്തിലെ മനുഷ്യരെന്ന നിസ്സാര ജീവിക്ക് ഒരു വാച്ചിന്റെയോ കലണ്ടറിന്റെയോ പ്രയോജനം ലഭിക്കുന്നതിനായി ഭൂമിയെക്കാള്‍ ദശലക്ഷക്കണക്കിനു മടങ്ങ് വ്യാപ്തവും പിണ്ഡവുമുള്ള പരകോടി നക്ഷത്രഗോളങ്ങളെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രായോഗികബുദ്ധി വിസ്മയകരം തന്നെ!!

മൂക്കും ചെവിയും എന്തിനാണെന്ന ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് , “അതു കണ്ണട താഴെ വീഴാതിരിക്കാനാണ്” എന്നുത്തരം പറയുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ വിവരക്കേടാണിവിടെ നാം കാണുന്നത്. ! ബുദ്ധിമാന്‍ മാരായ വ്യാഖ്യാതാക്കള്‍ ഇല്ലായിരുന്നെങ്കില്‍ അല്ലാഹുവിന്റെ കാര്യം മഹാ കഷ്ടമായേനേ!

തുടരും...

32 comments:

ea jabbar said...

ജബ്ബാറു മാഷിനു മറുപടി ഇല്ല!!!!

ഇതിനു കൂടി മറുപടി പറയുക

ഖുര്‍ ആനിലെ പ്രപഞ്ച രഹസ്യങ്ങള്‍ തെറ്റാണന്നു പറയണമെങ്കില്‍ ശരിയായ പ്രപഞ്ച രഹസ്യം താങ്കള്‍ക്കു അറിഞ്ഞിരിക്കണം...അത് അറിയാത്ത താങ്കള്‍ എങ്ങനെ ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണന്നു പറയും?


എന്തിനോട് ഉപമപ്പെടുത്തിയാണ് ഖുര്‍ ആനിലെ കാര്യങ്ങള്‍ തെറ്റാണന്നു മാഷ് പറയുന്നത്?


പ്രിയ അജ്ഞാതന്‍ !
ഞാന്‍ എനിക്കു ബോധ്യപ്പെട്ട ചില ശാസ്ത്ര സത്യങ്ങളുടെ വെളിച്ചത്തിലാണ് ഖുര്‍ ആനില്‍ തെറ്റുണ്ടെന്നു പറയുന്നത്. ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു തുടങ്ങുന്നതേയുള്ളു. ഇനിയും ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട്. അതിലൊക്കെ നിങ്ങള്‍ക്കുള്ള മറുപടികളും ഉണ്ടായിരിക്കും. എല്ലാം ഒരു ക്രമത്തില്‍ പറഞ്ഞു പോകാനുദ്ദേശിക്കുന്നതുകൊണ്ടാ‍ണ് വിഷയം മാറി ചര്‍ച്ച ചെയ്യാതെ പോകുന്നത്.
ഇനി അജ്ഞാതനുള്ള മറുപടി പറയാം.
ചന്ദ്രന്‍ ഒരു വെളിച്ചമാണെന്നാണല്ലോ ‘അല്ലാഹു’ പറയുന്നത്. അതു തെറ്റാണെന്ന് എനിക്കു നേരിട്ടു ബോധ്യപ്പെട്ട കാര്യമാണ്. ചന്ദ്രന്റെ ഉപരിതലത്തിലെ പാറയും ,അതില്‍ ഉള്‍ക്കകള്‍ വീണുണ്ടായ കുഴികളുമൊക്കെ വ്യക്തമായി കാണാവുന്ന ടെലസ്കോപ്പ് ഇവിടെയുണ്ട്. വന്നാല്‍ അജ്ഞാതനും അതു കാണിച്ചു തരാം. മനുഷ്യന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ അവിടെ ഇറങ്ങി കല്ലു പെറുക്കി വന്നതിന്റെയൊക്കെ വീഡിയോ ച്ത്രങ്ങളും എന്റെ കയ്യിലുണ്ട്. കുട്ടികളെ‍ അതൊക്കെ കാണിച്ചാണു പഠിപ്പിക്കുന്നത്. ആറാം നൂറ്റാണ്ടിലെ അറബികള്‍ അംബിളിമാമനെ വെറുമൊരു വെളിച്ചമായി കണക്കാക്കിയതിലല്‍ഭുതമില്ല. പക്ഷേ ആകാശത്തിരിക്കുന്ന അല്ലാഹുവും അങ്ങനെയൊക്കെയാണു പറയുന്നതെങ്കില്‍ പിന്നെ നാം എന്താണു മനസ്സിലാക്കേണ്ടത്?
മുന്‍ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചപോലെ മനുഷ്യന്റെ ബീജം പുറപ്പെടുന്നത് മുതുകില്‍ നിന്നാണെന്ന ഖുര്‍ ആനിലെ പ്രസ്താവനയും തെറ്റാണെന്നതിന് എനിക്കു നേരിട്ടനുഭവമുള്ള തെളിവുകളുണ്ട്. വേണമെങ്കില്‍ അതും വിവരിച്ചു തരാം.
ഭൂമി വിരിച്ചു പരത്തി എന്നൊക്കെ ദൈവം ആകാശത്തിരുന്നു പറയുംപോള്‍ ഭൂമി പരന്നതല്ലാതെ ഉരുണ്ടതാകുന്നതെങ്ങനെ?
കാര്‍പ്പെറ്റ് വിരിച്ചു , പായ വിരിച്ചു എന്നൊക്കെ പറയാറുണ്ട്. പന്തു വിരിച്ചു. മത്തങ്ങ വിരിച്ചു എന്നൊന്നും ആരും ഇതു വരെ പറഞ്ഞു ‍കേട്ടിട്ടില്ല!

ea jabbar said...

മനുഷ്യര്‍ക്കു ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ തോന്നുന്നതുപോലെ ആകാശവും ഭൂമിയും സൂര്യനും ചന്ദ്രനുമൊക്കെ വിവരിച്ചു തരാന്‍ ഒരു സര്‍വ്വജ്ഞദൈവം മെനക്കെടേണ്ടതില്ല. അതൊക്കെ അക്കാലത്തെ മനുഷ്യര്‍ക്കറിയാവുന്ന കാര്യങ്ങള്‍ തന്നെയായിരുന്നല്ലോ. ദൈവമാണിതൊക്കെ അവതരിപ്പിച്ചതെങ്കില്‍ അന്നത്തെ തെറ്റിദ്ധാരണകളെ ശരിവെക്കും വിധം ‘വെളിപാടി’റക്കുന്നതിനു പകരം ശാസ്ത്രീയമായ വസ്തുതകള്‍ വെളിപ്പെടുത്തുകയല്ലേ ചെയ്യുക? സ്വയം ഒരു വിഡ്ഢിയാകാന്‍ ദൈവം തയ്യാറായി എന്നെങ്ങനെ വിശ്വസിക്കും?

പോസ്റ്റ് വായിക്കാതെ തങ്ങളുടെ വിശ്വാസത്തിനൊപ്പിച്ചുള്ള വ്യാഖ്യാനങ്ങളും കമന്റുകളും മാത്രം വായിക്കുന്ന ‘അജ്ഞാതന്‍‘ മാരോട് ഇതൊന്നും വിശദീകരിക്കുന്നതില്‍ അര്‍ഥമില്ലെന്നറിയാം.

anushka said...

നന്ദി,വിശദീകരിച്ചു തന്നതിന്..

ea jabbar said...

അജ്ഞാതന്‍ || sib said...
പ്രിയ ജബ്ബാര്‍ മാഷെ...

“ചന്ദ്രന്‍ വെളിച്ചമാണെന്നു പറയുന്ന ഖുര്‍ ആന്‍ മണ്ടത്തരമാണെന്നു മനസ്സിലാക്കാന്‍ പ്രപഞ്ചം മുഴുവന്‍ കലക്കിക്കുടിക്കേണ്ടതുണ്ടോ സുഹൃത്തേ“

എനിക്കു മനസ്സിലായില്ല...താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്?ചന്ദ്രന്‍ തരുന്നത് പ്രകാശം തന്നെയല്ലെ? താങ്കള്‍ പ്രതിപാദിക്കുന്ന ഖുര്‍ ആനിലെ ആ വരികള്‍ ഒന്നു പറയാമോ?
ചന്ദ്രന്‍ വെളിച്ചമല്ല. അതു വെളിച്ചം തരുന്നുമില്ല. സൂര്യന്റെ പ്രകാശമാണു ചന്ദ്രനില്‍ നിന്നു പ്രതിഫലിക്കുന്നത്. ചന്ദ്രന്‍ കല്ലും പാറയുമൊക്കെയുള്ള വലിയ ഒരു ഗോളമാണ്. ഭൂമിയുടെ ഉപഗ്രഹം. അതായത് ഭൂമിയെ ചുറ്റുന്ന ഒരു ഗോളം. ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ അതൊരു വെളിച്ചമാണെന്നു തോന്നും. ചന്ദ്രനില്‍ നിന്നു നോക്കുമ്പോള്‍ ഭൂമിയും ഒരു ‘വെളിച്ചം’ തന്നെ! അള്ളാഹു ഭൂമിയില്‍ നിന്നു മാത്രമേ ലോകം കണ്ടിട്ടുള്ളു. അതുകൊണ്ടാണു മണ്ടത്തരം പിണഞ്ഞത്! മനസ്സിലായോ എന്നറിയില്ല.

അജ്ഞാതന്‍ said...

പ്രിയ ജബ്ബാര്‍ മാഷെ..താങ്കളുടെ പുതിയ പോസ്റ്റ് കാണാതെയാണു ഞാന്‍ വീണ്ടും പോസ്റ്റില്‍ കമന്റ് ഇട്ടത്

അജ്ഞാതന്‍ said...

ഏഴാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യനു മേലോട്ടു നോക്കിയാല്‍ കാണാവുന്ന കാര്യങ്ങളല്ലാതെ ശാത്രീയമായ എന്തെങ്കിലും വസ്തുതകള്‍ ഈ ഖുര്‍ ആന്‍ വാക്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടോ?

മാഷെ...ഖുര്‍ ആന്‍ അവതരിച്ചത് 2008 ല്‍ അല്ല..ആയിരത്തി നാനൂറിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.അന്നത്തെ ജനതക്ക് ഇന്നത്തെ പോലെ ശാസ്ത്രീയമായ വസ്തുതകള്‍ വച്ച പറഞ്ഞാല്‍ വല്ലതും മനസിലാ‍വുമായിരുന്നോ?വായില്‍ തോന്നിയത് വിളിച്ചു പറയുന്നതിനു മുന്‍പ്പ് പറയുന്നതില്‍ വല്ല കാര്യവും ഉണ്ടോ എന്നു നോക്ക്....

Unknown said...

ഹഹഹഹഹഹഹഹ
ഹഹഹഹഹഹഹഹ
ഹഹഹഹഹഹഹഹ
അഞ്ജാതന്റെ അവസാന കമന്റ്!!!!! അന്നത്തെ ജനതയോട് ബിഗ് ബാംഗ്, സോളാര്‍ സിസ്റ്റം എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാവുമായിരുന്നില്ലാത്തത് കൊണ്ടാണ് പടച്ചോന്‍ ഇങ്ങനെ പൊട്ടത്തരം വിളമ്പിയിരുന്നതെന്ന്!!!!!!
പടച്ചോന്റെ ശക്തി അപാരം..കുറേ നാള് കഴിഞ്ഞ് വേറെ ആണ്‍‌പിള്ളേര് വന്ന് ശാസ്ത്രസത്യങ്ങള്‍ കണ്ടു പിടിച്ച് ജനങ്ങളെ ഉദ്ധരിക്കട്ടെ എന്ന് മൂപ്പരും വിചാരിച്ചു കാണും..കാട്ടറബികളോട് ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കാനുള്ള മെനക്കേട്..ഹല്ല പിന്നെ!
ഹഹഹഹ! സമ്മതിച്ചിരിക്കുന്നു!

അജ്ഞാതന്‍ said...

ചിത്രകോരാ,

ചിരിക്കാന്‍ മാത്രം ഒന്നും ഞാന്‍ പറഞ്ഞില്ല.ബിഗ് ബാംഗും മറ്റും അന്നത്തെ ജനതയ്ക്ക് മനസ്സിലാവും എന്നു വിശ്വസിക്കാന്‍ മാത്രം യുക്തിബോധമോ വീവരമോ ഒന്നും എനിക്കില്ല...ക്ഷമി :)

Unknown said...

ബിഗ് ബാംഗ്ഗിനെ കുറിച്ചൊന്നും പറയേണ്ടിയിരുന്നില്ല.

(ഹേ..ജനങ്ങളേ..നിങ്ങള്‍ കരുതുന്നതുപോലെ ഈ ഭൂമി
പത്തിരിയും,പായയും പോലെ പരന്നിട്ടല്ല.അതൊരു പന്തുപോലെ,മത്തങ്ങ പോലെ ഉരുണ്ടിട്ടാണ്.പരന്നെന്ത് നിങ്ങളുടെ ഒരു തോന്നല്‍ മാത്രമാണ്.ഉരുണ്ടതിലും നിങ്ങളെ മറിഞ്ഞു വീഴാതെ നിര്‍ത്തുന്നവന്‍ എത്ര വലിയവന്‍.)

എന്നെങ്കിലും പറയാമായിരുന്നു.

വിശാഖ് ശങ്കര്‍ said...

“വായില്‍ തോന്നിയത് വിളിച്ചു പറയുന്നതിനു മുന്‍പ്പ് പറയുന്നതില്‍ വല്ല കാര്യവും ഉണ്ടോ എന്നു നോക്ക്....“
ആ പറഞ്ഞത് സത്യമാണജ്ഞാതാ,താങ്കള്‍ക്ക് ഇനിയും ജ്ഞാതമാകാത്ത സത്യം.

ea jabbar said...

ഏഴാം ആകാശത്തു വരെ നേരിട്ടു പോയി താന്‍ സാക്ഷാല്‍ അല്ലാഹുവിനെ കണ്ടു എന്നു ആ അറബികളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ കഴിഞ്ഞ നബിക്കു ഭൂമി ഉരുണ്ടതാണെന്ന് അല്ലാഹുവിനെക്കൊണ്ടു പറയിപ്പിക്കാന്‍ പറ്റിയില്ല. അവര്‍ക്കതൊന്നും മനസ്സിലാക്കാന്‍ കഴിവില്ലാത്ത്തതുകൊണ്ട്. എങ്കില്‍ പിന്നെ അല്ലാഹു ഈ മെസ്സേജ് അയക്കലും വിവരം വിളമ്പലുമൊക്കെ ആ നൂറ്റാണ്ടിലങ്ങ് നിര്‍ത്തിയതെന്തിനാ? ഈ മണ്ടത്തരമൊക്കെ തിരുത്തിപ്പറയാന്‍ ഒരു പ്രവാചകനെക്കൂടി അയച്ചിട്ടു മതിയാക്കിയാല്‍ പോരായിരുന്നോ?

അജ്ഞാതന്‍ said...

ഒരമ്പത് കൊല്ലം മുന്‍പുള്ള ആളുകളോട് ഗള്‍ഫിലുള്ള ആളുകളെ കണ്ടു സംസാരിക്കാന്‍ കഴിയും[video chatting] എന്നു പറഞ്ഞിരുന്നെങ്കില്‍ വട്ടാണന്നു പറഞ്ഞേനെ..പിന്നെല്ലെ ഏഴാം നൂറ്റാണ്ടിലെ ജനതയോട് ശാസ്ത്രം പറയുന്നത്...

അജ്ഞാതന്‍ said...

“ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22)“


മാഷെ..ഈ വരികളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്.ഭൂമിയെ താമസ യോഗ്യവും ആകാശത്തെ ഒരു മേല്‍ കുരയായും സ്യഷ്ടിച്ചിരിക്കുന്നു എന്നാണു.അല്ലാതെ മാഷ് പറയുന്ന പോലെ ഭൂമിയെ പരത്തി വച്ചു എന്നൊന്നും അല്ല.പരത്തി വച്ചു എന്നു പറയുന്നത് മാഷ് മതപണ്ഡിതന്മാരെ കളിയാക്കുന്നത് പോലെ വാക്കുകള്‍ കൊണ്ടുള്ള ഒരു സര്‍ക്കസ്സ് മാത്രം.ഇനി ആകാശത്തെ മേല്‍കുരയായി എന്നു പറഞ്ഞാല്‍ മാഷ് വീടിന്റെ മേല്‍കുര കരുതുന്ന പോലെ ഓടിട്ടതോ കോണ്‍ക്രീറ്റ് ചെയ്തതോ അല്ല.ഇന്നു നമ്മുക്ക് അറിയാം സൂര്യനില്‍ നിന്നും
വരുന്ന മാരക രശ്മികളെ തടുത്തു നിര്‍ത്തുന്നത് ozone layer ആണെന്നു.ആ
ഒരര്‍ത്ഥത്തില്‍ എടുത്താല്‍ ആകാശത്തെ മേല്‍കുരയായി പറഞ്ഞതില്‍ എന്താണു
തെറ്റ് ?ഇനി മാഷ് ആകാശം എന്നു പറഞ്ഞാല്‍ ozone layer ആണോന്നു
ചോദിച്ചാല്‍ മാഷ് പോയി മൂന്നാം ക്ലാസിലെ കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതാവും
നല്ലത്.പിന്നെ ആകാശത്തു നിന്നും വെള്ളം ഇറക്കി തരുന്ന കാര്യം.അല്ല മാഷെ ഖുര്‍ ആനില്‍ പിന്നെ ഇവോപ്രേഷനെ കുറിച്ചു പറയണോ ?അപ്പോ പറയും ഇതൊക്കെ എല്ലാ‍വര്‍ക്കും അറിയുന്ന കാര്യമാണെന്നു.എനിക്കു തോന്നുന്നത് മാഷിന്റെ വിചാരം ഖുര്‍ ആന്‍ നബിയുടെ പേഴ്സണല്‍ ഡറ്യറിയാവും എന്നാണന്നു തോന്നുന്നു..കാണുന്ന കാര്യങ്ങള്‍ ഒക്കെ എഴുതി വയക്കാന്‍.

പിന്നെ മാഷ് ഇവിടെ പറയുന്ന ഖുര്‍ ആനിലെ തെറ്റുകള്‍ ഇതു മാഷ് കഷ്ടപ്പെട്ടു കണ്ടു പിടിച്ചതൊന്നും അല്ലല്ലോ...ലോകത്തിനു അറിയുന്ന കാര്യങ്ങളല്ലെ?എന്നിട്ടും എന്തെ മാഷെ ഇന്നും പ്രസിദ്ധരായ പലരും മതത്തില്‍ വിശ്വസ്സിക്കുന്നത്.ഓ! മറന്നു യുക്തിവാദികളുടെ കാഴ്ച്ചപ്പാടില്‍ മതവിശ്വാസികള്‍ ബുദ്ധിയില്ലാത്തവര്‍ ആണല്ലൊ:)

അജ്ഞാതന്‍ said...

മാഷെ പരിണാമ സിദ്ധാന്തത്തെ കുറിച്ചോന്നും മാഷ് പറയണമെന്നില്ല.മാഷിന്റെ കാഴ്ച്ചപാടില്‍ പറഞ്ഞാല്‍ മതി.

#മനുഷ്യന്‍ പരിണാമ സിദ്ധാന്ത പ്രകാരം ഉണ്ടായതാണന്നു മാഷ് വിശ്വസിക്കുന്നുണ്ടോ?

##രൂപ പരിണാമം വന്നാണ് ഇന്നത്തെ മനുഷ്യന്‍ ഉണ്ടായതെങ്കില്‍ ‍ഭാവിയില്‍ ഇതേ മനുഷ്യന്‍ രൂപ പരിണാമം വന്നു വേറെ വല്ല ജീ‍വിയും ആയി മാറുമോ?

#എന്തില്‍ നിന്നും രൂപ പരിണാമം വന്നാണ് മനുഷ്യന്‍ ഉണ്ടായിരികുന്നത്?

#ഖുര്‍ ആനില്‍ പറഞ്ഞ കാര്യങ്ങള്‍ പഴയ ബാബിലോണിയന്‍ ,ഗ്രീക്ക് നാടോടിക്കഥകള്‍ ആണെന്നു തന്നെ വച്ചോ...അപ്പോ അവര്‍ക്കെങ്ങനെ അത്തരം അറിവുകള്‍ കിട്ടി?

അജ്ഞാതന്‍ said...

വിശാഖ് ശങ്കര്‍ said...
“വായില്‍ തോന്നിയത് വിളിച്ചു പറയുന്നതിനു മുന്‍പ്പ് പറയുന്നതില്‍ വല്ല കാര്യവും ഉണ്ടോ എന്നു നോക്ക്....“
ആ പറഞ്ഞത് സത്യമാണജ്ഞാതാ,താങ്കള്‍ക്ക് ഇനിയും ജ്ഞാതമാകാത്ത സത്യം.

ശരിയാ എനിക്കിതൊന്നും അറിയില്ല വിശാഖ്.അറിയാത്ത കാര്യങ്ങള്‍ ഒക്കെ പഠിക്കാന്‍ വേണ്ടിയാണ് അറിവുള്ള ജബ്ബാര്‍ മാഷിന്റെ ബ്ലോഗുകള്‍ വായിക്കുന്നത്

അജ്ഞാതന്‍ said...

“എങ്കില്‍ പിന്നെ അല്ലാഹു ഈ മെസ്സേജ് അയക്കലും വിവരം വിളമ്പലുമൊക്കെ ആ നൂറ്റാണ്ടിലങ്ങ് നിര്‍ത്തിയതെന്തിനാ? ഈ മണ്ടത്തരമൊക്കെ തിരുത്തിപ്പറയാന്‍ ഒരു പ്രവാചകനെക്കൂടി അയച്ചിട്ടു മതിയാക്കിയാല്‍ പോരായിരുന്നോ?“

ജബ്ബാര്‍ മാഷ് ഉള്ളപ്പോള്‍ അതിന്റെ ആവശ്യം ഉണ്ടോ?തനിക്കു പ്രപഞ്ചത്തിന്റെയോ ജീവന്റെയോ ഉത്ഭത്തെ കുറിചു ഒന്നും അറിയില്ല എന്നു പറയുമ്പോഴും ഖുര്‍ ആനിലെ മണ്ടത്തരങ്ങള്‍ മാഷ് തന്നെ വെളിച്ചത്തു കൊണ്ട് വരുത്തില്ലെ.മാഷിനെ പോലെയുള്ള ആളുകളാണ് സത്യം പറഞ്ഞാല്‍ ലോകത്തിനാവശ്യം.വ്യക്തമായ ശാസ്ത്ര പിന്‍ബലമോ അറിവോ ഇല്ലാതെ ഖുര്‍ ആനില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണന്നു തെളിയിക്കാന്‍ മാഷ് കഷ്ടപ്പെടുന്നത് കാണുമ്പോള്‍ തന്നെ അത്യാവശ്യം വീവരമുള്ള വായനക്കാര്‍ക്കു മനസ്സിലാവും മാഷ് പറയുന്നതില്‍ എത്ര കണ്ട് സത്യം ഉണ്ടെന്നു.ഈ ഞാന്‍ അടക്കം ഖുര്‍ ആനെ പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിച്ചത് മാഷിന്റെ ബ്ലോഗ വായന തുടങ്ങിയ ശേഷമാണ്.

മാഷിനു വിശ്വാസമല്ലാത്ത കാര്യങ്ങള്‍ തുറന്നെഴുതുക.അതിനെ പറ്റി കൂടുതല്‍ പഠിക്കാന്‍ ചുരുങ്ങിയ പക്ഷം എനിക്കെങ്കിലും ഉപകാരപ്പെടും.ഞാന്‍ ഇവിടെ കമന്റുന്നത് ഞാന്‍ പറയുന്നത് മാഷിനു മനസ്സില്ലാവും എന്നു വച്ചിട്ടൊന്നുമല്ല.മാഷിന്റെ “വെളിപ്പെടത്തലുകള്‍“ വായിച്ചിട്ട് എന്തെങ്കിലും പറയണ്ടെ എന്നു വച്ചിട്ടാണ്.

ea jabbar said...

മാഷെ...ഖുര്‍ ആന്‍ അവതരിച്ചത് 2008 ല്‍ അല്ല..ആയിരത്തി നാനൂറിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.അന്നത്തെ ജനതക്ക് ഇന്നത്തെ പോലെ ശാസ്ത്രീയമായ വസ്തുതകള്‍ വച്ച പറഞ്ഞാല്‍ വല്ലതും മനസിലാ‍വുമായിരുന്നോ?വായില്‍ തോന്നിയത് വിളിച്ചു പറയുന്നതിനു മുന്‍പ്പ് പറയുന്നതില്‍ വല്ല കാര്യവും ഉണ്ടോ എന്നു നോക്ക്....
ഇന്നു നമ്മുക്ക് അറിയാം സൂര്യനില്‍ നിന്നും
വരുന്ന മാരക രശ്മികളെ തടുത്തു നിര്‍ത്തുന്നത് ozone layer ആണെന്നു.ആ
ഒരര്‍ത്ഥത്തില്‍ എടുത്താല്‍ ആകാശത്തെ മേല്‍കുരയായി പറഞ്ഞതില്‍ എന്താണു
തെറ്റ് ?

ഈ രണ്ടഭിപ്രായവും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും?
ആ അര്‍ത്ഥത്തിലാണതു പറഞ്ഞതെന്ന് എങ്ങനെ മനസ്സിലായി?
ഖുര്‍ ആനിലെ ഒരു വാക്യംകൊണ്ട് എന്താണുദ്ദേശിച്ചിട്ടുള്ളതെന്നു വിശദീകരിക്കാന്‍ പ്രവാചകനു മാത്രമേ അവകാശവും അര്‍ഹതയുമുള്ളു. എന്നാണു മതപ്രമാണങ്ങള്‍ പറയുന്നത്. സദുദ്ദേശ്യത്തോടെയാണെങ്കില്‍ പോലും പ്രവാചകന്‍ നല്‍കിയ വിശദീകരണത്തിനു വിരുദ്ധമായ വ്യാഖ്യാനം മറ്റാര്‍ക്കും നല്‍കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നവര്‍ നരകത്തില്‍ അവരുടെ ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞു എന്നൊക്കെ പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
കാലം മാറുന്നതിനനുസരിച്ച് അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് അര്‍ത്ഥം മാറി വരുമോ?
എങ്കില്‍ ഞാന്‍ മനസ്സിലാക്കുന്നപോലെ എനിക്കും വ്യാഖ്യാനിക്കാമല്ലോ!
ഓസോണ്‍ സംരക്ഷണത്തെകുറിച്ചൊക്കെയുള്ള വിവരം എവിടെനിന്നു കിട്ടി? അതൊക്കെ ശാസ്ത്രം പറഞ്ഞതല്ലേ? ശാസ്ത്രം പറയുന്നറ്റൊക്കെ വിശ്വസിക്കാന്‍ കൊള്ളുമോ?

ea jabbar said...

അല്ലാഹു പറഞ്ഞതൊക്കെ അന്നത്തെ ആളുകള്‍ക്കു മനസ്സിലാക്കന്‍ വേണ്ടിയാണെങ്കില്‍ ഇന്നത്തെ നമ്മള്‍ എന്തിനാണതിന്റെ പിന്നാലെ പോകുന്നത്?

ഖുര്‍ ആന്‍ പറഞ്ഞതൊന്നും അതേ പടി വിശ്വസിക്കാന്‍ കൊള്ളുകയില്ലെന്നും ഇന്നത്തെ ശാസ്ത്രസത്യങ്ങള്‍ക്കനുസരിച്ചു വ്യാഖ്യാനം നടത്തി അതു മനസ്സിലാക്കണമെന്നും പറഞ്ഞാല്‍ ഖുര്‍ ആന്‍ കാലഹരണപ്പെട്ടു എന്നല്ലേ അതിനര്‍ത്ഥം?

ഖുര്‍ ആന്‍ ഏതു ശാസ്ത്രപ്രകാരമാണു വ്യാഖ്യാനിക്കേണ്ടത്?

അതിനാര്‍ക്കാണധികാരം?

ഓരോരുത്തരും അവനവന്റെ കാഴ്ച്ചപ്പാടനുസരിച്ചു വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍ നാം ഏതു സ്വീകരിക്കും?

ഇന്നതാണല്ലോ നടക്കുന്നതും!

അന്നത്തെ ആളുകള്‍ക്കറിയാമായിരുന്നതും അവര്‍ തെറ്റായി ധരിച്ചിരുന്നതുമായ കാര്യങ്ങള്‍ അതേപടി വെളിപ്പെടുത്താന്‍ ഒരു ദൈവം എന്തിനു സമയം മെനക്കെടുത്തണം?

ea jabbar said...

പ്രിയ സുഹൃത്ത് അജ്ഞാതന്‍!

ഖുര്‍ ആനിനെ കുറിച്ച്ചു കൂടുതല്‍ പഠിക്കാന്‍ എന്റെ ബ്ലോഗെഴുത്തു പ്രചോദനമായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. നന്നായി പഠിക്കണം. ഞാന്‍ പറയുന്നത് തെറ്റാണെന്നു ബോധ്യപ്പെടുത്തിത്തന്നാല്‍ ഞാന്‍ തീര്‍ച്ചയായും അതംഗീകരിക്കും.

ea jabbar said...

അല്ലാഹു വെളിപ്പെടുത്തിയ ഏതാനും ആകാശരഹസ്യങ്ങള്‍ കൂടി ഇവിടെ

അജ്ഞാതന്‍ said...

"ഓസോണ്‍ സംരക്ഷണത്തെകുറിച്ചൊക്കെയുള്ള വിവരം എവിടെനിന്നു കിട്ടി? അതൊക്കെ ശാസ്ത്രം പറഞ്ഞതല്ലേ? ശാസ്ത്രം പറയുന്നറ്റൊക്കെ വിശ്വസിക്കാന്‍ കൊള്ളുമോ?"

മാഷെ....

ഈ ലോകത്തു ജീവിക്കാന്‍ ദൈവ വിശ്വാസം മാത്രം പോരാ എന്നു ഏതു യുക്തിവാദിയെ പോലെ മത വിശ്വാസികള്‍ക്കും അറിയാം.ശാസ്തം ഇല്ലാതെ മനുഷ്യ പുരോഗതി ഇല്ല.പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്ബവം ശാസ്ത്രം പറയുന്നതാണു ശരി എന്നു പറയാന്‍ പറ്റില്ല,കാരണം പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള സിദ്ധാനങ്ങളില്‍ അതിന്റെ ന്യൂനതകളെ പറ്റി പറയുന്നുണ്ട്.

അജ്ഞാതന്‍ said...

“ ഞാന്‍ പറയുന്നത് തെറ്റാണെന്നു ബോധ്യപ്പെടുത്തിത്തന്നാല്‍ ഞാന്‍ തീര്‍ച്ചയായും അതംഗീകരിക്കും.“

മാഷെ പറഞ്ഞു മനസിലാക്കാന്‍ മാത്രം വീവരമോ അറിവോ എനിക്കില്ല.മാഷെ ഇവിടെ നോക്കുക

മുകളില്‍ ചോദിച്ചതിനൊന്നും ഉത്തരം കണ്ടില്ല !!

അജ്ഞാതന്‍ said...

മുകളിലെ കമന്റുകള്‍ കണ്ടു.മറുപടി എഴുതാന്‍ സമയം ഇല്ല.നാളെ ക്ലാസ് ഉണ്ട്.അടുത്ത വെള്ളിയാഴ്ച്ച മാത്രമെ ബ്ലോഗ്ഗ് ഓപണ്‍ ചെയ്യാന്‍ പറ്റൂ...കുറേ വട്ടമായി ചോദിക്കുന്നു ...വരുമ്പോഴേക്കും ഉത്തരം നല്കുമെന്നു കരുതുന്നു

മാഷെ പരിണാമ സിദ്ധാന്തത്തെ കുറിച്ചോന്നും മാഷ് പറയണമെന്നില്ല.മാഷിന്റെ കാഴ്ച്ചപാടില്‍ പറഞ്ഞാല്‍ മതി.

#മനുഷ്യന്‍ പരിണാമ സിദ്ധാന്ത പ്രകാരം ഉണ്ടായതാണന്നു മാഷ് വിശ്വസിക്കുന്നുണ്ടോ?

##രൂപ പരിണാമം വന്നാണ് ഇന്നത്തെ മനുഷ്യന്‍ ഉണ്ടായതെങ്കില്‍ ‍ഭാവിയില്‍ ഇതേ മനുഷ്യന്‍ രൂപ പരിണാമം വന്നു വേറെ വല്ല ജീ‍വിയും ആയി മാറുമോ?

#എന്തില്‍ നിന്നും രൂപ പരിണാമം വന്നാണ് മനുഷ്യന്‍ ഉണ്ടായിരികുന്നത്?

#ഖുര്‍ ആനില്‍ പറഞ്ഞ കാര്യങ്ങള്‍ പഴയ ബാബിലോണിയന്‍ ,ഗ്രീക്ക് നാടോടിക്കഥകള്‍ ആണെന്നു തന്നെ വച്ചോ...അപ്പോ അവര്‍ക്കെങ്ങനെ അത്തരം അറിവുകള്‍ കിട്ടി?

ea jabbar said...

#മനുഷ്യന്‍ പരിണാമ സിദ്ധാന്ത പ്രകാരം ഉണ്ടായതാണന്നു മാഷ് വിശ്വസിക്കുന്നുണ്ടോ?

##രൂപ പരിണാമം വന്നാണ് ഇന്നത്തെ മനുഷ്യന്‍ ഉണ്ടായതെങ്കില്‍ ‍ഭാവിയില്‍ ഇതേ മനുഷ്യന്‍ രൂപ പരിണാമം വന്നു വേറെ വല്ല ജീ‍വിയും ആയി മാറുമോ?

#എന്തില്‍ നിന്നും രൂപ പരിണാമം വന്നാണ് മനുഷ്യന്‍ ഉണ്ടായിരികുന്നത്?

#ഖുര്‍ ആനില്‍ പറഞ്ഞ കാര്യങ്ങള്‍ പഴയ ബാബിലോണിയന്‍ ,ഗ്രീക്ക് നാടോടിക്കഥകള്‍ ആണെന്നു തന്നെ വച്ചോ...അപ്പോ അവര്‍ക്കെങ്ങനെ അത്തരം അറിവുകള്‍ കിട്ടി?

സുഹൃത്തേ,
ഈ ചോദ്യങ്ങള്‍ എന്റെ പോസ്റ്റുമായി ബന്ധമുള്ളതല്ലാ‍ത്തതുകൊണ്ടും ചര്‍ച്ച വിഷയത്തില്‍നിന്നും മാറിപ്പോകുമെന്നതുകൊണ്ടുമാണ് അവഗണിച്ചത്. അക്കാര്യം ഒരിക്കല്‍ ഞാന്‍ സൂചിപ്പിച്ചിരുന്നതുമാണ്.

#പരിണാമം ഏതാനും കമന്റിലൂടെ ചര്‍ച്ച ചെയ്യാവുന്ന ഒരു വിഷയമല്ല. ഞാന്‍ 5 കൊല്ലം ജീവശാസ്ത്രം പഠിച്ചിരുന്നു. അതെല്ലാം പരിണാമം തന്നെയായിരുന്നു. അതു കഴിഞ്ഞ് 30 ലേറെ വര്‍ഷം കഴിഞ്ഞു. പിന്നീട് ജീവശാസ്ത്രത്തില്‍ ഒട്ടേറെ പുതിയ കണ്ടെത്തലുകളുണ്ടായിട്ടുണ്ട്. അതെല്ലാം വ്യക്തമായി പഠിക്കാന്‍ സാധിച്ചിട്ടില്ല. ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും സിദ്ധാന്തങ്ങളും നമുക്കു ‘വിശ്വസിക്കാന്‍’ ഉള്ള ഈമാന്‍ കാ‍ര്യങ്ങളല്ല. ഭൂമി ഉരുണ്ടതാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ജീവജാലങ്ങളെല്ലാം ക്രമാനുഗതമായ വികാസപരിണാമങ്ങളിലൂടെ രൂപപ്പെട്ടു വനതാണെന്ന വസ്തുതയും ഞാന്‍ 'വിശ്വസിക്കു'ന്നില്ല. കാരണം അതൊക്കെ വ്യക്തമായിത്തന്നെ ബോധ്യപ്പെട്ട വസ്തുതകളാണ്. തെളിവില്ലാത്ത ഊഹപോഹങ്ങളും നിഗമനങ്ങളുമാണു 'വിശ്വസി'ക്കേണ്ടി വരുന്നത്.


#മനുഷ്യനിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. മറ്റൊരു ജീവിയായി മാറുമോ എന്നൊന്നും പ്രവചിക്കാന്‍ കഴിയില്ല. കാരണം പരിണാമത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അത്രയ്ക്കു സങ്കീര്‍ണ്ണവും വിപുലവുമാണ്.


#മനുഷ്യനും ചിമ്പാന്‍സി, ഗോറില്ല തുടങ്ങിയ ജീവികളും ഒരു പൊതു പൂര്‍വ്വികനില്‍നിന്നും രൂപപ്പെട്ടതാകാം. പരിണാമശാസ്ത്രജ്ഞരാണ് ഇതിനു മറുപടി തരേണ്ടത്.


#പണ്ടുള്ളവര്‍ അവരുടെ നഗ്ന നേത്രങ്ങള്‍ കൊണ്ടു ദര്‍ശിച്ച കാര്യങ്ങളെ തങ്ങളുടെ ഭാവനയും ചേര്‍ത്തു കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണു ചെയ്തത്. നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെ ദേവന്മാരും അസുരന്മാരുമാണെന്നൊക്ക്യായിരുന്നു അവരുടെ ഭാവനാവിലാസം . അതനുസരിച്ചാണു പല കഥകളും ഉണ്ടായത്. ചൊവ്വാ ഗ്രഹം ചുകന്നു കണ്ടപ്പോള്‍ അതൊരു ചോരകുടിയന്‍ അസുരനാണെന്നു ചിലര്‍ സങ്കല്‍പ്പിച്ചു. ഒരു പക്ഷേ ചൊവ്വ ദോഷക്കാരനാകാന്‍ അതാകും കാരണം!.

ശാസ്ത്രം ഇത്തരം കഥകളുടെയൊക്കെ അടിത്തറതന്നെ തകര്‍ത്തു. ഖുര്‍ ആനിലും ഇത്തരം ധാരാളം മുത്തശ്ശിക്കഥകള്‍ കാണാം. നക്ഷത്രം കൊണ്ടുള്ള ചെകുത്താനേറും മറ്റും ഉദാഹരണം.

Praveen payyanur said...

മാഷ്
പോസ്റ്റ് നന്നായിട്ടുണ്ട്. ഇന്ന് ഭുമിയില്‍ മതങ്ങളെയും ദൈവങ്ങളെയും കൊണ്ടാണ് ഏറ്റവും വലിയ ശല്ല്യം. ദൈവങ്ങളെ ചവിട്ടിപ്പുറത്താക്കുക.

ea jabbar said...

പിന്നെ മാഷ് ഇവിടെ പറയുന്ന ഖുര്‍ ആനിലെ തെറ്റുകള്‍ ഇതു മാഷ് കഷ്ടപ്പെട്ടു കണ്ടു പിടിച്ചതൊന്നും അല്ലല്ലോ...ലോകത്തിനു അറിയുന്ന കാര്യങ്ങളല്ലെ?എന്നിട്ടും എന്തെ മാഷെ ഇന്നും പ്രസിദ്ധരായ പലരും മതത്തില്‍ വിശ്വസ്സിക്കുന്നത്.ഓ! മറന്നു യുക്തിവാദികളുടെ കാഴ്ച്ചപ്പാടില്‍ മതവിശ്വാസികള്‍ ബുദ്ധിയില്ലാത്തവര്‍ ആണല്ലൊ:)

മതവിശ്വാസികളൊക്കെ ബുദ്ധിയില്ലാത്തവരും വിഡ്ഢികളുമാണെന്ന അഭിപ്രായമില്ല. യുക്തി ബോധവും ശാസ്ത്രീയ മനോഭാവവും പരിശീലിക്കാത്തതു കൊണ്ടാണു ബുദ്ധിമാന്മാരും അറിവുള്ളവരുമായ ആളുകളും മൂഢവിശ്വാസങ്ങളില്‍ അഭിരമിക്കാനിടയാകുന്നത്.
ശാസ്ത്രവിഷയങ്ങളില്‍ ഉന്നത വിജ്ഞാനമുള്ളവര്‍ പോലും ബാലിശമായ അന്ധവിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്നതായി കണ്ടിട്ടുണ്ട്. മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം, നിധി കിട്ടുന്നതിനായി അയല്‍ വീട്ടിലെ കുട്ടിയെ കാളിക്കു ബലിയറുത്തത് കേരളത്തിലെ രണ്ടു ഡോക്ടര്‍മാരാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയം ജില്ലയില്‍ നടന്ന സംഭവം!

ശബരിമലയിലെ മകരജ്യോതി ദിവ്യാല്‍ഭുതമാണെന്നു വിശ്വസിക്കുന്ന ലക്ഷക്കണക്കിനു ഭക്തരില്‍ വിവരമുള്ളവരുമുണ്ട്. സ്വന്തം വീട്ടില്‍ ഒരു പാത്രം പോലും കഴുകാത്തവര്‍ പുട്ടപര്‍ത്തിയില്‍ പോയി മാസങ്ങളോളം കക്കൂസ് കഴുകി സേവനം ചെയ്യുന്നത് എനിക്കറിയാം. -അതു മോശമാണെന്നല്ല-സായിബാബ ദൈവത്തിന്റെ അവതാരമാണെന്നും , അദ്ദേഹത്തിനു ശൂന്യതയില്‍നിന്നും വസ്തുക്കള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും വിശ്വസിക്കുന്നവരില്‍ ലോകോത്തര പണ്ഡിതന്മാരുണ്ട്. പിജി ക്ലാസുകളില്‍ ഫിസിക്സ് പഠിപ്പിക്കുന്ന പ്രൊഫസര്‍മാര്‍ തന്നെ സ്വന്തമക്കളുടെ കല്യാണത്തിനു ജാതകവും ചൊവ്വാദോഷവും നോക്കി തീരുമാനമെടുക്കുന്നു.
അതേസമയം വെറും സാധാരണക്കാരായ ആളുകള്‍ക്കിടയിലും നല്ല ശാസ്ത്രീയ ചിന്തയും യുക്തിബോധവുമുള്ളവരെയും കണ്ടിട്ടുണ്ട്.


വിശ്വാസങ്ങള്‍ എങ്ങനെയാണു നമ്മുടെ തലച്ചോറില്‍ അതിശക്തമായി അള്ളിപ്പിടിച്ചിരിക്കുന്നത് എന്ന കാര്യം മനശ്ശാസ്ത്രപരമായി അപഗ്രഥിക്കേണ്ട ഒന്നാണ്.

പ്രസിദ്ധരായ ആളുകളും ലോകത്തെ ഭൂരിഭാഗം പേരും ഇങ്ങനെ വിശ്വാസങ്ങളില്‍ അഭയം തേടാന്‍ ഇടയാക്കുന്ന സാഹചര്യം മനസ്സിലാക്കാന്‍ വിശ്വാസിയായ ഒരാള്‍ ചോദ്യങ്ങള്‍ സ്വന്തം മനസ്സിനോട് വളരെ ശാന്തമായും സ്വതന്ത്രമായും ചോദിച്ചാല്‍ മതി. മറ്റാരെയും ബോധ്യപ്പെടുത്താനല്ല- മറ്റാരും അറിയുകയും വേണ്ട.


1. ഞാന്‍ എന്തുകൊണ്ടാണ് ഇതൊക്കെ വിശ്വസിക്കുന്നത്?
2 . എനിക്ക് ഈ വിശ്വാസങ്ങള്‍ എവിടെ നിന്നാണു ലഭിച്ചത്?
3. ഇതൊക്കെ ശരിയാണോ എന്നു ഞാന്‍ എപ്പോഴെങ്കിലും സ്വതന്ത്രമായി പരിശോധിക്കുകയോ അപഗ്രഥിക്കുകയോ ചെയ്തിട്ടുണ്ടോ?
4.ലോകത്തുള്ള എല്ലാവരും ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങളൊക്കെ യാണോ വിശ്വസിക്കുന്നത്?
5. ഞാന്‍ മറ്റൊരു സാഹചര്യത്തിലാണു ജനിച്ചു വളര്‍ന്നിരുന്നതെങ്കില്‍ എന്റെ വിശ്വാസങ്ങള്‍ മറ്റൊന്നാകുമായിരുന്നില്ലേ?
6. മറ്റു വിശ്വാസങ്ങളും എന്റെ വിശ്വാസങ്ങളും തുലനം ചെയ്തു മെച്ചപ്പെട്ടത് എന്റേതു തന്നെയാണെന്നു ഞാന്‍ എന്തുകൊണ്ട് ഉറപ്പു വരുത്തിയില്ല?
7. എന്റെ അച്ഛനമ്മമാര്‍ വിശ്വസിച്ചു എന്നതുകൊണ്ടു മാത്രം ഈ പ്രത്യേക വിശ്വാസം സത്യമാകണമെന്നുണ്ടോ?
8. അവര്‍ക്ക് ഇതൊക്കെ എങ്ങനെയാണു കിട്ടിയത്?
9. ഞാന്‍ പഠിച്ച ശാസ്ത്ര തത്വങ്ങളും മറ്ററിവുകളും എന്റെ വിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നു ഞാനിതു വരെയും പരിശോധിക്കാതിരുന്നതെന്തു കൊണ്ട്?
10.ഈ വിശ്വാസങ്ങള്‍ എന്റെ മാനസിക വികാസത്തിനും ജീവിത പുരോഗതിക്കും സഹായകമോ ; അതോ തടസ്സമോ?


ഈ ചോദ്യങ്ങള്‍ക്കെല്ലാം സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ അജ്ഞാതന്‍ ഉന്നയിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം!
അതു കണ്ടെത്താന്‍ സ്വകാര്യമായി ശ്രമിച്ചാല്‍ മാത്രം മതി. അതു ചര്‍ച്ച ചെയ്യുകയോ അക്കാര്യത്തില്‍ ഒരു തര്‍ക്കത്തിനു വരുകയോ ചെയ്യരുത്.
ഞാന്‍ ഇതിനു മുന്‍പ് ഒരു മുയലിന്റെ കഥ പറഞ്ഞിരുന്നത് വായിച്ചിരുന്നോ?

ea jabbar said...
This comment has been removed by the author.
ea jabbar said...

സായിബാബയുടെ ദിവ്യത്വം

അജ്ഞാതന്‍ said...

ഞാന്‍ പരിണാമ സിദ്ധാന്തത്തെ കുറിച്ചല്ല മാഷോട് ചോദിച്ചത്.മാഷ് വിശ്വസിക്കുന്നുണ്ടോ എന്നാണ്.എവിടെയും തൊടാണ്ട് ഉരുണ്ട് കളീക്കാന്‍ മാഷ് ഉഷാര്‍ ആണെന്നു ഒന്നു കൂടെ തെളിയിച്ചു

അജ്ഞാതന്‍ said...

ജനിച്ചത് ഇസ്ലാമില്‍ ആയതു കൊണ്ടല്ല ഞാന്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നത്..മതത്തില്‍ തെറ്റാണന്നു “മാഷ് പറയുന്ന“ കാര്യങ്ങള്‍ക്കു വ്യക്തമായി മറുപടി വേറെയെവിടെ നിന്നും ഇതു വരെ കിട്ടിയിട്ടില്ല..എന്തു കൊണ്ട് ഞാന്‍ വിശ്വസിയായി ജീവിക്കുന്നു എന്നതിനെ പറ്റി ഒരു പോസ്റ്റിടാന്‍ ശ്രമിക്കാം.

ea jabbar said...

ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും സിദ്ധാന്തങ്ങളും നമുക്കു ‘വിശ്വസിക്കാന്‍’ ഉള്ള ഈമാന്‍ കാ‍ര്യങ്ങളല്ല. ഭൂമി ഉരുണ്ടതാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ജീവജാലങ്ങളെല്ലാം ക്രമാനുഗതമായ വികാസപരിണാമങ്ങളിലൂടെ രൂപപ്പെട്ടു വനതാണെന്ന വസ്തുതയും ഞാന്‍ 'വിശ്വസിക്കു'ന്നില്ല. കാരണം അതൊക്കെ വ്യക്തമായിത്തന്നെ ബോധ്യപ്പെട്ട വസ്തുതകളാണ്.

ഇതു മനസ്സിലായില്ല അല്ലേ?

ea jabbar said...

അജ്ഞാതന്‍ || sib said...
ജനിച്ചത് ഇസ്ലാമില്‍ ആയതു കൊണ്ടല്ല ഞാന്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നത്..

അജ്ഞാതന്‍ മുസ്ലിം സമുദായത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളായിരിക്കുമെന്നു ഞാന്‍ തെറ്റിദ്ധരിച്ചു. ക്ഷമിക്കുക.